ADVERTISEMENT

ശാന്തൻപാറ തോണ്ടിമലയിൽ വ്യാപകമായി പൂത്ത നീലകുറിഞ്ഞി കാണാൻ എത്തുന്ന സഞ്ചാരികളെ വിലക്കി കൊണ്ട് ജില്ലാ കലക്ടർ ഉത്തരവ് ഇറക്കി. ഇതര ജില്ലകളിൽ നിന്ന് ഉൾപ്പെടെ ഒട്ടേറെ സഞ്ചാരികൾ എത്തുന്നത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നതിനും ആളുകൾ കൂട്ടം കൂടുന്നതിന് കാരണമായതായും കാണിച്ച് ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി ജില്ലാ കലക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇൗ സാഹചര്യത്തിലാണ് ദുരന്ത നിവാരണ നിയമം അനുസരിച്ച് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സഞ്ചാരികളെ വിലക്കി കൊണ്ട് ജില്ലാ കലക്ടർ എച്ച്.ദിനേശൻ ഉത്തരവ് ഇറക്കിയത്. ഉത്തരവ് പാലിക്കാൻ പൊലീസ്, റവന്യു, ആരോഗ്യ വകുപ്പ് അധികൃതർക്കും പഞ്ചായത്തിനും നിർദേശം നൽകിയിട്ടുണ്ട്.

ജില്ലയിൽ രാജമല, കൊളുക്കുമല, മറയൂർ, ടോപ്സ്റ്റേഷൻ, തോണ്ടിമല, പുഷ്പകണ്ടം എന്നിവിടങ്ങളിലാണ് 12 വർഷത്തിൽ ഒരിക്കൽ നീലകുറിഞ്ഞി പൂക്കുന്നത്. ചില സ്ഥലങ്ങളിൽ ഒറ്റപെട്ട് എല്ലാ വർഷവും കുറിഞ്ഞികൾ പൂക്കാറുണ്ട്. ഇങ്ങനെ കാലം തെറ്റി നീലകുറിഞ്ഞി പൂക്കുന്നത് ദുഃസൂചന ആയാണ് ആദിവാസികൾ കാണുന്നത്. 2018 ഓഗസ്റ്റിലാണ് രാജമലയിലും കൊളുക്കുമലയിലും വ്യാപകമായി നീലകുറിഞ്ഞി പൂത്തത്. പ്രളയം കവർന്ന 2018 ലെ കുറിഞ്ഞി കാലം അധികം സഞ്ചാരികൾക്കും ആസ്വദിക്കാനായില്ല.

2006 ഓഗസ്റ്റിലാണ് അതിനു മുൻപ് രാജമലയിൽ നീലകുറിഞ്ഞികൾ വിസ്മയം ഒരുക്കിയത്. അന്ന് 5 ലക്ഷത്തോളം പേരാണ് മൂന്നാറിൽ നീലകുറിഞ്ഞി കാണാൻ എത്തിയത്. 2018 ൽ 8 ലക്ഷത്തോളം പേർ നീലക്കുറിഞ്ഞി കാണാൻ എത്തും എന്ന് പ്രതീക്ഷിച്ചിരുന്നു എങ്കിലും പ്രതീക്ഷിക്കാതെ എത്തിയ കൊടുംപ്രളയം സകല കണക്കു കൂട്ടലുകളും തെറ്റിച്ചു. റോഡുകളും പാലങ്ങളും പ്രളയം എടുത്തതോടെ കൂടുതൽ സഞ്ചാരികൾക്കും മൂന്നാറിലേക്ക് വരാനായില്ല. കഴിഞ്ഞ ജൂലൈയിൽ പുഷ്പകണ്ടത്തും വ്യാപകമായി നീലകുറിഞ്ഞി പൂത്തു.

തോണ്ടിമലയിൽ മൂന്നേക്കറോളം വരുന്ന മലനിരകളിൽ ആണ് രണ്ടാഴ്ച മുൻപ് മുതൽ നീലകുറിഞ്ഞി പൂത്തത്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലും നിരവധി സഞ്ചാരികളാണ് തോണ്ടിമലയിലെ നീലവസന്തം കാണാൻ എത്തിയത്. സഞ്ചാരികൾ സാമൂഹിക അകലം പാലിക്കാത്തത് ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം സഞ്ചാരികളെ വിലക്കി കൊണ്ട് ഉത്തരവ് ഇറക്കിയത്. ഇനിയും 10 വർഷത്തോളം എങ്കിലും കാത്തിരുന്നാൽ മാത്രമേ പശ്ചിമ ഘട്ട മലനിരകളിൽ കുറിഞ്ഞി ചെടികൾ കൂട്ടത്തോടെ പൂവിടുന്നത് കാണാൻ കഴിയൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com