ADVERTISEMENT

കല്ലാറ്റിൽ ഉല്ലാസത്തിന്റെ ഓളങ്ങളിൽ തുഴയെറിഞ്ഞ് കുട്ടവഞ്ചി സവാരിക്ക് തുടക്കം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാസങ്ങൾക്ക് മുൻപ് താൽക്കാലികമായി നിർത്തിവച്ച കുട്ടവഞ്ചി സവാരി നിയന്ത്രണങ്ങളോടെ ഇന്നലെ പുനരാരംഭിച്ചു.കല്ലാറ്റിൽ ജലനിരപ്പ് താഴ്ന്നിട്ടുള്ളതിനാൽ ഹ്രസ്വദൂര സവാരി മാത്രമാണ് ഇപ്പോഴുള്ളത്. കടവിൽ നിന്ന് കല്ലാറിന്റെയും കാടിന്റെയും കാഴ്ചകളിലൂടെ അര മണിക്കൂർ കുട്ടവഞ്ചിയിൽ യാത്ര ചെയ്ത് അതേ കടവിൽ തിരികെയെത്താം.

കുട്ടവഞ്ചി കേന്ദ്രത്തിലെ തുഴച്ചിലുകാരും മറ്റ് ജീവനക്കാരും സുരക്ഷയ്ക്കായി ഫെയ്സ് ഷീൽഡും മാസ്ക്കും കയ്യുറയും ധരിച്ചിട്ടുണ്ട്.  ഓരോ തവണ സവാരി കഴിഞ്ഞ് എത്തുമ്പോഴും കുട്ടവഞ്ചി, ഇരിപ്പിടം, യാത്രക്കാർ ധരിക്കുന്ന ലൈഫ് ജാക്കറ്റ് എന്നിവ അണുവിമുക്തമാക്കും.

കുട്ടവഞ്ചി സവാരിക്കെത്തുന്നവർ അറിയേണ്ടത്

സാമൂഹിക അകലം പാലിച്ച് ഒരു കുട്ടവഞ്ചിയിൽ 2 പേർക്ക് മാത്രമാണ് യാത്ര അനുവദിക്കുന്നത്. പരമാവധി 2 പേർക്ക് ഒരു കുട്ടവഞ്ചിയിലെ യാത്രയ്ക്ക് 500 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തനം.സവാരിക്ക് ടിക്കറ്റ് എടുക്കുന്നവർക്ക് മാത്രമാണ് കുട്ടവഞ്ചി കേന്ദ്രത്തിലേക്ക് പ്രവേശനം. മാസ്ക് ധരിക്കണമെന്നത് നിർബന്ധമാണ്. പ്രധാന റോഡിൽ നിന്ന് പാർക്കിങ് സ്ഥലത്തേക്ക് വാഹനം ഇറക്കുന്നതിന് മുൻപ് ചക്രങ്ങൾ അണുവിമുക്തമാക്കും. ഒരേ സമയം 10 പേർക്ക് മാത്രമാണ് യാത്ര. ഇവർ യാത്ര കഴിഞ്ഞ് മടങ്ങിയ ശേഷം അടുത്ത 10 പേരെ കടത്തിവിടുന്നത്.

ടിക്കറ്റ് കൗണ്ടറിന് സമീപം സാനിറ്റൈസർ ഡിസ്പെൻസർ വച്ചിട്ടുണ്ട്. തെർമൽ സ്കാനർ ഉപയോഗിച്ച് പരിശോധിച്ച് റജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷം ടിക്കറ്റ് എടുത്ത് കടവിൽ എത്തി യാത്ര ചെയ്യാം. യാത്രയ്ക്ക് ശേഷം കടവിലും കുട്ടവഞ്ചി കേന്ദ്രത്തിലും തങ്ങാൻ അനുവദിക്കുകയില്ല.

English Summary: Kuttavanchi Savari

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com