കായൽകാറ്റേറ്റുറങ്ങാം: വരൂ വൈക്കത്തേക്ക്...

vaikom-trip1
SHARE

മൂന്നുജില്ലകളുടെയും  അയൽപക്കത്തെ കുട്ടി എന്ന തോന്നലാണ് എല്ലാവർക്കും വൈക്കത്തെ പറ്റി. അടുത്തറിയുമ്പോൾ വൈക്കത്തെ നാം നമ്മുടെ യാത്രാവീട്ടിലേക്കു കൂട്ടിക്കൊണ്ടുവരും. കോട്ടയം ജില്ലയിലാണെങ്കിലും ഇങ്ങുദൂരെ  എറണാകുളത്തിന്റെഅയൽപക്കം. ഒരു കായൽപ്പാടപ്പുറം ആലപ്പുഴയിലെ  ചേർത്തല.   സ്വാതന്ത്ര്യസമരത്തിലും മറ്റു സമരമാർഗങ്ങളിലും ഇന്ത്യക്കാകെ മാതൃകയായിരുന്ന ഒരു കുഞ്ഞുപട്ടണം മാത്രമല്ല വൈക്കം. മറിച്ച് അതിസുന്ദരമായ സാഹായ്നക്കാഴ്ചകളൊരുക്കി തരുന്ന ടൂറിസ്റ്റ് സ്പോട്ട് കൂടിയാണ്. ചരിത്രവും പ്രകൃതിസൗന്ദര്യവുംഇടകലരുന്ന ‘അഴിമുഖ’മാണു വൈക്കം എന്നു പറയാം.  വൈക്കം കായലോളം തള്ളുന്നതു കാണാൻ ഒരു ചെറുയാത്ര. 

vaikom-trip3

കോട്ടയത്തുനിന്നും കൊച്ചിയിൽനിന്നും ആലപ്പുഴയിൽനിന്നും വൈക്കത്തേക്കുള്ള വഴികൾ പോലും മനോഹരമാണ്. കോട്ടയത്തുനിന്നു വരുമ്പോൾ കുമരകത്തിന്റെ കായൽക്കാഴ്ചകളും ആലപ്പുഴയിൽനിന്നുള്ളവർക്ക്  തണ്ണീർമുക്കം ബണ്ടിന്റെവിശാലതയും ആസ്വദിച്ചുപോരാം. മുറിഞ്ഞപുഴയുടെ തെളിമയാണു കൊച്ചിയിൽനിന്നു വൈക്കത്തേക്കു വരുന്നവരെ ആനന്ദിപ്പിക്കുക. 

vaikom-trip4

വൈക്കം മഹാദേവക്ഷേത്രത്തിനു ചുറ്റുമാണ് ഈ കൊച്ചുപട്ടണം. ഒരിക്കൽ ഈ ക്ഷേത്രമതിൽക്കെട്ടുകൾക്കടുത്തുള്ള വഴികളിലൂടെ ‘അവർണർക്കു’ നടക്കാനുള്ള സ്വാതന്ത്യം ഇല്ലായിരുന്നു. ഇതിനെതിരെ ഐതിഹാസികമായ അഹിംസാസമരങ്ങൾനടന്നത് ലോകചരിത്രത്തിന്റെ ഭാഗമാണ്. ഇപ്പോഴും പട്ടണത്തിന്റെ ഹൃദയം ഈ ക്ഷേത്രം തന്നെയെങ്കിലും  സഞ്ചാരികൾ വൈക്കം ക്ഷേത്രം കാണുന്നതിനു മുൻപ് എത്തേണ്ടത് ഇണ്ടംതുരുത്തി മനയിലാണ്. സത്യാഗ്രഹത്തിനെതിരായി നിലപാടെടുത്തിരുന്ന ആ മന ഇപ്പോൾ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസ് ആണ്. എറണാകുളത്തുനിന്നു വൈക്കത്തേക്ക് എത്തുന്ന റൗണ്ട് എബൗട്ടിനു മുൻപ് ഇടതുവശത്ത് ഒരു ഇടവഴിയിലൂടെ ഉള്ളിലോട്ട് കയറണം ഇണ്ടംതുരുത്തി മനയിലെത്താൻ. 

vaikom-trip

       

 മഹാത്മാഗാന്ധി പലതവണ കേരളത്തിലെത്തിയപ്പോഴും വൈക്കം സന്ദർശനകേന്ദ്രങ്ങളിലൊന്നായിരുന്നു. വൈക്കം സത്യാഗ്രഹത്തിന് മാർഗനിർദേശമേകാനാണ് ഗാന്ധിജി ഈ കായലോരകേന്ദ്രത്തിലെത്തിയിരുന്നത്. ഇനി മഹാദേവക്ഷേത്രത്തിന്റെ മതിൽകെട്ടുകൾ. ഇതിലൂടെ മെല്ല വണ്ടിയോടിച്ച് അപ്പുറം ചെന്നാൽ വൈക്കം പട്ടണം. തെന്നിന്ത്യയിലെ ആദ്യകാല ടൗൺഷിപ്പുകളിലൊന്നാണ് വൈക്കം. കായലിലേക്കുള്ള വഴിയിൽ വൈക്കം ബീച്ച് എന്നു കാണാം. ഞെട്ടരുത്. അതു കടൽക്കരയല്ല. കായലോരമാണ്. ഈ കായൽക്കരയിൽ വെറുതെയിരിക്കണം. വേമ്പനാട്ടുകായലിന്റെ ഓളപ്പരപ്പിൽ ജങ്കാറുകളും ബോട്ടുകളും തകൃതിയായി യാത്രികരെ എത്തിക്കുന്നതു കാണാം. അങ്ങുദൂരെയൊരു ചന്ദ്രക്കലപോലെ കായലിൽ ബോട്ടുകൾ. ചുവന്നുതുടുക്കുന്ന ൈവക്കത്തിന് ഭംഗിയേറെയാണ്. ഒരു ജലച്ഛായാചിത്രം പോലെയുണ്ട് വൈക്കത്തെ സന്ധ്യ. നടപ്പാതയിലൂടെ അലസമായി നടക്കാം. അല്ലെങ്കിൽ ചാരുബഞ്ചിൽ കടല കൊറിച്ചിരിക്കാം. 

vaikom-trip2

കായലിനോടു മുഖം തിരിഞ്ഞിരിക്കുന്ന റൂമുകളിൽ യുവാക്കൾക്കു ചേക്കാറാൻ കെടിഡിസി അവസരം ഒരുക്കുന്നുണ്ട്. സർക്കാർ ഗസ്റ്റ് ഹൗസിലും താമസിക്കാം. കായൽക്കാറ്റേറ്റുറങ്ങാം. മഹാദേവ വൈക്കത്തഷ്ടമി പ്രസിദ്ധമാണല്ലോ. വൈക്കത്തഷ്ടമി നാളിൽ വഞ്ചിക്കാരിയെ കണ്ടതു നാട്ടിലാകെ പാട്ടായ കാര്യമാണ്.  വൃശ്ചികമാസത്തിൽ പന്ത്രണ്ടു ദിവസം നീണ്ടുനിൽക്കുന്ന  ഉൽസവമാണിത്. വൈക്കം ക്ഷേത്രം നൂറ്റിയെട്ടു ശിവാലയങ്ങളിൽ ഒന്നാണ്.  നവംബർ– ഡിസംബർ മാസങ്ങളിൽ അരങ്ങേറുന്ന ഈ ഉത്സവത്തിനു വൈക്കത്തെത്താം

Vaikom-lake-beach

ക്ഷേത്രത്തിനു പുറത്തെ നടവഴികൾ പറയുന്നതു മാത്രമല്ല കഥകൾ. നൂറ്റാണ്ടു പഴക്കമുള്ള ഒരു കിണർ പട്ടണത്തിലുണ്ട്. മണിക്കിണർ. സത്യാഗഹികൾക്കു കുടിനീർ നൽകിയിരുന്ന ആ കിണർ ഇപ്പോൾ സംരക്ഷിതസ്മാരകമാണ്. രാത്രി വെറുതേഒന്നു നടക്കാനിറങ്ങിയാൽ കഥകൾ വേറെയും കേൾക്കാം. ദിവാന് കായലിൽനിന്ന് നേരെ ക്ഷേത്രത്തിലെത്താൻ നിർമിച്ചിരുന്ന കനാൽ പോലെ, സഞ്ചാരസ്വാതന്ത്ര്യത്തിനുള്ള അതിർത്തിയായിരുന്ന കലുങ്കുകൾ വരെയുള്ളവയുടെ കഥകൾ. 

       

kottayam-vaikom-temple

വൈക്കത്തുനിന്നു ബോട്ടുമാർഗം സഞ്ചരിക്കുന്നതും ആനന്ദകരമാണ്. ചെലവു കുറഞ്ഞ് കായൽയാത്ര ആസ്വദിക്കണമെങ്കിൽ ഈ യാത്രാബോട്ടുകളിലേറിപ്പോകാം. തിരികെ ഇതേ ബോട്ടുകളിൽ വൈക്കത്തു വന്നിറങ്ങാം. ഗാന്ധിജി വന്നിറങ്ങിയബോട്ടുജെട്ടിയിലേക്ക്.   

വൈക്കത്തുനിന്ന് 20 കിലോമീറ്റർ സഞ്ചരിച്ചാൽ കുമരകത്തെത്താം. അന്നുരാത്രി വൈക്കത്തോ കുമരകത്തോ തങ്ങിയശേഷം രാവിലെ 7.30 ന് വൈക്കം–എറണാകുളം വേഗ ബോട്ടിലേറി തിരികെപോരാം. 

എറണാകുളം– വൈക്കം 35 കിലോമീറ്റർ 

വൈക്കം– കുമരകം 20 കിലോമീറ്റർ 

വൈക്കം– ചേർത്തല 23 കിലോമീറ്റർ 

ഗസ്റ്റ്ഹൗസിലെ താമസത്തിനെപ്പറ്റി  കൂടുതൽ അറിയാൻ വിളിക്കാം– 9747683237 

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA