ADVERTISEMENT

സവാളയും ഇഞ്ചിയും പച്ചമുളകും ചതച്ച കുരുമുളകും മസാലകൂട്ടും ചേർത്ത് വഴട്ടിയെടുത്ത ബീഫ് ചൂടോടെ പൊറോട്ടയുടെ മുകളിലായി കോരിയിടണം. ആവി പറക്കുന്ന പൊറോട്ട ഒന്നിനു മുകളിലായി വീണ്ടും വയ്ക്കുക ശേഷം വാട്ടിയ വാഴയിലയിൽ പൊതിഞ്ഞ് പൊള്ളിച്ചെടുക്കണം, ഹോ ഒാർക്കുമ്പോൾ തന്നെ നാവിൽ കപ്പലോടിക്കാം. ഇത് കിഴി പൊറോട്ടയല്ല പൊതി പൊറോട്ടയാണ്. മമ്മൂട്ടിക്കാന്റെ ചായപീടികയിലെ പ്രധാനി. നാവിന്റെ മുകുളങ്ങളെ രുചി ലഹരിയിലാഴ്ത്തുന്ന വിഭവങ്ങളുമായി ഭക്ഷണപ്രേമികളെ മാടി വിളിക്കുകയാണ് മമ്മൂട്ടിക്കാന്റെ ചായപീടിക. പേരു കേൾക്കുമ്പോൾ തന്നെ ആർക്കും കൗതുകം നിറയും. രുചിയിടത്തിന്റെ പേരുപോലെ തന്നെ വിഭവങ്ങളുടെ പേരിലും ആരെയും അദ്ഭുതപ്പെടുത്തും ഇൗ രുചിശാല.

hotel-mammootican

മമ്മൂട്ടിക്കാന്റെ ചായപീടികയിലേക്ക്

കൊടുങ്ങല്ലൂർ–ഗുരുവായൂർ റൂട്ടിൽ മതിലകം പോലീസ് കോട്ടേഴ്സിന്റെ എതിർവശത്താണ്  മമ്മൂട്ടിക്കാന്റെ ചായപീടിക. പതിമൂന്നു വർഷത്തെ പാരമ്പര്യമുണ്ട് ഇൗ രുചിയിടത്തിന്. ഉടമ മമ്മൂട്ടിയും മകൻ ആസിഫ് അലിയുമാണ് രുചിയിടത്തിന്റെ നടത്തിപ്പുകാർ. ആദ്യം ചെറുകടികളും അപ്പവും പൊറോട്ടയുമൊക്കെയായി തുടങ്ങിയ ഹോട്ടലായിരുന്നു ഇത്.

hotel-mammooticante-chayapidika3

കൊറോണ കാരണം ലോകം മുഴുവനും പ്രതിസന്ധിയിലായപ്പോൾ ഹോട്ടലുടമകളുടെ സ്ഥിതിയും കഷ്ടത്തിലായിരുന്നു. പ്രതിസന്ധികളിൽ നിന്നും ഹോട്ടലിനെ ഉയർത്തികൊണ്ടുവരാൻ മകൻ ആസിഫിന്റെ ന്യൂജെൻ പൊടികൈകൾ ഹോട്ടലിലും വിഭവങ്ങളിലും ചേർത്തു, പഴയ ഹോട്ടലിനെ പുതുക്കി മമ്മൂട്ടിക്കാന്റെ ചായപീടിക എന്ന പേരു ചേർത്തു. പേരു മാത്രമല്ല അവിടുത്തെ വിഭവങ്ങളും സൂപ്പർഹിറ്റായി. പഴമയും പുതുമയും കോർത്തിണക്കിയാണ് രുചിയിടം പണിതുയർത്തിർക്കുന്നത്. ഒാലമേഞ്ഞ് മുളയുമൊക്ക ഹോട്ടലിന്റെ അലങ്കാരത്തിനായി ഉണ്ട്.

കിഴിയല്ല പൊതിപോറോട്ടയാണ്

pothyporota

മിക്ക ഹോട്ടലുകളിലെയും താരം ഇപ്പോൾ കിഴിപോറോട്ടയാണ്. എന്നാൽ മമ്മൂട്ടിക്കാന്റെ ചായപീടികയിലെത്തിയാൽ ഭക്ഷണപ്രേമികൾ ആദ്യം തിരക്കുക പൊതിപോറോട്ടയാണ്. ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും പ്രത്യേക മസാലകൂട്ടുംമൊക്കെ ചേർത്ത് വിറകടുപ്പിൽ പാകം ചെയ്യുന്ന ബീഫ് ചൂടു പോറോട്ടയുടെ മുളിലേക്ക് കോരിയിടും. വാഴയില പൊതിയുന്നതിന് മുമ്പ് കിഴിപൊറോട്ടയിൽ ചേർക്കുന്ന സവാളയും കുക്കുമ്പറും പൊതി പൊറോട്ടയിൽ ചേർക്കില്ല. വാഴയിലയിൽ പൊതിഞ്ഞ പോറോട്ട ചൂടു കല്ലിൽ വച്ച് പൊള്ളിച്ചെടുക്കും. രാവിലെ 11.30 മുതൽ പൊതിപോറോട്ട തയാറാകും. ഒരു സെറ്റിന് 125 രൂപയാണ് ഇൗടാക്കുന്നത്.

hotel-mammooticante-chayapidika1

ചിക്കൻ കൽത്ത

ചിക്കൻ കൽത്തക്കും ആരാധകരേറെയുണ്ട്. ചിക്കനിൽ മസാലകൂട്ടുകളൊക്കെ ചേർത്ത് തേങ്ങയുടെ ഒന്നാം പാലിലും രണ്ടാം പാലിലും വേവിച്ചെടുക്കും.

hotel-mammooticante-chayapidika

ഗ്രേവി പോലെയാണ് ചിക്കൻ കൽത്ത തയാറാക്കുന്നത്. മൺചട്ടിയിലാണ് ചിക്കൻ കൽത്തി പാകം ചെയ്യുന്നത്. ഇൗ വിഭവത്തിന് രൂചിയേറാൻ കാരണവും ഇതു തന്നെയാണ്. ഒരു പ്ലേറ്റ് ചിക്കൻ കൽത്ത ഒാർഡർ ചെയ്താൽ രണ്ടുപേർക്കു കുശാൽ. വെറും 110 രൂപാ മാത്രമാണ് ഇൗടാക്കുന്നത്.

ചായപീടികയിലെ സൂപ്പർ താരം ചില്ലി ഹോർലിക്സ്

ചില്ലി ഹോർലിക്സോ? ആദ്യമായി കേൾക്കുമ്പോൾ ആരുമൊന്നു അതിശയിച്ചുപോകും. ഹോർലിക്സ് ചേർത്ത പാലിൽ ചതച്ച ചുവന്നമുളകും പാചകക്കാരുടെ സ്വന്തം രഹസ്യ രുചികൂട്ടും ചേർത്ത് തയാറാക്കുന്നതാണ് ചില്ലി ഹോർലിക്സ്. ഒരു തവണ രുചിയറിഞ്ഞവർ ചില്ലി ഹോർലിക്സിന്റെ ആരാധകരാകും. അടിപൊളി ടേസ്റ്റാണ്.  മമ്മൂട്ടിക്കാന്റെ ചായപീടികയിലെത്തിയാൽ  പൊതിപോറോട്ടയും ചിക്കൻ കൽത്തിയും ചില്ലി ഹോർലിക്സും മാത്രമല്ല ഭക്ഷണപ്രമികളെ കാത്തിരിക്കുന്നത്, രുചികൂട്ടുകൾ വേറെയുമുണ്ട്. 

hotel-mammooticante-chayapidika4

രാവിലെ ചായക്കൊപ്പം സവാള വടയും ചിക്കൻ ബോണ്ടയും റൊട്ടിയും ഉണ്ടാകും. കൂടാതെ പുട്ടും അപ്പവും കിട്ടും. 11.30 മുതലാണ് പൊതിപൊറോട്ട വിളമ്പുന്നത്. ഉച്ചക്ക് നല്ല നാടൻ ഉൗണും തയാറാണ്. ആസിഫിന്റെ ഉമ്മയുടെ രുചികൂട്ടിൽ തയാറാക്കുന്ന സ്പെഷൽ ചമ്മന്തിയാണ് ഉൗണിന്റെ താരം. രാവിലെ 5.30 തുറക്കുന്ന ഹോട്ടൽ വൈകുന്നേരം 9.30 മണിവരെ ഉണ്ടാകും. തയാറാക്കുന്ന വിഭവങ്ങൾക്കുള്ള മസാലകൂട്ടുകളൊക്കെയും സ്വന്തമായി വറുത്തും പൊടിച്ചെടുക്കുകയാണ് ഇവിടുത്തെ പതിവ്. രുചിയുടെ രഹസ്യവും ഇതു തന്നെ. കുറഞ്ഞ വിലയിൽ നല്ലുഗ്രൻ വിഭവങ്ങൾ നൽകുക എന്നതാണ് മമ്മൂട്ടിക്കാന്റെ ചായപീടികയുടെ ഹൈലൈറ്റ്.

English Summary : Eatouts Mammuttikkante Chayapeediya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com