ഞണ്ടും കള്ളും കായല്‍മീനും രുചിക്കാം; ഇത് കൊച്ചിയുടെ സ്വന്തം കുട്ടനാട്

kadamakudi
SHARE

അധികം ബഹളങ്ങളില്ലാതെ പോയിരുന്ന് കായല്‍ക്കാഴ്ചകളും ഏക്കറുകളോളം നീണ്ടുകിടക്കുന്ന വയലേലകളും ഗ്രാമീണഭംഗിയും നല്ല ശുദ്ധവായുവുമെല്ലാം ആസ്വദിക്കാന്‍ ഒരിടം തേടുന്നവര്‍ക്ക് ഏറ്റവും പറ്റിയ സ്ഥലമാണ് എറണാകുളം ജില്ലയിലുള്ള കടമക്കുടി ദ്വീപ്‌. കൊച്ചി നഗരമധ്യത്തില്‍നിന്നു വെറും എട്ടു കിലോമീറ്റര്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഹരിതമനോഹരമായ കടമക്കുടിയെ ‘എറണാകുളത്തിന്റെ കുട്ടനാട്’ എന്നു വിളിക്കുന്നത് വെറുതെയല്ല എന്ന് ഇവിടം സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കു മനസ്സിലാകും. പ്രകൃതിഭംഗി കാണുക മാത്രമല്ല, നാവില്‍ കപ്പലോടിക്കുന്ന കായല്‍വിഭവങ്ങളും കൊഞ്ചും കള്ളും ഞണ്ടുമെല്ലാം വയറുനിറയെ കഴിക്കുകയുമാവാം!

kadamakudi-travel1

വലിയ കടമക്കുടി (പ്രധാന ദ്വീപ്), മുരിക്കൽ, പാലിയംതുരുത്ത്, പിഴാല, ചെറിയ കടമക്കുടി, പുളിക്കപുറം, മൂലംപിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചെന്നൂർ, കോത്താട്, കോരമ്പടം, കണ്ടനാട്, കാരിക്കാട് എന്നിങ്ങനെ പതിനാലോളം ദ്വീപുകളുടെ സമൂഹമാണ് കടമക്കുടി. ഇതില്‍ വലിയ കടമക്കുടി, ചെറിയ കടമക്കുടി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്.  ശിക്കാരവള്ളയാത്ര, പക്ഷിനിരീക്ഷണം തുടങ്ങിയവ ആസ്വദിക്കാനും കടമക്കുടിയുടെ രുചികരമായ വിഭവങ്ങള്‍ കഴിക്കാനുമായാണ് കൂടുതല്‍ പേരും ഇവിടെ എത്തുന്നത്. 

kadamakudi-travel2

എറണാകുളം ജില്ലയിലെ പ്രസിദ്ധമായ കള്ളുഷാപ്പുകളിൽ ഒന്നായ കടമക്കുടി ഷാപ്പ് തേടി എത്തുന്നവരും കുറവല്ല. ഷാപ്പിലെ നാടൻ ചെത്തു കള്ളും മത്സ്യവിഭവങ്ങളും അതിപ്രശസ്തമാണ്. വിവിധ രാജ്യങ്ങളില്‍ നിന്നും പറന്നെത്തുന്ന ദേശാടനപ്പക്ഷികളെ കാണാനും ചൂണ്ടയിട്ടു മീന്‍ പിടിക്കാനും ഏറുമാടത്തിലേറാനുമെല്ലാം ഉള്ള അവസരം കടമക്കുടിയിലുണ്ട്. വിനോദസഞ്ചാരികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നവരാണ് ഇവിടത്തെ സഹൃദയരായ നാട്ടുകാര്‍.

1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖത്തിന്‍റെ രൂപീകരണസമയത്താണ് കടമക്കുടിയും ഉണ്ടായത് എന്നാണു കരുതപ്പെടുന്നത്. നാലു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടതായതിനാല്‍ നാട്ടുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും വഞ്ചികളും മാത്രമേ പണ്ടുകാലത്ത് ഉണ്ടായിരുന്നുള്ളു. പിന്നീട് റോഡ്‌ വന്നതോടെ കടമക്കുടിയുടെ വിനോദസഞ്ചാര സാധ്യതകൾ വർധിച്ചു. 

kadamakudi-travel

ഈയടുത്ത കാലത്താണ് കടമക്കുടി എന്ന പേരിന് വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ തിളക്കമേറിയത്. സോഷ്യല്‍മീഡിയയിലൂടെയാണ് കടമക്കുടി എന്ന സുന്ദരിയെ ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്. ഫൊട്ടോഗ്രഫര്‍മാരുടെയും ഫോട്ടോഷൂട്ടിനെത്തുന്ന നവദമ്പതിമാരുടെയും പറുദീസയാണ് ഇപ്പോള്‍ ഇവിടം. ഇവിടെയെത്താന്‍ കൊച്ചിയില്‍നിന്നു വെറും പതിനഞ്ചു മിനിറ്റ് മതി എന്നതും കടമക്കുടിയുടെ ജനപ്രിയത കൂട്ടുന്നു.

English Summary: Kadamakkudy Village Tour

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA