ADVERTISEMENT

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോകം മുഴുവൻ ഏതാണ്ട് ലോക്ഡൗണായ അവസ്ഥയാണ്. ഈ ലോക്ഡൗൺ ഏവരെയും ഒരുപോലെയാണ് ബാധിക്കുന്നത്. എന്നാലും ട്രാവൽ തന്നെ ജോലിയായവർക്ക് ഈ ലോക്ഡൗൺ ഇരട്ടി വീർപ്പുമുട്ടലായിരിക്കും. എങ്ങനെയാണ് നമ്മുടെ രാജ്യത്തെ 21 ദിവസത്തെ ലോക്ഡൗൺ കാലത്തെ അതിജീവിക്കുന്നതെന്ന് എസ്കേപ്പ് നൗ എന്ന ട്രാവൽ ഗ്രൂപ്പിന്റെ സാരഥി ഇന്ദുകൃഷ്ണ മനോരമന്യൂസ് ഡോട്ട്കോമിനോട് വിവരിക്കുന്നു. 

രാജ്യം മുഴുവൻ ലോക്ഡൗൺ വരുന്നതിന് മുൻപ് തന്നെ നമുക്ക് ഇവിടെ നിയന്ത്രണങ്ങൾ വന്നിരുന്നല്ലോ? അപ്പോഴും ആശ്വാസം കൊച്ചിയിൽ പോകാമെന്നുള്ളതായിരുന്നു. ആലപ്പുഴ ജില്ലയിലാണെങ്കിൽ കൊച്ചിയിലേക്ക് എന്റെ നാടായ എരമല്ലൂരിലേക്ക് പോകാൻ അടുത്താണ്. അതുകൊണ്ട് മിക്കദിവസങ്ങളിലും വെറുതെയെങ്കിലും കൊച്ചിയിൽ പോകുമായിരുന്നു. നിയന്ത്രണങ്ങൾ കർശനമായതോടെ കൊച്ചിയിലേക്കുള്ള യാത്ര അവസാനിച്ചു.

അവസാനമായി പുറത്ത് പോയത് വീടിനടുത്തുള്ള കാക്കത്തുരുത്തിലാണ്. ആദ്യത്തെ ഒരു മൂന്ന് നാലുദിവസം ശരിക്കും ശ്വാസം മുട്ടി. കൊച്ചി എന്റെ ജീവിതത്തിന്റെ കൂടി ഭാഗമാണ്. പഠിച്ചതെല്ലാം അവിടെയാണ്. കൊച്ചി കണ്ടില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല. അങ്ങനെയുള്ള എന്റെ അവസ്ഥ ഊഹിക്കാമല്ലോ? യാത്രകൾ ഹരമായവരെ സംബന്ധിച്ച് വീട്ടിലിരുപ്പ് തീരെ സഹിക്കാൻ പറ്റാത്ത കാര്യമാണ്. ഈ ഏപ്രിൽ മെയ് സമയത്ത് ഒരുപാട് ട്രിപ്പുകളുമുണ്ടായിരുന്നു. എല്ലാം റദ്ദാക്കി വീട്ടിലിരിപ്പായി. ഈ മൂന്നുനാലു ദിവസം ശരിക്കും മദ്യമൊക്കെ ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന വിത്ത്ഡ്രോവൽ സിംപ്ടത്തിന്റെ അവസ്ഥ പോലെയായിരുന്നു. സമയം ചെലവഴിച്ചത് സിനിമയും പാട്ടുമൊക്കെ കണ്ടാണ്. 

പക്ഷെ എത്രനേരം ഇതൊക്കെ കണ്ടുകൊണ്ടിരിക്കാൻ പറ്റും. പതിയെ മുറ്റത്തേക്ക് ഒക്കെ ഇറങ്ങാൻ തുടങ്ങി. കുട്ടിക്കാലത്ത് ചെയ്തത് പോലെ കുളത്തിന്റെ പടവിലൊക്കെ വെറുതെ പോയിരിക്കും. എന്റെ വീട്ടിൽ അത്യാവശ്യം പറമ്പും മരങ്ങളുമൊക്കെയുണ്ട്. ബോറഡിക്കുമ്പോൾ ഞാൻ ഏതെങ്കിലും കാട്ടിലാണെന്ന് സങ്കൽപ്പിച്ച് ചുമ്മാതെ പറമ്പിൽ നടക്കും. കുട്ടികാലത്തെ പോലെ ചൂണ്ടയിട്ട് മീൻപിടിക്കാനൊക്കെ തുടങ്ങി. പിന്നെ ട്രാവൽ മിസ് ചെയ്യുമ്പോൾ ആ ഒരു അന്തരീക്ഷം പുന:സൃഷ്ടിക്കാൻ ശ്രമിക്കും. യാത്ര ചെയ്യുന്ന സമയത്ത് രാത്രിയിൽ ബാർബിക്യൂ ഒക്കെ ഗ്രിൽ ചെയ്യാറുണ്ടായിരുന്നു. അതുപോലെ വീട്ടിലും ചെയ്യും.

പിന്നെ അടുക്കളയിൽ കയറി അല്ലറചില്ലറ പരീക്ഷണങ്ങളൊക്കെ നടത്തും. സാധനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടത് കൊണ്ട് വീട്ടിലുള്ള സാധനങ്ങൾ മാത്രം കൊണ്ടുള്ള പരീക്ഷണങ്ങളാണ് കേട്ടോ? പണ്ട് എന്റെ കൂട്ടുകാരുടെ ഏറ്റവും വലിയ പരാതി എന്നെ വിളിച്ചാൽ കിട്ടുന്നില്ല എന്നുള്ളതായിരുന്നു. അതുകൊണ്ട് പഴയ കൂട്ടുകാരുടെയൊക്കെ നമ്പർ തപ്പിയെടുത്ത് വിളിച്ച് ബന്ധങ്ങൾ പുതുക്കാൻ ഈ സമയം വിനിയോഗിച്ചു.

ഇനിയുള്ള ദിവസങ്ങളിൽ ഒരു ട്രാവൽ ബ്ലോഗ് തുടങ്ങണമെന്നുണ്ട്. വിഡിയോയേക്കാൾ എനിക്കിഷ്ടം എഴുതുന്നതാണ്. പിന്നെ ലോക്ഡൗൺ കഴിഞ്ഞ് ഞങ്ങൾ കൂട്ടുകാർ ചേർന്ന് ഒരു റോഡ് ട്രിപ്പ് പോകുന്നുണ്ട്. എനിക്ക് ലേ ലെഡാക്കിൽ പോകണം. ഞാൻ എല്ലാവർഷവും പോകുന്ന സ്ഥലമാണ്. പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്ന്. അവിടേക്ക് ആയിരിക്കും ആദ്യത്തെ യാത്ര.ഇതെല്ലാം കഴിയുമ്പോൾ പോകേണ്ട യാത്രകളെക്കുറിച്ചൊക്കെ ഒരു പ്ലാൻ ഉണ്ടാക്കുന്നുണ്ട്. പിന്നെ ഇനിയും കാണേണ്ട സ്ഥലങ്ങളുടെ ബക്കറ്റ് ലിസ്റ്റും തയാറാക്കി.  വീട്ടിലിരുപ്പ് ബോറഡി തന്നെയാണെങ്കിലും ഈ സമയം നമുക്കും മറ്റുള്ളവർക്കും വേണ്ടി ഇരുന്നല്ലേ പറ്റൂ. ഈ സമയവും കടന്നുപോകും. വീണ്ടും പഴയപോലെയുള്ള യാത്രാക്കാലത്തിനായിട്ടാണ് കാത്തിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com