ADVERTISEMENT

പ്രകൃതിയെ തൊട്ടറിഞ്ഞ് സുന്ദരകാഴ്ചകൾ ആസ്വദിച്ച് യാത്ര ചെയ്യാൻ പറ്റിയയിടമാണ് കാന്തല്ലൂർ. മൂന്നാറിൽ നിന്നും എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റുന്നയിടവുമാണ്. ആപ്പിളും ഒാറഞ്ചും സ്ട്രോബറിയുമൊക്കെ വിളയുന്ന പാടങ്ങളും ശർക്കരയുടെ മാധൂര്യം നിറഞ്ഞ മറയൂർ ശർക്കര ഫാക്ടറിയുമൊക്കെ കാന്തല്ലൂർ യാത്രയിലെ ദൃശ്യങ്ങൾക്കു മാറ്റുകൂട്ടുന്നു. 

ശീതകാല പഴം-പച്ചക്കറി കേന്ദ്രവും പ്രധാന വിനോദസഞ്ചാര മേഖലയുമായ കാന്തല്ലൂരിൽ സബർജെല്ലി, ആപ്പിൾ പഴങ്ങൾ വിളഞ്ഞു പാകമായി.എന്നാൽ കോവിഡ് ഭീതിയിൽ വിനോദസഞ്ചാരികളുടെ വരവു നിലച്ചതു വിപണിക്കു തിരിച്ചടിയാകുന്നു. വാങ്ങാനാളില്ലാതെ ചീഞ്ഞുപോകുന്ന അവസ്ഥയിലാണ് പഴങ്ങൾ.  ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൂവിടുന്ന സബർജെല്ലിയും ആപ്പിളും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണു പാകമാകുന്നത്. 

ഈ സമയത്ത് തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ഒട്ടേറെ സഞ്ചാരികളാണ് ആപ്പിൾ, സബർജെല്ലി തോട്ടങ്ങളിൽ എത്തിയിരുന്നത്.  മോഹവിലയ്ക്കു വിൽപനയും നടന്നിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു വീട്ടിൽ ഒരു ഫലവൃക്ഷത്തൈ എന്ന പദ്ധതിയും നടപ്പാക്കിയതോടെ  ആപ്പിൾക്കൃഷി  വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള വിളയായി മാറുകയായിരുന്നു.  ഭൂരിഭാഗം കർഷകരും ഇപ്പോൾ ഫലവർഗക്കൃഷി ഉപേക്ഷിച്ചു പച്ചക്കറിക്കൃഷിയിലേക്കും നെൽക്കൃഷിയിലേക്കും തിരിയുകയാണ്.

കൃഷിയാണ് കാന്തല്ലൂർ നിവാസികളുടെ പ്രധാന വരുമാനം. മൂന്നാറിൽ നിന്ന് ഏറെ സഞ്ചാരികൾ മറയൂർ വഴി കാന്തല്ലൂരിലേക്കെത്തുന്നു. പ്രകൃതിരമണീയമായ യാത്രക്കൊപ്പം കാർഷികത്തോട്ടങ്ങൾ കൂടി കാണുകയെന്നത് തന്നെയാണ് സഞ്ചാരികളുടെ ലക്ഷ്യം. മൂന്നാറിന്റെ മലമടക്കുകളുടെ പശ്ചാത്തലത്തിലാണ് കാന്തല്ലൂർ ഗ്രാമം അതിസുന്ദരിയായി നിലനിൽക്കുന്നത്. പച്ചപ്പണി‍ഞ്ഞ പാടങ്ങളും അതിനു നടുവിൽ ഓല മേഞ്ഞ പുരകളും ആ നാടിന്റെ ഐശ്വര്യം കൂട്ടുന്നു. ചന്ദനമരങ്ങളെ തഴുകിയെത്തുന്ന കാറ്റേറ്റ് കാന്തല്ലൂരിലൂടെയുള്ള യാത്ര മനസ്സിന് കുളിരു പകരുന്ന അനുഭവമാണ്. ചന്ദന മരങ്ങളും കാട്ടുചെടികളും നിറഞ്ഞ താഴ്‌വരകളിലേക്ക് എത്ര തവണ ക്യാമറ സൂം ചെയ്താലും കൊതി തീരില്ല. സുന്ദരകാഴ്ചകളാണ് പ്രകൃതി ഇവിടെ ഒരുക്കിയിരിക്കുന്നത്.

English Summary : Kanthalloor Fruits Season

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com