ADVERTISEMENT

ഓണക്കാലത്ത് യാത്രാചിത്രങ്ങള്‍ പങ്കുവച്ച് സുപ്രിയ മേനോന്‍. ഭര്‍ത്താവും നടനുമായ പൃഥ്വിരാജിനും മകള്‍ അല്ലിക്കുമൊപ്പം വാഗമണ്ണില്‍ ചെലവഴിച്ച മനോഹരമായ അവധിദിനങ്ങളുടെ ചിത്രങ്ങളാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇത് തങ്ങള്‍ക്ക് ഏറെ ആവശ്യമായ ഒന്നായിരുന്നെന്നും സുപ്രിയ കുറിച്ചു.

ദൂരെ മലനിരകളെ നോക്കി പൃഥ്വിരാജിനൊപ്പം ഇരിക്കുന്നതും പച്ച നിറഞ്ഞ താഴ്‌‌വരകളും കോടമഞ്ഞും കാണാനാവുന്ന ഒരു ബാല്‍ക്കണിയുടെ ചിത്രവുമാണ് സുപ്രിയ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. പച്ച നിറത്തിലുള്ള കുപ്പികള്‍ ഇറയത്ത്‌ തൂക്കിയിട്ടിരിക്കുന്നതും കാണാം. വാഗമണ്ണിലുള്ള ലിറ്റില്‍ ഫ്ലവര്‍ ഫാംസ് ആണ് ലൊക്കേഷന്‍. ഒരിക്കല്‍ ഫാം ഹൗസ് ആയിരുന്ന ഈയിടം ഇന്ന് പരിസ്ഥിതി സൗഹൃദപരമായ ഒരു ഹോംസ്റ്റേ ആണ്.

പുരാതനമായ ഈ കെട്ടിടത്തിന്‍റെ പരിസരമാവട്ടെ,  വിവിധയിനത്തില്‍പ്പെട്ട സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ സസ്യവൈവിധ്യവും ജന്തുജാലങ്ങളെയും കൊണ്ട് നിറഞ്ഞിരിക്കുന്നു. മലനിരകളുടെ കുളിരും പ്രകൃതിയുടെ സ്നേഹസാന്ദ്രതയും അനുഭവിച്ചറിയാന്‍ പറ്റിയ ഇടത്താണ് ലിറ്റില്‍ ഫ്ലവര്‍ ഫാംസ് ഉള്ളത്.

നാല് മുറികള്‍ ഉള്ള ഒരു കെട്ടിടമാണ് ഈ ഹോംസ്റ്റേ. കുടുംബമായോ കൂട്ടുകാരുമായോ ആണ് വരുന്നതെങ്കില്‍ ഇത് മുഴുവനായും ബുക്ക് ചെയ്യാവുന്നതാണ്. വലിയ ഗ്ലാസ് ജാലകങ്ങളും ബാൽക്കണികളും ഉള്ള മുറികളിലൂടെ നോക്കുമ്പോള്‍ കാണുന്ന ഹരിതമനോഹാരിത നിറഞ്ഞ മലയോരങ്ങളുടെ പ്രഭാതക്കാഴ്ച മനോഹരമായ അനുഭവമായിരിക്കും.

മരങ്ങള്‍ക്കിടയില്‍ മറഞ്ഞിരിക്കുന്ന ഒരു കൊച്ചുകുളവും ഇവിടെയുണ്ട്. ചില്ലുപോലെ തെളിഞ്ഞ, നല്ല തണുത്ത വെള്ളത്തില്‍ കാല്‍ മുക്കി കാടിന്‍റെ നാനാവിധ ശബ്ദങ്ങളില്‍ മുഴുകിയിരിക്കാം. വൈകുന്നേരങ്ങളിലാവട്ടെ, നക്ഷത്രനിബിഡമായ ആകാശത്തിന് കീഴില്‍ ഇലകള്‍ക്കിടയിലൂടെ അവ തിളങ്ങുന്നതും രാത്രിജീവികളുടെ സംഗീതത്തിന്‍റെ അകമ്പടിയോടെ നോക്കിയിരിക്കുന്നത് അവാച്യമായ അനുഭൂതിയായിരിക്കും. ബോണ്‍ഫയര്‍ മുതലായ കലാപരിപാടികള്‍ക്കും സൗകര്യമുണ്ട്. നല്ല കുളിരുള്ള രാത്രിയില്‍ വിറകു കൂട്ടി തീയിട്ട് അതിനടുത്തിരുന്ന് അവധിദിനങ്ങള്‍ അല്‍പ്പം സിനിമാറ്റിക്കാക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാതിരിക്കുക!

രാവിലെ എഴുന്നേറ്റു ചുമ്മാ മരങ്ങള്‍ക്കിടയിലൂടെ തെളിയുന്ന വിവിധ പാതകളിലൂടെ ട്രെക്കിംഗ് നടത്താനും പോകാം. മത്സ്യം, ഇവിടെത്തന്നെ കൃഷി ചെയ്തുണ്ടാക്കുന്ന നാടന്‍ പച്ചക്കറികൾ, പഴങ്ങൾ എന്നിവ ഉപയോഗിച്ചുള്ളതും തനതു സിറിയൻ ക്രിസ്ത്യൻ രീതിയില്‍ പാകം ചെയ്തതുമായ കിടിലന്‍ വിഭവങ്ങളാണ് അതിഥികള്‍ക്കായി ഇവിടെ വിളമ്പുന്നത്.

രണ്ടു ദശകത്തിന്‍റെ പാരമ്പര്യമുള്ള ഈ ഹോംസ്റ്റേ പ്രകൃതിസ്നേഹികള്‍ക്ക് ഏറെ ഇഷ്ടപ്പെടും എന്നതില്‍ സംശയമൊന്നും ഇല്ല. പരിസ്ഥിതിക്ക് യാതൊരുവിധത്തിലുള്ള കോട്ടവും വരുത്താതെ, സുസ്ഥിരവികസനരീതിയാണ് ഇവിടെ നടത്തിയിരിക്കുന്നത്. പ്രാദേശിക സസ്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം തന്നെ മറ്റു സ്പീസീസുകളില്‍ ഉള്ള ചെടികളും ഇവിടെ വളര്‍ത്തിയിട്ടുണ്ട്. മഴവെള്ള ശേഖരണവും മറ്റൊരു പ്രത്യേകതയാണ്.

English Summary: Celebrity Travel Experience Prithviraj and Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com