sections
MORE

ലക്ഷ്മി നായരുടെ ഇഷ്ടപ്പെട്ട ഷോപ്പിങ് ഇടം? നെയ്ത്ത് തറികളുടെ താളം അലയടിക്കുന്ന നാട്: വിഡിയോ

lakshmi-nair
SHARE

എവിടെ നിന്നാണ് സെറ്റും മുണ്ടും വാങ്ങുന്നത് എന്നുള്ള, ആരാധകരുടെ ഏറെക്കാലത്തെ ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് പാചകവിദഗ്ദ്ധയും ടെലിവിഷൻ അവതാരകയുമായ ഡോ. ലക്ഷ്മി നായർ. യാത്രാവിശേഷങ്ങളും പാചകരീതികളുമൊക്കെ പങ്കുവയ്ക്കുന്ന യുട്യൂബ് ചാനലിലൂടെയാണ് ഡോ. ലക്ഷ്മി നായർ ആ ഉത്തരം വെളിപ്പെടുത്തിയത്.

ബാലരാമപുരത്താണ് ലക്ഷ്മി നായര്‍ സെറ്റും മുണ്ടും വാങ്ങാനായി എത്തുന്നത്. ആരാധകരുടെ നിരന്തര അന്വേഷണമാണ് ഇങ്ങനെയൊരു വിഡിയോ ചെയ്യാന്‍ പ്രചോദനമായതെന്ന് ലക്ഷ്മി നായര്‍ പറയുന്നു. പരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ ലക്ഷ്മി നായര്‍ ധരിക്കുന്ന സാരികളും മറ്റും പ്രേക്ഷകര്‍ക്കിടയില്‍ എപ്പോഴും ചര്‍ച്ചാവിഷയമാകാറുണ്ട്‌.

ബാലരാമപുരത്തെ ഒറ്റത്തെരുവിലാണ് ഈ കട. ദ് കേരള ഹാൻഡ്‌ലൂംസ് എന്നാണ് പേര്. തിരുവിതാംകൂര്‍ വിവാഹസാരികള്‍, പുടവയും കവണിയും, കസവ് സാരി, സെറ്റും മുണ്ടും, ഡബിള്‍ വേഷ്ടികള്‍ മുതലായവയെല്ലാം ഇവിടെ ലഭിക്കും. പ്രശസ്തമായതു കൊണ്ടുതന്നെ വിദേശികള്‍ അടക്കമുള്ള സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്. വിവാഹാവശ്യങ്ങള്‍ക്കും മറ്റുമായി കേരള സാരിയും സെറ്റുമുണ്ട്‌ മുതലായവയും ഓര്‍ഡര്‍ ചെയ്യാനായി വരുന്നവരും കുറവല്ല. 

ഗോള്‍ഡ്‌, സില്‍വര്‍ എന്നിങ്ങനെ വ്യത്യസ്ത തരം കേരള സെറ്റ് സാരികള്‍ ഇവിടെ ഉണ്ട്. മിക്ക സെറ്റ് മുണ്ടുകള്‍ക്കും ഏകദേശം ആയിരം രൂപയോടടുത്തു മാത്രമേ വിലയും വരുന്നുള്ളൂ. 600 രൂപയ്ക്കും മികച്ച മെറ്റീരിയലില്‍ നെയ്തെടുത്ത സിംപിള്‍ സെറ്റ് മുണ്ടുകള്‍ ലഭിക്കും. വര്‍ക്ക് കൂടിയവക്കാവട്ടെ 1300-1500 റേഞ്ചിലാണ് വില. 3000 രൂപ വിലയുള്ള ഹെവി വര്‍ക്ക് വരുന്ന സെറ്റു മുണ്ടുകളും ഉണ്ട്. പെണ്‍കുട്ടികള്‍ക്കായി ദാവണി സെറ്റും ഉണ്ട്. മനോഹരമായ മ്യൂറല്‍ ചിത്രങ്ങള്‍ പ്രിന്‍റ് ചെയ്ത ടിഷ്യു സെറ്റ് മുണ്ടുകളും ഇവിടെ ലഭ്യമാണ്. സെറ്റ് സാരികള്‍ക്കും ഏകദേശം ഇതേ റേഞ്ചില്‍ തന്നെയാണ് വില വരുന്നത്. കോട്ടനിലും ടിഷ്യുവിലും നിർമിച്ച സാരികളുമുണ്ട്.

ബാലരാമപുരത്തെക്കുറിച്ച് കൂടുതൽ അറിയാം

തിരുവനന്തപുരം നഗരത്തിനു 15 കിലോമീറ്റര്‍ തെക്കുകിഴക്കായാണ്‌ നെയ്ത്ത് തറികളുടെ താളം അലയടിക്കുന്ന ബാലരാമപുരം എന്ന കൊച്ചു പട്ടണം. സ്വര്‍ണ്ണക്കരയും ചന്ദനനിറവുമായി മലയാളികളുടെ എക്കാലത്തെയും ഗൃഹാതുരതയായ കേരള സാരികളുടെ സ്വന്തം പട്ടണമായാണ് ബാലരാമപുരം അറിയപ്പെടുന്നത്.

മഹാരാജാവായിരുന്ന ബലരാമവർമയാണ് 1798 നും 1810 നും ഇടയിൽ ഇവിടെ പരമ്പരാഗത നെയ്ത്ത് പരിചയപ്പെടുത്തുന്നത്. ഇതിനായി ‘ശാലിയർ’ എന്നറിയപ്പെടുന്ന നെയ്ത്തുകാരെ തമിഴ്‌നാട്ടിൽനിന്ന് കൊണ്ടുവന്ന് പട്ടണത്തിലെ നാല് പ്രധാന തെരുവുകളിൽ പാർപ്പിക്കുകയായിരുന്നു. സിംഗിൾ സ്ട്രീറ്റ്, ഡബിൾ സ്ട്രീറ്റ്, വിനായഗർ സ്ട്രീറ്റ്, ന്യൂ സ്ട്രീറ്റ് എന്നിങ്ങനെയാണ് ആ സ്ഥലങ്ങള്‍. കേരള സാരികള്‍ നെയ്തെടുക്കുന്നത് നേരിട്ട് കാണണമെന്നുണ്ടെങ്കില്‍ ഇവയിലൂടെ ഒന്ന് നടന്നാല്‍ മതി. 

സ്പിന്നിങ്, ഡൈയിങ്, നെയ്ത്ത് പണികളില്‍ വീട്ടിലെ മുഴുവന്‍ ആളുകളും പങ്കെടുക്കുന്നതാണ് ഇവിടത്തെ രീതി. മനോഹരമായ കേരള സാരികളും മുണ്ടുകളും കടകളില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ ചെലവിൽ വാങ്ങാം. 

ബാലരാമപുരത്തേക്ക് പോകുന്ന വഴി പുന്നമൂട് എന്ന കൊച്ചുഗ്രാമവും സന്ദര്‍ശിക്കാം. നല്ല ഫ്രഷ്‌ പലഹാരങ്ങൾ ഉണ്ടാക്കുന്ന ഇരുനൂറോളം വീടുകള്‍ ഉണ്ട് ഇവിടെ. പുറംനാട്ടില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്ല ചൂട് പലഹാരങ്ങള്‍ കൂടി കെട്ടിപ്പൊതിഞ്ഞു കൊണ്ടു പോകാം!

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
FROM ONMANORAMA