sections
MORE

'ഒളിച്ചു'താമസിക്കാനൊരു കുഞ്ഞുദ്വീപ്; നഗരത്തിൽനിന്ന് കൈപ്പാടകലെ

chathamma3
SHARE

ഒളിച്ചുതാമസിക്കാൻ- എന്നു കേട്ട് ഇതൊരു കുപ്രസിദ്ധ സ്ഥലമാണെന്നു കരുതേണ്ട. എറണാകുളം നഗരത്തിൽനിന്ന് ഒരു മണിക്കൂർ കൊണ്ട് എത്താവുന്ന ചാത്തമ്മ എന്ന അതിസുന്ദരമായ പ്രദേശത്തിന് അങ്ങനെയൊരുചരിത്രമുണ്ട്. രാജഭരണകാലത്ത്  രാജാവിന്റെ അപ്രീതി നേരിട്ട പലരും ഈ ദ്വീപിൽ ഒളിവിൽപാർത്തതായി പറയപ്പെടുന്നു. സ്വാതന്ത്രസമരകാലത്ത് പല ദേശാഭിമാനികൾക്കും അഭയമേകിയിട്ടുമുണ്ട് ചാത്തമ്മ. അന്ന് എത്തിപ്പെടാൻ ഏറെ പ്രയാസകരമായ സ്ഥലങ്ങളിലൊന്നായിരുന്നു ചാത്തമ്മ. ഏറ്റവും അടുത്തായി നാം വാർത്തകളിൽനിന്നു വായിച്ചറിഞ്ഞ ഒരു വ്യക്തിയും ചാത്തമ്മയിലെ റിസോർട്ടിൽ തങ്ങിയിട്ടുണ്ട്. 

chathamma

ഇതെല്ലാം വായിച്ചറിഞ്ഞപ്പോഴാണ് ചാത്തമ്മയെ ഒന്നുനേരിട്ടു കാണാമെന്നു കരുതി കാറെടുത്ത് ഇറങ്ങിയത്. ദ്വീപിലേക്കു കാറോ എന്നാശ്ചര്യപ്പെടേണ്ട… ഇപ്പോൾ ചാത്തമ്മയിലെത്താൻ പാലമുണ്ട്. എറണാകുളത്തുനിന്ന് വൈറ്റില- ചേർത്തല റൂട്ടിൽ  മാടവന സിഗ്നലിൽനിന്ന് ഇടത്തോട്ടുള്ള  വഴിയാണ് ചാത്തമ്മയിലേക്കെത്തിക്കുക.  ദൂരം വെറും പതിനാറു കിലോമീറ്റർ. 

വഴി ചെറുതാണ്. പക്ഷേ, കാഴ്ചകൾ വലുത്. ഇരുവശത്തും ചതുപ്പുപോലുള്ള പ്രദേശങ്ങൾ. അതിൽ കിളികളുടെ ബഹളം. പവിഴക്കാലിയും പലതരം കൊക്കുകളും ഇരപിടിച്ചു പറന്നുപോകുന്ന പൊൻമാനുകളും ക്യാമറകളുമായെത്തുന്നവർക്കുവിരുന്നാകും. നല്ലൊരു ലെൻസുണ്ടെങ്കിൽ പക്ഷികളെ പിടിക്കാൻ മറ്റെങ്ങും പോകേണ്ട.  ചേപ്പനം പാലത്തിൽ ചൂണ്ടൽക്കാർ ഇരിപ്പുണ്ട്. അതിനപ്പുറം ചീനവലകൾ മീനുകളെത്തേടി തപസ്സുചെയ്യുന്നതു കാണാം.

chathamma6

കണ്ടലും ചെമ്മീൻകെട്ടുകളും ഇടകലർന്ന പ്രകൃതി. ആ റോഡ് അങ്ങ് അറ്റംവരെ ചെന്നാൽ കായലിന്റെ വിശാലത.  പുലരിയും സായാഹ്നവും ആസ്വദിക്കാൻ ചാത്തമ്മ പോലൊരു സ്ഥലം വേറെയില്ലെന്ന് സുഹൃത്തുക്കളായ സൈക്കിൾ സഞ്ചാരികൾ പറയുന്നു.  കയ്യിലൊരു ക്യാമറയുമായി ചാത്തമ്മയിലെത്തുക. കാഴ്ചകൾ പകർത്തി മടങ്ങുക. വാഹനം പാർക്ക് ചെയ്തശേഷം പാടവരമ്പുകളിലൂടെ നടക്കാം. അനുമതി വാങ്ങി ചെമ്മിൻകെട്ടുകൾക്കക്കരെയെത്താം. ഇടയ്ക്കിടെ പാഞ്ഞുപോകുന്ന കൊതുമ്പുവള്ളങ്ങളിൽ ജീവിതം കരുപ്പിടിക്കാനിറങ്ങിയവരെ കാണാം. കൈതപ്പുഴ കായലിന്റെ ഭംഗി നുകരാം. 

chathamma5

തനിഗ്രാമീണജീവിതക്കാഴ്ചകൾ പകർത്താൻ നഗരത്തിൽനിന്ന് ചാത്തമ്മയിലേക്കെത്താം. കഴിഞ്ഞ വർഷം വിവാദങ്ങളിൽപ്പെട്ട  ഒരു ജസ്റ്റിസ് കർണൻ ചാത്തമ്മയിലെ റിസോർട്ടിലായിരുന്നു ഒളിവിൽ താമസിച്ചതെന്നു വാർത്തയുണ്ടായിരുന്നത് ഓർക്കുമല്ലോ.  സാധാരണഗതിയിൽ ഒളിവു ജീവിതം ദുരിതപൂർണമായിരിക്കും. എന്നാൽ ചാത്തമ്മ അദ്ദേഹത്തിനു നൽകിയ ഒളിവിലെ ഓർമകൾ മനോഹരമായിരിക്കും. അത്ര ഭംഗിയുണ്ട് ഈ ദ്വീപിന്. 

chathamma1

കുമ്പളം പഞ്ചായത്തിലെ ഒരു വാർഡ് ആണ് ചാത്തമ്മ. 

ജീവിതത്തിരക്കിൽനിന്ന് ഒളിച്ചുനിൽക്കാൻ കുറച്ചുസമയം കിട്ടുകയാണെങ്കിൽ ഇനി കൊച്ചിനഗരത്തിൽനിന്ന് ചെറിയൊരു ട്രിപ്പടിക്കാം ചാത്തമ്മയെന്ന ഗ്രാമീണസുന്ദരിയെ കാണാൻ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA