sections
MORE

കാടും പുൽമേടും കടന്ന് 90 കിലോമീറ്റർ യാത്ര! ചാലക്കുടി– മലക്കപ്പാറ റോഡ് ട്രിപ്പ് അനുഭവം

malakkapara-trip
SHARE

പതിവില്ലാതെ രാവിലെ ‘കുളിപ്പിച്ച് കുട്ടപ്പനാക്കി’ എടുത്തപ്പോൾ ആ മുഖത്ത് ആകെപാടെയൊരു സംശയം. നെറ്റിയിൽ ചാർത്തിയ സ്ഥലവിവരങ്ങളടങ്ങിയ ബോർഡ് ഒളികണ്ണിട്ടൊന്ന് നോക്കിവച്ചു. തന്റെ തൊട്ടടുത്ത് ക്യാമറ തൂക്കി നിൽക്കുന്ന ഫൊട്ടോഗ്രഫറെ കണ്ടതും ഇന്നത്തെ ‘സ്പെഷൽ കുളിപ്പിക്കലി’ന്റെ കാരണം ആനവണ്ടിയ്ക്ക് മനസ്സിലായി. അതുകൊണ്ടാകണം തൃശൂർകാരൻ ഡ്രൈവർ ബെന്നറ്റ് ചേട്ടൻ ക്ലച്ച് ചവിട്ടി താക്കോൽ തിരിച്ചതും ആനവണ്ടി മൊത്തത്തിൽ കുലുങ്ങിയങ്ങ് ചിരിച്ചത്. ചാലക്കുടി – മലക്കപ്പാറ കെഎസ്ആർടിസി ബസ് അഥവാ നമ്മുടെ ആനവണ്ടിയിൽ യാത്രക്കാരെല്ലാം കയറിയിരിക്കുന്നു.

malakkapara-trip1

സമയം രാവിലെ കൃത്യം 7.50. കണ്ടക്ടർ അനിലിന്റെ വിസിലടിശബ്ദം കേട്ടതും ഡ്രൈവർ ബെന്നറ്റ് ചേട്ടൻ ബസിനോട് അനുവാദം ചോദിച്ചു, ന്നാ പിന്നെ പോകല്ലേ ഗഡീ... ഹോൺ മുഴക്കി സമ്മതം അറിയിച്ച് യാത്ര തുടങ്ങി, ചാലക്കുടി കെഎസ്ആർടിസി സ്റ്റാന്റ് എന്ന ആനത്താവളത്തിൽ നിന്ന് മലക്കപ്പാറയിലേക്ക്. എണ്ണപ്പനത്തോട്ടങ്ങളും വെള്ളച്ചാട്ടവും കാടും പുൽമേടും തേയിലത്തോട്ടങ്ങളും കടന്ന് പോകുന്ന മനോഹരമായ 90 കിലോമീറ്റർ. കേരളത്തിലെ സുന്ദരമായ റോഡ് ട്രിപ്പുകളിൽ ഒന്ന്, ചാലക്കുടി – മലക്കപ്പാറ യാത്ര. ആളും ബഹളവും കാഴ്ചകളും ഓർമകളും ഒരേ താളത്തിൽ ഒഴുകുന്ന അനുഭവം കിട്ടാൻ മലയാളികൾക്ക് യമണ്ടൻ‌ കാറോ എസിയുടെ തണുപ്പോ കട്ടയ്ക്ക് പാട്ടോ ഒന്നും വേണ്ട. ആരും ശല്യപ്പെടുത്താത്ത, കെഎസ്ആർടിസി ബസ്സിന്റെ വിൻഡോ സൈഡ് സീറ്റ് മാത്രം മതി.

malakkapara-trip3

നാട് കടന്ന് കാട്ടിലേക്ക്..

ചാലക്കുടി– മലക്കപ്പാറ റൂട്ടിലോടുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചറിന് ആനവണ്ടി എന്ന വിശേഷണം ശരിക്കും യോജിക്കും. കാടുകുലുക്കി ഓടുന്ന കൊമ്പനല്ലെങ്കിലും കാട് കടന്ന് പോകാൻ കൊമ്പനെ തോൽപ്പിക്കുന്ന ചങ്കൂറ്റം ആനവണ്ടിക്കും ഡ്രൈവർക്കും വേണം. ചാലക്കുടി സ്റ്റാന്റിൽ നിന്ന് ഇറങ്ങുന്ന ബസ് പ്രൈവറ്റ് സ്റ്റാൻഡിലേക്കാണ് ആദ്യം പോകുന്നത്. അവിടം കയറി ഇറങ്ങുമ്പോഴേക്കും ബസിൽ ആളുകളുടെ തിരക്കാകും. മലക്കപ്പാറയ്ക്കുള്ള വിനോദസഞ്ചാരികൾ മാത്രമല്ല, പോകുന്ന വഴിയിൽ പലയിടത്തായുള്ള പ്രദേശവാസികളും കെഎസ്ഇബിയിലെ ഉദ്യോഗസ്ഥരും ബസിലുണ്ട്. പതിവുയാത്രക്കാർ പരസ്പരം വിശേഷങ്ങളിൽ മുഴുകുമ്പോൾ വിനോദസഞ്ചാരികൾ മൗനം നിറച്ച് അടുത്ത കാഴ്ചകൾക്കായി കാത്തിരിക്കുന്നു.

malakkapara-trip6

ടൗൺ പിന്നിട്ടുള്ള ആദ്യ കാഴ്ച കേന്ദ്രം തുമ്പൂർമുഴി ശലഭോദ്യാനമാണ്. ജനൽ വഴി ഒന്ന് കണ്ണോടിയ്ക്കാനുള്ള സമയം അത്രമാത്രം അനുവദിച്ച് ബസ് ഉദ്യാനം പിന്നിട്ടു. കുറച്ചു ദൂരം കഴിഞ്ഞതേയുള്ളൂ, റോഡിന് ഇരുഭാഗത്തും പ്ലാന്റേഷൻ കോർപറേഷന്റെ എണ്ണപ്പനത്തോട്ടങ്ങൾ. കടുംപച്ച ഇലകള്‍ വിരിച്ച് വെയിലിനെ ഭൂമിയിൽ തൊടാൻ സമ്മതിക്കാതെ പോലെ നിൽക്കുന്ന പനയുടെ കൂട്ടം. അടുത്ത േസ്റ്റാപ്പ് അതിരപ്പിള്ളി വെള്ളച്ചാട്ടമാണ്. അതിരപ്പിള്ളിയിലേക്കുള്ള യാത്രയിൽ തന്നെ കുത്തിയൊഴുകുന്ന ചാലിയാർ പുഴ കാണാം. അതിരപ്പിള്ളി കവാടം കടന്നപ്പോൾ സമയം ഒമ്പതു മണി. യാത്രക്കാർക്ക് വെള്ളച്ചാട്ടം വ്യക്തമായി കാണാൻ വ്യൂ പോയന്റിന് ഓരം ചേർന്ന് ബെന്നറ്റ് ചേട്ടൻ ബസ്സൊന്ന് സ്ലോ ആക്കികൊടുത്തു. ജനലുകൾ വഴി കുറേ തലകൾ പുറത്തേക്ക് നീണ്ടു, മഴ തൊട്ടുതലോടി പോയതിനാൽ വെള്ളച്ചാട്ടം അതിന്റെ ചേലിൽ തന്നെ താഴേക്ക് പതിയ്ക്കുന്നു.

malakkapara-trip5

മരങ്ങളിൽ ചാടി കളിക്കുന്ന മലയണ്ണാൻ പെട്ടെന്നൊരു ദർശനം തന്ന് ഓടി മറഞ്ഞു. വാ...പോകാം, കാട് കുറേ കയറാനുള്ളതാ എന്ന മട്ടിൽ ആനവണ്ടിയൊന്ന് ദേഷ്യത്തോടെ മുരണ്ടു. വെള്ളച്ചാട്ടത്തിന്റെ മാസ്മരികസൗന്ദര്യത്തിൽ വീണുപോയ സഞ്ചാരികളിൽ കുറേപേർ അതിരപ്പിള്ളിയിൽ ഇറങ്ങി. ബസിലെ വലിയ തിരക്കിന് ആശ്വാസമായി. യാത്രക്കാർക്ക് വെള്ളച്ചാട്ടം കാണിച്ചുകൊടുത്ത സന്തോഷത്തിൽ ആനവണ്ടിയും ഒന്നു ചാർജായി, സ്പീഡ് കൂടി. വഴിയോരത്തെ കടകളെല്ലാം തുറക്കുന്നേയുള്ളൂ. ‘ഇടയ്ക്കിടെ യാത്രക്കാർക്ക് കാഴ്ചകാണാൻ ബസ് സ്ലോ ആക്കി കൊടുത്തുന്ന സമയത്തെ തോൽപ്പിച്ച് വേണം മലക്കപ്പാറയിലെത്താനുള്ള സമയം ക്രമീകരിക്കാൻ. അതിനിടെ ലഘുഭക്ഷണം എന്തേലും കഴിക്കാനുള്ള േസ്റ്റാപ്പിലും അഞ്ചുമിനിട്ട് നിർത്തുന്നുണ്ട്. ഡ്രൈവർ ബെന്നറ്റ് പറഞ്ഞു.

malakkapara-trip4

ബസ് ചാർപ്പ വെള്ളച്ചാട്ടം കടന്നുവരുന്ന ചിത്രം പകർത്താൻ ഫൊട്ടോഗ്രഫർ ബസിനു മുന്നേ ഇറങ്ങിയോടി. ചെറിയൊരു ടൈമിങ് വ്യത്യാസത്തിൽ ചിത്രം കിട്ടാതെ പോയി. സാരമില്ല, തിരിച്ചുവരുമ്പോൾ നമുക്ക് റെഡിയാക്കാം, കണ്ടക്ടർ അനിൽ വാക്കുകൊടുത്തു.ചാർപ്പ വെള്ളച്ചാട്ടത്തിന് കുറുകെയുള്ള പാലം കടന്ന് വാഴച്ചാലിന്റെ വഴിയെ ബസ് കുതിച്ചു. മഞ്ഞയും ചുവപ്പും നിറമുള്ള ആനവണ്ടി പച്ചപ്പിനിടയിൽ കൂടി പോകുന്നത് കാണാൻ തന്നെ എന്തൊരഴകാണ്. ചാലക്കുടിപ്പുഴയ്ക്ക് ചുറ്റുമുള്ള കാട് കേരളത്തിൽ അവശേഷിക്കുന്ന ഏക പുഴയോരക്കാടാണ്. അതിനാൽ തന്നെ പ്ലാസ്റ്റിക്, മദ്യം, മനുഷ്യന്റെ ഇടപെടൽ എന്നിവയ്ക്കെല്ലാം കൃത്യമായ നിയന്ത്രണങ്ങളുണ്ട്. കർശനമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്വകാര്യവാഹനങ്ങളെ ചെക്ക്പോസ്റ്റ് കടത്തിവിടാറുള്ളൂ.


കാടു കയറാനൊരുങ്ങി ആനവണ്ടി

ഇനി പറഞ്ഞുവരുന്നത് യഥാർഥ ആനകളുടെ കാര്യമാണ്. പറമ്പിക്കുളം മേഖലയിൽ നിന്ന് പൂയ്യംകുട്ടി വനത്തിലേക്കുള്ള ആനകളുടെ പ്രധാനസഞ്ചാരമാർഗമാണ് വാഴച്ചാൽ മുതൽ വാച്ചുമരം വരെയുള്ള പ്രദേശം. അതുകൊണ്ടുതന്നെ ഈ വഴിയിൽ പലയിടത്തായി ആനത്താരകളുണ്ട്. കാടിനുള്ളിലൂടെ വാഹനങ്ങൾ സ്പീഡ് നിയന്ത്രിച്ച് വേണം പോകാൻ. ആനയുൾപ്പെടെയുള്ള മൃഗങ്ങൾ റോഡ് മുറിച്ച് കടക്കാൻ സാധ്യതയുള്ളതിനാൽ ഏതുനിമിഷവും ജാഗരൂകരായിരിക്കണമെന്ന് ചുരുക്കം. ഇങ്ങനെയുള്ള നിരവധി നിർദ്ദേശങ്ങൾ പാലിച്ചെങ്കിൽ മാത്രമേ വാഴച്ചാൽ ചെക്ക്പോസ്റ്റ് കടന്ന് മുന്നോട്ടു പോകാൻ വനംവകുപ്പിന്റെ അനുവാദം ലഭിക്കൂ. പതിവു സന്ദർശകനായതിനാൽ നമ്മുടെ ആനവണ്ടിയെ ചെക്ക്പോസ്റ്റ് തടഞ്ഞില്ല.

വാഴച്ചാൽ കടന്ന് ബസ് കാടിനുള്ളിലേക്ക് കടന്നു. പേരറിയാത്ത എന്തൊക്കെയോ പക്ഷികളുടെ, ജീവികളുടെ ശബ്ദങ്ങളിൽ ബസിന്റെ ഇരമ്പൽ മുങ്ങിപ്പോയി. കാടിനെ തഴുകി വരുന്ന ഇളംകാറ്റ് മനസ്സും ശരീരവും തണുപ്പിച്ചു. ഏതു സമയവും ആനവണ്ടിയ്ക്ക് കുറുകെ ആനവരാൻ സാധ്യതയുണ്ടെന്ന ഡ്രൈവർ ചേട്ടന്റെ പ്രവചനം കഴിഞ്ഞതും മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് ഊഞ്ഞാലാടുന്ന കുരങ്ങന്മാരുടെ കൂട്ടം കാടിളക്കി മനസ്സിൽ ഭീതി നിറച്ചു. പെരിങ്ങൽകുത്ത് ഡാമിന്റെ അടുത്തുള്ള േസ്റ്റാപ്പിൽ ബസ് നിർത്തി. ഒരു സ്ട്രോങ് ചായ കുടിച്ചിട്ടാകാം മുന്നോട്ടുള്ള യാത്ര കണ്ടക്ടർ അനിൽ പറഞ്ഞു. മൂന്നോ നാലോ ചെറിയകടകളുള്ള ജംഗ്ഷൻ. ഇവിടം വിട്ടാൽ പിന്നെ വല്ലതും കഴിക്കണമെങ്കിൽ മലക്കപ്പാറയെത്തണം. അത്രനേരം കാഴ്ചകളിൽ മുങ്ങി ഏതൊക്കെയോ ഓർമകളിലായിരുന്ന യാത്രക്കാർ ചായകുടിക്കാനായി ബസ് ഇറങ്ങി. കാട് വിട്ട് വന്നൊരു മ്ലാവ് അന്നേരം യാത്രക്കാരോട് കൂട്ടുകൂടാനെത്തി. കൂടെ നിന്ന് സെൽഫി എടുത്തും അതിനെ തൊട്ട് തലോടിയും എല്ലാവരും കൂടി ആഘോഷമാക്കി.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം യാത്ര വീണ്ടും തുടർന്നു. ഇത്രദൂരം മുളങ്കാടുകളും കുറ്റിച്ചെടികളും നിറഞ്ഞ കാടായിരുന്നു കാഴ്ചയിലെങ്കിൽ ഇനിയത് വൻമരങ്ങളും കാട്ടുവള്ളികളും തീർക്കുന്ന കൊടുങ്കാടാകാൻ പോകുകയാണെന്ന് സ്ഥിരം യാത്രക്കാരിലൊരാൾ സൂചിപ്പിച്ചു. ശ്രദ്ധയോടെ നിന്നാൽ കാട് പല അദ്ഭുതങ്ങളും കാണിച്ച് തരുമെന്ന് അയാൾ ഓർമപ്പെടുത്തി. ചാലക്കുടിപ്പുഴയിൽ മറ്റെങ്ങും കിട്ടാത്തത്ര മത്സ്യവിഭവങ്ങളുണ്ട്. അത് വലയിട്ട് പിടിച്ച് തൊട്ടടുത്തുള്ള വനശ്രീ യൂണിറ്റിൽ വിറ്റ് മഴക്കാലത്ത് ഉപജീവനം നടത്തുന്ന കാടിന്റെ മക്കൾ, അതിലൊരാളാണ് ചാമി. ഒരാൾക്ക് ഒറ്റയ്ക്ക് എടുത്തുപൊക്കാൻ കഴിയാത്തത്ര വലിപ്പമുള്ള പുഴമീനാണ് ചാമി വനശ്രീയിൽ വിറ്റത്. വനശ്രീ എന്ന ഫോറസ്റ്റ് ഡിപാർട്മെന്റിന്റെ സംരംഭത്തിൽ നിന്നും കാടിന് പുറത്തുള്ള നാട്ടുകാർ ചെക്ക്പോസ്റ്റിൽ നിന്ന് പ്രത്യേക ടോക്കൻ എടുത്ത് വന്ന് പുഴമീൻ മേടിക്കും. പത്തും പതിനഞ്ചും കിലോമീനാണ് ഓരോരുത്തരും മേടിച്ച് പോകുന്നത്.


ദേ, ഒരു കാട്ടാന

കാടിന്റെ ഇരുട്ട് കൂടി കൂടി വന്നു. പലതരം ശബ്ദങ്ങൾ ചെവിയിലും കാട്ടാനപ്പിണ്ടത്തിന്റെയും ആനയുടെയും ചൂര് മൂക്കിലും തങ്ങിനിൽക്കുന്നുണ്ട്. പല തട്ടുകളായി വളഞ്ഞുപുളഞ്ഞിരിക്കുന്ന റോഡ്. മഹാപ്രളയത്തിന്റെ ഭാഗമായുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും കാർന്നെടുത്ത മലയുടെ ഭാഗങ്ങൾ അവശേഷിപ്പെന്നോണം ചിലയിടത്ത് കാണാം. പലതും പുതുക്കി പണിത് വരുന്നേയുള്ളൂ.

പൂർണരൂപം വായിക്കാം

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA