ADVERTISEMENT

വടകരയുടെ ഊട്ടി എന്ന് വെറുതെ പറഞ്ഞതല്ല. നാട്ടുകാർ ഈ മലയെ വിളിക്കുന്നത് അങ്ങനെയാണ്. കാരണം അതിന്റെ സൗന്ദര്യം തന്നെയാണ്.വടകര പട്ടണത്തില്‍ നിന്നും വെറും അഞ്ചു കിലോമിറ്ററുകള്‍ മാത്രം ദൂരത്തിലുള്ള ഒരു മല. വടകരയുടെയും, സമീപ പ്രദേശങ്ങളുടെയും ഭംഗി കുറച്ചു ഉയരത്തില്‍ ഇരുന്നു ആസ്വദിക്കാന്‍ ഇതുപോലൊരു സ്ഥലം വേറെ കാണില്ല.

അത്രയ്ക്ക് മനോഹരമാണ് ഇവിടെ നിന്നുള്ള കാഴ്ചകള്‍.ശുദ്ധ വായുശ്വസിച്ചിരിക്കാവുന്ന മനോഹരമായ ഒരിടം.ആകാശവും,കടലും, പച്ചപ്പുകളും, കുന്നും മലകളുമൊക്കെ മതിവരുവോളം കണ്ട് ആസ്വദിച്ചിരിക്കാവുന്ന ആ സ്വർഗീയ ഇടത്തിന് പേരാണ് പയംകുറ്റിമല. വടകരയിലെ പ്രധാനടൂറിസ്റ്റ് കേന്ദ്രമായ ലോകനാര്‍കാവ് ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തെ റോഡിലൂടെ 800 മീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ പയംകുറ്റിമലയില്‍ എത്താം.വടകരയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് പയംകുറ്റിമല.

സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം 2000ത്തോളം അടി മുകളിലാണ് ഈ മല. അത്രയും ഉയരത്തില്‍ നിന്നുമുള്ള കാഴ്ചയാണ് സഞ്ചാരികളെ പയംകുറ്റിമലയിലേക്ക് ആകര്‍ഷിക്കുന്നത്. ഉദയവും അസ്തമയവും കാണാനും മുത്തപ്പന്‍ പ്രസാദം കഴിക്കാനുമായി നിരവധി പേരാണ് ദിനംപ്രതി പയംകുറ്റിമലയിലേക്ക് എത്തുന്നത്. ജനുവരിയിലെ രണ്ടാമത്തെ ആഴ്ചയാണ് മുത്തപ്പന്‍ മലയിലെ ഉത്സവം. തിറയോടൊപ്പം തന്നെ വിവിധങ്ങളായ കല-സാംസ്‌കാരിക പരിപാടികളും ഇവിടെ ഉണ്ടാകാറുണ്ട്.

പച്ചപ്പും കുന്നും മലയും ആകാശവും കണ്ട് മതിവരുവോളം പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ഇതുപോലെ വേറൊരിടം സംശയമാണ്. വൈകുന്നേരമായാല്‍ പയംകുറ്റിമലയിലെ സൂര്യാസ്തമയം കാണൽ ഒരു ദിനചര്യ പോലെയാണ് നാട്ടുകാർക്ക്. അൽപസമയം തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞ് ഇരിക്കാൻ ആരും തേടിയെത്തുന്ന ഒരിടം കൂടിയാണ് ഇവിടം. 

മലമുകളിൽ നിന്ന് നോക്കിയാൽ പടിഞ്ഞാറ് കടല്‍ കാണുന്നത് തെങ്ങിന്‍ തോപ്പുകള്‍ക്കൊക്കെ മുകളിലായിട്ടായിരിക്കും. അതായത് പച്ചവിരിച്ച വലിയൊരു പരവതാനിയും  അതിൻ്റെ അങ്ങേയറ്റം നീലനിറത്തിൽ ആറാടി നിൽക്കുന്ന കടലും. പ്രശസ്തമായ ലോകനാര്‍കാവില്‍ അമ്മയുടെ ഇന്നത്തെ പ്രതിഷ്ഠ സ്ഥിതിചെയ്യുന്ന സ്ഥലത്തിനും പയംകുറ്റിമലയുമായി ബന്ധമുണ്ടെന്നാണ് പറയുന്നത്. കുടക്കാട്ട് മലയില്‍ നിന്നും അസ്ത്രം എയ്തപ്പോള്‍ ആ അസ്ത്രം ചെന്നു തറിച്ചത് ഇന്ന് ലോകനാര്‍കാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നുവത്രേ.

അറബിക്കടലും വെള്ളിയാംകല്ലും, തിക്കോടി ലൈറ്റ് ഹൗസും, ഇത്തിരി കൂടി സൂക്ഷ്‌മമായി നോക്കിയാല്‍ വയനാടന്‍ മലനിരയും കണ്ട് പച്ചപ്പും  ആസ്വദിച്ച് ഒരു സായന്തനമാണ് മനസിലെങ്കിൽ  ഒന്നും നോക്കണ്ട പയംകുറ്റിമലയിലേക്ക് പോകാം.

English Summary: payamkuttimala eco tourism spot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com