യാത്രാനുഭവം: പെരുന്നാൾ ദിനത്തിൽ കോഴിക്കോട് കടപ്പുറം മുതൽ വയനാട് വന്യജീവി സങ്കേതം വരെ

SHARE

ശൂന്യതയുടെ അർഥമറിഞ്ഞ ദിനമായിരുന്നു ആഹ്ലാദത്തിന്റെ ചെറിയ പെരുന്നാൾ ദിവസം, കരുതലിന്റെ നാളുകളിലെ ഒഴിഞ്ഞു കിടന്ന കോഴിക്കോട്ട് കടപ്പുറം മുതൽ വയനാട് വന്യജീവി സങ്കേതം വരെ ഒന്നു പോയ് വരാം.

രാവിലെ 7.30ന് കോഴിക്കോട് കോർപറേഷൻ ഓഫിസിനു മുന്നിലെ വിശാലവും ശുന്യവുമായ നടപ്പാതയിൽ യാത്ര നിന്നാരംഭിച്ചു. നൂറുകണക്കിന് പേർ ആവേശത്തോടെ വ്യായാമം ചെയ്തിരുന്ന ബീച്ചിൽ രണ്ടോ മൂന്നോ പേർ മാത്രം. ഞായറാഴ്ച ലോക്ഡൗൺ പൂർണമാണങ്കിലും പെരുന്നാൾ ദിനത്തിൽ ഇളവുകൾ അനുവദിച്ചു. എന്നിട്ടും പുറത്തിറങ്ങിയത് വളരെ ചുരുക്കം പേർ വാഹനങ്ങളും അപൂർവ കാഴ്ചയായ പെരുന്നാൾ പകൽ. തക്ബീറുകൾ മുഴങ്ങേണ്ട പള്ളികളൊക്കെ അടഞ്ഞു കിടന്നു. ചെറിയ പെരുന്നാൾ നമസ്ക്കാരം കഴിഞ്ഞ് ആലിംഗനം ചെയ്ത് ആഹ്ലാദത്തോടെ വീട്ടിലേക്ക് മടങ്ങുന്ന വരെ കാണാനില്ലായിരുന്നു. പുത്തനുടുപ്പിന്റെ കൗതുകം വീടുകളിൽ മാത്രമൊതുങ്ങി.

kozhikoe-payyoli-beach

കാരന്തൂർ, കുന്ദമംഗലം, കൊടുവള്ളി, താമരശേരി, ഈങ്ങാപ്പുഴ, അടിവാരം ഇവിടമെല്ലാം ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ. അടിവാരം അൻസാറുൽ മുസ്ലിമിൻ പള്ളിയും പിന്നിട്ട് ചുരം കയറുകയാണ്. ഗതാഗതക്കുരുക്കിനു പഴി കേട്ട ചുരം റോഡിൽ കണ്ണും പൂട്ടി വണ്ടി ഓടിക്കാം. നവീകരിച്ച 4 ഉം 5 ഉം വളവുകൾ മൈതാനം പോലെ ഒഴിഞ്ഞു കിടക്കുന്നു. മുകളിലേക്ക് പിന്നെയും കയറി, വ്യൂ പോയിന്റിലെ ശൂന്യത. കോഴിക്കോട് ജില്ല വിശാലമായി രാപകലന്യ കാണാനെത്തിയ ആയിരങ്ങൾ എവിടെ?

സഞ്ചാരികൾ വരാതായതോടെ കാട്ടു കുരങ്ങന്മാർ പട്ടിണിയായി. നിർത്തുന്ന വാഹനത്തിലേക്ക് ദയനീയമായൊരു നോട്ടം, വിശപ്പിന്റെ നോട്ടം. വൈത്തിരി കടന്ന് ചുണ്ടേൽ – മൈസൂരിലേക്കും ഊട്ടിയിലേക്കും റോഡ് തിരിയുന്നു. രണ്ടിടത്തേക്കും ആരും പോകുന്നില്ല. ആരും വരുന്നുമില്ല. ഞങ്ങൾ മൈസൂർ റോഡിലേക്ക് തിരിഞ്ഞു.

വയനാടിന്റെ ജില്ലാ ആസ്ഥാനം കൽപറ്റയിൽ അൽപം വാഹനങ്ങൾ നിരത്തിലുണ്ട്. കടകളൊല്ലാം അടഞ്ഞു തന്നെ കിടക്കുന്നു. വഴിയിലെ ദാറുൽ ഫലാഹിൽ മസ്ജിദും ഒഴിഞ്ഞ് കിടക്കുന്നു. റോഡിലെ ബാരിക്കേഡുകളിൽ പൂങ്കാവനം ഒരുക്കി സംസ്ഥാനത്തിന്റെ ശ്രദ്ധയാകർഷിച്ച ബത്തേരി. സ്വതന്ത്ര മൈതാനവും കോട്ടക്കുന്നും കടന്ന് മുത്തങ്ങയിലേക്ക്... വയനാട് വന്യ ജീവി സങ്കേതം വരെ .. ജന ജീവിതം താളം വീണ്ടെടുക്കാൻ ഇനിയും സമയം ഏറെയെടുക്കും എന്നതിന്റെ സൂചനകൾ .. വഴിയിലെങ്ങും... എന്നാണ് മാനവരാശി ഈ കോവിഡ് ഭീകരതയിൽ നിന്നും മോചനം നേടുക.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA