നൂറുവർഷത്തോളം പഴക്കമുള്ള നാടൻ ചായക്കട മൂവാറ്റുപഴയിലുണ്ട്, കൊതിപ്പിക്കും വിഭവങ്ങളുമായി

ernakulam-tea-shop.jpg.image.845.440
SHARE

മൂവാറ്റുപുഴ∙ വെള്ളം തിളച്ചുമറിഞ്ഞ് ആവിപൊന്തുന്ന സമോവർ, വിറകടുപ്പിലെ ചീനച്ചട്ടിയിൽ തിളിച്ചുമറിയുന്ന വെളിച്ചെണ്ണയിൽ മൊരുമൊരാ വെന്തു കോരിയെടുക്കുന്ന പഴംപൊരിയും പരിപ്പുവടയും പപ്പടവടയും കപ്പ വറുത്തതും. തേക്കാത്ത ചെങ്കൽ ചുമരുകളുള്ള ഓടുമേഞ്ഞ മേൽക്കൂരയിൽ നിന്നു തൂക്കിയിട്ടിരിക്കുന്ന നല്ല പഴുത്ത നേന്ത്രക്കായയും ഞാലിപ്പൂവൻ, പാളയംകോടൻ, കണ്ണൻ പഴങ്ങളും. കടാതിയിലുള്ള കോട്ടമാലിയിൽ മോഹനേട്ടന്റെ ചായക്കട ഇന്നും പഴമയുടെ കലർപ്പില്ലാത്ത ചിത്രമാണ്. കാലം ഇവിടെ വന്നൊരു ചായ കുടിച്ചിട്ട് എണീക്കാൻ മറന്നുപോയ പോലെ.

നൂറുവർഷത്തോളം പഴക്കമുള്ള നാടൻ ചായക്കട മൂവാറ്റുപഴ കടാതി പാലത്തിനു സമീപം ദേശീയപാതയോടു ചേർന്നാണ്. ഒരു നൂറ്റാണ്ടിനപ്പുറം മോഹനന്റെ ഭാര്യ വത്സലയുടെ മുത്തച്ഛൻ മാക്കനാക്കുഴിയിൽ കുട്ടൻ തുടങ്ങിവച്ച ചായക്കടയ്ക്ക് കാര്യമായ ഒരു മാറ്റവും വരുത്തിയിട്ടില്ല. പഴയ മേശയും ബ‌ഞ്ചും ചാണകത്തിൽ മെഴുകിയ തറയും പഴയ വാതിലുമൊക്കെ ഗൃഹാതുരത്വത്തോടെ അതേപടി തന്നെ നിലനിർത്തിയിരിക്കുന്നു.

വത്സലയുടെ അച്ഛൻ നാരായണനിൽ നിന്നാണ് 43 വർഷം മുൻപ് മോഹനൻ ചായക്കട ഏറ്റെടുത്തത്. തുണി പൊന്തിയിൽ തേയിലയിട്ട് സമോവറിൽ നിന്നുള്ള തിളച്ചുമറിയുന്ന വെള്ളം ചേർത്ത് ഊറ്റിയെടുത്ത കട്ടൻ ചായ പാൽ സൊസൈറ്റിയിലെ പാലിൽ ചേർത്ത് വീശിയടിച്ചെടുക്കുമ്പോൾ രുചി വേറിട്ടതാണ്. ചായക്കടയിലെ പരമ്പരാഗത വിഭവങ്ങളായ പഴംപൊരിയുടെയും പരിപ്പുവടയുടെയും പപ്പടവടയുടെയും രുചിക്കൂട്ടും ഒരു തവണ അനുഭവിച്ചാൽ നാവിൽ നിന്നു മായില്ല.

രാവിലെ 6ന് കട തുറക്കും. പുട്ടും പയറും അപ്പവും ചമ്മന്തിയും മാത്രമാണ് രാവിലത്തെ വിഭവങ്ങൾ.  വൈകിട്ട് പരിപ്പുവടയും പഴംപൊരിയും പപ്പവടവയും ഇവിടെ തന്നെ പുഴങ്ങി വറുത്തെടുക്കുന്ന കപ്പയും കിട്ടും. വാളകം പഞ്ചായത്തിലെ കർഷകരുടെ നാടൻ പഴക്കുലകൾ ചായക്കടയിൽ സുലഭമായി 365 ദിവസവും കിട്ടും. കലർപ്പില്ലാതെ സ്നേഹവും രുചിയും ലഭിക്കുമെന്നുറപ്പുള്ളതിനാൽ ഒരിക്കൽ കയറിയവർ വീണ്ടും ഇവിടം തേടിയെത്തും.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA