sections
MORE

ഏലത്തോട്ടത്തിലെ സ്വർഗ്ഗത്തിൽ താമസിച്ച്, കൊളുക്കുമലയിലെ സൂര്യോദയം കണ്ടു

munnar-kolukumalai-trip2
SHARE

ഭാഗം : 1

കഴിഞ്ഞതവണ മൂന്നാറിൽ എത്തിയപ്പോൾ കൊളുക്കുമലയിൽ പോകത്തതിലുള്ള സങ്കടം തീർക്കുവാൻ വേണ്ടിയാണ് ഇൗ രണ്ടാംതവണയും മൂന്നാറിലേക്ക് യാത്രതിരിച്ചത്. സുഹൃത്ത് റോമി പറഞ്ഞതനുസരിച്ചു മൂന്നാർ ഇടുക്കി റൂട്ടിലുള്ള ഗസല്ലേ വില്ല റിസോർട്ടിൽ റൂം ബുക്ക് ചെയ്യുമ്പോൾ കൊളുക്കുമലയും മറ്റു സ്ഥലങ്ങളും കണ്ടു ക്ഷീണിച്ചു വരുമ്പോൾ സ്വസ്ഥമായി വിശ്രമിക്കാൻ ഒരിടം അത്രമാത്രമേ പ്രതിക്ഷിച്ചിരുന്നുള്ളൂ. എന്നാൽ അവിടെ വന്നിറങ്ങിയത് മുതൽ ഞങ്ങൾ ഏലത്തോട്ടത്തിലെ സ്വർഗ്ഗലോകത്ത് എത്തിയ പോലെയായിരുന്നു.

munnar-kolukumalai-trip7

മലപ്പുറത്തെ വീട്ടിൽ നിന്നും ഇറങ്ങാൻ താമസിച്ചത് കാരണം വൈകിയേ റിസോർട്ടിൽ എത്തൂ എന്നു ആദ്യമേ വിളിച്ചുപറഞ്ഞിരുഞ്ഞു. ഞാനും സുഹൃത്ത് അൻസാറും ഫാമിലിയും ഒരുമിച്ചായിരുന്നു യാത്ര. അങ്കമാലി കഴിഞ്ഞതും എങ്ങും പള്ളിപ്പെരുന്നാളിന്റെ ഭാഗമായുള്ള തോരണങ്ങളും മറ്റും റോഡിനിരുവശവും കണ്ടുതുടങ്ങി. രാത്രി എട്ടുമണി കഴിഞ്ഞു അടിമാലി ടൗണിൽ എത്തിയപ്പോൾ. ബാന്റ് മേളങ്ങളുടെ അകമ്പടിയോടെയുള്ള നഗര പ്രതിക്ഷണം ഞങ്ങൾക്ക് പുതുമയുള്ള കാഴ്ചയായി.

മൂന്നാർ കുമളി റോഡിൽ ചതുരംഗപ്പാറക്കടുത്ത് മെയിൻ റോഡിൽ നിന്നും അല്പം താഴോട്ടിറങ്ങി ഉള്ളിലേക്കുള്ള റോഡിലൂടെ സഞ്ചരിച്ചുവേണം റിസോർട്ടിൽ എത്താൻ. കണ്ണെത്താദൂരത്തോളമുള്ള ഏലത്തോട്ടത്തിനടുത്തൊന്നും വേറെ വീടുകളോ റിസോർട്ടുകളോ ഒന്നും തന്നെ ഇല്ലാത്തതു കാരണം റോഡ് നന്നേ വിജനമാണ്. ഗേറ്റ് കടന്നു ഞങ്ങളുടെ കാർ എസ്റ്റേറ്റിലേക്ക് കടന്നപ്പോൾ തന്നെ ഏലത്തോട്ടത്തിലെ തണുത്ത കാറ്റ് ഞങ്ങളെ സ്വീകരിക്കാൻ വേണ്ടി കാത്തു നിൽക്കുന്ന പോലെയാണ് തോന്നിയത്. അറുപത് ഏക്കറോളം വരുന്ന ഏലത്തോട്ടത്തിന് നടുവിലായി ഒരു തടാകവും വേറെ ഒന്നുരണ്ടു കുളങ്ങളുമുണ്ട്. ഈ തടാകത്തിനിരുവശവുമായാണ് റിസോർട്ടിലെ എട്ട് കോട്ടേജുകൾ ഉള്ളത്. തടാകത്തിന്റെ മറുകരയിൽ ഞങ്ങൾക്കായി മാറ്റിവെച്ചിരുന്ന കോട്ടേജിന്റെ മുറ്റംവരെ ഞങ്ങൾക്ക് കാറിൽ വരാൻ കഴിഞ്ഞു.

munnar-kolukumalai-trip5

യാത്രയുടെ ക്ഷീണം തീർക്കാൻവേണ്ടി എത്തിയ ഉടനെതന്നെ ഒരു കുളി പാസാക്കി. അപ്പോഴേക്കും ഞങ്ങൾക്കുള്ള ഡിന്നറുമായി രാജേഷ് ഏട്ടനും പ്രേമും എത്തിയിരുന്നു. റിസോർട്ടിലെ ഞങ്ങളുടെ കോട്ടേജിന്റെ ഉമ്മറത്ത് കോലായിൽ തൂക്കിയിരിക്കുന്ന ചൂരൽ കസേരയിലിരുന്നു ആടിക്കൊണ്ടിരിക്കുമ്പോൾ മറുകരയിലുള്ള കോട്ടേജിലെ മഞ്ഞവെളിച്ചം തടാകത്തിലെ തെളിഞ്ഞ വെള്ളത്തിൽ തിളങ്ങുന്നത് കാണാമായിരുന്നു. അടുത്ത ദിവസം കൊളുക്കുമലയിലേക്ക് സൂര്യോദയം കാണാൻ പോവാൻ ഉള്ളത് കൊണ്ട് തന്നെ ഞങ്ങൾ നേരത്തെ ഉറങ്ങാൻ തീരുമാനിച്ചു.

munnar-kolukumalai-trip3

യാത്ര ക്ഷീണത്തിൽ പെട്ടെന്നുറങ്ങിയ ഞങ്ങളെ ഉണർത്താൻ റിസപ്‌ഷനിൽ നിന്നും ഫോണിൽ രാജേഷ് ഏട്ടന്റെ വിളി വന്നു. ഒന്നു ഫ്രഷ് ആയി പുറത്തിറങ്ങി നോക്കുമ്പോൾ മുറ്റത്തു ജീപ്പുമായി ഗോഡ്‌വിൻ. വാച്ചിൽ സമയം നോക്കിയപ്പോൾ സമയം നാലുമണി ആവുന്നതെയുള്ളു. അപ്പോഴും ഏലത്തോട്ടത്തിൽ നല്ല തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു.

munnar-kolukumalai-trip6

റിസോർട്ടിൽ നിന്നും ജീപ്പിൽ സൂര്യനെല്ലിയിൽ എത്തുമ്പോൾ നിറയെ ആളുകൾ ഞങ്ങളെപ്പോലെ മലകയറാൻ വേണ്ടി കാത്തുനിൽക്കുന്നുണ്ടായിരുന്നു. കൗണ്ടറിൽ നിന്നും ഫോം വാങ്ങി ആളുകളുടെ പേരുകൾ എഴുതിവേണം പാസ് വാങ്ങിക്കാൻ. ഗോഡ്‌വിൻ ഇതെല്ലാം ശരിയാക്കുന്നതിനിടക്കു തിരുവനന്തപുരത്തുനിന്നുള്ള മൂന്ന്പേർ കൂടെ ഞങ്ങളോടൊപ്പം കൂടി.

munnar-kolukumalai-trip

ഹാരിസൻ മലയാളത്തിന്റെ അപ്പർ ടീ ഫാക്ടറിയുടെ ഗേറ്റിനടുത്തുള്ള ചെക്ക്പോസ്റ്റിൽ പാസ്സ് കാണിച്ചുവേണം മുകളിൽ എത്താൻ. ഏകദേശം ഒന്നരമണിക്കൂർ എടുത്ത് പതിനഞ്ചു കിലോമീറ്റർ തേയിലത്തോട്ടത്തിലൂടെയുള്ള കിടിലൻ ഓഫ്റോഡ് യാത്ര. ഗോഡ്‌വിൻ ഞങ്ങളെയും കൊണ്ടു മറ്റു ജീപ്പുകൾ പിന്നിലാക്കി ഉരുളൻകല്ലുകൾ നിറഞ്ഞ ആ റോഡിലൂടെ അതിസാഹസികമായി മലകയറുമ്പോൾ ഉള്ളിൽ ഇടക്ക് ദൈവത്തെയും ഉമ്മയേയും മാറിമാറി വിളിക്കുന്നുണ്ടായിരുന്നു. മലകയറുംതോറും തണുപ്പ് കൂടി വന്നപ്പോൾ തന്നെ പതുക്കെ സ്വറ്ററിനുള്ളിൽ അഭയം കണ്ടെത്തി.

munnar-kolukumalai-trip4

കൊളുക്കുമലയിലെ സൂര്യോദയം, ഇന്നുവരെകണ്ടതിൽ ഏറ്റവും മനോഹരമായ സൂര്യോദയം. മേഘങ്ങളും സൂര്യരശ്മികളും പരസ്പരം സൗന്ദര്യമത്സരം നടത്തുമ്പോൾ ആവേശമായി തണുത്ത കാറ്റ് നിർത്താതെ വീശുന്നുണ്ട്. സൂര്യന്റെ ഓറഞ്ചു കിരണങ്ങൾ മേഘത്തിന് തിലകം ചാർത്തുന്ന ആ സുന്ദരകാഴ്ച പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. പിറകോട്ട് നോക്കിയാൽ മീശപ്പുലിമലയോട് ചേർന്ന്, സൂര്യൻ വന്നാലും പോവാൻ മടിച്ചുനിൽക്കുന്ന അമ്പിളിമാമനേയും കാണാം. കേരളവും തമിഴ്‌നാടും അതിർത്തിപങ്കിടുന്ന മലനിരയാണ് കൊളുക്കുമല. മുന്നിൽ താഴെ തമിഴ്നാടിന്റെ ഭാഗമായ ഗ്രാമങ്ങളുടെ സൗന്ദര്യവും പിന്നിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുഉള്ള ഓർഗാനിക് തേയില തൊട്ടത്തിന്റെ സുന്ദര കാഴ്ചകളും. 

സൂര്യൻ തെളിഞ്ഞു വന്നപോഴാണ് ഇത്രയേറെ ആളുകൾ ഉദയം കാണാൻ അവിടെ ഉള്ളത് തന്നെ മനസ്സിലാവുന്നത്. ഞായറാഴ്ച ആയതുകൊണ്ടാണെന്നു തോന്നുന്നു ഇത്രയും ആളുകൾ. കൊളുക്കുമലയിൽ നിന്നും നോക്കിയാൽ മൂന്നാർ ടോപ്സ്റ്റേഷനും മീശപ്പുലിമലയും കൊടൈക്കനാൽ മലനിരകളും കാണാം. ഞങ്ങൾ നിന്ന സ്ഥലത്തു നിന്നും അല്പം കൂടെ മുന്നോട്ട് നീങ്ങി താഴേക്കിറങ്ങിയാൽ സിംഗപ്പാറ കാണാം. ഒരു സിംഹത്തിന്റെ അതല്ലെങ്കിൽ ഒരു കടുവയുടെ മുഖത്തോടു സാമ്യമുള്ള പാറയുടെ അടുത്തു നിന്നു ഒരുപാട് സഞ്ചാരികൾ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. അവിടെ നിന്നും മടങ്ങുമ്പോൾ താഴെ ദൂരെ തേയിലത്തോട്ടത്തിനിടയിലൂടെ സഞ്ചാരികളെയും കൊണ്ടു തിരിച്ചിറങ്ങുന്ന ജീപ്പുകളുടെ ആകാശ ദൃശ്യത്തിനു ഒരു പ്രത്യേക ഭംഗിയാണ്.

കൊളുക്കുമലയിലെ സൂര്യോദയംകണ്ടു മടങ്ങിവന്നപ്പോഴേക്കും ഞങ്ങൾക്കുള്ള നല്ല അടിപൊളി ബ്രെക്ക്ഫാസ്റ്റുമായി ഗോകുൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.  ഭക്ഷണം കഴിച്ചു അല്പം വിശ്രമിച്ച ശേഷമാവാം പ്ലാന്റേഷൻ ടൂർ എന്നുവെച്ചു റിസോർട്ടിലെ റെസ്റ്റോറന്റിൽ നിന്നും പുറത്തിറങ്ങിയപ്പോൾ അതാ ചൂണ്ടയുമായി തോട്ടത്തിലെ കാര്യസ്ഥനായ ബിജുവേട്ടൻ. എന്നാല്പിനെ ഒന്നു ചൂണ്ടായിടാമെന്നായി. സമയം പത്തു കഴിഞ്ഞിരുന്നെങ്കിലും വെയിൽ നന്നേ കുറവാണ് ഏലത്തോട്ടത്തിന് നടുവിലുള്ള റിസോർട്ടിൽ. മലമുകളിൽ നിന്നും ഒലിച്ചുവരുന്ന വെള്ളമായതുകൊണ്ടുതന്നെ തടാകത്തിലെ വെള്ളത്തിനു നല്ല തണുപ്പാണ്.  തടാകത്തിൽ നിറയെ മീനുകൾ വളർത്തുന്നതുകൊണ്ടു തന്നെ ഉച്ചഭക്ഷണത്തിനുള്ള മീൻ വേണ്ടുവോളം പിടിക്കാനായി.

ഉച്ചഭക്ഷണത്തിനു മുന്നേ ഞങ്ങൾ ബിജുവേട്ടനോടൊപ്പം ഏലത്തോട്ടത്തിലേക്കിറങ്ങി. ഇടത്തൂർന്നു ഒരാൾപോക്കത്തിൽ വളർന്നു നിൽക്കുന്ന ഏലച്ചെടികൾക്കിടയിലൂടെ നടക്കുമ്പോൾ ശരിക്കും ഒരു കാട്ടിൽ എത്തിയ പ്രതീതിയാണ്. ചുറ്റും പക്ഷികളുടെ ശബ്ദം മാത്രം. ഏലത്തിന്റെ കൃഷിരീതിയും തോട്ടത്തിൽ തണുപ്പ് നിലനിൽക്കേണ്ടതിന്റെ ആവശ്യകതയും എല്ലാം ഞങ്ങൾക്ക് പറഞ്ഞു തന്നു മുന്നോട്ട് നടക്കുന്നതിനിടയിൽ ഒരു ശബ്‌ദം കേട്ട് ബിജുവേട്ടൻ നിന്നു. ഒരു മലയണ്ണാൻ ഇവിടെ എവിടെയോ ഉണ്ടെന്നു പറഞ്ഞതും ഞങ്ങൾ എല്ലാവരാലും മരങ്ങൾക്ക് മുകളിലേക്ക് നോക്കാൻ തുടങ്ങി. സുന്ദരനായ അവനെ കണ്ടുപിടിക്കാൻ ഞങ്ങൾക്ക് അധികം സമയം വേണ്ടിവന്നില്ല. താഴേക്ക് ഇറങ്ങി വന്നില്ലെങ്കിലും അവൻ ഞങ്ങളെ വീക്ഷിച്ചു കൊണ്ടു അവിടെത്തന്നെയിരിപ്പായി.  മലയണ്ണാൻ ഇവിടുത്തെ പതിവ് കാഴ്ചയാണ്. ഞങ്ങൾ താമസിച്ച രണ്ടു ദിവസത്തിനിടയിൽ മൂന്നു നാല് തവണയെങ്കിലും മലയണ്ണാനെ കണ്ടിരുന്നു.

Kolukkumalai-trip7

തടാകത്തിൽ നിന്നും ഞങ്ങൾ പിടിച്ച മീൻ കൊണ്ടുണ്ടാക്കിയ നല്ല അടിപൊളി മീൻകറിയും കൂട്ടി ഒരു കിടിലൻ ഊണ്, അതായിരിന്നു പിന്നെ ഞങ്ങളെ കാത്തിരുന്നത്.ഭക്ഷണത്തിന് ശേഷം അല്പം വിശ്രമം, അതും പക്ഷികളുടെ കള കള നാദം കേട്ട്. വൈകുന്നേരമായപ്പോൾ ജിനീഷേട്ടന്റെ ജീപ്പിൽ ഞങ്ങൾ നേരെ ചതുരംങ്കപ്പാറയിലേക്ക് വെച്ചുപിടിച്ചു.

Kolukkumalai-trip14

ചതുരംങ്കപ്പാറയിലേക്കുള്ള വഴിയിൽ മുകളിലേക്ക് കയറുമ്പോൾ തന്നെ വിൻഡ് മില്ലുകൾ ഞങ്ങളെ സ്വാഗതം ചെയ്തു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കിയിലെ മറ്റൊരു സ്ഥലമാണ് ചതുരംങ്കപ്പാറയിലേക്ക്. അധികമാരും അറിയപ്പെടാത്തത് കൊണ്ടുതന്നെ സഞ്ചാരികളായി ഞങ്ങളെക്കൂടാതെ കുറച്ചുപേർ മാത്രമെ അവിടെയുണ്ടായിരുന്നോള്ളൂ. വാഹനം പാർക്ക് ചെയ്തു മുകളിൽ എത്തിയപ്പോൾ ഒരു പാറയിൽ എന്തോ മാർക്ക് ചെയ്തത് എന്റെ ശ്രദ്ധയിൽപ്പെട്ടു. കേരളത്തിന്റെയും തമിഴ്നാടിന്റെയും ബോർഡർ മാർക്ക് ചെയ്തതാണെന്ന് ജിനീഷ് ഏട്ടൻ പറഞ്ഞു തന്നപ്പോൾ, എന്നാപ്പിന്നെ രണ്ടു സംസ്ഥാനങ്ങളിലായി കാലുകൾ വെച്ചു ഫോട്ടോ എടുക്കാം എന്നു ഞങ്ങൾ തീരുമാനിച്ചു. താഴെ തമിഴ് ഗ്രാമങ്ങളുടെ ഭംഗിയും കൃഷി സ്ഥലങ്ങളുടെ സൗന്ദര്യവുമെല്ലാം നമ്മുക്ക് വ്യക്തമായി കാണാം. ഇടുങ്ങിയ വഴിലൂടെ മുകളിലേക്ക് കയറുമ്പോൾ ശക്തമായി വീശുന്ന കാറ്റിൽ വീഴാതിരിക്കാൻ ഞങ്ങൾ പാടുപെടുന്നുണ്ടായിരുന്നു.

തമിഴ് ഗ്രാമങ്ങളുടെ ആകാശദൃശ്യം ആസ്വദിക്കുമ്പോഴേക്കും പിറകിൽ കേരളത്തിലെ മലനിരകൾക്കു പിറകിലായി സൂര്യൻ അസ്തമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ചെഞ്ചായമണിഞ്ഞ ആകാശവും നോക്കി കൊണ്ടു ഞങ്ങൾ അവിടെ ഒരുപാട്സമയമങ്ങിനെയിരുന്നു. സൂര്യൻ അസ്തമിച്ചതും കാറ്റിനു നേരത്തെതിലും തണുപ്പ് കൂടിയതായി തോന്നി, അതുകൊണ്ടു തന്നെ സമയം അതികം കളയാതെ ങ്ങൾ നേരെ റിസോർട്ടിലേക്ക് മടങ്ങി.

ഏലത്തോട്ടത്തിലെ ആ തടാകക്കരയിലങ്ങിനെ ഊഞ്ഞാലിലിരുന്നു ആടിക്കൊണ്ടിരിക്കുമ്പോഴൊരിക്കലും എന്റെ  മനസ്സിൽ ജീവിത സംഘർശങ്ങളോ അനാവശ്യ ചിന്തകളോ ഒന്നും തന്നെയില്ലായിരുന്നു. അന്തരീക്ഷത്തിൽ തണുപ്പ് കൂടി വന്നതോടെ അവൾ എന്നോട് ചേർന്നിരുന്നു. രാത്രിയിലും ആ കാടിനുള്ളിലെ പക്ഷകളൊക്കെയും ഉറക്കമൊഴിച്ചു ഞങ്ങൾക്കായി പാടിക്കൊണ്ടിരുന്നു. തണുപ്പ് കുറക്കാൻ വേണ്ടി ക്യാമ്പ്ഫയറിന്റെ ചൂടിൽ ഞങ്ങൾ  അഭയം തേടിയപ്പോഴേക്കും നല്ല ചിക്കൻ ബർബിക്യൂവും ചപ്പാത്തിയും റെഡിയായിരുന്നു. 

(തുടരും)

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA