ADVERTISEMENT

ദീർഘയാത്രകൾ വേണ്ടാ എന്നു കരുതുന്നവർക്ക് മലങ്കര ഡാമിന്റെ ഭംഗിയറിയാൻ ഒരു ഡ്രൈവ് ആകാം. ഓ.. അവിടെ എന്താ ഉള്ളത് എന്നാണെങ്കിൽ..? മലങ്കര ഡാമിന്റെ ജലാശയക്കരയിൽ സഞ്ചാരികളെ വരവേൽക്കാൻ, പ്രത്യേകിച്ച് കുട്ടികളുമൊത്തുള്ള യാത്രികരെ വരവേൽക്കാൻ ചെറിയ പാർക്കും മറ്റും ക്രമീകരിച്ചിട്ടുണ്ട്. അടുത്തമാസങ്ങളിൽ പ്രവർത്തനമാരംഭിക്കുമെന്നു കരുതപ്പെടുന്ന ഒരു ആംഫിതിയറ്റർ കൂടി എത്തുമ്പോൾ മുട്ടം–കാഞ്ഞാർ മേഖലയ്ക്ക് പുതിയ ഉണർവുണ്ടാകും. 

Malankara-Dam1

 

Malankara-Dam3

 

Malankara-Dam4

എപ്പോഴെത്തിയാലും മുട്ടം– കാഞ്ഞാർ– മലങ്കര പ്രദേശങ്ങൾ കുളിർമ നൽകും. തൊടുപുഴയ്ക്കടുത്താണ് മലങ്കര ഡാമും പ്രദേശങ്ങളും. ഞങ്ങളെത്തുമ്പോൾ ഉച്ചയായിരുന്നു. ഡാമിലേക്കുള്ള കവാടത്തിനടുത്ത ചെറിയ കടയിൽനിന്ന് കഞ്ഞിയും നല്ല നാടൻ മോരും കിട്ടും. കപ്പയും മീൻകറിയും അടുത്ത വിഭവങ്ങൾ. ഈ വഴി നിറയെ കുഴിയാണ്. മലങ്കര ഡാമിന്റെ ദൂരക്കാഴ്ച ഇവിടെനിന്നു കിട്ടും. തിരിച്ചുപ്രധാനവഴിയിലേക്ക്. ഇനി അടുത്ത കവാടത്തിലൂടെ ഉള്ളിലേക്ക്. ഡാമിന്റെ ക്യാച്മെന്റ് ഏരിയയിലെ അതിസുന്ദരമായ സ്ഥലമാണിത്. ജലാശയത്തിലേക്കു തള്ളിനിൽക്കുന്ന ഉയർന്ന പ്രദേശത്ത് മുൻപ് എത്രയോ തവണ വണ്ടിയോടിച്ചിരിക്കുന്നു എന്ന് കൂടെ വന്ന സുഹൃത്തിന്റെ സങ്കടം കലർന്ന ആത്മഗതം. ഇപ്പോൾ വാഹനങ്ങൾക്ക് പ്രവേശനമില്ല. 

Malankara-Dam6

 

Malankara-Dam5

പ്രവേശനടിക്കറ്റ് എടുത്ത് കാർ പാർക്ക് ചെയ്തു നടക്കാം. ആദ്യം ഡാമിലേക്ക്. ഫോട്ടോ എടുക്കരുത് എന്ന കർശനനിർദേശം. 153 ചതുരശ്രകിലോമീറ്റർ ചുറ്റളവിലാണ് ജലാശയം പരന്നു കിടക്കുന്നത്. മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്ടിന്റെ ഭാഗമാണ് മലങ്കര ഡാം. 1994 ൽ പണിപൂർത്തികരിച്ചു. വാഗമണ്ണിലേക്കുള്ള യാത്രയ്ക്കിടയിലെ ഇടത്താവളമാണിത്. അതിസുന്ദരമായ ജലാശയത്തിൽ കുളിക്കാം. പടവുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട് ഇപ്പോൾ. നീന്തലറിയുന്നവർ ഇറങ്ങുക എന്നൊരു മുന്നറിയിപ്പ് ഉണ്ടവിടെ. ശാന്തമായ ജലാശയം കണ്ട് ഡാമിലേക്ക് നടക്കാം. 

 

തിരിച്ച് പാർക്കിലേക്ക്.  കുട്ടികൾക്കു കളിക്കാനുള്ള സംഗതികൾ ഒരുക്കിവച്ചിട്ടുണ്ട്.  അതിനുചുറ്റും ടൈൽവിരിച്ച    നടപ്പാത. അപ്പുറവും ഇപ്പുറവുമായി ജലാശയനീലിമ കണ്ടു കണ്ടങ്ങു സംസാരിച്ചിരിക്കാൻ ഇരിപ്പിടങ്ങൾ... ശാന്തമായ ജലാശയത്തിനപ്പുറം ചെറു കാട്. സായാഹ്നത്തിൽ ഇതിലും നല്ലൊരു വിശ്രമസ്ഥലം ഈ വഴിയിലില്ല. ആംഫിതിയറ്റർ കൂടി പ്രവർത്തനസജ്ജമായാൽ മലങ്കര–മുട്ടം–കാഞ്ഞാർ സഞ്ചാരികൾക്കു കുറച്ചുകൂടി പ്രിയപ്പെട്ടതാകും. ഇനി ഇവിടെനിന്ന് ഒരു മഞ്ഞുവഴിയിലേക്ക് വണ്ടിയോടിക്കണോ?  കുറച്ചുകൂടി മുന്നോട്ടു ചെന്നാൽ കുടയത്തൂർ അങ്ങാടിയെത്തും. അവിടെനിന്നു വാഗമണ്ണിലേക്കുള്ള സുന്ദരമായതും വിജനമയതുമായ റോഡിലേക്കു തിരിയാം. വാഗമൺ എത്തേണ്ടതില്ല, അതിനുമുൻപേ പുൽമേടുകൾക്കിടയിലൂടെ മഞ്ഞ് നിങ്ങളെ തിരഞ്ഞുവരും. 

ഈ ചെറുയാത്ര കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും. ഇനി രണ്ടുദിവസത്തെ പദ്ധതിയാണെങ്കിൽ ഒരു ഇടത്താവളമായി മലങ്കരയെ കാണാം. 

 

റൂട്ട്

 

എറണാകുളം–മൂവാറ്റുപുഴ–തൊടുപുഴ–മലങ്കര ഡാം– 67 കിലോമീറ്റർ. 

മലങ്കര– വാഗമൺ– 36 കിലോമീറ്റർ. 

മലങ്കര– ഇടുക്കി ഡാം– 55 കിലോമീറ്റർ. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com