നൂറു വട്ടം പോയാലും വീണ്ടും പോകാൻ കൊതിക്കുന്ന സ്ഥലങ്ങള്‍

kerala-tourism
SHARE

യാത്രകൾ പോകാൻ ആഗ്രഹമില്ലാത്തവരായി ആരുമില്ല. നഗരതിരക്കുകളിൽ നിന്നും സ്വച്ഛമായ അന്തരീക്ഷത്തിലേക്കുള്ള യാത്രകളാണ് മിക്കവർക്കും പ്രിയം. പ്രകൃതിയുടെ സൗന്ദര്യം നുകർന്നുകൊണ്ടുള്ള യാത്ര ഒരിക്കലും മടുക്കില്ല. പ്രക‍ൃതിദൃശ്യങ്ങൾ കൊണ്ട് സഞ്ചാരികളുടെ മനസ്സ് കീഴടക്കുന്ന നിരവധിയിടങ്ങൾ ദൈവത്തിന്റെ സ്വന്തം നാട്ടിലുണ്ട്. കാഴ്ചകളുടെ സ്വപ്നലോകത്തിലേക്ക് എത്തിക്കുന്ന ഭൂമിയിലെ സ്വർഗങ്ങൾ. ഒരു നൂറു വട്ടം പോയാലും വീണ്ടും പോകാൻ കൊതിക്കുന്ന സ്ഥലങ്ങളുണ്ട്. കുടുംബമായും ഒറ്റയ്ക്കും സുഹൃത്തുക്കൾക്കൊപ്പവുമൊക്കെ യാത്രാ ചെയ്യാവുന്ന സുന്ദരഭൂമിയിലെ ഇൗ ഇടങ്ങളെ അറിയാം.

ഇല്ലിക്കൽ കല്ല്

പ്രകൃതിയുടെ സൗന്ദര്യം നേരിട്ട് ആസ്വദിക്കുവാനായി അടുത്തക്കാലത്ത് ഏറ്റവുമധികം സഞ്ചാരികൾ എത്തിച്ചേരുന്നിടമാണ് കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടക്ക് സമീപം നിലകൊള്ളുന്ന ഇല്ലിക്കൽ കല്ല്.കോടമഞ്ഞിന്റെയും തണുത്ത കാറ്റിന്റെയും മൂടുപടം മാറ്റി കടന്നുചെല്ലുമ്പോൾ, സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന മനോഹര ദൃശ്യങ്ങളാണ് ഇല്ലിക്കൽ കല്ലിലുള്ളത്. അതിമനോഹരമെങ്കിലും അപകട സാധ്യത കൂടുതലുള്ള ഈ സുന്ദരഭൂമിയിലേക്കു യാത്ര ചെയ്യുമ്പോൾ കുറച്ചുകാര്യങ്ങൾ ശ്രദ്ധിക്കുന്നത് യാത്ര കൂടുതൽ സുന്ദരമാക്കും.സമുദ്രനിരപ്പിൽ നിന്നും ഏകദേശം മൂവായിരം അടി മുകളിലായാണ് ഇല്ലിക്കൽ കല്ലിന്റെ സ്ഥാനം.

illikalkallu-trip1

അടിവാരത്തുള്ള വിശാലമായ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തിയതിനുശേഷം, കുറച്ചേറെ ദൂരം മുകളിലേക്ക് ചെന്നാൽ മാത്രമേ സുന്ദരമായ ഈ ഭൂമികയിലേക്കെത്താൻ സാധിക്കുകയുള്ളു. പച്ചയണിഞ്ഞു നിൽക്കുന്ന മൊട്ടക്കുന്നുകളെ വകഞ്ഞു മാറ്റിയുള്ള യാത്ര ആരെയും ഹരം പിടിപ്പിക്കും. ട്രെക്കിങ്ങ് ഇഷ്ടപ്പെടുന്നവർക്കു നടന്നുകയറാനുള്ള സൗകര്യങ്ങളുണ്ട്. കുത്തനെയുള്ള കയറ്റമായതുകൊണ്ടു തന്നെ നടന്നു കയറുക എന്നത് അല്പം ആയാസകരമാണ്. ആളൊന്നിന് ഇരുപതു രൂപ നിരക്കിൽ ഈടാക്കുന്ന ജീപ്പ് സർവീസുകളുണ്ട്.കാഴ്ചകളും കോടമഞ്ഞും കണ്ടു മനസ്സുനിറച്ചു നിൽക്കുമ്പോൾ ശ്രദ്ധ പതറി പോകാതെ നോക്കണം. കാരണം ഇരുവശങ്ങളിലും കൊക്കയാണ്. താഴേക്ക് പതിച്ചാൽ ജീവഹാനി ഉറപ്പെന്നതുകൊണ്ടു തന്നെ അതീവജാഗ്രത പുലർത്തേണ്ടതാണ്.

കൊളുക്കുമല

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഓർഗാനിക് ടീ എസ്റ്റേറ്റാണ് കൊളുക്കുമല. സമുദ്ര നിരപ്പിൽനിന്ന് ഏകദേശം 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ സൂര്യോദയം കാണാൻ ലോകത്തിന്റെ നാനാഭാഗത്തുനിന്നും സഞ്ചാരികൾ എത്താറുണ്ട്.

munnar-trip-kolukumala

ഇപ്പോൾ മലമുകളിൽ താമസസൗകര്യങ്ങൾ കൂടി വന്നതോടെ സഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവാണ്. കൊളുക്കുമലയിലെ സൂര്യോദയം അവിസ്മരണീയമായ കാഴ്ചയാണ്.സൂര്യനെല്ലിയിൽനിന്നു തേയിലത്തോട്ടത്തിലൂടെയുള്ള ഓഫ് റോഡിങ് പോലും ആസ്വാദ്യകരമാണ്. ജീപ്പുകൾ സൂര്യനെല്ലിയിൽനിന്നു വാടകയ്ക്കു ലഭിക്കും.

വാഗമൺ

പച്ചപ്പുനിറഞ്ഞ പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാവുന്ന ഇടമാണ് വാഗമൺ. കുംടുംബമായും അല്ലാതെയും സഞ്ചാരികൾ അവധിക്കാലയാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത് ഇൗ സുന്ദരഭൂമിയാണ്.കേരളസംസ്ഥാനത്തിലെ ഇടുക്കി- കോട്ടയം ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന പ്രകൃതി രമണീയമായ വിനോദസഞ്ചാരകേന്ദ്രമാണ് വാഗമൺ‌. മലമുകളിലെ കാഴ്ച്ച ആസ്വദിച്ച് കോടമഞ്ഞിന്റെ തണുപ്പ് ഏറ്റുവാങ്ങി പ്രകൃതിയെ തൊട്ടറിഞ്ഞുള്ള യാത്ര ആർക്കാണ് ഇഷ്ടമല്ലാത്തത്.

മൊട്ടക്കുന്നുകളുെം പൈൻമരങ്ങളുടെ കാഴ്ചയും മധുരമൂറുന്ന ചോക്ലേറ്റും തേയിലത്തോട്ടങ്ങളും ഒക്കെയുള്ള വാഗമൺ ആദ്യ കാഴ്ചയിൽ തന്നെ ആരുടെയും മനസ്സ് കീഴടക്കും.യാത്ര ബൈക്കിലാണെങ്കില്‍ തണുത്ത കാറ്റും കോടയുമൊക്കെ നേരിട്ട് അനുഭവിച്ചറിയാം.കൊച്ചിയില്‍ നിന്ന് പാലാ വഴിയും രാമപുരം വഴിയും വാഗമണിലെത്താം.

ഗവി

കാടിന്റെ കുളിർമ അറിഞ്ഞുള്ള യാത്രയ്ക്ക് ഗവി ബെസ്റ്റ് സ്ഥലമാണ്. ഒാർഡിനറി എന്ന മലയാള സിനിമയിലൂടെയാണ് മിക്കവരും ഗവിയെ ഇത്രയധികം നെഞ്ചിലേറ്റിയത്. പത്തനംതിട്ടയിലെ ഈ മനോഹര പ്രദേശത്തേക്കുള്ള യാത്ര അവിസ്മരണീയമാക്കാന്‍ സഞ്ചാരികള്‍ക്കായി കേരള ടൂറിസം ബോർഡ് നിരവധി പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

forest-gavi

സമുദ്രനിരപ്പിൽനിന്ന് 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. മലമടക്കുകളും ചോലവനങ്ങളും മൊട്ടക്കുന്നുകളാണ് ഗവിയുടെ പ്രധാന ആകർഷണം. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. അരുവികളും കൊക്കകളും താഴ്‌വരകളും എക്കോ പോയിന്റുകളും പുൽമേടുകളുമൊക്കെയായി ഗവി സഞ്ചാരികളുടെ മനംമയക്കുന്നു.

മീശപുലിമല

ദുൽഖറിന്റെ ചാർളി സിനിമയിലൂടെയാണ് മീശപുലിമലയുടെ സൗന്ദര്യം സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധമാകുന്നത്.അനുഭവിച്ചറിയണമെങ്കിൽ മീശപ്പുലിമലയിലേക്കു തന്നെ പോകണം. മലകൾ താണ്ടി നിങ്ങളുടെ കാലുകൾ ആ കൊടുമുടിയിലേക്കു ചലിക്കുമ്പോൾ മനസ് കാഴ്ചകൾക്കു ചുറ്റും പാറിപ്പറക്കുകയായിരിക്കും. കെഎഫ്ഡിസിയുടെ ഉടമസ്ഥതയിലുള്ള 2000 ഹെക്ടർ സംരക്ഷിത വനമേഖലയിലാണ് മീശപ്പുലിമലയെന്ന സ്വപ്നമല.

meeshapulimala-travel2

സമുദ്രനിരപ്പിൽ നിന്ന് 2650 മീറ്റർ ഉയരത്തിലാണ് സദാസമയവും മഞ്ഞ് പെയ്യുന്ന ഇൗ അദ്ഭുത മലനിരയുടെ സ്ഥാനം. പശ്ചിമ ഘട്ടത്തിൽ ആനമുടിയും മന്നാമലയും കഴിഞ്ഞാൽ ഏറ്റവും ഉയരത്തിലുള്ള മലയാണിത്. 500 ഹെക്ടറോളം വ്യാപിച്ച് കിടക്കുന്ന പുൽമേടുകളാണ് മീശപ്പുലിമലയുടെ പ്രധാന ആകർഷണം. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മീശപ്പുലിമല അപൂർവങ്ങളായ സസ്യജന്തുജാലങ്ങളുടെ കലവറയാണ്.

അതിരപ്പിള്ളി

ആർത്തലച്ച് കുത്തിയൊഴുകുന്ന അതിരപ്പിള്ളിയുടെ മനോഹാരിത ശരിക്കും ആസ്വദിക്കണമെങ്കിൽ മഴക്കാലം എത്തണം.കാലവർഷം കനക്കുമ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്കാണ്.നിറഞ്ഞു കവിഞ്ഞ ചാലക്കുടിപ്പുഴ രൗദ്രഭാവത്തിൽ കരിമ്പാറകൂട്ടങ്ങളെ തഴുകി താഴേക്ക് പതിക്കുമ്പോൾ അതിരപ്പിള്ളി വെള്ളച്ചാട്ടം അതിന്റെ പൂർണ സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്നു.

thrissur-athirapally-waterfall

ഹുങ്കാരത്തിൽ കുത്തിയൊലിച്ചിറങ്ങുന്ന വെള്ളച്ചാട്ടത്തിന്റെ അഴക് മിക്ക കാഴ്ചക്കാരും ദൂരെ നിന്നു ആസ്വദിക്കുകയാണ് പതിവ്. നുരഞ്ഞു പതഞ്ഞു പാഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ഹൃദയം തൊട്ടറിയണമെങ്കിൽ പതനസ്ഥാനത്തേക്കു പോകണം.പച്ചപ്പണിഞ്ഞ കാട്ടുവഴിയിലൂടെ നടന്ന് താഴെയെത്തുമ്പോൾ ആർത്തലച്ചെത്തുന്ന വെള്ളച്ചാട്ടത്തിന്റെ രൗദ്രഭാവം അടുത്തറിയാം.

വാൽപാറ

കാടിനെയും പ്രകൃതിയെയും പ്രണയിക്കുന്നവർ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിലൊന്നാണ് വാൽപാറ. പച്ചപ്പു നിറഞ്ഞ തേയിലത്തോട്ടങ്ങളും വെള്ളിയാഭരണം പോലെ ഒലിച്ചിറങ്ങുന്ന ചെറുവെള്ളച്ചാട്ടങ്ങളും നിറഞ്ഞ സുന്ദരിയാണ് വാൽപാറ.പാലക്കാട്ടുനിന്നും തൃശൂർ ജില്ലയിലെ ചാലക്കുടിയിൽനിന്നും നീളുന്നു വാൽപാറയിലേക്കുള്ള വഴി.

valpara-trip7

ചാലക്കുടി വഴിയുള്ള യാത്രയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം, ചാർപ്പ, പെരിങ്ങൽകുത്ത്, കേരള ഷോളയാർ കാഴ്ചകളുണ്ട്. പാലക്കാട്ടുനിന്നു പൊള്ളാച്ചി വഴി സഞ്ചരിക്കുമ്പോൾ ആളിയാർ ഡാം, മങ്കിഫാൾസ്, കാടമ്പാറ ഡാം എന്നിവ കണ്ട ശേഷം 40 ഹെയർപിൻ വളവുകളിലൂടെ ചുരം കയറാം. വാൽ‌പാറയിലെത്തിയാൽ നല്ലമുടി പൂഞ്ചോലയാണു പ്രധാന കാഴ്ച.

English Summary: Evergreen Tourist places in kerala

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA