മൂന്നാറിലെ ഏലത്തോട്ടത്തിലെ തണുപ്പ് ആസ്വദിച്ച് ഒരു ദിവസം

munnar-trip
SHARE

രാവിലെ അഞ്ചുമണി കഴിഞ്ഞതും ആരുടെയോ പാട്ട് കേട്ട് കൊണ്ടാണ് ഞാൻ ഉണർന്നത്. അന്തരീക്ഷത്തിലെ തണുപ്പ് എന്നെ വീണ്ടും പുതപ്പിനുള്ളിലേക്ക് വലിച്ചു. അലാം വെക്കാതെ കിടന്നുറങ്ങിയ ഞാൻ ആദ്യമായാണ് സമയത്തിന് എഴുന്നേൽക്കുന്നത്. നിമിഷങ്ങൾ കഴിയും തോറും പാട്ടുകാരുടെ എണ്ണം കൂടിവന്നു. പാട്ടുകാരേ കണ്ടിട്ടുതന്നെ കാര്യം എന്നുറപ്പിച്ചു. ജനാലക്കടുത്തേക്ക് നടന്നു. ജാലകത്തിൽ പറ്റിയിരിക്കുന്ന മഞ്ഞുകണങ്ങൾ പതുക്കെ തുടച്ചു. പുറത്തു അപ്പോഴും വെട്ടം വന്നിട്ടില്ലായിരുന്നു. പ്രഭാത ഭക്ഷണത്തിന് മുമ്പ് തന്നെ റിസോർട്ടിലെ ജലാശയത്തിൽ ബോട്ടിങിന് വേണ്ടി ഞങ്ങളിറങ്ങി. കിളികളുടെ കളകളാരവം കേട്ട്കൊണ്ടൊരു ബോട്ട് യാത്ര, അതും മൂന്നാറിലെ ഏലത്തോട്ടത്തിലെ തണുപ്പിൽ അവളോടൊപ്പം. ശരിക്കും ആസ്വദിച്ചു. 

munnar-trip7

ഉച്ചഭക്ഷണത്തിനുമുന്നേ ആനയിറങ്ങൽ ഡാമിൽ പോകുവാൻ ഞങ്ങൾ തയാറായപ്പോഴേക്കും സുഹൃത്തുക്കളായ ജിനീഷേട്ടനും റോമിച്ചേട്ടനും തലേന്നാൾ പറഞ്ഞതിനനുസരിച്ചു ഞങ്ങൾക്കുള്ള ഏലക്കയുടെ പാക്കറ്റുമായെത്തി. ഓർഗാനിക് രീതിയിൽ സംസ്കരിച്ചെടുത്ത നല്ല കിടിലൻ ഏലക്ക വാങ്ങിക്കാനുള്ള അവസരവും റിസോർട്ടിൽ ഒരുക്കിയിട്ടുണ്ട്.

munnar-trip6

കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന തേയിലത്തോട്ടത്തിനു നടുവിലെ ഒരു അദ്ഭുതം തന്നേയാണ് ആനയിറങ്ങൾ ഡാം. ഭാഗ്യമുണ്ടെങ്കിൽ ഈ തേയിലത്തോട്ടത്തിനോട് ചേർന്നു ആനക്കൂട്ടങ്ങളെ കാണാൻ സഞ്ചാരികൾക്കാവും. കൊച്ചി ധനുഷ്കോടി ഹൈവേയിൽ റോഡുപണി നടക്കുന്നതിനാൽ തന്നെ റോഡിനോട് ചേർന്ന് നിറയെ പറക്കൂട്ടങ്ങൾ പൊട്ടിച്ചെടുക്കുന്ന ജോലിക്കാരെ കാണാം. മുകളിൽ ഹൈവേയിൽ വാഹനം നിർത്തി നോക്കുമ്പോൾ താഴെ ഡാമിലെ ഓളങ്ങളിൽ കുട്ടവഞ്ചിയിൽ യാത്ര ചെയ്യുന്ന സഞ്ചാരികളെ കാണാം. ശരിക്കും കാൽവരിമൗണ്ടിൽ നിന്നും ഇടുക്കി റിസർവോയർ കാണുന്നതിന് സമാനമായ ദൃശ്യം.

munnar-trip3

താഴെ പാർക്കിങ് ഏരിയയിൽ വാഹനം നിർത്തി ടിക്കറ്റ് കൗണ്ടറിനരികിലേക്കു നടക്കുമ്പോൾ അതിനോട് ചേർന്നു തന്നെ ഒരു ചെറിയ പാർക്കും ഭക്ഷണശാലയുമുണ്ട്. ഉച്ചഭക്ഷണ സമയത്തിന്റെ ഇടവേളയിൽ ആയതുകൊണ്ട് സ്പീഡ്‌ബോട്ടുയാത്രക്ക് സമയമെടുക്കുമെന്നതിനാൽ ആദ്യം കുട്ടവഞ്ചി പരീക്ഷിക്കാൻ തീരുമാനിച്ചു. അരമണിക്കൂർ എടുക്കുന്ന യാത്രക്ക് ഒരു വഞ്ചിക്ക് 700 രൂപയാണ് ഈടാക്കുന്നത്. മുൻപ് ഹൊഗനക്കൽ പോയ സമയം കുട്ടവഞ്ചിയിൽ യാത്ര ചെയ്തതിനാൽ തന്നെയും എനിക്ക്‌ പുതുമകൾ ഒന്നുംതന്നെയില്ലായിരുന്നു.

munnar-trip5

കുട്ടവഞ്ചിയാത്ര കഴിഞ്ഞു വന്ന ഞങ്ങൾ അൽപ സമയം പാർക്കിൽ ചിലവഴിച്ചപ്പോഴേക്കും സ്പീഡ്ബോട്ടിങ്ങിനുള്ള സമയമായിരുന്നു. ലൈഫ് ജാക്കറ്റ് ഇട്ടു ബോട്ടിൽ കയറി എല്ലാവരും തയാറായപ്പോഴെക്കും ബോട്ട് ഞങ്ങളെയും കൊണ്ടു കുതിച്ചുപായാൻ തുടങ്ങി. ദൂരെ കോളുക്കുമലയിൽ അപ്പോഴും മേഘങ്ങൾ പാറിനടക്കുന്നുണ്ടായിരുന്നു. ആനയിറങ്ങൽ ഡാമിലെ ഏറ്റവും മികച്ച ബോട്ടിങ്, സ്പീഡ് ബോട്ട് യാത്രയാണെന്നു നിസംശയം പറയാം. ബോട്ട് ചെരിച്ചും കറക്കിയും ഡ്രൈവർ ചന്ദ്രു ഞങ്ങളെ രസിപ്പിച്ചുകൊണ്ടിരുന്നു. അഞ്ചുപേരടങ്ങുന്ന സംഘത്തിന് പതിനഞ്ചു മിനുട്ട് നീണ്ടുനിൽക്കുന്ന ഈ കിടിലൻ സ്പീഡ്ബോട്ട് യാത്രക്ക് 1000 രൂപയാണ് നിരക്ക്.

munnar-trip1

തിരിച്ചു ഏലത്തോട്ടത്തിന് നടുവിലുള്ള സ്വർഗ്ഗത്തിൽ എത്തിയപ്പോഴേക്കും ഞങ്ങൾക്കുള്ള ഉച്ചഭക്ഷണവും തയ്യാറാക്കി ഗോകുൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഭക്ഷണശേഷം യാത്ര പറയാനുള്ള സമയമായിരുന്നു, കാറ്റ് താരാട്ട് പാടിയുറക്കിയ, പക്ഷികൾ സംഗീതോത്സവം നടത്തിയ ഈ സ്വർഗ്ഗത്തിൽ നിന്നും മടക്കം. രണ്ടു ദിവസം ശരിക്കും അദ്ഭുതം ലോകത്തു തന്നെയായിരുന്നു.മടങ്ങുന്ന വഴി കട്ടപ്പനയിലുള്ള സുഹൃത്ത് റീഷലിനെയും കുടുംബത്തെയും സന്ദർശിക്കണം, എന്നിട്ട് നേരെ വീട്ടിലേക്ക് മടങ്ങണം, ഇതായിരുന്നു ലക്ഷ്യം. എന്നാൽ പിന്നെ നിങ്ങൾ രാമക്കൽമേട്ടിൽ കൂടെ ഒന്നു പോയെക്കൂ, ഞങ്ങൾ അവിടേക്കെത്താം എന്നു അവൻ തന്നെയാണ് പറഞ്ഞത്. വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾ രാമക്കൽമേട്ടിൽ എത്തിച്ചേർന്നു. മൂന്നാറിൽ കഴിഞ്ഞ രണ്ടു ദിവസമായി ഞങ്ങൾപോയ സ്ഥലങ്ങളിൽ നിന്നും വിഭിന്നമായി നിറയെ സ്‌കൂൾ വിദ്യാർത്ഥികളും കോളേജ് വിദ്യാർത്ഥികളും അവിടെയുണ്ടായിരുന്നു.

ramakalmedu

ടിക്കറ്റ് എടുത്തു പടികൾ കയറി മുകളിൽ എത്തുമ്പോൾ തന്നെ ഒരു ശിൽപം കാണാം. കുറവനും കുറത്തിയും കുഞ്ഞും കോഴിയുമെല്ലാം അടങ്ങുന്ന കുടുംബം. ഇടുക്കി ഡാം നിർമ്മിക്കാൻ വേണ്ട സ്ഥലം അധികൃതർക്ക് കാണിച്ചുകൊടുത്തത് ഇവരാണെന്നു പറയപ്പെടുന്നു. തമിഴ്‌നാടും കേരളവും ഒന്നായിരുന്ന സംഗമ കാലത്തിന്റെ ഒരു പ്രതീകം കൂടിയാണ് ഈ ശില്പമെന്നും പറയപ്പെടുന്നു. രാമക്കല്‍മേട് എന്ന സ്ഥലനാമത്തിന് പിന്നിൽ ഒരു ഐതിഹ്യമുണ്ട്. ശ്രീരാമന്‍ സീതയെ അന്വേഷിച്ചു കാട്ടില്‍ അലയവേ, ഇവിടെയും വന്നിരുന്നുവെന്നും ഇവിടെവച്ചാണ് സേതുബന്ധനത്തിന് രാമേശ്വരം തെരഞ്ഞെടുത്തതെന്നുമാണ്  കഥ. 'രാമന്‍ കാലുവച്ച മേട് '  എന്ന അര്‍ത്ഥത്തില്‍ രാമക്കല്‍മേട്‌ എന്ന പേരുണ്ടായതാണത്രേ.   

munnar-trip2

രാമക്കൽമേട്ടിലെ കാറ്റും അസ്വദിച്ചുകൊണ്ടു വേഴാമ്പലിന്റെ ശിലത്തിനുള്ളിൽ നിന്നും വാച്ച് ടവറിൽ കയറി തമിഴ്‌നാട്ടിലെ കമ്പം തേനി ജില്ലയിലെ സ്ഥലങ്ങളുടെ ആകാശദൃശ്യം കണ്ടിരിക്കുമ്പോൾ ദാ താഴെ ഞങ്ങളെ അന്വേഷിച്ചു സുഹൃത്ത് റീഷലും വൈഫും എത്തി. പിന്നെ കഥകൾ പറഞ്ഞു താഴെ എത്തിയപ്പഴേക്കും ചുറ്റിലും ഇരുട്ട് പടർന്നിരുന്നു. നേരെ കട്ടപ്പനയിലുള്ള അവരുടെ വീട്ടിലേക്ക്... പത്തുവർഷത്തോളം മുന്നത്തെ കോളേജ് ജീവിതവും അനുഭവങ്ങളും പരസ്പരം പങ്കിട്ടു ആ രാത്രി അവരുടെ വീട്ടിൽ കഴിച്ചുകൂട്ടാൻ ഞങ്ങൾ തീരുമാനിച്ചു.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA