sections
MORE

ഇങ്ങനെ ഒരു ഭിന്നശേഷി സൗഹൃദ ബീച്ച് വേണ്ട; ഇങ്ങനെയല്ല ഞങ്ങൾക്ക് കടൽ കാണേണ്ടത്!

unni-max-travel
SHARE

ബീച്ച് എല്ലാ മനുഷ്യർക്കും എത്ര കണ്ടാലും മടുക്കാത്ത ഒരിടമാണ്. അലച്ചു വരുന്ന കടലും കാറ്റും അവിടുത്തെ ഓരോ മണൽത്തരിയുമെല്ലാം ഓരോരുത്തരുടെയും ആവേശവുമാണ്. സാധാരണക്കാർക്ക് എളുപ്പം സഞ്ചരിക്കാവുന്ന ബീച്ചുകളാണ് കേരളത്തിലുള്ളത്, എന്നാൽ ഞങ്ങളെപ്പോലെയുള്ള ഭിന്നശേഷിക്കാർക്കു സഞ്ചരിക്കാൻ പറ്റുന്ന ബീച്ചുകൾ എത്രയെണ്ണം കേരളത്തിലുണ്ട്? പൊതുവേ ടൂറിസ്റ്റ് സ്‌പോട്ടുകൾ ഒട്ടും വീൽചെയർ ആക്സിസിബിൾ ആയിരുന്നില്ല. എന്നാൽ പതിവുകൾ മാറി വരുന്നത് സന്തോഷകരമാണ്. ഒരുപാട് ഇടങ്ങളിൽ വീൽചെയറിനും സഞ്ചരിക്കാനുള്ള റാംപുകൾ കാണുന്നത് സന്തോഷമാണ്.

unni-max-travel2

കേരളത്തിലെ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദങ്ങളാക്കുന്നു എന്ന വാർത്ത ഏറെ ആഹ്ലാദത്തോടെയാണ് കേരളത്തിലെ വലിയൊരു വിഭാഗം ഏറ്റുവാങ്ങിയത്. അതിൽത്തന്നെ ഏറ്റവും പ്രാധാന്യമുള്ളതാണ് വിനോദസഞ്ചാര മേഖല. ഇതിന്റെ ഭാഗമായാണ് ആലപ്പുഴ ബീച്ചിൽ ഭിന്നശേഷിക്കാർക്കായി എന്ന പേരിൽ കഴിഞ്ഞ കൊല്ലം ഒരു റാംപ് ഒരുക്കിയത്. സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച് എന്ന അവകാശവാദവുമായി ആ റാംപ് ഉദ്ഘാടനം കഴിഞ്ഞിട്ട് കൊല്ലം ഒന്നു കഴിഞ്ഞു. പറഞ്ഞുകേട്ടത് ഭിന്നശേഷിക്കാർക്ക് കടൽ കാണാനുള്ള റാംപ്, വിശ്രമമുറി അങ്ങനെ കുറേ സൗകര്യങ്ങൾ ഏർപ്പെടുത്തും എന്നായിരുന്നു. അതിനായി അറുപതുലക്ഷം രൂപയും വകയിരുത്തിയിരുന്നു. അതിനുശേഷം പലരോടും സൗകര്യങ്ങൾ ആയോ എന്ന് അന്വേഷിച്ചപ്പോൾ, അതിനെക്കുറിച്ച് ഒന്നും അറിയില്ല എന്നായിരുന്നു കിട്ടിയ മറുപടി.

ഒരു വർഷത്തിനുശേഷമാണ് സ്ഥലത്തേക്ക് ഒന്നു പോകാനുള്ള സൗകര്യം ലഭിച്ചത്. ചെന്നു കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി! എന്തിനാണ് ഇങ്ങനെയൊരു റാംപ് അവിടെ ഉണ്ടാക്കി വച്ചിരിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ബീച്ച് റോഡിന്റെ സൈഡില്‍നിന്നു കയറുന്ന കാര്‍ പാർക്കിങ്ങിന്‍റെ മുന്നില്‍ താഴെയായി അല്പം സ്ഥലം സ്ഥലം ടൈൽ ഇട്ടു തിരിച്ചിരിക്കുന്നു. അവിടെനിന്നു താഴേക്ക്‌ ചരിച്ചു പണിതിരിക്കുന്ന ഒരു റാംപ്. കടലിലേക്ക് അവിടെനിന്ന് ഉദ്ദേശം പത്തിരുനൂറ്റമ്പതു മീറ്റർ ദൂരമുണ്ടാകും. ആ റാംപില്‍നിന്ന് നോക്കിയാല്‍ കാണുന്നത് അങ്ങുദൂരെ, ഒരു മണൽ കൂനയും അതിനു മുകളിൽ കടൽ കാണാൻ നിൽക്കുന്ന ജനങ്ങളെയും മാത്രമാണ്. തൊട്ടു മുകളില്‍, കാർ പാർക്കിങ്ങിൽ ഇരുന്നാൽ ഇതിലും നന്നായി കടലിന്റെ വിദൂരദൃശ്യം കാണാം, വണ്ടിയില്‍നിന്ന് ഇറങ്ങാതെ തന്നെ!

unni-max-travel1

കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്ന, സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെ ‘ബാരിയർ ഫ്രീ’ എന്ന പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് ആലപ്പുഴ ബീച്ചിനു പുറമേ മാരാരിക്കുളം ബീച്ചിലും വിജയ് പാർക്ക്, തോട്ടപ്പള്ളി ബീച്ച് എന്നിവിടങ്ങളിലും ഡിടിപിസി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. എന്നാൽ പ്രധാന കേന്ദ്രമായ ആലപ്പുഴ ബീച്ചിലെ  സ്ഥിതി ഇതാണെങ്കിൽ ബാക്കിയുള്ള സ്ഥലങ്ങളിലെ സ്ഥിതി എന്താവും എന്ന് നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ? 60 ലക്ഷം രൂപയാണ് ഇതിനായി സർക്കാർ അനുവദിച്ചത്. ഈ തുകയുപയോഗിച്ച് കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കായി വീൽചെയറുകൾ, കൈവരിയുള്ള വീൽചെയർ റാംപുകൾ, ഭിന്നശേഷി സൗഹ‌ൃദ ടോയ‌്‌ലറ്റ‌്, വീൽചെയർ, വാക്കിങ‌് സ‌്റ്റിക്ക‌്, ഫോൾഡിങ‌് വാക്കർ, ക്രച്ചസുകൾ, ബ്രെയിൽ ലിപിയിലുള്ള ബ്രോഷർ, ബ്രെയിൻ ലിപിയിലുള്ള ദിശാ സൂചകങ്ങൾ, ശ്രവണ വഴികാട്ടി, ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബഗി, സ‌്ട്രെച്ചർ, തുടങ്ങിയ സൗകര്യങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഈ പറഞ്ഞ യാതൊരു സൗകര്യങ്ങളും നാളിതുവരെയായി വന്നിട്ടില്ല. പ്രധാന കേന്ദ്രമായ ആലപ്പുഴ ബീച്ചിലെ സ്ഥിതി ഇതാണെങ്കിൽ ബാക്കിയുള്ള സ്ഥലങ്ങളിലെ സ്ഥിതി എന്താവുമെന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ?

ഇതിനെ സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി സൗഹൃദ ബീച്ച് എന്ന് വിളിക്കുന്നതിൽ എന്തു യുക്തിയാണുള്ളത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. വടക്ക് മുഴപ്പിലങ്ങാട്, കാപ്പാട്, കോഴിക്കോട്, പെരിയമ്പലം, ചെറായി മുതൽ തെക്കേയറ്റം ശംഖുമുഖവും കോവളവും വരെയുള്ള കേരളത്തിലെ എത്രയോ ബീച്ചുകളിൽ ഇതിലും വളരെ അടുത്തിരുന്നു കടലിനെയും തിരമാലകളെയും സുഖമായി കാണാം. കൂട്ടിലടച്ചപോലെ പോയി ഇരിക്കുന്ന ഈ റാംപിനേക്കാൾ എത്രയോ വിശാലമായ ഏരിയയിൽ വീൽച്ചെയറിൽ സ്വതന്ത്രമായി നടക്കാം. ബീച്ചിലെ മണലിലൂടെ പോകുന്ന വീല്‍ചെയറുകളും തിരമാലകൾക്കിടയിലൂടെ കടലിലേക്കിറങ്ങുന്ന റാംപുമൊക്കെയുള്ള, അവിടെയിരുന്നു കുളിക്കാന്‍ വരെ സാധിക്കുന്ന മികച്ച സൗകര്യങ്ങളുള്ള ബീച്ചുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നുണ്ട്. ഇതൊന്നുമില്ലെങ്കിലും, കടലും തിരമാലയും കാണാന്‍ പോലും ആകാത്ത പാകത്തില്‍ ഒരു റാംപ് ഉണ്ടാക്കി വച്ചിട്ട് അതിനെ ഭിന്നശേഷി സൗഹൃദ ബീച്ച് എന്ന് വിളിക്കുന്നത് ഭിന്നശേഷിക്കാരെ അപമാനിക്കുന്നതിനു തുല്യമാണ് എന്ന് പറയാതെ വയ്യ. കാരണം, ഭിന്നശേഷിക്കാർക്കുള്ള സൗകര്യമെന്നു പറഞ്ഞാൽ കേവലം വീൽചെയർ പോകുന്ന റാംപ് എന്നുമാത്രമല്ലല്ലോ? കാഴ്ച- കേൾവി പരിമിതികൾ തുടങ്ങി 2016 ലെ ഭിന്നശേഷി അവകാശ നിയമപ്രകാരമുള്ള 21 തരം ഭിന്നശേഷികളിൽപ്പെടുന്ന ഏതൊരു വ്യക്തിക്കും പരമാവധി ആരെയും ആശ്രയിക്കാതെ കാര്യങ്ങൾ ചെയ്യുക എന്നതായിരിക്കണം അടിസ്ഥാന ലക്‌ഷ്യം. ഇതിനായി വേണ്ട ഏറ്റവും അടിസ്ഥാനപരമായ റിസപ്ഷൻ ഏരിയയിലെ സൂചിക, പാർക്കിങ്, മാർഗ്ഗരേഖകൾ, സൈൻ ബോർഡുകൾ, ഇരിപ്പിടങ്ങൾ ഒന്നും ഇതുവരെയായിട്ടില്ല. കാഴ്ച പരിമിതികൾ ഉള്ളവർക്ക് സഞ്ചരിക്കാനുള്ള ടൈലുകൾ പാകിയിരിക്കുന്നത്, ഏറ്റവും താഴെ മാത്രം, അതായത് അവിടെ വരെ അവർ എങ്ങനെയെങ്കിലുമൊക്കെ എത്തണം! 

unni-max-travel3

ഭിന്നശേഷിക്കാരെ മുന്നിൽക്കണ്ട്, അവരുടെ ആവശ്യത്തിനനുസരിച്ച് ഉണ്ടാക്കാത്ത പ്ലാനാണ് ഈ റാംപിന്റെ ഏറ്റവും വലിയ പോരായ്മ. ഇരുമ്പുപാലത്തിലേക്കുള്ള വഴിയിലോ മറ്റോ കടലിനോടു കുറേക്കൂടെ അടുത്ത് ചെയ്യാമായിരുന്ന സൗകര്യങ്ങൾ ആരുടെയോ ഒക്കെ ആവേശത്തിൽ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെ ആയിപ്പോയി ഇവിടത്തെ ഈ റാംപ്.

ഭിന്നശേഷി അവകാശനിയമം-2016 നിഷ്കർഷിക്കുന്നത് എല്ലാ പൊതു ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നാണ്. പൊതുജനത്തിന്റെ ലിസ്റ്റിൽനിന്നു ഭിന്നശേഷിക്കാരെ ഒഴിവാക്കി നിർത്താതെ അവർക്കും ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്ത് അവരുടെ സാമൂഹിക പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യമായിരിക്കണം പ്രധാനം. ഇപ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്ക് ഒരു റാംപ് എന്നത് ഭിന്നശേഷിക്കാരുടെ ഏറെക്കാലമായുള്ള ആവശ്യവും സ്വപ്നവുമായിരുന്നു, അവിടെ ഇപ്പോൾ റാംപിന്റെ പണി തുടങ്ങി എന്ന വാർത്ത ഏറെ ആഹ്ലാദത്തോടെയാണ് കേൾക്കുന്നത്. ഇതുപോലെ എല്ലാ ഇടങ്ങളിലും റാംപുകൾ വരണം എന്നാൽ അതൊക്കെ വെറും പ്രഹസനമാവാതെ ഭിന്നശേഷിക്കാർക്ക് ഏറ്റവും സൗകര്യപ്രദവും പ്രയോജനകരവും ആയ രീതിയിൽ ആവണം, എന്നാൽ മാത്രമേ അവരോടും മുടക്കുന്ന പണത്തിനോടും നീതി പുലർത്താനാവൂ. പിന്നെ, കാഴ്‌ചകൾ മറ്റേതു സാധാരണക്കാരെയും പോലെ ഞങ്ങൾക്കും അവകാശപ്പെട്ടതാണല്ലോ. കടലും കായലും കാടുമൊക്കെ ഞങ്ങൾക്കും കാണാനുള്ളതാണ്. അതിനു വേണ്ടി കുന്നിടിക്കുകയോ കാട് നശിപ്പിക്കുകയോ ഒന്നും വേണമെന്നില്ല, ഓരോന്നിനുമുള്ള പരിധികളിൽ ചെന്ന് കാഴ്ചകളാസ്വദിക്കാൻ ഞങ്ങൾക്ക് നന്നായി അറിയാം.

ലോകത്തെ പല കടൽക്കാഴ്ചകളും അവിടെയിറങ്ങി ആസ്വദിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ, ഇവിടെ ആദ്യം ഭിന്നശേഷി സൗഹൃദമാക്കിയ ഡെസ്റ്റിനേഷൻ എന്ന അവകാശവാദവുമായി ആലപ്പുഴ വന്നതുകൊണ്ട് പറഞ്ഞതാണ്. ഈ റാംപ് ഞങ്ങൾക്ക് പ്രയോജനമില്ല. ഇങ്ങനെയല്ല ഞങ്ങൾക്ക് കടൽ കാണേണ്ടത്. 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA