ADVERTISEMENT

ലോകപ്രശസ്തമായ തേക്കടിയിലേക്ക് ഇനി ആകാശം വഴി പറന്നു പോകാം. ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ഗ്രൂപ്പിന്‍റെ ഏറ്റവും പുതിയ ഹെലികോപ്റ്റര്‍ സര്‍വീസ് ആണ് ഇതിനു അവസരമൊരുക്കുന്നത്. 'ബോബി ഹെലി ടാക്സി' എന്നാണ് ഈ സര്‍വീസിനു പേര്.

കുമളി ടൗണില്‍ നിന്നും അഞ്ചു കിലോമീറ്റര്‍ അകലെയായി ഒറ്റക്കല്‍മേട്ടിലെ സ്വകാര്യസ്ഥലത്ത് ഇതിനായി ഒരു ഹെലിപ്പാഡ് ഒരുക്കിയിട്ടുണ്ട്. കുമളി പഞ്ചായത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ ഇവിടെ നിന്നും നോക്കിയാല്‍ തേക്കടി തടാകത്തിന്‍റെയും ചുറ്റുമുള്ള വനങ്ങളുടെയും അതിമനോഹരമായ കാഴ്ച ആസ്വദിക്കാന്‍ സാധിക്കും. കൊച്ചിയില്‍ നിന്ന് കുമളിയിലെത്താന്‍ 45 മിനിറ്റ് സമയമാണ് എടുക്കുക.

ചെലവെത്ര വരും?

ഈ ഹെലികോപ്റ്ററിനകത്ത് മുതിര്‍ന്ന നാലു ആളുകള്‍, ഒരു ചെറിയ കുട്ടി എന്നിവര്‍ക്കാണ് ഒരു സമയത്ത് യാത്ര ചെയ്യാനാവുക. മൊത്തം ചെലവ് 85000 രൂപയോളം വരും. ഇതു വച്ചു നോക്കുമ്പോള്‍ ഒരാള്‍ക്ക് 13,000 രൂപയും ടാക്സുമാണ് ചെലവ് വരിക.

നിലവില്‍ രണ്ടു സര്‍വീസുകളാണ് ഉള്ളത്. ആളുകള്‍ കൂടുന്നതനുസരിച്ച് സര്‍വീസുകളുടെ ആവൃത്തി കൂട്ടും. ഹോട്ടലുകളും ഏജന്‍സികളുമായി ചേര്‍ന്ന് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ചെയ്യാനുള്ള സൗകര്യവും ഒരുക്കും.

നേടാം, സൗജന്യയാത്ര 

കഴിഞ്ഞ ജനുവരി പതിനാലിന് കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നടന്ന ചടങ്ങില്‍ ആണ് ബോബി ഹെലി ടാക്സി സര്‍വീസ് ഉദ്ഘാടനം ചെയ്തത്. ഈ പദ്ധതിയുടെ വികസനത്തിനായി 250 കോടി വിലയിരുത്തിയിട്ടുണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ഇന്ത്യയില്‍ 26 ഇടങ്ങളിലുള്ള ബോബി ഓക്സിജന്‍ റിസോര്‍ട്ട്സ് മെമ്പര്‍ഷിപ്പ് ഉള്ളവര്‍ക്ക് ഈ ഹെലികോപ്റ്റര്‍ യാത്ര തികച്ചും സൗജന്യമായി ആസ്വദിക്കാം. ലോഞ്ച് ഓഫറായി കേരളത്തിലെ ബോബി ഓക്സിജന്‍ റിസോര്‍ട്ടുകളില്‍ താമസിക്കുന്നവര്‍ക്ക് സൗജന്യ പിക്കപ്പ്, ഡ്രോപ്പ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഭാവിയില്‍ വയനാട്, ബേക്കല്‍ തുടങ്ങിയ ഇടങ്ങളിലേക്കും ഹെലികോപ്റ്റര്‍ സര്‍വീസ് ഏര്‍പ്പെടുത്തും. കൊച്ചിയിലെ ഇന്‍ഫോപാര്‍ക്കിലും തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിലും ജോലി ചെയ്യുന്നവര്‍ക്ക് വേണ്ടി ഹെലികോപ്റ്റര്‍ സര്‍വീസ് ഏര്‍പ്പെടുത്താനും ആലോചനയുള്ളതായി ഉദ്ഘാടന വേളയില്‍ ബോബി ഗ്രൂപ്പ് എന്‍ഹാന്‍സ് ഏവിയേഷന്‍ സര്‍വീസസ് മാനേജര്‍ ജോണ്‍ തോമസ്‌ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com