ADVERTISEMENT

അടിമാലി– മൂന്നാർ റൂട്ടിൽ യാത്ര ചെയ്യുമ്പോൾ കല്ലാർ വട്ടിയാർ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം നുകരാതെ ആർക്കും യാത്ര തുടരാനാകില്ല. ലക്ഷ്മിമലയുടെ ചെരിവിലൂടെ ഒഴുകി എത്തി ദേശീയപാത മുറിച്ച് കടന്ന് പതഞ്ഞൊഴുകുന്ന കല്ലാർ പുഴയുടെ ചിത്രം എടുക്കാത്ത സഞ്ചാരികളും അപൂർവമായിരിക്കും. ദേശീയപാതയിലെ പാലത്തിൽനിന്നു നോക്കുമ്പോൾ അങ്ങു ദൂരെ മലമുകളിൽ ഒരു പാൽക്കുടം മറിഞ്ഞ് ചിന്നിച്ചിതറി ഒഴുകുന്നതുപോലെ പലവഴികളിലൂടെ താഴോട്ട് ഒഴുകുന്ന ജലപ്രവാഹങ്ങൾ ഒരുമിച്ചു ചേർന്ന് നമ്മുടെ അടുത്തേക്ക് ഒഴുകി എത്തുന്നതു തന്നെ സുഖകരമായൊരു കാഴ്ചയാണ്. 

munnar-trip4


കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തിൽ മറ്റേത് സ്ഥലത്തെക്കാളും പ്രശസ്തമായ മൂന്നാറിൽ അധികം വെളിപ്പെടാതെ കിടക്കുന്ന ഒരു പ്രദേശമാണ് കല്ലാർ–വട്ടിയാർ പരിസരങ്ങൾ. തേയിലത്തോട്ടങ്ങളുടെ പച്ചപ്പിൽനിന്നു വേറിട്ട്, തനതു പ്രകൃതിദൃശ്യങ്ങളാണ് ഇവിടെ കണ്ണിനു വിരുന്നേകുന്നത്. പ്രകൃതിയുടെ മാതൃഭാവം ചുരത്തുന്ന തെളിനീരുറവകൾ കല്ലാർ പുഴയായി ഒഴുകുന്നതു മാത്രമല്ല; കരടിപ്പാറയും കോട്ടപ്പാറയും എട്ടേക്കറും പെട്ടിമുടിയും പുഴയുടെ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന ആടയാഭരണങ്ങൾപോലെ അതിനോട് ചേർന്ന് ഒതുങ്ങി നിൽക്കുന്നു. 


എത്ര കൊടിയ വേനലിലും കല്ലാർ പുഴ ശാലീനസുന്ദരിയായി ഒഴുകും, അതു പഴമക്കാരും പുതു തലമുറയും ഒരുപോലെ സാക്ഷ്യം പറയുന്നു. മഴക്കാലത്ത് അവളുടെ പ്രകൃതം മാറും. മുകളിൽനിന്ന് രൗദ്രഭാവത്തിൽ ആർത്തലച്ച് പാഞ്ഞടുക്കും, ഇരുണ്ട ചുവന്ന നിറത്തിൽ ഭയാനകമായ ശക്തിയോടെ ഇരമ്പിയാർക്കുന്ന വെള്ളച്ചാട്ടമാകും, എന്നിട്ട് തീരാത്ത കോപത്താലെന്നപോലെ എന്തിനെയും ഒഴുക്കിക്കൊണ്ടുപോകുന്ന ശക്തിയിൽ പാലത്തിനടിയിലൂടെ കുതിച്ചു പായും. മൂന്നാറിന്റെ മൺസൂൺ കാഴ്ചപോലെ തന്നെ വേറിട്ടൊരു ദൃശ്യമാണ് മഴക്കാലത്തെ കല്ലാർ വെള്ളച്ചാട്ടവും. 

കുട്ടിക്കൂട്ടത്തിന്റെ തകർപ്പ്

വെള്ളച്ചാട്ടത്തിനു താഴെ പുഴ ഒഴുകുന്നത് കാട്ടിലൂടെയാണ്. ഇതുവഴി ഇറങ്ങുമ്പോൾ അവധി ദിവസമാണെങ്കിൽ കുട്ടികൾ കളിച്ച് തിമിർക്കുന്നത് കാണാം. നാട്ടുകാരായ കുട്ടികൾക്ക് നദിയും പരിസരങ്ങളും ഒരു തീം പാർക്ക് പോലെയാണ്. സാഹസികതയും വിനോദവും കുട്ടിക്കൂട്ടങ്ങളുടെ കുസൃതികൾക്കുള്ള അവസരങ്ങളും എല്ലാം ഒരുമിക്കുന്ന ഒരു സ്വാഭാവിക പാർക്ക്. 

munnar-trip3

കുറേ കുട്ടികൾ പാറയിലും വെള്ളത്തിലും  ഓടി നടന്നു കളിക്കുന്നു. കുറച്ചു കുട്ടികൾ മാറി ഇരുന്ന് ചൂണ്ട ഇടുന്നുണ്ട്. കുയിൽ എന്ന ഇനം ആറ്റുമത്സ്യമാണത്രേ ഇവിടെ സാധാരണയായി കിട്ടുന്നത്. സാഹസപ്രിയരായ ചിലർക്ക് മരങ്ങളിൽനിന്നും വലിയ പാറക്കൂട്ടങ്ങളിൽനിന്നും തൂങ്ങി കിടക്കുന്ന വള്ളികളിൽ പിടിച്ച് ആടുന്നതിലാണ് താൽപര്യം. മൊബൈൽഫോണിന്റെയും ടെലിവിഷന്റെയും സ്വാധീനം വർധിച്ചിട്ടും ഇവിടെത്തുന്ന കുട്ടികളുടെ എണ്ണം കുറയുന്നില്ല. അവധി ദിനങ്ങളിൽ രാവിലെ തുടങ്ങുന്ന  തകർപ്പ് പകലന്തിയോളം നീളും. 

munnar-trip1



പുഴയോട് ചേർന്ന് ഒന്നിനു മുകളിൽ ഒന്നായി അടുക്കിവച്ചിരിക്കുന്ന പാറക്കൂട്ടങ്ങളുടെ ഒരു വലിയ പ്രദേശം കാണാം, മുനിയറ എന്നു നാട്ടുകാർ ഇതിനെ വിളിക്കുന്നു. മറയൂരിലെ മുനിയറയുമായി ഇതിനു സാദൃശ്യമൊന്നുമില്ല. തട്ടുതട്ടായി അടുക്കിവച്ചിരിക്കുന്ന പാറകളെ മൂടി ഒരുതരം ചേല മരത്തിന്റെ വള്ളികൾ തൂങ്ങി കിടക്കുന്നു.  കല്ലാർ–വട്ടിയാർ പ്രദേശങ്ങളിലെ കാടിന്റെ ഒരു വലിയ പ്രത്യേകത ഇവിടത്തെ ഉയരംകൂടിയ മരങ്ങളാണ്. പേരറിയാത്തവയും കണ്ടാൽ മുൻപ് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്നു സംശയം ജനിപ്പിക്കുകയും ചെയ്യുന്ന ഒട്ടേറെ പക്ഷികളുടെ താവളംകൂടിയാണ് ഈ പ്രദേശം. മലയണ്ണാൻ, ഉടുമ്പ്, കൂരമാൻ തുടങ്ങിയവരിൽ ചിലരും ഇടയ്ക്കൊക്കെ മുന്നിൽ വന്നുപെടും. 

ഏലത്തിന്റെ നാട്

സ്വാതന്ത്ര്യാനന്തരം ഏല കൃഷിക്കായി കുടിയേറിയവരും അവർക്കു പിന്നാലെ ഏലത്തോട്ടങ്ങളിലെ പണിക്കാരായി വന്നവരും ഇവരുടെ പിൻതലമുറക്കാരുമാണ് കല്ലാർ–വട്ടിയാർ ഭാഗത്തെ നിവാസികൾ. ഇന്ന് ഈ ഭാഗം വലിയൊരു ജനവാസ കേന്ദ്രമാണ്. ഏലകൃഷിയുടെ പ്രതാപകാലത്ത് പ്രധാനപ്പെട്ടൊരു ഏലം മാർക്കറ്റായിരുന്നു ഇവിടം.  ഇടയ്ക്ക് ഏല കൃഷി നഷ്ടത്തിലായപ്പോൾ  കുരുമുളക്, കാപ്പി, ജാതി എന്നിവയൊക്കെ ആളുകൾ പരീക്ഷിച്ചു തുടങ്ങി. ചെറുതും വലുതുമായി ഒട്ടേറെ ഏലത്തോട്ടങ്ങൾ ഇന്നും ഇവിടെയുണ്ട്, പണിക്കാർ അധികവും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണെങ്കിലും. 

munnar-trip2

ഹൈറേഞ്ചിലെ ഏറ്റവും നല്ല കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലവും കല്ലാർ തന്നെ. സമുദ്രനിരപ്പിൽനിന്ന് മൂവായിരം അടി ഉയരമുള്ള ഇവിടെ ഡിസംബർ–ജനുവരി മാസങ്ങളിൽ മൂന്നാറിലെ മരം കോച്ചുന്ന തണുപ്പ് അനുഭവപ്പെടുന്നില്ല. ഏപ്രിൽ–മേയ് പകലുകളിൽ വെള്ളച്ചാട്ടത്തിന്റെ ഭാഗത്തുനിന്നെത്തുന്ന കാറ്റ് ഇവിടത്തെ അന്തരീക്ഷത്തിനു കുളിർമ പകരുന്നു.  മൂന്നാറിലേക്കുള്ള യാത്രയിലെ ഒരു വഴിയോരക്കാഴ്ച എന്നതിലപ്പുറത്തേക്ക് വളരുകയാണ് കല്ലാറും പരിസരങ്ങളും. സഞ്ചാരികൾക്കായി ചെറുതും വലുതുമായ താമസസൗകര്യങ്ങൾ ഇപ്പോൾ ഇവിടെയുണ്ട്. മൂന്നാറിന്റെ പ്രധാന ആകർഷണങ്ങളിലേക്ക് എളുപ്പം ചെല്ലാവുന്നതും എന്നാൽ വിനോദസഞ്ചാര കേന്ദ്രത്തിന്റെ തിരക്കും ബഹളവും അനുഭവപ്പെടാത്തതുമായ കല്ലാർ താമസത്തിനായി തിരഞ്ഞെടുക്കുന്നവർ വർധിച്ചു വരുന്നുണ്ടത്രേ. 


ഇടുക്കി കാണാൻ കരടിപ്പാറ

മൂന്നാറിലേക്കുള്ള ദേശീയപാത അതിന്റെ ലക്ഷ്യത്തിലെത്തുന്നതിന് 10 കിലോ മീറ്റർ പുറകിലാണ് കരടിപ്പാറയുടെ സ്ഥാനം. സമീപപ്രദേശങ്ങളെക്കാളൊക്കെ ഉയരം കൂടിയ കരടിപ്പാറ മുകളിൽനിന്നുള്ള ദൂരക്കാഴ്ചകൾക്കു പേരുകേട്ടതാണ്. നല്ല തെളിഞ്ഞ അന്തരീക്ഷമുള്ള ദിവസം ഇടുക്കി അണക്കെട്ട് ഉൾപ്പടെ ജില്ലയുടെ ഒരു പ്രധാന ഭാഗം ഇവിടെനിന്നാൽ കാണാം. പലനിറത്തിൽ പൂത്തുനിൽക്കുന്ന മരത്തലപ്പുകൾ നിറഞ്ഞ താഴ്‌വരയുടെ ദൃശ്യവും കരടിപ്പാറയിൽനിന്നുള്ള കാഴ്ചകളെ അവിസ്മരണീയമാക്കുന്നു. 

കരടിപ്പാറയുടെ മുകളിൽ ചുമ്മാ കയറിയിട്ട് പോകാമെന്നു കരുതി ഇറങ്ങിയാൽ തെറ്റിപ്പോയി. പറഞ്ഞറിയിക്കാനാകാത്ത അനുഭൂതികളും ദൃശ്യങ്ങളും പകർന്നു നൽകി നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിക്കാൻ സമർത്ഥനാണ് കരടിപ്പാറ. അതിന്റെ ഉച്ചിയിൽ എത്തുമ്പോൾ എത്തുമ്പോൾ കട്ടിമഞ്ഞ് നമ്മെ തഴുകിതലോടി കടന്നുപോകും. ചിലപ്പോഴൊക്കെ ഒട്ടും മയമില്ലാത്ത കാറ്റ് നമ്മെ പിടിച്ച് ഉലയ്ക്കും. മറ്റു ചിലപ്പോൾ വെളുത്ത മേഘശകലങ്ങൾ ഒഴുകി നടക്കുന്ന നീലാകാശത്തിനു താഴെ കടലുപോലെ മഞ്ഞ് പരക്കുന്നതു കാണാം. ആരെയും വിസ്മയിപ്പിക്കുംവിധം ഭാവം പകരുന്ന പ്രകൃതിയുടെ സൗന്ദര്യം നുകരണമെങ്കിൽ കരടിപ്പാറ വ്യൂപോയന്റിൽ ഉദയമോ അസ്തമയമോ കണ്ടാൽമതി. മൂന്നാറിലെ മറ്റേതൊരു സ്ഥലത്തുനിന്നും കാണാനാകുന്നതിൽനിന്നു വ്യത്യസ്തമാണ് ഇവിടത്തെ ഉദയാസ്തമയങ്ങൾ. 


കൂമ്പൻപാറ മുടിയും ലക്ഷ്മി മലയും

അടിമാലി–മൂന്നാർ പാത കടന്നുപോകുന്നത് പുൽമേടുകളാൽ മൂടിക്കിടക്കുന്ന കൂമ്പൻപാറ മുടിയുടെ  താഴ്‌വരയിലൂടെയാണ്. അടിമാലി ടൗണിൽനിന്നു മൂന്നാർ റൂട്ടിൽ കുറച്ചു ചെന്നാൽ എവിടെ നിന്നു നോക്കിയാലും കൂമ്പൻപാറ മുടി കാണാം. ദേശീയപാതയിൽതന്നെ കൂമ്പൻപാറ എന്ന സ്ഥലമുണ്ട്. അതിനു മറുവശത്ത് എട്ടേക്കർ. അതുകൊണ്ട് മലയുടെ ഏറ്റവും മുകൾഭാഗം എട്ടേക്കർ കൂമ്പൻപാറ മുടി എന്നും അറിയപ്പെടുന്നുണ്ട്. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com