ഭൂമിയുടെ ഒരു കോടി സ്ഫടിക നക്ഷത്രങ്ങൾ തേടിയ യാത്ര

palakkad-night-image
SHARE

പാലക്കാടൻ ചൂടിൽ പൊള്ളുന്ന നാലുമണി വൈകുന്നേരമാണ് യാത്ര തുടങ്ങുന്നത്. ലോക ഭൗമദിനത്തലേന്ന് ഭൂമിയിൽ ഇതുവരെ കണ്ട ഏറ്റവും നല്ലൊരു ദൃശ്യം പകർത്തുക ലക്ഷ്യമിട്ടായിരുന്നു നെല്ലിയാമ്പതി മല കയറാൻ പാലക്കാട്ടെ മലയാള മനോരമ ഓഫീസിൽ നിന്നു ഇറങ്ങുന്നത്. അതിലേക്ക് വേണ്ടത്ര ക്യാമറാ സന്നാഹങ്ങൾ കരുതിയിട്ടുണ്ട്. ലോക് ഡൗൺ സമയം ആയതിനാൽ വഴിയിലെങ്ങും വാഹനങ്ങളുടെ തിരക്കില്ല. നെന്മാറ ടൗണിൽ നിന്നു പോത്തുണ്ടിയിലേക്ക് എത്തുമ്പോഴേക്ക് തന്നെ ഭൂമി മാറി തുടങ്ങുന്നത് അറിയാം... താപം അടങ്ങുന്നു... ഇല കൊഴിഞ്ഞും കൊഴിയാതെയും മരങ്ങളുടെ കൂട്ടങ്ങൾ വേരുറഞ്ഞ് നിൽക്കുന്നു. 

പോത്തുണ്ടിയിലെ വനം വകുപ്പ് ചെക്ക് പോസ്റ്റിൽ വാഹന നമ്പറും വിവരങ്ങളും കൊടുത്ത് നെല്ലിയാമ്പതി ചുരം കയറി തുടങ്ങി. പൊതുവെ ശാന്തമായ കാടിന് അന്ന് അതിലും ശാന്തത. എവിടെയും ഒറ്റ മനുഷ്യരെ കാണാൻ ഇല്ല, വാഹനങ്ങളും ഇല്ല. സന്ധ്യയ്ക്ക് മുൻപേ മുകളിൽ എത്താം. മഴക്കാലത്ത് ചിലമ്പി ഒഴുകുന്ന അനേകം വെള്ളച്ചാട്ടങ്ങൾ ഉണ്ട് നെല്ലിയാമ്പതിയിൽ. വേനലിൽ അവയുടെ ഒഴുക്ക് പാത മാത്രം കാണാം. കഴിഞ്ഞ പ്രളയ കാലത്തിന്റെ അവശേഷിപ്പുകൾ ഇനിയും ബാക്കിയാണ് ചുരത്തിൽ. വഴി മാറി ഒഴുകിയ നീരുറവകൾ. ഉരുൾപൊട്ടലിൽ തകർന്നു പോയ പഴയ റോഡും പാലവും ഒക്കെ വഴിയിൽ ഉണ്ട്. കാട് കനം വെച്ച് വരികയാണ്. നെല്ലിയാമ്പതിയുടെ വനചാരുത ചുരുൾ നീർന്ന് വരുന്നു.. മനുഷ്യ ഇടപെടൽ കുറഞ്ഞതോടെ മരക്കൊമ്പുകളിൽ നിന്നും ഇറങ്ങി കുരങ്ങന്മാർ റോഡ് നീളെ പരേഡ് നടത്തുന്നുണ്ട്. മുയലുകൾ വട്ടം ചാടിയപ്പോൾ ഒന്ന് രണ്ട് തവണ കാർ നിർത്തേണ്ടിയും വന്നു. 

Nalliampathi1

സുഹൃത്തും നെല്ലിയാമ്പതിയിൽ പോലീസ് കാരനുമായ ഷെരീഫ് ആണ് ഇൗ ഭൗമ ദിന സ്പെഷ്യൽ ഒരുങ്ങിയത് വിളിച്ച് അറിയിച്ചത്. ചുരത്തിൽ ഫോണിന് റേഞ്ച് കുറവാണ്. ഇടയ്ക്ക് ഷെരീഫ്നെ വിളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.  കൈകാട്ടി ജങ്ഷൻ എത്തിയപ്പോൾ ഷെരീഫ് കാത്തു നിൽപ്പുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയതാണ്. ഒപ്പം ഉള്ളത് സുകുമാരൻ. ഇനി അങ്ങോട്ട് സുകുമാരൻ വഴി കാണിക്കും എന്ന് പറഞ്ഞ് ഷെരീഫ് ചുരം ഇറങ്ങി. സ്കൂട്ടറിൽ സുകുമാരൻ മുൻപെ പോയി. മണലാരൂ തേയില എസ്റ്റേറ്റിലേയ്ക്ക് വഴി തിരിഞ്ഞു. തേയില ചെടികൾക്കിടയിലൂടെ തണുത്ത കോട ഇറങ്ങി തുടങ്ങി. ആറ് മണി കഴിഞ്ഞു. ഇനി വേഗം ഇരുട്ട് പരക്കും. വീണ്ടും കാട്ടിന് നടുവിലേക്ക് വഴി തിരിഞ്ഞു. പെട്ടന്ന് ഒരു ശബ്ദം കേട്ട് സുകുമാരൻ സ്കൂട്ടർ നിർത്തി. പിന്നാലെ ഞങ്ങളും ബ്രേക്ക് ഇട്ടു. ഒരു മാൻ സ്കൂട്ടറിൽ ഇടിച്ച് അപ്പുറത്തേക്ക് ഓടുന്നു പിന്നാലെ മൂന്നാല് ചെന്നായ്ക്കളും. മിന്നൽ വേഗത്തിൽ എല്ലാം കഴിഞ്ഞു. ഒരു ചിത്രം എടുക്കാൻ കിട്ടാത്ത വിഷമം ബാക്കിയായി. കാണാൻ പോകുന്ന കാഴ്ചയുടെയും പകർത്താൻ പോകുന്ന ദൃശ്യങ്ങളുടെയും ഓർമയിൽ തൽക്കാലം മാൻ കുട്ടിക്കും ചെന്നയ്ക്കൾക്കും വിടുതൽ കൊടുത്തേക്കാം എന്ന് കരുതി വീണ്ടും മുന്നോട്ടു പോയി. 

സുകുമാരന്റെ വീടിന് സമീപം നിർത്തി. അദ്ദേഹം ചായ ഇട്ടു തന്നു. ചൂട് ചായ കുടിച്ചിറക്കുമ്പോൾ ശ്രദ്ധിച്ചത്, ചുറ്റും പ്രകൃതി മാറി തുടങ്ങിയതാണ്. ചിത്രകാരൻ ഏറ്റവും സൂക്ഷ്മമായി വരച്ചെടുത്ത പോലെ മലനിരകൾ കാണാം. ഏത് ഏതെന്ന് തിരിച്ചറിയാൻ പറ്റാത്ത അനേകം മരങ്ങൾ ഇടതിങ്ങി നിൽക്കുന്ന കാട്... പരിസരത്ത് ചതുപ്പ് ഉണ്ട്, മഴക്കാലത്ത് കുഞ്ഞരുവികൾ ഒഴുകി ഇറങ്ങി തിടം വെയ്ക്കുന്ന ചതുപ്പാവണം. കിളികളായും കാറ്റായും ചീവീടുകളായും കാട് സംസാരിക്കുന്നതല്ലാതെ മറ്റൊന്നും കേൾക്കാൻ ഇല്ല. എപ്പോഴാണ് അത് സംഭവിച്ചത് എന്ന് ഇനിയും തിട്ടപ്പെടുത്താൻ ആവില്ല. നിമിഷ നേരത്തിൽ നേർത്ത മർമ്മരം കേൾക്കാൻ തുടങ്ങി. മണ്ണിൽ നിന്ന്, ഇലമടക്കുകളിൽ നിന്ന്. പടർപ്പുകളിലും. മരപ്പൊത്തുകളിലിൽ നിന്നുമായി അനേകായിരം നക്ഷത്ര തിളക്കങ്ങൾ ഒന്നിച്ചുയരുന്ന കാഴ്ച !! മിന്നാമിന്നികൾ ! അവരൊരുക്കിയ ആകാശഗംഗയിൽ ചുറ്റും പറക്കുന്ന നക്ഷത്രങ്ങൾ ! ഇന്ദ്രജാല സദൃശ്യം. 

Nalliampathi2

ദൃശ്യങ്ങൾ പകർത്താൻ ആണ് വന്നതെന്ന് നിമിഷ നേരത്തേക്ക് മറന്നു. രണ്ടു മൂന്ന് മണിക്കൂറിൽ ഇവ അപ്രത്യക്ഷമാകും എന്ന് സുകുമാരൻ ഓർമിപ്പിച്ചു. അതോടെ ദൃശ്യങ്ങൾ എടുക്കാനായി ശ്രമം ആയി. പല തവണ ശ്രമിച്ചിട്ടും ഇത്ര മനോഹരമായ കാഴ്ച അതേ പോലെ വീഡിയോയിൽ പകർത്താൻ ആവുന്നില്ല എന്നായതോടെ നിരാശ! കിണഞ്ഞ് പരിശ്രമിച്ചട്ടു പോലും ദൃശ്യങ്ങളിൽ ഒട്ടും തൃപ്തി വന്നില്ല. കനത്ത ഇരുട്ടും നേരിയ മഞ്ഞും ചിമിഴ് വിളക്കുകളുടെ തെളിച്ചത്തെ കെടുത്തുന്നു. ഒടുവിൽ നിശ്ചല ചിത്രം പകർത്തി നോക്കാം എന്ന് കരുതി, അതിനായി ശ്രമിച്ച് തുടങ്ങി. ഒരു മണിക്കൂർ കൊണ്ട് ക്ലിക്ക് ചെയ്ത അനേകം ചിത്രങ്ങളിൽ ഒന്നോ രണ്ടോ എണ്ണം നന്നായേക്കും എന്ന് തോന്നി. ആകാശഗംഗയെ ഫ്രെയിമിൽ ഒതുക്കാൻ ഞാൻ കിണഞ്ഞ് ശ്രമിക്കുമ്പോൾ ആ കാടാകെ നക്ഷത്രം പോലെ മിന്നാമിന്നികൾ നിറഞ്ഞിരുന്നു. 

ഏപ്രിൽ പകുതിയോടെ തുടങ്ങി പത്തോ പതിനഞ്ചോ ദിവസങ്ങളേ മിന്നാമിനുങ്ങുകൾ ഇങ്ങനെ കൂട്ടത്തോടെ ഇവിടെ കാണാറുള്ളൂ എന്ന് സുകുമാരൻ പറഞ്ഞു. ഏപ്രിൽ, മേയ് കാലമാണ് മിന്നാമിനുങ്ങുകളുടെ പ്രജനന കാലം. കനത്ത ഇരുട്ട് നിറഞ്ഞ പ്രദേശങ്ങളിൽ ആണ് പൊതുവെ ഇവ പ്രജനനത്തിനായി എത്തുക. ആദ്യ ദിവസങ്ങളിൽ മിന്നാമിന്നികൾ എണ്ണത്തിൽ കുറവായിരിക്കും.. ഓരോ ദിവസം കഴിയും തോറും ഒരേ പ്രദേശത്തായി ഒരേ സമയത്ത് അനേകായിരം മിന്നാമിന്നികളാണ് വന്നെത്തുന്നത്. ഇണയെ ആകർഷിക്കാനായി ഓരോ മിന്നാമിനുങ്ങിനും പ്രത്യേകമായ രീതിയിൽ തിളങ്ങാൻ കഴിയുമെന്നാണ് ശാസ്ത്ര ഗവേഷകരായ ഡബ്ലിയു. ഡി. മക്എൽറോയ് യും ജേ. ഇ. ലോയ്ഡും തങ്ങളുടെ ഗവേഷണ സിദ്ധാന്തങ്ങളിൽ വിവരിക്കുന്നത്. 

fire-fly

പൂർണമായും തിളങ്ങുകയോ, ഇടവിട്ട് തിളങ്ങുകയോ, വളരെ വേഗത്തിൽ തുടരെ തുടരെ തിളങ്ങുകയോ ഒക്കെ ആയി പ്രതേക പാറ്റേണിൽ ആണ് ഓരോ ആൺ മിന്നമിന്നിയും പറന്നുയരുക. ഇൗ സമയത്ത് മണ്ണിലോ ഇലമറവുകളിലോ ഒക്കെയായി ഇരിക്കുന്ന പെൺ മിന്നാമിന്നികൾ ഒരു ഇണയെ കണ്ടെത്തി, അതേ പാറ്റേണിൽ തിളങ്ങും. ഇൗ പാറ്റേൺ ശ്രദ്ധിച്ച് ആൺ മിന്നാമിന്നി ഇണയുടെ അടുത്തേക്ക് എത്തുകയും പരാഗണം നടത്തുകയും ചെയ്യുമെന്നും ഗവേഷകർ പറയുന്നു.

ഇൗ തിളക്കവും പാറ്റേനുകളും പോലും ഓരോ ഗണത്തിലും ഉള്ള മിന്നാമിന്നികൾക്ക്‌ വ്യത്യസ്തമാണ് എന്നത് കൗതുകമായി. ഗണം മാറിയുള്ള പ്രജനനം ഒഴിവാക്കാൻ ഇത് അവയെ സഹായിക്കുന്നത്രെ. ദിവസങ്ങൾ മാത്രം നീണ്ടു നിൽക്കുന്ന ഇൗ പ്രണയകാലം പല രാജ്യങ്ങളിലും വ്യത്യസ്തമായിരിക്കും. ഭൗമ താപനില, അന്തരീക്ഷ താപനില, മഴ, മഞ്ഞ്, ഈർപ്പം, എന്നു തുടങ്ങി ചന്ദ്രന്റെ പ്രകാശം വരെ മിന്നാമിനുങ്ങുകളുടെ പ്രജനന കാലത്തെ സ്വാധീനിക്കുന്നുണ്ട്. ചന്ദ്രന്റെ വെളിച്ചം അധികമായി ഭൂമിയിൽ പതിക്കുന്ന ദിവസങ്ങളും പൂർണചന്ദ്ര ദിവസങ്ങളും ഒക്കെ മിന്നാമിന്നി കളുടെ എണ്ണത്തെയും സമയത്തെയും ബാധിക്കുന്നു എന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഇൗ ദിവസങ്ങളിൽ രാത്രി ഏറെ വൈകി മാത്രമാണ് ഇവ പറന്നു കാണുന്നത്. ഇൗ കാലം അവസാനിക്കുന്നതോടെ മിന്നമിന്നികൾ വീണ്ടും എണ്ണം കുറയുകയും, മേയ് മാസത്തിന്റെ തുടക്കത്തോടെ ഇവയെ കാണാതാവുകയും ചെയ്യുന്നതാണ് നെല്ലിയാമ്പതിയിൽ പതിവ്. 

മണ്ണിലാണ് പെൺ മിന്നാമിന്നികൾ മുട്ടകൾ ഇട്ട് സൂക്ഷിക്കുന്നത്. മുട്ട വിരിയുന്ന ലാർവകൾ മണ്ണിൽ തന്നെ തുടരും. ചെറിയ പുഴുവും വിരകളും മറ്റുമാണ് ഇക്കാലത്ത് ഇവയുടെ ഭക്ഷണം. പ്രായമെത്തിയ മിന്നാമിനുങ്ങുകൾ ആവട്ടെ തേനും പൂമ്പൊടിയും ഒക്കെ ഭക്ഷിക്കും. ലാർവ കാലം ആണ് മിന്നാമിന്നിയുടെ ജീവിതകാലത്തിൽ ഏറ്റവും ദൈർഘ്യമേറിയത്. ഒന്നര മുതൽ രണ്ട് വർഷം വരെ ലാർവെ ആയി തുടരുന്ന ഇവ മിന്നാമിന്നികൾ ആയി രൂപാന്തരം പ്രാപിച്ചാൽ ജീവിച്ചിരിക്കുക രണ്ടോ മൂന്നൊ ആഴ്ച മാത്രം. ഇൗ സമയം ആണ് ഇവയുടെ ഇണചേരലും പ്രജനനവും നടക്കുന്നത്. ചുരുക്കി പറഞ്ഞാൽ, അടുത്ത തലമുറക്ക് ജന്മം നൽകുന്ന ചുരുങ്ങിയ ദിവസത്തേക്ക് മാത്രം ആണ് ഇൗ ചെറു പ്രാണികൾക്ക്‌ ആയുസ് ഉള്ളത്.

ഇരുട്ട് പടർന്നാൽ നമ്മുടെ ഒക്കെ മുറ്റത്തും പരിസരങ്ങളിലും കണ്ട് വന്നിരുന്ന മിന്നാമിന്നികൾ ഇന്ന് വളരെ അപൂർവമായ കാഴ്ചയായി മാറി. മനുഷ്യ സാന്നിധ്യവും കൃത്രിമ വെളിച്ചവും അധികമായ ഇടങ്ങളിൽ നിന്ന് അവ പിൻവലിഞ്ഞു കഴിഞ്ഞു എന്നാണ് മനസിലാകുന്നത്.

മിന്നാമിനുങ്ങുകൾ മാത്രം നിറഞ്ഞൊരു ലോകത്തു നിന്നു പതിയെ തേയില തോട്ടങ്ങൾക്ക് നടുവിലേക്ക് മനസ്സിനെ നിർബന്ധിച്ച് കൂട്ടി കൊണ്ട് വരികയായിരുന്നു. കണ്ണുകൾക്കു മുന്നിൽ അനേകായിരം ചെറു വെളിച്ചങ്ങൾ പല കുറി മിന്നി മാഞ്ഞു.. മനുഷ്യർക്ക് ലോക് ഡൗണും, ഭൂമിയ്ക്ക് ശുദ്ധ ശ്വാസവും ജീവജാലങ്ങൾക്ക് സ്വച്ഛ സഞ്ചാരവും സാധ്യമാക്കിയ കോവിഡ് കാലത്തെ ഇൗ ഭൗമ ദിനത്തിൽ ഇതിലും മനോഹരമായ ഒരു കാഴ്ചയും ഉണ്ടാവാൻ ഇടയില്ല എന്ന് ഓർത്ത് തിരികെ നെല്ലിയാമ്പതി ചുരം ഇറങ്ങി.

English Summary:  FireFly At Nelliampathi

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA