ADVERTISEMENT

തടി കൂടും എന്ന പേടി ഇല്ലാതെ ചിക്കൻ കഴിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ, കാസർഗോഡിന് വണ്ടി കയറാം. അങ്ങാടി മരുന്നുകൾ മസാല ആയി ഉപയോഗിക്കുന്ന ഹെർബൽ ചിക്കൻ ഒന്ന് ടേസ്റ്റ് ചെയ്താൽ മതി. പിന്നെ നിങ്ങൾ അവിടുത്തെ സ്ഥിരം കസ്റ്റമർ ആയി മാറും.ഹെർബൽ ചിക്കന്റെ മഹാത്മ്യം അങ്ങ് ദുബായിൽ കിടക്കുന്ന ഷെയ്ക്ക് വരെ അറിഞ്ഞിട്ടുള്ളതാണ്. മമ്മൂട്ടിയും ജോ ജോയും സൈജു കുറുപ്പും വരെ ഹെർബൽ ചിക്കൻ ഫാൻസ് ആണ്. എന്താണ് ഹെർബൽ ചിക്കൻ എന്നായിരിക്കും ഇപ്പോൾ ചിന്ത അല്ലേ. 

കാസർഗോഡ്കാരൻ ഫക്രുദീന്റെ ട്രേഡ് മാർക്കാണ് ഈ ഹെർബൽ ചിക്കൻ. ഇന്ന് കേരളത്തിലങ്ങോളമിങ്ങോളം ഈ ചിക്കന് ആരാധകർ ഏറെയാണ്. യൂട്യൂബിലും സമൂഹമാധ്യമങ്ങളിലൂടെയും എല്ലാം അറിഞ്ഞും കേട്ടും പല ദിക്കുകളിൽ നിന്നും കാസർഗോഡ് എത്തി ഹെർബൽ ചിക്കൻ രുചിക്കുന്ന യാത്രക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് തന്റെ ഹോട്ടൽ എന്ന് ഫക്രുദ്ദീൻ. 

herbal-chicken1

കാസർഗോഡ് പട്ടണത്തിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള അനങ്കൂരിലാണ് ഫക്രുദീന്റെ ഹെൽബൽ ചിക്കൻ കട. ഹെർബൽ ചിക്കൻ രുചിച്ച ശേഷം വീട്ടിലേക്ക് പാഴ്സൽ വാങ്ങിയവരിൽ മമ്മൂട്ടി മുതൽ ഗൾഫിലെ ഷെയ്ഖ് വരെയുണ്ടെന്ന് പറഞ്ഞത് വാസ്തവമാണ്. അത്രയ്ക്കും രുചിയും  ഔഷധ ഗുണവും ഉണ്ട് ഈ ചിക്കന്. 

രാവിലെ 11 മണിക്ക് ആരംഭിക്കും ചിക്കന്റെ പണികൾ.  ഒരു മണിയോടുകൂടി ആവശ്യക്കാർക്ക് കിട്ടത്തക്ക വിധത്തിൽ ചിക്കൻ റെഡി ആകും. 30 തരം ഔഷധക്കൂട്ടുകൾ ആണ് ഈ കോഴിയിറച്ചിക്ക് മസാല ആയി ഉപയോഗിക്കുന്നത്.അതിൽ ചിലത് ഫക്രുദ്ദീന് മാത്രമറിയാവുന്ന ടോപ്പ് സീക്രട്ട് രുചിക്കൂട്ടുകളുമുണ്ട്. മസാല പുരട്ടി രണ്ടു മണിക്കൂർ വെച്ച കോഴിയിറച്ചി പിന്നീട് ഇലയിൽ പൊതിഞ്ഞ് കെട്ടി, മണ്ണു പുരട്ടി ചുട്ടെടുക്കുന്നു. ഈ മണ്ണിനും ഉണ്ട് ഒരു പ്രത്യേകത. തൻറെ സ്വന്തം പറമ്പിൽ നിന്നും ആണ് ഫക്രുദ്ദീൻ ചിക്കൻ ഉണ്ടാക്കാനുള്ള മണ്ണ് കുഴിച്ചെടുക്കുന്നത്.

ഓരോന്നിനും കൃത്യമായ സമയവും അളവും ഉണ്ട്. ഒരല്പം അങ്ങോട്ടു ഇങ്ങോട്ടോ മാറിയാൽ ചിക്കൻ മോശമാകും എന്നുറപ്പ്. കോഴിയിറച്ചി വേവുന്ന പ്രത്യേകതരം അടുപ്പിന്റെ ചൂടും മണ്ണിൻറെ അളവും രുചികൂട്ടും എല്ലാം കൃത്യമായി പഠിച്ചെടുക്കാൻ രണ്ടുവർഷത്തോളം മകൻ തൗസിഫിനും സഹായികൾക്കും പരിശീലനം നൽകി ഫക്രുദ്ദീൻ. അതിനുശേഷമാണ് അവരെയും സഹായത്തിനായി തനിക്കൊപ്പം കൂട്ടിയത്. 

herbal-chicken2

ഹെർബൽ ചിക്കൻ സാക്ഷാത്കാരത്തിലേക്ക് എത്തിയത് നിരവധി പരീക്ഷണങ്ങളിലൂടെ ആണെന്ന് ഫക്രുദ്ദീൻ. കർണാടകയിലും ഗൾഫിലും ഹോട്ടൽ ജോലി ചെയ്ത് പരിചയമുള്ള ഫക്രുദ്ദീൻ നാട്ടിലേക്ക് മടങ്ങിയപ്പോൾ ഹോട്ടൽ ആരംഭിക്കാമെന്ന പദ്ധതി ആലോചിച്ചു. ഭക്ഷണ മേഖലയിൽ  ഏറ്റവുമധികം വ്യത്യസ്തതകൾ പിറവിയെടുക്കുന്ന കാലമാണല്ലോ ഇന്ന്.  എന്തെങ്കിലും വ്യത്യസ്തമാർന്നത് ചെയ്തില്ലെങ്കിൽ പിടിച്ചു നിൽക്കാനാവില്ല എന്ന ഘട്ടത്തിലാണ് ഹെർബൽ ചിക്കൻ എന്ന ഐഡിയ തൻറെ തലയിൽ ഉദിച്ചതെന്നും ഫക്രുദീൻ. 

ഇന്ന് കേരളത്തിൻറെ നാനാതുറകളിൽ നിന്നും നൂറുകണക്കിനു പേരാണ് ഹെർബൽ ചിക്കൻ അന്വേഷിച്ച് കാസർഗോഡ് പോകുന്നത്. അവിടെ ഇരുന്നു കഴിക്കുന്നതിനെകാളും കൂടുതൽ പാഴ്സൽ ആണ് പോകുന്നതെന്ന് മകൻ തൗസിഫ് പറയുന്നു. ഏറെനേരം ചൂട് നിലനിൽക്കുന്നതിനാലാണ് പലരും പാഴ്സൽ വാങ്ങി വീട്ടിൽ കൊണ്ടുപോയി കഴിക്കുന്നത്. സൈജു കുറുപ്പും ഹരീഷ് കണാരനും ഒക്കെ ഇങ്ങനെ ഇവിടെ വന്ന് രുചിയറിഞ്ഞ് പിന്നീട് വീട്ടിൽ പാഴ്സൽ വരുത്തി കഴിക്കുന്നവരുടെ കൂട്ടത്തിൽ പെടുന്നവരാണ്. പ്രമുഖരുടെ നിര ഇനിയുമുണ്ടത്രേ. 

ഈ സ്പെഷ്യൽ കോഴിയിറച്ചിയുടെ രുചിക്ക് സ്ഥിരം ആരാധകർ ഏറെയാണ്. ജിമ്മിൽ പോകുന്ന മസിൽമാൻമാരായ ചെറുപ്പക്കാരാണ് സ്ഥിരം കസ്റ്റമേഴ്സ് എന്ന് തൗസീഫ്. അതിനു കാരണവുമുണ്ട്. കൊഴുപ്പ് അധികമില്ലാത്ത മരുന്നുകൾ ചേർത്ത കോഴിയിറച്ചി ആയതിനാൽ ധൈര്യമായി കഴിയ്ക്കാം. 

അപ്പോൾ ഇനി കാസർഗോഡിന് ഒരു യാത്രയാകാം യാത്രയ്ക്കൊപ്പം വയറുനിറയെ നല്ല ഒന്നാന്തരം മരുന്ന് ചേർത്ത ചിക്കനും കഴിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com