ADVERTISEMENT

മലയാളികള്‍ക്കെല്ലാം സ്വന്തം വീട്ടിലെ കുട്ടിയാണ് ജൂഹി രുസ്തഗി. 'ഉപ്പും മുളകും' എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെയെല്ലാം മനം കവര്‍ന്ന ജൂഹി ഇപ്പോള്‍ ഒറ്റയ്ക്കല്ല.ഭാവി വരൻ ഡോ: റോവിന്‍ ജോര്‍ജും ഒപ്പമുണ്ട്. ഇരുവരും ചേര്‍ന്ന് നടത്തിയ ഒരു യാത്രയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ പുതിയ തരംഗം. തിരുനെല്ലി ക്ഷേത്രത്തിലേക്ക് നടത്തിയ യാത്രയുടെ വീഡിയോ യുട്യൂബില്‍ പങ്കു വച്ചിട്ടുണ്ട്. ഇത് ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞു.

അമ്പലത്തിനുള്ളിലെ വള്ളിക്കെട്ടുകള്‍ പടര്‍ന്നു കയറിയ മനോഹരമായ കല്‍ത്തൂണുകള്‍ നിവര്‍ന്നു നില്‍ക്കുന്ന വഴിയും പച്ചപ്പു നിറഞ്ഞ പരിസര പ്രദേശങ്ങളും മലനിരകളുമെല്ലാം ഈ വിഡിയോയില്‍ കാണിക്കുന്നുണ്ട്.

വയനാട് ജില്ലയിലാണ് പ്രശസ്തമായ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രമുള്ളത്. ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവകളാല്‍ ചുറ്റപ്പെട്ട് കർണാടക അതിർത്തിയിലാണ് ഇത്. മനോഹരമായ വാസ്തുവിദ്യയാല്‍ സമ്പന്നമാണ് ഇവിടം. മാനന്തവാടിയില്‍ നിന്ന് മനോഹരമായ കാട്ടുവഴിയിലൂടെ 32 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുനെല്ലിയിലെത്താം. വര്‍ഷംതോറും പിതൃക്കള്‍ക്ക് ബലിതര്‍പ്പണം ചെയ്യാനായി നിരവധി പേരാണ് തിരുനെല്ലിയില്‍ എത്തുന്നത്.

അഞ്ചു തീര്‍ത്ഥങ്ങള്‍ സംഗമിക്കുന്ന പഞ്ചതീര്‍ത്ഥക്കുളമാണ് ഇവിടുത്തെ ഒരു പ്രധാന ആകര്‍ഷണം. നീലത്താമരകള്‍ നിറഞ്ഞ ഈ കുളത്തിന്‍റെ ദൃശ്യം കണ്ണിനുത്സവമാണ്. അമ്പലത്തില്‍ നിന്നിറങ്ങി പാപനാശിനിയിലേക്കുള്ള വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പണ്ട് അമ്പലത്തിലേക്കുള്ള വെള്ളം എടുത്തിരുന്നത് ഇവിടെ നിന്നയിരുന്നത്രേ. ഇതിന്‍റെ നടുവില്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറയും അതിനു മുകളിലായി വിഷ്ണുപാദം എന്ന് സങ്കല്‍പ്പിക്കപ്പെടുന്ന രണ്ടു കാല്‍പ്പാടുകളും കാണാം.

പാപങ്ങള്‍ കഴുകിക്കളയും എന്ന് കരുതപ്പെടുന്ന പാപനാശിനിക്കുളമാണ് മറ്റൊരു പ്രത്യേകത. അമ്പലത്തിന് ഒരു കിലോമീറ്റര്‍ വടക്കു പടിഞ്ഞാറാണ് ഇത് സ്ഥിതി ചെയ്യുന്നത്. ബ്രഹ്മഗിരിയില്‍ നിന്നും ഔഷധസസ്യങ്ങളില്‍ തട്ടിത്തഴുകി എത്തുന്ന  ഇവിടത്തെ തെളിഞ്ഞ വെള്ളത്തിന് ഔഷധഗുണം ഉണ്ടെന്നു കരുതപ്പെടുന്നു. ചിതാഭസ്മം ഇവിടെയാണ് ഒഴുക്കുന്നത്. ഇത് കാവേരി നദിയിലേക്ക് ഒഴുകുകയും തുടര്‍ന്ന് സമുദ്രത്തില്‍ ചെന്നു ചേരുകയും ചെയ്യുന്നതോടെ ആത്മാക്കള്‍ക്ക് മോക്ഷപ്രാപ്തി ഉണ്ടാകും എന്നാണ് വിശ്വാസം.

തിരുനെല്ലിയിലേക്കുള്ള യാത്രയെ ഇരുപത്തഞ്ചു വര്‍ഷത്തോളമായി മധുരതരമാക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. വയനാട്ടിലേക്കുള്ള വഴിയില്‍ സ്ഥിതിചെയ്യുന്ന 'കുട്ടേട്ടന്റെ ഉണ്ണിയപ്പക്കട'. സെലിബ്രിറ്റികള്‍ അടക്കം ധാരാളം പേര്‍ എത്തുന്ന അതിപ്രശസ്തമായ ഒരു കടയാണിത്. മായമൊന്നും ഇല്ലാതെ തികച്ചും പ്രകൃതിദത്തമായ രീതിയില്‍ ഉണ്ണിയപ്പം ഉണ്ടാക്കുന്ന കടയാണിത്. തോല്‍പ്പെട്ടിയിലേക്ക് പോകുന്ന ജംഗ്ഷനിലാണ് ഈ കട ഉള്ളത്. തിരുനെല്ലിക്ഷേത്രത്തില്‍ വരുന്നവര്‍ ഒരിക്കലും മിസ്സാക്കാന്‍ പാടില്ലാത്ത ഇടമാണിത്. നാവില്‍ അലിഞ്ഞിറങ്ങുന്ന നല്ല നാടന്‍ ഉണ്ണിയപ്പത്തിന്‍റെ രുചിയും ഒപ്പം ഒരു കട്ടന്‍ചായയുമൊക്കെ കഴിച്ച്, അല്‍പ്പനേരം ബ്രഹ്മഗിരിയെ തഴുകിയെത്തുന്ന കാറ്റേറ്റിരുന്ന് സമാധാനമായി തിരിച്ചു പോരാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com