ADVERTISEMENT

സര്‍പ്പങ്ങളെ ദൈവങ്ങളായി ആരാധിക്കുന്ന രീതി കേരളത്തില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പേയുണ്ട്. വീടുകളില്‍ കാവുകളും സര്‍പ്പത്തറകളും സ്ഥാപിച്ച് നാഗാരാധന നടത്തുന്നത് പതിവായിരുന്നു. ഇന്നും ധാരാളമാളുകള്‍ പൂജകള്‍ നടത്തുകയും സംരക്ഷിക്കുകയും ചെയ്യുന്ന ധാരാളം നാഗക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. അവയില്‍ ഏറ്റവും പ്രധാന ഇടങ്ങളിലൊന്നാണ് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരിക്കടുത്തുള്ള പാതിരിക്കുന്നത്ത് മന. ആയിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള പ്രതിഷ്ഠയാണ് ഇവിടെയുള്ളത് എന്നു പറയപ്പെടുന്നു.

pathira-kunnath-mana4
Image from Youtube

വടക്കുംനാഥന്‍ നല്‍കിയ വരം

പാതിരിക്കുന്നത്തെ കാരണവര്‍ മക്കളില്ലാത്ത വിഷമം മാറ്റാന്‍ വടക്കുംനാഥനെ ഭജനമിരുന്നു. അദ്ദേഹത്തിന്‍റെ ഭക്തിയില്‍ വടക്കുംനാഥന്‍ സംപ്രീതനായി. ഏറെ നാള്‍ കഴിയും മുന്നേ അന്തര്‍ജ്ജനം ഗര്‍ഭിണിയായി. പ്രസവസമയത്ത് ആദ്യം പുറത്തേക്കു വന്നത് ഒരു സര്‍പ്പമായിരുന്നു. പിന്നീട് ഒരു മനുഷ്യക്കുഞ്ഞു കൂടി വന്നു.

pathira-kunnath-mana5
Image from Youtube

ഉണ്ണിക്കൊപ്പം തന്നെ സര്‍പ്പവും വളര്‍ന്നു. അവര്‍ രണ്ടുപേരും ഉറ്റ കൂട്ടായിരുന്നു. എന്നാല്‍ ഇല്ലത്തെ പാമ്പിനെ ഭയന്ന് ആരും അങ്ങോട്ടേക്ക് വരാതായി. ഉണ്ണിയുടെ അമ്മ ഇക്കാരണത്താല്‍ വ്യഥ പൂണ്ടു. സര്‍പ്പം മൂലമാണ് ആളുകള്‍ വരാതായതെന്നും അതിനൊരു പ്രതിവിധി കാണണമെന്നും അമ്മ തന്നെ സര്‍പ്പത്തോടു പറഞ്ഞു. ഇതുകേട്ട് സര്‍പ്പം അമ്മയോട് പറഞ്ഞത്രേ, ‘ആയിരം വര്‍ഷത്തേക്ക് ഈ മന ഞാന്‍ സംരക്ഷിക്കാം, അതിനു ശേഷം വംശം വേരറ്റു പോകും. അമ്മ നിത്യവും ഒരു നേരം എനിക്ക് ഭക്ഷണം തരണം’. ഇതും പറഞ്ഞ് ആ സര്‍പ്പം വടക്കിനിയില്‍ മറഞ്ഞു.

വാക്കു നല്‍കിയതു പോലെ ആയിരം വര്‍ഷത്തേക്ക് സര്‍പ്പം മന കാത്തു. അതിനു ശേഷം സന്തതിപരമ്പര വേരറ്റു പോയപ്പോള്‍ ഇവിടത്തെ കാരണവര്‍ ഇല്ലത്തെ മരുമക്കളായ കൊളപ്പുറം മനയില്‍നിന്നു സന്തതിയെ ദത്തെടുത്ത് നാഗാരാധനയുടെ രഹസ്യവിധി ഉപദേശിച്ചു കൊടുത്തു.

pathira-kunnath-mana
Image from Youtube

മനയ്ക്കുള്ളില്‍

വടക്കിനിയില്‍ കുടി കൊള്ളുന്ന നാഗപ്രതിഷ്ഠയും തെക്കു ഭാഗത്ത് നാഗസന്തതി പിറവിയെടുത്ത സൂതികാലയവുമാണ് മനയിലെ പ്രധാന ഭാഗങ്ങള്‍. സൂതികാലയത്തില്‍ നിത്യവും വിളക്കു തെളിക്കുന്നത് പതിവാണ്. വടക്കിനിയില്‍ നാഗസങ്കൽപമായി ശില സൂക്ഷിച്ചിരിക്കുന്നു. ഇല്ലത്തെ അംഗങ്ങള്‍ തന്നെ ദിനവും രണ്ടുനേരം ഇവിടെ നിത്യപൂജ ചെയ്യുന്നുണ്ട്.

pathira-kunnath-mana1
Image from Youtube

എങ്ങനെയാണ് ഇവിടെയെത്തുക?

പാലക്കാട് ജില്ലയിൽ ഷൊര്‍ണൂരിലെ മുണ്ടക്കോട്ടുകുറിശ്ശി ഗ്രാമത്തിലാണ് മന. ഷോര്‍ണൂരില്‍നിന്ന് അരമണിക്കൂര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

വൃശ്ചികമാസത്തിലാണ് ഇവിടം സന്ദര്‍ശിക്കാനും പൂജകള്‍ നടത്താനും ഏറ്റവും അനുയോജ്യം. പൂജയ്ക്കായാണ് എത്തുന്നതെങ്കില്‍ പുലര്‍ച്ചെ തന്നെ എത്തിയാല്‍ തിരക്ക് ഒഴിവാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com