ബാഹുബലി ശിവലിംഗം പൊക്കിയെടുത്ത ഇടം... മറുനാടന്‍ സിനിമാക്കാരുടെ പ്രിയ കേരള ലൊക്കേഷനുകള്‍ ഇനിയുമുണ്ട്!

Athirappilly
SHARE

മലമുകളില്‍നിന്നു പൊട്ടിച്ചിതറി താഴേക്ക് പതിക്കുന്ന ഭീമന്‍ വെള്ളച്ചാട്ടത്തിനരികിലൂടെ കയ്യില്‍ ശിവലിംഗവുമേന്തി നടന്നു പോകുന്ന ബാഹുബലിയെ ആ സിനിമ കണ്ടവരാരും മറക്കില്ല. ലോകത്തുള്ള സഞ്ചാരികള്‍ എല്ലാവരും തേടി നടന്ന ആ സ്വര്‍ഗ്ഗീയ സുന്ദരമായ വെള്ളച്ചാട്ടം കേരളത്തിലെ തൃശൂരിനടുത്തുള്ള അതിരപ്പിള്ളിയാണ് എന്നത് നമ്മള്‍ മലയാളികളെ സംബന്ധിച്ച് അഭിമാനമാണ്. ‘ഇന്ത്യയുടെ നയാഗ്ര’ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തുന്ന ലോക സഞ്ചാരികളുടെ എണ്ണം അതോടെ വർധിക്കുകയും ചെയ്തു.

athirappally-waterfall1

ഒട്ടും ലുബ്ധില്ലാതെ സൗന്ദര്യം വാരിക്കോരി വിതറിയ പ്രകൃതിയാണ് കേരളത്തിന്റേത്. അറബിക്കടലിന്‍റെ തീരത്ത് മലയോരങ്ങളും സമുദ്രതീരങ്ങളും വനങ്ങളും ജലാശയങ്ങളുമെല്ലാം ചേരേണ്ട അളവില്‍ ചേര്‍ന്ന്, ഋതുക്കള്‍ കനിഞ്ഞനുഗ്രഹിച്ച കേരളത്തിന് ദൈവത്തിന്‍റെ സ്വന്തം ഭൂമി എന്നതിനേക്കാള്‍ ചേരുന്ന മറ്റൊരു വിശേഷണമില്ല. അതുകൊണ്ടുതന്നെയാണ് ഹോളിവുഡ് അടക്കമുള്ള പല അന്യഭാഷാ സിനിമകളിലും കേരളത്തിന്‍റെ ഭംഗി ഒപ്പിയെടുത്ത ധാരാളം രംഗങ്ങള്‍ കാണാന്‍ സാധിക്കുന്നത്.

ഇങ്ങനെ കേരളം ലൊക്കേഷനാക്കി ചിത്രീകരിച്ച ചില സിനിമകളും സ്ഥലങ്ങളും ഇതാ.

1. ലൈഫ് ഓഫ് പൈ

യാത്ര ചെയ്തിരുന്ന കപ്പല്‍ തകര്‍ന്ന്, ഒരു ബംഗാള്‍ കടുവയ്ക്കൊപ്പം ലൈഫ്ബോട്ടില്‍ കടല്‍ കടക്കുന്ന പൈ പട്ടേല്‍ എന്ന കുട്ടിയുടെ കഥ പറഞ്ഞ ഹോളിവുഡ് സിനിമയായിരുന്നു ലൈഫ് ഓഫ് പൈ. ഈ സിനിമയില്‍ ഇടയ്ക്കിടെ കാണിക്കുന്ന പനിനീര്‍ പൂന്തോട്ടങ്ങളും തേയിലത്തോട്ടങ്ങളുമെല്ലാം ചിത്രീകരിക്കാനായി സംവിധായകന്‍ ആംഗ് ലീ തെരഞ്ഞെടുത്തത് കേരളത്തിലെ മൂന്നാര്‍ ആയിരുന്നു. പ്രകൃതിയുടെ എല്ലാ മനോഹര ഭാവങ്ങളും ഒത്തിണങ്ങിയ മൂന്നാറിന്‍റെ അപൂര്‍വ സൗന്ദര്യം പരമാവധി പൊലിമയോടെ ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കാന്‍ ഈ സിനിമയിലൂടെ സംവിധായകന് കഴിഞ്ഞു എന്നു വേണം പറയാന്‍.

2. ‘ബോംബേ’യിലെ ‘തു ഹി രേ...’

fort-movie

എത്ര തലമുറ കഴിഞ്ഞാലും എല്ലാവരും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന പ്രണയഗാനമാണ് ബോംബേ എന്ന സിനിമയിലെ ‘തു ഹി രേ...’. ഹരിഹരന്‍റെ മാന്ത്രിക സ്പര്‍ശത്തില്‍ പിറവിയെടുത്ത ഈ ഗാനത്തിനൊപ്പം സ്ക്രീനില്‍ ആടിപ്പാടുന്ന മനീഷ കൊയ്‌രാളയുടെയും അരവിന്ദ് സ്വാമിയുടെയും സ്ക്രീന്‍ കെമിസ്ട്രി അപാരമായിരുന്നു. അതിനൊപ്പം അറബിക്കടല്‍ തിരകള്‍ ആഞ്ഞടിക്കുന്ന പാറക്കെട്ടുകളുടെയും സമൃദ്ധമായ പച്ചപ്പിന്‍റെയും കാഴ്ചകള്‍ കൂടി ചേര്‍ന്നപ്പോള്‍ ആ ഗാനം ഒരിക്കലും മറക്കാനാവാത്ത അനുഭവമായി. അതോടെ ആ ഗാനം ചിത്രീകരിച്ച കേരളത്തിലെ കാസർകോടുള്ള ബേക്കല്‍ കോട്ട പ്രണയികള്‍ക്കിടയിലെന്ന പോലെ സഞ്ചാരികള്‍ക്കും പ്രിയപ്പെട്ട ഇടമായി മാറി. 

3. ജിയ ജലേ.. 'ദില്‍ സേ'യിലെ ഗാനം 

ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ചെന്ന് മലയാളിയാണ് എന്ന് പരിചയപ്പെടുത്തിയാല്‍ സ്ഥിരം ചടങ്ങായി അവിടുത്തെ നാട്ടുകാര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്... ദില്‍ സേ എന്ന സിനിമയിലുള്ള 'ജിയ ജലേ' എന്ന സൂപ്പര്‍ഹിറ്റ്‌ ഗാനത്തിലെ 'പുഞ്ചിരി തഞ്ചിക്കൊഞ്ചിക്കോ...' എന്ന വരിയുടെ അര്‍ഥം എന്താണെന്ന്! ആ പാട്ടിന്‍റെ പോപ്പുലാരിറ്റി വച്ച് നോക്കുമ്പോള്‍ ഒരു പക്ഷേ, ഏറ്റവും കൂടുതല്‍ അന്യഭാഷക്കാര്‍ കേട്ടിരിക്കാവുന്ന മലയാള പദം അതായിരിക്കും എന്ന് തോന്നുന്നു!

jiyajale-thekkady

എ.ആര്‍. റഹ്മാന്‍റെ മാന്ത്രിക സംഗീതവിരുന്നിനൊപ്പം കാഴ്ചക്കാരെ ത്രസിപ്പിച്ച് ഷാരൂഖും പ്രീതി സിന്റയും സ്ക്രീനിലെത്തിയപ്പോള്‍ കാഴ്ചക്കാര്‍ ശ്രദ്ധിച്ച മറ്റൊരു പ്രധാന കാര്യം അതിന്‍റെ പശ്ചാത്തലമായിരുന്നു. ഇടുക്കി ജില്ലയിലുള്ള നമ്മുടെ സ്വന്തം തേക്കടിയാണ് ആ ലൊക്കേഷന്‍. ജൈവവൈവിധ്യവും പ്രകൃതി സൗന്ദര്യവും ഒത്തുചേരുന്ന തേക്കടിയും അതോടെ കൂടുതല്‍ സഞ്ചാരികളുടെ പ്രിയ വിനോദകേന്ദ്രമായി.

4. ബോളിവുഡിന്‍റെ സ്വന്തം ആലപ്പുഴ

‘ഭാഗി’ എന്ന ബോളിവുഡ് ചിത്രത്തില്‍ ഒരു ഗാനമുണ്ട്. ടൈഗര്‍ ഷ്രോഫും ശ്രദ്ധാ കപൂറും അഭിനയിച്ച ആ ഗാനത്തിന്‍റെ പശ്ചാത്തലം നമ്മുടെ ആലപ്പുഴയായിരുന്നു. ദില്‍ സേ, ഏക്‌ ദിവാനാ ഥാ തുടങ്ങിയ ചിത്രങ്ങളിലും ആലപ്പുഴയുടെ മാസ്മരിക ഭംഗി പകര്‍ത്തിയിട്ടുണ്ട്.  കേരളത്തിന്‍റെ ടൂറിസം ഐക്കണുകളായി ഉപയോഗിക്കുന്ന ഹൗസ്ബോട്ടുകളും കായലുകളും നെല്‍പ്പാടങ്ങളും വള്ളംകളിയുമെല്ലാം നിറഞ്ഞ ആലപ്പുഴയും സിനിമാക്കാരുടെ പ്രിയപ്പെട്ട ഷൂട്ടിങ് ലൊക്കേഷനാണ്.

5. മീശപ്പുലിമലയും ചെന്നൈ എക്സ്പ്രസും

chennai-exoress-movie

‘മീശപ്പുലിമലയില്‍ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ?’ എന്ന് ചാര്‍ലി സിനിമയില്‍ ദുല്‍ഖര്‍ ചോദിച്ചത് കേട്ടപ്പോഴാണ് പലരും അങ്ങനെയൊരു സ്ഥലത്തെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നതു തന്നെ! തെക്കേ ഇന്ത്യയിലെ ട്രെക്ക് ചെയ്യാന്‍ പറ്റുന്ന കൊടുമുടികളില്‍ വച്ച് ഏറ്റവും ഉയരം കൂടിയ മീശപ്പുലിമല, ബോളിവുഡിന്‍റെ ഹൃദയം കവര്‍ന്നത് 'ചെന്നൈ എക്സ്പ്രസ്' എന്ന ദീപിക-ഷാരൂഖ് പടത്തിലൂടെയായിരുന്നു. ആ സിനിമയിലെ 'തിത്‌ലി' എന്ന ഗാനത്തില്‍ ദീപിക പദുക്കോണ്‍ ആടിപ്പാടുന്നത് മീശപ്പുലിമലയിലാണ്.

ഈ സിനിമയിലെ തന്നെ ‘കശ്മീര്‍ മേ, തു കന്യാകുമാരി’ എന്ന സൂപ്പര്‍ഹിറ്റ്‌ ഗാനവും ചിത്രീകരിച്ചത് കേരളത്തില്‍ തന്നെയാണ്. മൂന്നാര്‍ ആയിരുന്നു ആ ഗാനത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

6. മഴയില്‍ കുതിര്‍ന്ന ഐശ്വര്യാറായ്... ഗുരുവിലെ ഗാനം 

എ.ആര്‍. റഹ്മാന്‍ ഒരുക്കിയ ‘ബര്‍ സോ രേ മേഘാ’ എന്ന മനോഹര ഗാനത്തിനൊപ്പം ലോകസുന്ദരി ഐശ്വര്യാറായ് കൂടി ചേര്‍ന്നപ്പോള്‍ രോമാഞ്ചമുണര്‍ത്തുന്ന ഒരു അനുഭൂതിയായിരുന്നു അത്. 'ഗുരു' എന്ന ബോളിവുഡ് സിനിമയിലെ ആ ഗാനത്തിനൊപ്പം തന്നെ അതിരപ്പിള്ളി വെള്ളച്ചാട്ടവും കാഴ്ചക്കാരുടെ ഹൃദയത്തിലേക്ക് ഇരച്ചു കയറി. മഴയും വെള്ളച്ചാട്ടവും കൂടി ചേര്‍ന്നപ്പോള്‍ പതിന്മടങ്ങ്‌ സൗന്ദര്യത്തോടെ സ്ക്രീനില്‍ നിറഞ്ഞു നിന്ന അതിരപ്പിള്ളിയുടെ കാഴ്ച ഈ പാട്ടില്‍ കാണാം.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA