sections
MORE

ചാലക്കുടിയില്‍ നിന്ന് അതിരപ്പിള്ളി വഴി വാല്‍പ്പാറയിലേക്ക്

athirapally-to-valparai
SHARE

ചാലക്കുടിയില്‍നിന്ന് അതിരപ്പിള്ളി വഴി വാല്‍പ്പാറയിലേക്ക് ബസില്‍ പോയിട്ടുണ്ടോ? അതുവഴി പോയവര്‍ ആരും സമ്മതിക്കും, പ്രകൃതിയുടെ കരവിരുത് ആവോളം തുന്നിച്ചേര്‍ത്ത ഈ വഴിയുടെയത്ര സൗന്ദര്യം തെക്കേ ഇന്ത്യയില്‍ മറ്റൊരിടത്തും കാണാനാവില്ല എന്ന കാര്യം. ശ്വാസം നിലച്ചു പോകുന്നത്ര ഭംഗി എന്നൊക്കെ പറഞ്ഞു പോകുന്നപോലെ സുന്ദരമാണ് ഈ വഴി.

valparai

കേരളത്തിലെ ചാലക്കുടിയിൽനിന്ന് ആരംഭിച്ച് പശ്ചിമഘട്ടത്തിലെ മനോഹരമായ മഴക്കാടുകള്‍ നിറഞ്ഞ വഴിയിലൂടെയാണ് ഈ യാത്ര. ചാലക്കുടി നദിക്കരയിൽനിന്നു പടിഞ്ഞാറോട്ട് പോയി അതിരപ്പിള്ളി-പുളിയിലപ്പാറ-മലക്കപ്പാറ-ഷോലയാർ-വാൽപ്പാറ-ആളിയാർ വഴി കടന്നുപോകുന്ന ഈ വഴി അവസാനം തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ചെന്നു ചേരുന്നു. പ്രസിദ്ധമായ അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളും ഈ റൂട്ടിലാണ്.

ചാലക്കുടിയില്‍നിന്ന് പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള അതിരപ്പിള്ളി വെള്ളച്ചാട്ടം വരെയേ ഇവിടെ നിന്നുള്ള മിക്ക ബസുകളും പോകാറുള്ളൂ. അതുകൊണ്ടുതന്നെ ബാക്കിയുള്ള വഴി എത്രത്തോളം സുന്ദരമാണെന്ന് കാണാനുള്ള അവസരം മിക്കവര്‍ക്കും ലഭിച്ചു കാണില്ല. ചാലക്കുടിയില്‍നിന്ന് വാല്‍പ്പാറയിലേക്കും ബസുകള്‍ ഓടുന്നുണ്ട്. ഈ വഴിയില്‍ കാണാനായി ഇരുപതോളം പ്രധാന സ്ഥലങ്ങളുണ്ട്. അത്ര പ്രശസ്തമല്ലാത്ത നൂറോളം സ്ഥലങ്ങളും ഉണ്ടെന്നാണ് കണക്ക്.

road-Aathirappally_Valparai

രാവിലെ ആറേ മുക്കാലിനാണ് ആദ്യ ബസ്. ഒരു ബസിനു മാത്രം കഷ്ടിച്ച് കടന്നു പോകാനാവുന്ന ഇടുങ്ങിയ, കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ വഴിയിലൂടെയാണ് യാത്ര. തുടക്കത്തിൽ ഇരുവശത്തും തോട്ടങ്ങളും മരങ്ങളും കാണാം.

വഴിയിലെ ആദ്യ ഹോട്ട്സ്പോട്ടാണ് അതിരപ്പിള്ളി വെള്ളച്ചാട്ടം. സിനിമകളിലൂടെ ഇന്ത്യ മുഴുവന്‍ പ്രശസ്തമായ ഈ വെള്ളച്ചാട്ടത്തിന്‍റെ ശബ്ദം വളരെ ദൂരെനിന്നുതന്നെ കേള്‍ക്കാം. സംസ്ഥാനത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്. വഴിയരികിൽ യാത്രക്കാര്‍ക്ക് ചായ കുടിക്കാനായി ചെറിയ പെട്ടിക്കടകളും കാണാം. അതിരപ്പിള്ളിയില്‍നിന്നു തേക്കും പറങ്കിമാവും മുളങ്കൂട്ടങ്ങളും നിറഞ്ഞ കാട്ടുവഴിയിലൂടെയാണ് തുടര്‍ന്നുള്ള യാത്ര. വാല്‍പ്പാറ എത്തുന്നതിനു തൊട്ടു മുന്‍പേ ആണ് പുളിയിലപ്പാറ. അതുകഴിഞ്ഞ് പെരിങ്ങല്‍ക്കുത്ത് ഡാമും കാണാം. ജലസമൃദ്ധിയുള്ളതിനാല്‍ ഇടതൂര്‍ന്ന മരങ്ങളാണ് ഇവിടെ.

valparai-trip

വനങ്ങള്‍ പിന്നിട്ടു മുന്നോട്ടു നീങ്ങിയാല്‍ കാപ്പിയും തേയിലയും നിറഞ്ഞ തോട്ടങ്ങളാണ്. ടാറ്റയുടെതാണ്‌ ഈ തോട്ടങ്ങള്‍. ബ്രിട്ടിഷ് കാലത്ത് പണിക്കാര്‍ക്കായി നിർമിക്കപ്പെട്ട തട്ടിക്കൂട്ട് വീടുകളും ഇവിടെ കാണാം. തമിഴും മലയാളവും സംസാരിക്കുന്ന ആളുകBeണ് ഇവിടെയുള്ളത്.ഏഷ്യയിലെതന്നെ രണ്ടാമത്തെ ആഴമേറിയ ഡാമായ ഷോലയാര്‍ ഡാം ആണ് അടുത്ത കാഴ്ച. കുത്തനെ ഉയര്‍ന്നു നില്‍ക്കുന്ന മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും പശ്ചാത്തലത്തില്‍ ഈ ഡാമിന്‍റെ കാഴ്ച അതിമനോഹരമാണ്.

പിന്നെയും പോയാല്‍ വാല്‍പeറയായി. ടൂറിസ്റ്റുകള്‍ക്കായുള്ള ഹോട്ടലുകളും ലോഡ്ജുകളും ഒക്കെ ഇവിടെ നിറയെയുണ്ട്. ഇവിടെ ഇറങ്ങി ഭക്ഷണം കഴിച്ച് ഫ്രെഷായ ശേഷം യാത്ര തുടരാം.വാല്‍പ്പാറയില്‍നിന്നു പൊള്ളാച്ചിയിലേക്കുള്ള വഴി അല്‍പം കൂടി വിസ്താരമുള്ളതാണ്. ആളിയാര്‍ ഡാം, മങ്കി ഫാള്‍സ് തുടങ്ങിയവ കടന്നാണ് ഈ വഴിയിലൂടെയുള്ള യാത്ര. അല്‍പസമയം ചെലവഴിച്ചാല്‍ അധികെ ചെലവില്ലാതെ പോയി വരാവുന്ന മനോഹരമായ ഒരു യാത്രയായിരിക്കും ഇത്.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA