ADVERTISEMENT

ആ വീട്ടിലിരുന്നാൽ മേഘങ്ങളുടെ കടൽ കാണാം, രാവിലെ പേരറിയാ പക്ഷികളുടെ ചിലപ്പ് കേട്ട് ഉണരാം...  അടുത്തുള്ള വെള്ളച്ചാട്ടത്തിൽ പോയി കൊതിയടങ്ങുന്നതുവരെ കുളിക്കാം.. കായ്ച് നിൽക്കുന്ന മരങ്ങളിൽ നിന്നും പഴങ്ങൾ പറിച്ച് കഴിക്കാം.. വീടിനടുത്ത് കെട്ടിയ കയറിന്റെ ഊഞ്ഞാലിൽ കിടന്ന് മതിയാവോളം വായിക്കാം... നിറയെ ശുദ്ധവായു ശ്വസിക്കാം. രാവടുക്കുമ്പോൾ എങ്ങും ചീവീടുകളുടെ ശബ്ദം മാത്രം...  മലമുകളിൽ നിന്നുള്ള തണുത്ത കാറ്റും.. നിലാവു പൂക്കുന്ന രാത്രികളും... 

പുലർകാലത്ത് കണ്ട കേവലമൊരു സ്വപ്നമല്ലിത്. മൂന്നു വർഷം കൊണ്ട് എൽദോ പച്ചിലക്കാടൻ എന്ന യുവാവ് ഉണ്ടാക്കിയെടുത്ത 'സ്വർഗ'മെന്ന ഫാം ഹൗസിന്റെ വിശേഷണങ്ങൾ ആണിത്.

eldo7

തിനഞ്ചുവർഷത്തോളം തിരുവനന്തപുരത്ത് ആർകിടെക്ടായിരുന്നു കൂത്താട്ടുകുളം സ്വദേശിയായ എൽദോ. ആർകിടെക്ട് ജോലിക്കൊപ്പം മറ്റ് ബിസിനസുകളുമുണ്ടായിരുന്നു.  ജോലി ചെയ്യുന്ന സമയത്ത് തന്നെ പ്രകൃതിസംരക്ഷണം നടത്തുന്ന ഒരു എൻജിയോയ്ക്കൊപ്പം എൽദോ പ്രവൃത്തിച്ചു.കാടിനെ അറിയാനും പ്രകൃതിയെ അറിയാനുമൊക്കെ എൽദോ തുടങ്ങിയത് ഇവിടെ നിന്നാണ്. എൻജോയിലെ സന്നധപ്രവർത്തകർക്കൊപ്പം നിരവധി തവണ കാടുകയറി, ട്രെക്കിങ്ങിന് പോയി. ഈ യാത്രകൾ അക്ഷരാർഥത്തിൽ എൽദോ എന്ന മെട്രോമാനിൽ നിന്നും പ്രകൃതിയോടിണങ്ങി ജീവിക്കുന്ന മനുഷ്യനിലേക്കുള്ള പരിണാമം കൂടിയായിരുന്നു.

eldo6

ഈ പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് മഞ്ഞും തണുപ്പുമുള്ള ഏതെങ്കിലും സ്ഥലത്ത് താമസമാക്കണമെന്ന് എൽദോ കൊതിച്ചു. ആ സ്വപ്നത്തിലേക്കുള്ള യാത്രയുടെ ഫലമാണ് ഇടുക്കിയിലെ സ്വർഗമേട് (സേനാപതി പഞ്ചായത്ത്) എന്ന മലയുടെ മുകളിൽ ഉണ്ടാക്കിയെടുത്ത സ്വർഗം എന്ന ഫാം ഹൗസ്. സ്വർഗമേടിൽ എൽദോ 20 ഏക്കർ സ്ഥലം സ്വന്തമാക്കുമ്പോൾ അത് കേവലമൊരു തരിശുഭൂമി മാത്രമായിരുന്നു. മൂന്നു വർഷത്തെ പരിശ്രമം കൊണ്ട് എൽദോ ആ തരിശുഭൂമിയെ കൊച്ചൊരു ഏദൻ തോട്ടമാക്കി മാറ്റി. ആ ഏദൻതോട്ടത്തിൻ സ്വർഗം എന്ന പേരും നൽകി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കൊണ്ടുവന്ന നിരവധി ഫലവൃഷങ്ങൾ കൊണ്ട് സമ്പന്നമാണ് സ്വർഗം. ആപ്പിൾ, മുന്തിരി, ഓറഞ്ച്, മാംഗൊസ്റ്റീൻ, ചാമ്പയ്ക്ക് തുടങ്ങി ട്രോപ്പിക്കൽ കാലാവസ്ഥയിൽ വളരുന്ന ഒട്ടുമിക്ക ഫലവൃക്ഷങ്ങളും സ്വർഗത്തിലുണ്ട്. ഇവയുടെ തന്നെ വ്യത്യസ്ത തരവും സ്വർഗത്തെ സമ്പന്നമാക്കുന്നു.  രണ്ടുവർഷമായി സ്വർഗത്തിലുണ്ടാകുന്ന ഫലങ്ങൾ മാത്രം കഴിച്ചാണ് എൽദോ ജീവിക്കുന്നത്. ഈ ജീവിതരീതിയെക്കുറിച്ച് എൽദോ പറയുന്നത് ഇങ്ങനെ;

swargam2

പ്രകൃതിയുമായി സുസ്ഥിരമായ ആവാസവ്യവസ്ഥ ഉണ്ടാക്കുകയെന്നതായിരുന്നു ലക്ഷ്യം. കേരളീയർ അടിസ്ഥാനപരമായി ഫ്രൂട്ടേറിയൻസാണ്. നമ്മുടെ ഭക്ഷണത്തിൽ എപ്പോഴും പഴങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. രണ്ടു തലമുറയ്ക്ക് മുൻപ് വരെ ചുറ്റുപാടുമുള്ള പഴങ്ങൾ മാത്രം കഴിച്ച് നമ്മൾ ജീവിച്ചിട്ടുണ്ട്. അതിനുശേഷമാണ് പുതിയ ഭക്ഷണരീതിയിലേക്ക് നമ്മൾ മാറാൻ തുടങ്ങിയത്. നമ്മുടെ കാലാവസ്ഥയ്ക്ക് ഒട്ടും അനുയോജ്യമല്ലാത്ത ഭക്ഷണരീതിയാണ് പിന്തുടർന്നു പോകുന്നത്. ജോലി ചെയ്തിരുന്ന സമയത്ത്  ഡയബറ്റിക്സ് ഉണ്ടായിരുന്നു, രണ്ടുനേരം ഇൻസുലിൻ ഇഞ്ചക്ഷനില്ലാതെ എനിക്ക് കഴിയാൻ സാധിക്കില്ലായിരുന്നു. ഏകദേശം 90 കിലോയോളം ഭാരവുമുണ്ടായിരുന്നു. എന്നാൽ ഫ്രൂട്ടേറിയാൻ രീതിയിലേക്ക് മാറിയതോടെ തടിയും കുറഞ്ഞു ഡയബറ്റിക്സ് നിയന്ത്രണത്തിലുമായി. അടുത്തവർഷം കൊണ്ട് ഒരു കുടുംബത്തിന് ആവശ്യമായ ഭക്ഷണം നൽകുന്ന ഫലവൃക്ഷങ്ങൾ വളർത്തിയെടുക്കണമെന്നാണ് ആഗ്രഹം.

swargam1

പ്രകൃതിയെ ഒട്ടുനോവിക്കാതെ സ്വന്തമായി നിർമിച്ച ചെറിയൊരു ടെന്റിലാണ് എൽദോയുടെ താമസം. ജോലി വിട്ട് ഇത്തരമൊരു സ്വപ്നത്തിലേക്ക് യാത്ര തിരിച്ചപ്പോൾ സ്വാഭാവികമായും കുടുംബത്തിന്റെ ഭാഗത്ത് നിന്നും എതിർപ്പുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഈ ജീവിതരീതിയിലേക്ക് എൽദോയുടെ കുടുംബവും എത്തിയിട്ടുണ്ട്. ഭാര്യ ബിൻസിയും രണ്ടു മക്കളും അടങ്ങുന്നതാണ് കുടുംബം. ബിൻസി കൊളേജ് അധ്യാപികയാണ്. കുടുംബവും പൂർണ്ണമായി പ്രകൃതിയോടിണങ്ങിയുള്ള ജീവിതശൈലിയിലേക്ക് മാറിക്കഴിഞ്ഞു. സ്വർഗം സഞ്ചാരികളെയും സ്വാഗതം ചെയ്യാറുണ്ട്. ഒരിക്കലും പണമല്ല അതിന്റെ പിന്നിലെ ലക്ഷ്യം. പ്രക‍ൃതിയെ അടുത്തറിഞ്ഞുകൊണ്ടുള്ള ജീവിതം മറ്റുള്ളവർക്കും അനുഭവവേദ്യമാക്കുകയാണ് ഉദ്ദേശമെന്ന് എൽദോ പറയുന്നു. നാട്ടിലെ ലോക്ഡൗൺ കാലത്തിന്റെ യാതൊരു ആശങ്കകളും സ്വർഗത്തെ ബാധിച്ചിട്ടില്ല. വല്ലപ്പോഴും എന്തെങ്കിലും സാധനങ്ങൾ വാങ്ങാൻ ടൗണിലേക്ക് ഇറങ്ങുമ്പോൾ മാത്രമാണ് ലോക്ഡൗൺ ആണെന്ന കാര്യം തന്നെ എൽദോ ഓർക്കുന്നത്. മൂന്നുവർഷം മുൻപ് തന്നെ പ്രകൃതിയോടിണങ്ങിയുള്ള ലോക്ഡൗൺ എൽദോ ശീലമാക്കി കഴിഞ്ഞു. സ്വർഗത്തിൽ എല്ലാം പഴയതുപോലെ തന്നെയാണ് കാര്യങ്ങൾ.

eldo-family

ഒരു കുടുംബത്തിന് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ചുറ്റുപാടിൽ തന്നെ വിളയിച്ചെടുക്കുന്ന ഉട്ടോപ്യ എന്ന പ്രോജക്ടിന് എൽദോ നേതൃത്വം കൊടുക്കുന്നുണ്ട്. നിലവിൽ എറണാകുളത്തും കോട്ടയത്തുമാണ് ഉട്ടോപ്യയുടെ പ്രവർത്തനം. ആലപ്പുഴയിലേക്കും ചെറിയരീതിയിൽ ഉട്ടോപ്യയുടെ പ്രവർത്തനങ്ങൾ വ്യാപിച്ചിട്ടുണ്ട്. ലോക്ഡൗൺ കഴിയുന്നതോടെ കൂടുതൽ ആളുകളിലേക്ക് ഈ രീതി എത്തിക്കണമെന്നാണ് എൽദോയുടെ ആഗ്രഹം. ഈ ലോക്ഡൗൺ കാലത്ത് സ്വന്തമായി ഒരു സുസ്ഥിര ഭക്ഷ്യവ്യവസ്ഥാരീതി വേണ്ടതന്റെ ആവശ്യകത ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ  ഉട്ടോപ്യൻ പ്രോജക്ടിന് സ്വീകാര്യത ഏറുമെന്ന് തന്നെയാണ് വിശ്വാസം. ലോക്ഡൗൺ പ്രകൃതിയെ കൂടുതൽ അറിഞ്ഞുകൊണ്ടുള്ള ഒരു ജീവിതരീതിയുടെ കൂടി തുടക്കമാകുമെന്ന പ്രതീക്ഷയിലാണ് എൽദോ.

English Summary: Swargam Farm House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com