ADVERTISEMENT

ലോക്ഡൗണ്‍ കാലത്തിനു മുന്‍പ് നിരവധി യാത്രാ വിഡിയോകള്‍ സ്ഥിരമായി തന്‍റെ യുട്യൂബ് ചാനലിലൂടെ പങ്കു വയ്ക്കാറുണ്ടായിരുന്നു അവതാരക  രഞ്ജിനി ഹരിദാസ്‌. ഏറെ നാള്‍ വീട്ടില്‍ത്തന്നെ കഴിഞ്ഞ ശേഷം ലോക്ഡൗണ്‍ കാലയാത്രയുടെ വിഡിയോയുമായി എത്തിയിരിക്കുകയാണ് രഞ്ജിനി ഇപ്പോള്‍. കുട്ടിക്കാനത്തെ മനോഹരമായ ആഷ്‌ലി ബംഗ്ലാവില്‍ നിന്നുള്ള വീക്കെന്‍ഡ് വിശേഷങ്ങളാണ് രഞ്ജിനി പങ്കുവയ്ക്കുന്നത്. 

 

കൂട്ടുകാര്‍ക്കൊപ്പമാണ് ഹരിതമനോഹരമായ ഈ ബംഗ്ലാവില്‍ രഞ്ജിനി എത്തിയത്. ചുറ്റും മരങ്ങളും മലകളും പച്ചപ്പും നിറഞ്ഞ മനോഹരമായ പ്രദേശത്താണ് ഈ ബംഗ്ലാവ്.

 

അപൂര്‍വ സസ്യങ്ങളും മനംമയക്കുന്ന വാസ്തുവിദ്യയും

 

‘ഇയ്യോബിന്‍റെ പുസ്തകം’ അടക്കം നിരവധി സിനിമകളില്‍ പ്രത്യക്ഷപ്പെട്ട ഈ വീട് 500 ഏക്കർ പറമ്പിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. അപൂർവവും വർണ്ണാഭവുമായ പൂക്കൾ, ഫലവൃക്ഷങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയെല്ലാം ഇവിടെ കാണാം. 

 

1868 ൽ ബേക്കർ കുടുംബം നിർമിച്ചതാണ് ഈ ബംഗ്ലാവ്. പെരിയാർ വന്യജീവി സങ്കേതത്തിനടുത്തു നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താൽ ഇവിടെയെത്താം. പീരുമേട് മേഖലയിലെ ഏറ്റവും പഴയ പ്ലാന്ററുടെ ബംഗ്ലാവാണിതെന്ന് വിശ്വസിക്കപ്പെടുന്നു. അതിമനോഹരമായ മരപ്പണികള്‍ ഇപ്പോഴും നന്നായി സംരക്ഷിച്ചിരിക്കുന്നു. പ്രാദേശിക ശൈലികളുടെയും ഇംഗ്ലിഷ് വാസ്തുവിദ്യയുടെയും കൗതുകകരമായ മിശ്രണമാണിത്.

 

1950 കൾ വരെ റിച്ചാർഡ്സണ്‍, മൺറോ കുടുംബങ്ങള്‍ താമസിച്ചിരുന്ന ഈ വിശാലമായ ബംഗ്ലാവിന്‍റെ മരത്തില്‍ തീര്‍ത്ത സീലിങ്ങില്‍ താഴികക്കുടം കാണാം. അര്‍ധവൃത്താകൃതിയിലുള്ള വലിയ ഗ്ലാസ് വാതിലുകളും ഡൈനിങ് ഏരിയയിൽനിന്ന് വേർതിരിക്കുന്ന തടിവാതിലുകളും ഉള്ള ഗംഭീരമായ ഡ്രോയിങ് റൂമും ഇവിടത്തെ സവിശേഷതയാണ്. 

 

വിക്ടോറിയൻ രീതിയിൽ നിർമിച്ച രണ്ട് ഡബിൾ റൂമുകളും മൂന്ന് സിംഗിൾ റൂമുകളും ആണ് ഇവിടെയുള്ളത്. മുറികളിലെല്ലാം കൂറ്റൻ കട്ടിലുകളും തേക്ക് ഫർണിച്ചറും തീ കായാനുള്ള സൗകര്യവും വലിയ ബാത്ത്റൂമുകളും ഉണ്ട്.

 

എങ്ങനെ എത്താം?

 

തിരുവനന്തപുരത്ത് നിന്ന് 205 കിലോമീറ്ററും മൂന്നാറിൽ നിന്ന് 135 കിലോമീറ്ററും തേക്കടിയിൽ നിന്ന് 40 കിലോമീറ്ററും സഞ്ചരിച്ചാല്‍ കുട്ടിക്കാനത്തെത്താം. കുട്ടിക്കാനം ജംക്‌ഷനിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയായാണ് ബംഗ്ലാവ്. ജംക്‌ഷനിൽനിന്ന് ഏലപ്പാറയിലേക്ക് പോകുന്ന റോഡിലേക്ക് കടന്ന് ഇടത്തേക്ക് തിരിയുക. ബൈസൺ വാലി ജംക്‌ഷനിൽനിന്ന് ഇടത്തേക്ക് പോയാല്‍ ബംഗ്ലാവിൽ എത്താം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com