പഴംപൊരിയും ബീഫും തമ്മിലുള്ള പ്രണയം: കഥ തുടങ്ങിയത് ഇവിടെ

sree-muruga-caffee-eatouts
SHARE

പഴംപൊരിയും ബീഫും കിടുക്കന്‍ കോമ്പിനേഷൻ എന്നാണ് രുചിയറിഞ്ഞവർ പറയുന്നത്. കുരുമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചുചേർത്ത് പാകമായ ബീഫിൽ മുക്കി ചൂടുപഴംപൊരി കഴിക്കണം പറയുമ്പോൾ തന്നെ നാവിൽ കപ്പലോടും. മധുരവും എരിവും ചൂടും തമ്മിലുള്ള ആ സുന്ദരമായ കൂട്ടുകെട്ടുണ്ടല്ലോ?‌ അടിപൊളിയാണ്. ആർക്കും പിരിക്കാൻ പറ്റാത്ത പ്രണയകഥയാണ് പഴംപൊരിക്കും ബീഫിനും.

പഴംപൊരിയും ബീഫും കേരളത്തിലങ്ങോളമിങ്ങോളം പലയിടത്തും കിട്ടും. എന്നാൽ വ്യത്യസ്ത രുചിയിൽ പൊതിഞ്ഞ പഴംപൊരി–ബീഫ് പ്രണയജോടികളെ തേടിപോകണമെങ്കിൽ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മിനി ബൈപ്പാസിലെ  ശ്രീമുരുക കഫേയിൽ എത്തണം. ബീഫിനൊപ്പം മൊരിഞ്ഞ പഴംപൊരി ഈ കിടു കോമ്പിനേഷന്‍ ശ്രീമുരുകയിലെ സൂപ്പർഹിറ്റ് ജോഡിയായതു 2006 മുതലാണ്. അതിനും ഏറെ മുൻപ്, ഏകദേശം 74 വർഷത്തിലധികം  ചരിത്രമുണ്ട് ഈ ചെറുചായക്കടയ്ക്ക്. എല്ലാം ചെറുകടികളും ഇവിടെ ലഭ്യമെങ്കിലും വളരെ വ്യത്യസ്തമായ രണ്ടു വിഭവങ്ങളെ കൂട്ടിച്ചേർത്ത് രുചിയുടെ പുതിയൊരു തലം സൃഷ്ടിക്കപ്പെട്ടപ്പോഴാണ് ശ്രീമുരുക കഫേ ഭക്ഷണ പ്രിയരുടെ പ്രധാന താവളമായത്.  

ഉടമയായ സത്യന്റെ അച്ഛനും അദ്ദേഹത്തിന്റെ സഹോദരന്മാരും ചേര്‍ന്നാണ് ശ്രീമുരുക കഫേയ്ക്ക് തുടക്കമിട്ടത്. രുചിയറിഞ്ഞ ഭക്ഷണപ്രേമികൾ തന്നെയാണ് ഇൗ കഫേ ഹിറ്റാക്കിയതെന്നു സോഷ്യൽ മീഡിയയിലൂടെ മനസ്സിലാക്കാം. വർഷങ്ങൾ ഇത്രയും ആയിട്ടും അതേ ഗുണത്തിനും രുചിക്കും യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കു ശേഷം കടയിൽ ആളൊഴിഞ്ഞ നേരമില്ല എന്ന അവസ്ഥയാണ്. ശ്രീമുരുക കഫേ കേരളത്തിലെ ടേസ്റ്റി സ്പോട്ടായത് ചുരുങ്ങിയ നാളുകൾ കൊണ്ടാണ്‌. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി കുട്ടനാട്ടിൽ നിന്നുമെത്തുമെന്നതിനെ അന്വർത്ഥമാക്കി, ആ രുചി തേടി നിരവധി ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവര്‍ ശ്രീമുരുകയിലെത്താറുണ്ട്. വില തുച്ഛം... ഗുണം മെച്ചം... രുചി കേമം എന്നതു തന്നെയാണ് ഈ കടയുടെ ആപ്തവാക്യം. 

രാവിലെ 5 മണിക്ക് തുറക്കുന്ന ഇൗ രുചിയിടം രാത്രി 11 മണിവരെ തുറന്നിരിക്കും. ഭക്ഷണപ്രേമികളെ കാത്ത് പഴംപൊരിയും ബീഫും രാവിലെ 9 മണി മുതൽ വൈകിട്ട് 8 മണിവരെ ഉണ്ടാകും. ഒരു സെറ്റ് പഴംപൊരി–ബീഫിൽ മൂന്നു പഴംപൊരിയും ബീഫ് കറിയുമുണ്ടാകും. പഴംപൊരി ഒന്നിന് ഒന്പത് രൂപയും ബീഫിന് 90 രൂപയുമാണ് ഇൗടാക്കുന്നത്. വിലയിലല്ല രുചിയിലാണ് ഇവിടെ കാര്യം.പഴംപൊരിയുടെയും ബീഫിന്റെയും പ്രണയകഥകള്‍ തേടി ശ്രീമുരുകയിലേക്ക് വിട്ടോളൂ.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA