ADVERTISEMENT

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന സുന്ദരവിലാസം കൊട്ടാരം കേരളീയ വാസ്തുവിദ്യയുടെയും പാശ്ചാത്യ നിയോക്ലാസിക്കൽ ശൈലിയുടെയും സമന്വയമാണ്. ഈ കൊട്ടാരത്തെക്കുറിച്ച് അധികമാരും കേട്ടിട്ടില്ലെങ്കിലും വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുന്ന പ്രത്യേകതകൾ ഇതിനുണ്ട്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുചുറ്റും കോട്ടയ്ക്കകത്തുമാത്രം ചെറുതും വലുതുമായ 20 ഓളം കൊട്ടാരങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് സുന്ദരവിലാസം. യുവരാജാക്കൻമാർക്കു താമസിക്കാൻ നിർമിച്ചതാണ് ഈ കൊട്ടാരം. 

തിരുവിതാംകൂർ രാജവംശത്തിന്റെ ചിഹ്നമായ ശംഖും വശങ്ങളിൽ ആനയും ചിത്രീകരിച്ചിരിക്കുന്ന കൊട്ടാരത്തിലെ പ്രവേശന കവാടം കടന്നെത്തുക വിശാലമായ മുറ്റത്തേക്കാണ്. ഈ ഇരുനില മാളികയുടെ മുന്നിൽ കാണുന്ന വിദേശ രീതിയിലുള്ള വരാന്ത പിന്നീട് കൂട്ടിച്ചേർത്തതാണെന്നു പറയപ്പെടുന്നു. അർധവൃത്താകൃതിയിലുള്ള വളഞ്ഞ ജനാലകൾ അതിമനോഹരമാണ്. ഈ ജനലുകളിൽ തീർത്തിരിക്കുന്ന കൊത്തുപണികൾ ആരെയും ആകർഷിക്കും. സുന്ദരമായി കൊത്തുപണികൾ ചെയ്തിരിക്കുന്ന പടികൾ മുകളിലത്തെ നിലയിലേക്കു നയിക്കും.

മാവേലിക്കര കോവിലകത്തുനിന്നു തിരുവിതാംകൂർ രാജകുടുംബം ദത്തെടുത്ത ചെറിയ രാജകുമാരിയുടെ കുടുംബമായിരുന്നു അവസാനമായി സുന്ദരവിലാസം കൊട്ടാരത്തിൽ താമസിച്ചിരുന്നത്. വലിയ രാജകുമാരി ആയിരുന്ന ലക്ഷ്മിബായ് താമസിച്ചിരുന്നത് ഇതിനടുത്തുള്ള സരസ്വതി വിലാസം കൊട്ടാരത്തിലായിരുന്നു. ബിഎ രാജകുമാരൻ എന്ന് അറിയപ്പെട്ടിരുന്ന അശ്വതി തിരുനാൾ മാർത്താണ്ഡവർമയുടെ വാസസ്ഥലം കൂടിയായിരുന്നു ഇത്. ഇദ്ദേഹമാണ് ഇന്ത്യയിൽ ബിരുദം നേടുന്ന ആദ്യ രാജകുടുംബാംഗം. 

കേരളീയ ശൈലിയിലുള്ള വാസ്തുവിദ്യയാണ് കൊട്ടാരത്തിന്. എങ്കിലും പാശ്ചാത്യരീതിയിലുള്ള പല നിർമാണ രീതികളും കൊട്ടാരത്തിന്റെ മാറ്റ് കൂട്ടുന്നു.1930 ൽ ഈ കൊട്ടാരം പുതുക്കിപ്പണിതിട്ടുണ്ട്. തടിയിൽ തീർത്തിരിക്കുന്ന അതിമനോഹരമായ കൊത്തുപണികൾ കൊണ്ട് സമ്പന്നമാണ് സുന്ദരവിലാസം കൊട്ടാരം. തിരുവനന്തപുരം സന്ദർശിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾ ഒരിക്കലും നഷ്ടപ്പെടുത്തരുത് ഇവിടേക്കുള്ള  യാത്ര.

English Summary: Sundara Vilasom Palace

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com