ADVERTISEMENT

നേരം പുലരുമ്പോഴായിരിക്കും കാപ്പിച്ചെടിയാകെ വെള്ളപ്പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്നതു കാണുക. കുഞ്ഞു കാപ്പിപ്പൂക്കളില്‍ മഞ്ഞ് അലിഞ്ഞു ചേര്‍ന്നു കിടക്കുകയായിരിക്കും. തണുത്ത കാറ്റില്‍ കാപ്പിപ്പൂമണം ഒഴുകിയെത്തും. പൂക്കുന്നതോടെ കാപ്പിച്ചെടിയുടെ ഇലകള്‍ പതിയെ താഴേക്കു തൂങ്ങും. അതോടെ വെള്ളപ്പൂക്കള്‍ പടര്‍ന്നു നില്‍ക്കും. വയനാട്ടിലെ കുന്നിന്‍പുറങ്ങളിലും ചെരിവുകളിലുമെല്ലാം കാപ്പിക്കൃഷി വ്യാപകമാണ്. വലിയ കുന്നുകള്‍ മുഴുവന്‍ മഞ്ഞും കാപ്പിപ്പൂക്കളും ചേര്‍ന്ന് വെൺമ പുതപ്പിച്ചു നിര്‍ത്തും. കാപ്പിച്ചെടിയുടെ മുകളില്‍നിന്നു തുടങ്ങുന്ന വെളുപ്പ് മഞ്ഞില്‍ അലിഞ്ഞു ചേര്‍ന്ന് അങ്ങ് ആകാശം വരെ അനന്തമായി കിടക്കും. 

വര്‍ഷത്തില്‍ ഒരിക്കലേ പൂക്കൂ. പൂത്താല്‍ പിന്നെ പ്രദേശമാകെ വെൺമയുടെ ആഘോഷമാണ്. മകരത്തില്‍ കട്ടമഞ്ഞു പെയ്യുമ്പോഴോ പുതുമഴ പെയ്തിറങ്ങുമ്പോഴോ ആയിരിക്കും കാപ്പി പൂക്കുന്നത്. മെറൂണ്‍ നിറത്തിലുള്ള കുഞ്ഞുമൊട്ടുകള്‍ കാപ്പിച്ചെടിയാകെ നിറയുന്നത് പെട്ടെന്നു ശ്രദ്ധിക്കപ്പെടില്ല. മൊട്ടിട്ടാല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഒന്നാകെ വിരിയും. കാപ്പിപ്പൂ മണവും വെളുപ്പും പടര്‍ന്ന പ്രഭാതങ്ങളായിരിക്കും പിന്നീടങ്ങോട്ട്. വയനാട്ടില്‍ പലയിടങ്ങളിലും വലുതും ചെറുതുമായി നിരവധി കാപ്പിത്തോട്ടങ്ങളുണ്ട്. വേനല്‍ മഴയുടെയും മഞ്ഞിന്റെയും തോതനുസരിച്ച് പലയിടങ്ങളിലും പല സമയത്തായിരിക്കും കാപ്പി പൂക്കുന്നത്. രാത്രിയില്‍ പൂക്കുന്ന പൂവുകള്‍ക്കൊക്കെ വെളുത്ത നിറവും സുഗന്ധവുമായിരിക്കും. ഇരുട്ടിന്റെ മറപറ്റിയാണ് കാപ്പിയും പൂക്കുന്നത്. അതുകൊണ്ടാണ് ഇത്രയേറെ വെളുപ്പും മണവും. പുതുമഴ പെയ്ത് കുതിര്‍ന്ന മണ്ണിന്റെ മണവും കാപ്പിപ്പൂക്കളുടെ ഗന്ധവും ചേര്‍ന്ന് പുലരികളെ മത്തുപിടിപ്പിക്കും. കാപ്പിപ്പൂ മണം എല്ലാവര്‍ക്കും ഇഷ്ടപ്പെടില്ല. പാലപ്പൂവിന്റേതുപോലെ മത്തുപിടിപ്പിക്കുന്ന ഒരുതരം ഗന്ധമാണ് കാപ്പി പൂക്കുമ്പോഴും. 

wayanad-trip4

രണ്ടോ മൂന്നോ ദിവസം മാത്രമാണ് പൂവിന് ആയുസ്സ്. വിരിയുന്ന അന്നു മാത്രമേ വെൺമയുടെ പൂര്‍ണതേജസ്സ് പൂക്കള്‍ക്കുണ്ടാകൂ. രണ്ടാം ദിവസമാകുമ്പോഴേക്കും വാട്ടം തട്ടും. നാലോ അഞ്ചോ ദിവസം കൊണ്ട് കരിഞ്ഞുണങ്ങിപ്പോകും. ഇത്രമേല്‍ സംഘടിതമായി പൂക്കുന്ന ചെടികള്‍ വിരളമാണ്. ഹെക്ടര്‍ കണക്കിനുള്ള വലിയ കാപ്പിക്കുന്നുകള്‍ ഒന്നിച്ചു പൂത്തുനില്‍ക്കും. നനുത്ത പ്രഭാതത്തിലേക്ക് കണ്ണുതുറക്കുമ്പോഴായിരിക്കും കാപ്പിച്ചെടികള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നത് കാണുന്നത്. ഒരു രാവു പുലരുമ്പോഴേക്കും പ്രദേശമാകെ മാറിയിരിക്കും. മഞ്ഞുതുള്ളികള്‍ കുഞ്ഞുപൂവിതള്‍ത്തുമ്പുകളിലാകെ പറ്റിപ്പിടിച്ചിരിക്കും. പുലര്‍കാലമാണ് കാപ്പിപ്പൂവിന് അത്രമേല്‍ ചാരുത നല്‍കുന്നത്. ഉഷസ്സിന്റെ കൈ പിടിച്ച് മഞ്ഞിന്റെ മറപറ്റി കാപ്പിപ്പൂക്കളെത്തും. തലേന്നു പെയ്ത പുതുമഴയുടെ ആലസ്യത്തില്‍ കിടക്കുന്ന ഭൂമി ഉണര്‍ന്നു വരുമ്പോഴേക്കും വെളുത്ത പൂക്കള്‍ എല്ലായിടത്തും നിറഞ്ഞുനില്‍ക്കും. 

wayanad-trip3

കാപ്പിപ്പൂക്കള്‍ ആരും നുള്ളാറില്ല. കുട്ടികള്‍ പോലും അതിനു ശ്രമിക്കാറുമില്ല. കാപ്പി പൂത്ത് കരിഞ്ഞുണങ്ങിയാലേ ആ വര്‍ഷം നല്ല വിളവുണ്ടാകൂ എന്ന് വയനാട്ടിലെ കുഞ്ഞുങ്ങള്‍ ചെറുപ്പം മുതലേ കേട്ടു വളരുന്നതാണ്. ആരെങ്കിലും കാപ്പിപ്പൂ നുള്ളാന്‍ ശ്രമിച്ചാല്‍ കടുത്ത ശിക്ഷയായിരിക്കും കാത്തിരിക്കുന്നത്. മുറ്റത്തു പൂത്തു നില്‍ക്കുന്ന മനോഹരമായ പൂക്കള്‍ പിച്ചിച്ചീന്തിയാലും ഒരു പക്ഷേ ശിക്ഷ ലഭിച്ചേക്കില്ല. എന്നാല്‍ കാപ്പിപ്പൂക്കളുടെ കാര്യം അങ്ങനെയല്ല. നിറയെ പൂത്താലാണ് നിറയെ വിളവുണ്ടാകുക. നീണ്ട് വണ്ണം കുറഞ്ഞ കമ്പുകളില്‍ ഇടവിട്ടിടവിട്ട് ചെണ്ടുചെണ്ടായി പൂ വിരിയും. ഒരു കമ്പില്‍ത്തന്നെ പത്തും പതിനഞ്ചും കുല പൂവുകളുണ്ടാകും. കാപ്പി പൂത്തു നില്‍ക്കുമ്പോള്‍ മഴ പെയ്യരുതേ എന്നാവും കൃഷിക്കാരന്റെ പ്രാര്‍ഥന. മഴ പെയ്ത് വെള്ളമിറങ്ങിയാല്‍ പൂക്കള്‍ നശിക്കും. അതോടെ ആ വര്‍ഷത്തെ വിളവ് വെള്ളത്തിലാകും. 

കാപ്പി പൂക്കുകയും കായ്ക്കുകയും ചെയ്യുന്നത് ഒരു വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാകുന്നത്. മാര്‍ച്ച്, ഏപ്രില്‍ മാസത്തോടെ മുഴുവന്‍ കാപ്പിയും പൂത്തുതീര്‍ന്നിരിക്കും. പിന്നീടങ്ങോട്ട് മഴക്കാലമാണ്. ആര്‍ത്തലച്ചു പെയ്യുന്ന മഴയ്‌ക്കൊപ്പം കാപ്പിക്കുരുക്കള്‍ വളരാന്‍ തുടങ്ങും. മഴക്കാലം തീരുമ്പോഴേക്കും കാപ്പിക്കുരു വലുതാകും. ഡിസംബര്‍ ആകുന്നതോടെ ചുവന്നു പഴുക്കും. പഴുത്ത കാപ്പിക്കുരുവാണ് പറിച്ചുണക്കുന്നത്. തേയിലയും കാപ്പിയും വയനാട്ടില്‍ സുലഭമാണ്. എങ്കിലും വയനാട്ടില്‍ ഭൂരിഭാഗവും കാപ്പി കുടിക്കുന്നവരാണ്. ചായയോട് വലിയ താല്‍പര്യമില്ല. മിഥുനത്തില്‍ തിമിര്‍ത്തു പെയ്യുന്ന മഴയും മകരത്തിലെ തുളച്ചു കയറുന്ന തണുപ്പും പ്രതിരോധിക്കാന്‍ ചായയേക്കാള്‍ നല്ലത് കാപ്പി തന്നെയാണ്. ഇടതടവില്ലാതെ പെയ്യുന്ന വര്‍ഷകാലത്ത് തണുപ്പിനെ പിടിച്ചു കെട്ടാന്‍ ചൂടു കട്ടന്‍കാപ്പിക്ക് കഴിയും.  

wayanad-trip1

ബ്രിട്ടിഷുകാരുടെ കാലത്താണ് വയനാട്ടിലേക്ക് കാപ്പി കുടിയേറിയത്. നിബിഡ വനത്തിലെ ഫലഭൂയിഷ്ഠമായ മണ്ണില്‍ മഞ്ഞും മഴയും വേണ്ടുവോളം ലഭിച്ച് കാപ്പി തഴച്ചു വളര്‍ന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പട്ടാളമായിരുന്നു ആദ്യമായി വയനാട്ടിലെ വനമണ്ണില്‍ കാപ്പി നട്ടത്. ഏറെക്കാലത്തിനു ശേഷം കമ്പനി രാജ്യം വിട്ടെങ്കിലും കാപ്പി ഈ നാട്ടില്‍ വേരുന്നിക്കഴിഞ്ഞിരുന്നു; ഒരിക്കലും പറിച്ചുമാറ്റാന്‍ സാധിക്കാത്ത വിധം അത്രമേല്‍ ആഴത്തില്‍. എസ്റ്റേറ്റുകള്‍ കൂടതെ ചെറുകിട കര്‍ഷകരും വ്യാപകമായി കാപ്പിക്കൃഷി ആരംഭിച്ചു. കാപ്പിച്ചെടിയില്ലാത്ത ഒരു തോട്ടം പോലും വയനാട്ടിലില്ല. അടുക്കള മുറ്റത്തും വഴിയരികിലും വേലിക്കലുമെല്ലാം കാപ്പിയുടെ സാന്നിധ്യമുണ്ട്. പലനാടുകളില്‍ നിന്നും കുടിയേറി വന്നവരാണ് ആദിവാസികള്‍ ഒഴികെയുള്ള വയനാട്ടുകാര്‍. എവിടെ നിന്നു വന്നു എന്നത് പിന്നീട് മാഞ്ഞു പോകുകയും വയനാട്ടിലെ മണ്ണുമായി അലിഞ്ഞു ചേരുകയും ചെയ്തവര്‍. വയനാട്ടിലെത്തിയ കാപ്പിയും ഇതുപോലെ വയനാടന്‍ ആയി മാറി. 

പുതുമഴ പെയ്യാന്‍ തുടങ്ങിയതോടെ കാപ്പിച്ചെടികളും പൂക്കാന്‍ തുടങ്ങി. വെയിലേറ്റ് വരണ്ടുകിടക്കുന്ന മണ്ണിലേക്ക് തണുത്ത മഴത്തുള്ളികള്‍ ഊര്‍ന്നു വീണു. മഴയ്ക്കു മുന്നേ ഓടിയെത്തുന്ന കാറ്റില്‍ കാപ്പിയിലകള്‍ താളം തുള്ളും. ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ ചെണ്ടുമല്ലിയുടെ വലുപ്പത്തില്‍ കാപ്പിച്ചെടിയാകെ പൂക്കള്‍ നിറയും. മഞ്ഞു പൊഴിയുന്ന പ്രഭാതങ്ങളില്‍ വെളുത്ത പൂവുകള്‍ മന്ദസ്മിതം തൂവും. കാപ്പിച്ചെടികളില്‍ നിന്ന് പുതുമഴയുടെ ഈറന്‍ മാറിയിട്ടുണ്ടാകില്ല. തലേന്നു പെയ്ത മഴയില്‍ കുതിര്‍ന്നു കിടക്കുന്ന മണ്ണില്‍ മഞ്ഞു വീഴുമ്പോഴായിരിക്കും വെൺമ പടര്‍ത്തി കാപ്പി പൂക്കുന്നത്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ദിവസം മാത്രമേ ഇത്തരം പുലരികളുണ്ടാകാറുള്ളൂ. ആ പുലരികളിലെ സുഗന്ധം അടുത്ത പൂക്കാലം വരെ മനസ്സില്‍ നിറഞ്ഞു നില്‍ക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com