ADVERTISEMENT

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളമെങ്കില്‍ ആ നാട്ടില്‍ കാഴ്ചകളുടെ സ്വര്‍ഗഭൂമിയാണ് വയനാട്. ചുരം കയറിയും അതിര്‍ത്തി കടന്നുമെത്തുന്നവര്‍ക്ക് വൈവിധ്യമായ കാഴ്ചകളൊരുക്കിയാണ് ടൂറിസ്റ്റ് ഭൂപടത്തില്‍ വയനാട് വേറിട്ട് നില്‍ക്കുന്നത്.കാടും മേടും മഞ്ഞും മലകളും തടാകങ്ങളും താഴ്‌‌‌‌വാരങ്ങളുമെല്ലാം ഇഴചേര്‍ന്ന് കിടക്കുന്ന ഈ അനുഗ്രഹീത മണ്ണ് സഞ്ചാരികള്‍ക്ക് മുന്നില്‍ തുറന്നിടുന്നത് വശ്യസുന്ദരമായ പ്രകൃതിഭംഗിയുടെ വാതായനങ്ങളാണ്. നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടെത്തിരിഞ്ഞാലുമുണ്ട് കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങള്‍.

wayanad-trip

വയനാട്ടിൽ കാണാൻ അനേകമനേകം സ്ഥലങ്ങൾ ഉണ്ടെങ്കിലും രണ്ട് പ്രമുഖ വെള്ളച്ചാട്ടങ്ങൾ കാണാതെ അവിടേയ്ക്കുള്ള യാത്ര അവസാനിപ്പിക്കരുത്.

മീന്മുട്ടി വെള്ളച്ചാട്ടം

കേരളത്തിലെ രണ്ടാമത്തെ വലിയ വെള്ളച്ചാട്ടം ആണ് മീന്മുട്ടി വെള്ളച്ചാട്ടം.വയനാടന്‍ മലനിരകളുടെ ഹരിതാഭയെ കീറിമുറിച്ച് താഴേക്കു കുതിക്കുന്ന മീന്‍മുട്ടി വെള്ളച്ചാട്ടം അതിമനോഹരമായ ഒരു കാഴ്ചയാണ്. വടുവന്‍ചാലിനു സമീപം നീലിമലയില്‍ നിന്ന് മീന്‍മുട്ടി വെള്ളച്ചാട്ടം കാണാം. കൽ‌പറ്റയിൽ നിന്നും 29 കിലോമീറ്റർ തെക്കായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം സാഹസിക മലകയറ്റക്കാർക്ക് വളരെ പ്രിയങ്കരമാണ്. ഈ വെള്ളച്ചാട്ടത്തിൽ മൂന്നു തട്ടുകളിലായി 300 മീറ്റർ ഉയരത്തിൽ നിന്ന് ജലം താഴേക്ക് വീഴുന്നു. ഈ മൂന്നു തട്ടുകളിലേക്കും കയറാൻ വെവ്വേറെ പാതകൾ സ്വീകരിക്കണം. മീന്മുട്ടി, സൂചിപ്പാറ വെള്ളച്ചാട്ടം, കാന്തപ്പാറ വെള്ളച്ചാട്ടം എന്നിവ ചാലിയാറിലേക്ക് ജലം എത്തിക്കുന്നു. കൽ‌പറ്റയിൽ നിന്ന് തേയിലത്തോട്ടങ്ങൾക്കും തേക്കു വനങ്ങൾക്കും ഇടക്കു കൂടി ആണ് ഇവിടേക്ക് എത്തേണ്ടത്. 

meenmutty-waterfalls

ചൂരൽമല വെള്ളച്ചാട്ടം

പശ്ചിമഘട്ട മലനിരകളില്‍ നിന്ന് വയനാടന്‍ കാടുകളും,തേയില തോട്ടങ്ങളും താണ്ടി ഒഴുകിവരുന്ന ഒരു കൊച്ചു സുന്ദരിയാണ് ചൂരൽമല വെള്ളച്ചാട്ടം. ഈ വെള്ളച്ചാട്ടത്തിൻ്റെ ഉത്ഭവ സ്ഥാനം തേടി പോയാല്‍ ഏതേലും മലയടിവാരത്തെത്തും. പാറക്കെട്ടുകള്‍ക്കിടയിലൂടെ പാലരുവി ഇളകിമറിഞ്ഞു വരുന്ന കാഴ്ച അതിമനോഹരമാണ്.20 അടി പൊക്കത്തില്‍ നിന്നാണ് ഈ ചാട്ടം ,വെള്ളം ചാടുന്നിടം ഒരു കുഴിയാണ്.നീന്തല്‍ അറിയാവുന്നവര്‍ക് ധൈര്യമായി ഇറങ്ങാം.

അധികമാരും എത്തിപ്പെടാത്ത സുന്ദരമായൊരിടം ,തിക്കും തിരക്കുമൊന്നുമില്ലാതെ പ്രകൃതിയെ വേണ്ടുവോളം ആസ്വദിക്കാം .മേപ്പടിയിൽ നിന്നും ചൂരൽ മല റോഡിൽ 6 കിലോമീറ്റർ പോയാൽ ഇവിടെ എത്താം.

English Summary: Wayanad Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com