ADVERTISEMENT

മോഡലിങ്ങിലും അഭിനയത്തിലും തിളങ്ങുന്ന ഷിയാസ് മലയാളികൾക്കു സുപരിചിതനാണ്. താൻ ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് യാത്ര തന്നെയാണെന്ന്  ഷിയാസ് പറയുന്നു. യാത്രകൾ നൽകുന്ന സന്തോഷം മറ്റൊന്നിൽ നിന്നും കിട്ടില്ലെന്നും പല നാടുകളും ആളുകളും സംസ്കാരവും ഒക്കെ അറിയാനും അനുഭവിക്കാനും ഓരോ യാത്രയും നമ്മളെ പഠിപ്പിക്കുമെന്നും അതുകൊണ്ടാണ് യാത്രകളോട് കുടുതൽ ഇഷ്ടമെന്നും ഷിയാസ്. 

ലോക്ഡൗൺ ബോറടി മാറ്റാൻ പോയത് കാട്ടിലേക്ക്

ലോക്ഡൗണും കൊറോണയും കുറച്ചൊന്നുമല്ലല്ലോ നമ്മളെയൊക്ക ബുദ്ധിമുട്ടിക്കുന്നത്. സാധാരണ ജീവിത സാഹചര്യങ്ങളൊക്കെ മാറിമറിഞ്ഞു. നേരത്തേ എങ്ങോട്ടെങ്കിലും പോകണമെന്നു തോന്നിയാൽ വാഹനവുമെടുത്ത് ഒറ്റപ്പോക്കാണ്. ഇപ്പോൾ അതുപറ്റില്ലല്ലോ. പുറത്തിറങ്ങിയാൽ ആകെ പ്രശ്നം. എങ്ങോട്ടും പോകാനാകാതെ വീടിനുള്ളിൽ തന്നെ അടച്ചുപൂട്ടിയിരിക്കേണ്ടി വരുന്നു. എനിക്ക് അങ്ങനെ അടങ്ങിയിരിക്കുന്ന സ്വഭാവമില്ല. അതുകൊണ്ടുതന്നെ ഈ ലോക്ഡൗൺ കാലം എന്നെ സംബന്ധിച്ച് തടവിൽ കഴിയുന്നതുപോലെയായിരുന്നു. രണ്ട് മാസം വീട്ടിൽത്തന്നെ ഇരുന്നു. സഹിക്കാൻ പറ്റാതെ വന്നപ്പോഴാണ് ലോക്ഡൗണിൽ ഒരൽപം അയവ് കിട്ടിയ കഴിഞ്ഞ മാസം ഞാൻ ഒരു സോളോ ട്രിപ്പ് പോകാൻ തീരുമാനിച്ചത്. സോളോ ട്രിപ്പാണ് ഏറ്റവും കൂടുതൽ നടത്താറുള്ളത്. സ്വന്തം ബുള്ളറ്റ് ഓടിച്ച് പോകുമ്പോൾ കിട്ടുന്ന ഒരു സുഖം മറ്റെവിടെയും കിട്ടില്ല. 

pooyamkutty-travel2

അങ്ങനെയാണ് പൂയംകുട്ടി ആറിനപ്പുറമുള്ള കാട്ടിലേക്കു പോകാൻ തീരുമാനിച്ചത്. ഒരിക്കലും മറക്കാൻ പറ്റില്ല ആ യാത്ര. കാടിനോടും മലയോടുമൊക്കെയാണ് എനിക്ക് കൂടുതൽ ഇഷ്ടം. ട്രെക്കിങ് ഒക്കെയുള്ള, ഒരൽപം അഡ്വഞ്ചറസായ ട്രിപ്പുകളോടാണ് താൽപര്യം. എന്നാലീ യാത്ര അഡ്വഞ്ചറസ് എന്നുപറഞ്ഞാൽ പോരാ ഡെയ്ഞ്ചറസ് എന്നു പറയേണ്ടിവരും. ഇപ്പോൾ ഓർക്കുമ്പോൾ ഉള്ളിലൊരു വെള്ളിടി വെട്ടും. എന്റെ സുഹൃത്ത് വഴിയാണ് പൂയംകുട്ടിയോട് അടുപ്പം ഉണ്ടാകുന്നത്. അവൻ പണ്ടേ ആ നാടിനെക്കുറിച്ചും മറ്റുമൊക്കെ കഥ പറയുമ്പോൾ ഒരിക്കൽ അവിടെ പോകണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അവസരം കിട്ടി ഒരു പോക്കങ്ങു പോയി. 

pooyamkutty-travel

സുഹൃത്തിന്റെ അമ്മവീട് പൂയംകുട്ടി ആറിനപ്പുറമുള്ള മലയാൻ ഫോറസ്റ്റ് ഏരിയയിലാണ്. അങ്ങോട്ട് എല്ലാവർക്കും പ്രവേശനമൊന്നുമില്ല. ഞാൻ എന്റെ ബുള്ളറ്റിലാണ് പോയത്. ആറു കടക്കാൻ ജങ്കാർ സർവ്വീസുണ്ട്. ഞാൻ ചെന്നപ്പോൾ വൈകുന്നേരമായിരുന്നു. ആറിനപ്പുറം ഓഫ് റോഡാണ്. ജീപ്പുമാത്രം പോകുന്ന വഴി. ആകെ കുണ്ടും കുഴിയും കല്ലും മാത്രം. ആ വഴിയിലൂടെ പതിനാല് കിലോമീറ്റർ പോകണം. ലോക്ഡൗൺ ആയതിനാൽ മാത്രമല്ല ഫോറസ്റ്റ് ഏരിയ കൂടിയായതിനാൽ ഒരാളുപോലും വഴിയിലെങ്ങുമില്ല. ഞാൻ മാത്രം. ജങ്കാറിലെ ചേട്ടൻ പറഞ്ഞിരുന്നു ആനയിറങ്ങുമെന്ന്. വല്ലാത്തൊരു ഭീതിയായിരുന്നു വണ്ടിയോടിക്കുമ്പോൾ.

pooyamkutty-travel3

ഒന്നാലോചിച്ച് നോക്കിക്കേ, ഒറ്റയ്ക്കൊരു കാട്ടുവഴിയിൽ നിങ്ങൾ വണ്ടിയോടിച്ചു പോകുന്നത്. ഏതു നിമിഷവും വന്യമൃഗങ്ങളുടെ എൻട്രി പ്രതീക്ഷിക്കാം. എന്തായാലും കുഴപ്പമൊന്നുമില്ലാതെ, താമസം ഒരുക്കിയ സ്ഥലത്തെത്താൻ സാധിച്ചു. കാടിനുള്ളിൽ വലിയ രണ്ട് മരങ്ങൾക്കിടയിൽ പണിത ഏറുമാടത്തിലായിരുന്നു ആ രാത്രി കഴിയേണ്ടത്. ഏറുമാടത്തിലൊക്കെ ഞാൻ ഇതിനുമുമ്പും താമസിച്ചിട്ടുണ്ട്. പക്ഷേ അതൊക്കെ ഏതെങ്കിലും റിസോർട്ടിലേയൊ മറ്റോ ആയിരുന്നു. ഇതങ്ങനയല്ല. കാട്ടിലെ മുളകൊണ്ട് ഉണ്ടാക്കിയ നല്ല ഒറിജിനൽ ഏറുമാടം. അതിലേയ്ക്ക് കയറാനുള്ള പടികളും എല്ലാം മുളകൊണ്ടാണ് നിർമിച്ചിരിക്കുന്നത്. അങ്ങനെ ഏറുമാടത്തിൽ കയറി. കറണ്ടില്ല, മൊബൈൽ റേഞ്ചില്ല, പുറംലോകവുമായി യാതൊരു ബന്ധവുമില്ല. നമ്മളും കാട്ടിലെ കുറേ ശബ്ദങ്ങളും മാത്രം. പറഞ്ഞറിയിക്കാനാവില്ല ഞാൻ അന്നനുഭവിച്ച ഫീൽ. ശുദ്ധവായു ശ്വസിച്ച് കാടിന്റെ മർമ്മരം കേട്ട് ആകാശത്തിന് താഴെയൊരു ഏറുമാടത്തിൽ തണുത്ത രാത്രിയിലെ ഉറക്കം. 

shyas-trip

ഞാൻ ചെല്ലുന്നതിന് കുറച്ച് ദിവസം മുമ്പ് ആ ഏറുമാടത്തിനടുത്ത് വച്ച് ആന ഒരാളെ ആക്രമിച്ചതാണത്രേ. അത്രയും ഭീകരത നിറഞ്ഞ ഒരു സ്ഥലത്താണ് ഞാൻ ഉറങ്ങുന്നത്. പക്ഷേ അതൊരു വല്ലാത്ത അനുഭവം തന്നെയായിരുന്നു. രാവിലെ പേരറിയാ കിളികളുടെ ചിലമ്പലും അടുത്തുള്ള വെള്ളച്ചാട്ടത്തിന്റെ തെന്നിതെറിക്കുന്ന ശബ്ദവും കേട്ടാണ് ഞാൻ എഴുന്നേറ്റത്. ഇത്രയും മനോഹരമായൊരു ദിവസം ജീവിതത്തിൽ ഉണ്ടായിട്ടില്ല. പല കാടുകളിൽ പോയിട്ടുണ്ടെങ്കിലും ഈ യാത്ര ഒരിക്കലും മറക്കില്ല. 

ട്രാവൽ മേയ്ക്ക് മി കംപ്ലീറ്റ്

യാത്ര എന്നെ സംബന്ധിച്ച് പുതിയ കാര്യങ്ങൾ പഠിക്കാനുള്ള മാർഗ്ഗമാണ്. വിദേശരാജ്യങ്ങളിലൊക്കെ യാത്ര നടത്തുമ്പോഴും ഞാൻ അവിടുത്തെ നാട്ടുകാരെ അറിയാനാണ് കൂടുതലും ശ്രമിക്കാറ്. ഒരിക്കൽ യൂറോപ്യൻ രാജ്യമായ ബൾഗേറിയയിൽ പോയി. പല ആളുകളുകളേയും അവരുടെ ജീവിത രീതിയുമെല്ലാം പരിചയപ്പെടാൻ സാധിച്ചു. ഒരു ടൂർ ഏജൻസിയും കാണിച്ചുതരാത്ത കാഴ്ചകളും സ്ഥലങ്ങളും അവർ നമുക്ക് പരിചയപ്പെടുത്തും. 

Bulgaria

ഞാൻ വളരെ പെട്ടെന്ന് ആളുകളുമായി പരിചയത്തിലാകും, ബോഡിയിലെ മസിലുപിടുത്തം എന്റെ സ്വഭാവത്തിലില്ല. എനിക്ക് ആളുകളെ അടുത്തറിയാൻ ഇഷ്ടമാണ്. യാത്രകളിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് പുതുരുചികളാണ്. നേരത്തേ പറഞ്ഞതുപോലെ ഒരു പ്രദേശത്തിന് അവരുടേതായ രുചികളും സംസ്കാരവുമൊക്കെ ഉണ്ടാകും. അതൊക്കെ അറിയണമെങ്കിൽ അവരുമായി അടുക്കണം. വയനാട്ടിലേക്ക് പലപ്പോഴും പോകാറുണ്ട്. നമ്മുടെ നാട്ടിൽ ഏറ്റവും ഇഷ്ടം വയനാടും മൂന്നാറുമാണ്. അവിടെ കിട്ടുന്ന ശുദ്ധവായു നമുക്ക് എവിടെനിന്നും കിട്ടില്ല. എനിക്ക് യൂറോപ്യൻ വീസയുണ്ട്. ഈ വർഷം ആംസ്റ്റർഡാമിൽ പോകാൻ പ്ലാൻ ചെയ്തതായിരുന്നു. എന്നാൽ കൊറോണ കാരണം നടക്കാതെ പോയി. ഇനിയെല്ലാം ഒന്നൊതുങ്ങിയിട്ട് വേണം പോകാൻ.

shyas-trip1

നേപ്പാളും ശ്രീലങ്കയും ശരിക്കുമൊന്ന് കാണണമെന്നാണ് എന്റെ അടുത്ത പദ്ധതി. നേപ്പാളിൽ ഞാൻ പോയിട്ടില്ല. വർക്ക് സംബന്ധമായി ശ്രീലങ്കയിൽ  പോയിരുന്നു. ശ്രീലങ്ക ശരിക്കും ആസ്വദിക്കണമെന്ന് കരുതിയ സ്ഥലമാണ്. ഒരിക്കൽക്കൂടി അവിടെ പോകും, സമയമെടുത്ത് മുഴുവനും കാണാൻ ശ്രമിക്കും. ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കണമെന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. 

English summary : Celebrity Travel Shiyas Kareem

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com