ADVERTISEMENT

ഇക്കുറിയും മുടങ്ങാതെ സമയം തെറ്റിക്കാതെ മണ്‍സൂണ്‍ എത്തി. ഭൂമി വീണ്ടും പച്ചപ്പണിഞ്ഞു. മെലിഞ്ഞ്, നേര്‍ത്ത വര പോലെ ഒഴുകിയിരുന്ന അരുവികള്‍ വീണ്ടും സമൃദ്ധമായി. മരങ്ങളില്‍ പുതിയ തളിരിലകളോടെ കാടുകള്‍ കൂടുതല്‍ ഘനഗാംഭീര്യതയാര്‍ന്നിരിക്കുന്നു. മഴക്കാലപ്രിയരായ ഏതൊരു സഞ്ചാരികളുടെയും പ്രിയപ്പെട്ട സമയമാണ് ഇപ്പോള്‍... ട്രക്കിംഗും ഹൈക്കിംഗും ക്യാമ്പിങ്ങുമെല്ലാമായി അടിച്ചു പൊളിച്ചിരുന്ന സമയം. പക്ഷേ, പറഞ്ഞിട്ടെന്താ കാര്യം? കൊറോണ മൂലം ഇക്കുറി മഴക്കാല യാത്രകളും വെള്ളത്തിലായ മട്ടാണ്.

sanusha-wayanad-trip

സനൂഷയെ അറിയാത്ത മലയാളികൾ ചുരുക്കമാണ്. കാഴ്ചയിലെ കൊച്ചുണ്ടാപ്രിയുടെ ചേച്ചിയായും മാമ്പഴക്കാലത്തിലെ മാളുവായും കുസൃതി നിറഞ്ഞ അഭിനയം കാഴ്ചവെച്ചുകൊണ്ട് മനസു കവർന്ന സനൂഷ, നായികയായി എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് സിനിമാസ്വാദകർ സ്വീകരിച്ചത്. പഠനത്തിനായി സിനിമയിൽ നിന്നും വിട്ടുനിന്ന സനൂഷ മികച്ചൊരു തിരിച്ചുവരവിനു തയാറെടുക്കുകയാണ്. യാത്രകളെ അതിരറ്റു സ്നേഹിക്കുന്ന ഈ നായിക, താൻ നടത്തിയ മനോഹരയാത്രകളെക്കുറിച്ചുള്ള ചിത്രങ്ങളൈാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

യാത്രകള്‍ ഒന്നും പോകാനാവാതെ വീടുകളില്‍ ഡെസ്പടിച്ച് കഴിച്ചു കൂട്ടുന്ന യാത്രാപ്രാന്തന്‍മാരെ കൂടുതല്‍ കൊതിപ്പിക്കാന്‍ തന്‍റെ വയനാടന്‍ യാത്രയുടെ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി സനുഷ. നുരഞ്ഞൊഴുകുന്ന അരുവിക്ക് മുകളില്‍ കെട്ടിയ ഊഞ്ഞാലില്‍ ഇരുന്നാടുന്നതും കാടിനുള്ളില്‍ ഇരിക്കുന്നതുമെല്ലാമായ ചിത്രങ്ങള്‍ സനുഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചു. ലോക്ഡൗൺ കാലത്തിനു മുന്‍പേ നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് ഇവ.

വയനാട്ടിലെ പ്രശസ്തമായ 'റെയിന്‍ ഫോറസ്റ്റ് ജംഗിള്‍ സ്റ്റേ'യില്‍ നിന്നുള്ളതാണ് ഈ ചിത്രങ്ങള്‍. ഹരിതമനോഹരമായ കാടിനുള്ളില്‍ ക്യാമ്പ് ചെയ്യുന്ന അനുഭവമാണ് മേപ്പാടിയിലുള്ള ഈ താമസസ്ഥലം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. കയ്യില്‍ ഒരു കപ്പ്‌ ചായയുമായി, കാടിന്‍റെ നാനാതരം ശബ്ദങ്ങള്‍ ശ്രവിച്ച്, മരങ്ങള്‍ക്കിടയില്‍ ഇരിക്കുന്ന അനുഭവം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?

മേപ്പാടിയില്‍ നിന്നും സ്വീകരിക്കപ്പെടുന്ന അതിഥികള്‍, കാടിനുള്ളിലൂടെ ഏകദേശം അഞ്ചു കിലോമീറ്റര്‍ നീളുന്ന യാത്രക്ക് ശേഷമാണ് ഇവിടെയെത്തുക. എത്തിക്കഴിഞ്ഞ് വേണമെങ്കില്‍ പ്ലാന്റേഷന്‍ വാക്കിനു പോകാം. രാത്രി ഉറങ്ങാന്‍ ടെന്‍റ് ആവശ്യമെങ്കില്‍ അത് ഒരുക്കിത്തരും. കോട്ടേജുകള്‍ വേണ്ടവര്‍ക്ക് ഉള്ളില്‍ ഉറങ്ങാം. വേണമെങ്കില്‍, ക്യാമ്പ്ഫയര്‍ ഒരുക്കാനുള്ള സൗകര്യവും ഒരുക്കും. ചിക്കനും നെയ്ച്ചോറും അടക്കമുള്ള രുചികരമായ ഭക്ഷണമാണ് അത്താഴത്തിനു വിളമ്പുന്നത്. 

അതിരാവിലെ എഴുന്നേറ്റ് കിളികളുടെ കളനാദം കേട്ടുകൊണ്ട് കാട്ടിനുള്ളിലൂടെ നടക്കാം. അടുത്തുള്ള എളിമ്പിലേരി മലനിരകളില്‍ ട്രെക്കിംഗ് നടത്താം. തിരിച്ചു പോകുമ്പോഴും മേപ്പാടി ടൗണ്‍ വരെയുള്ള ഓഫ്റോഡ്‌ യാത്രയും പാക്കേജിന്‍റെ ഭാഗമാണ്. 

 English Summary :  Celebrity Travel sanusha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com