ADVERTISEMENT

മാരാരി ബീച്ചില്‍ മനോഹരമായ അവധിദിനം ചെലവിട്ട് നടന്‍ കുഞ്ചാക്കോ ബോബന്‍. ബീച്ചിന്‍റെ മകന്‍ എന്ന തലക്കെട്ടോടു കൂടിയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

മാരാരി ബീച്ച് റിസോര്‍ട്ടിലായിരുന്നു ചാക്കോച്ചന്‍റെ താമസം. തന്‍റെ അവധിദിനങ്ങള്‍ മനോഹരമാക്കിയതിന് നന്ദിയും ഈ പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഒരു കുടുംബം പോലെ തങ്ങളെ പരിചരിച്ചതിന് ഏറെ നന്ദിയുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍ കുറിക്കുന്നു. 43 കാരനായ നടന്‍റെ ജന്മദേശം കൂടിയാണ് ആലപ്പുഴ. 

മാരാരികുളത്തെ മത്സ്യത്തൊഴിലാളികളെയും അവരുടെ സൗമ്യമായ ജീവിത രീതികളെയും പ്രചോദനമാക്കിയ രീതിയാണ് ഈ റിസോര്‍ട്ടിന്റേത്. മലബാറിന്റെ തീരദേശ സംസ്കാരങ്ങൾക്ക് അടിവരയിടുന്ന ലാളിത്യവും സൗന്ദര്യവും പ്രതിധ്വനിപ്പിക്കുന്ന കുടിലുകൾ മുതൽ എല്ലാം പ്രകൃതിദത്തമായാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. പ്രകൃതിസ്‌നേഹികളെ സംബന്ധിച്ച് വൈവിധ്യങ്ങളുടെ ഒരു കൂടാണ് ഇവിടം എന്ന് റിസോര്‍ട്ടുകാര്‍ പറയുന്നു. അവിസ്മരണീയമായ സേവനങ്ങള്‍ക്കൊപ്പം വിവിധയിനത്തില്‍പ്പെടുന്ന ചിത്രശലഭങ്ങൾ, ആമകൾ, തവളകൾ, പക്ഷികൾ എന്നിവയെ കാണാനുള്ള സൗകര്യവും ഇവിടെയുണ്ട് എന്ന് റിസോര്‍ട്ടിന്‍റെ വെബ്സൈറ്റില്‍ പറയുന്നു.

ആലപ്പുഴ നഗരത്തിൽ നിന്നും 11 കിലോമീറ്റർ വടക്കുമാറി മാരാരിക്കുളത്തിനടുത്തായാണ് മാരാരി ബീച്ച് സ്ഥിതി ചെയ്യുന്നത്. ഒരു റിസോർട്ട് ബീച്ചായ ഇവിടെയെത്താന്‍ ആലപ്പുഴ നഗരത്തിൽനിന്നും ആലപ്പുഴ- എറണാകുളം തീരദേശപാതയിലൂടെ 11 കിലോമീറ്റർ സഞ്ചരിച്ചാൽ മതി. മാരാരിക്കുളം ആണ് ഏറ്റവുമടുത്തായി സ്ഥിതി ചെയ്യുന്ന റെയിൽവെ സ്റ്റേഷൻ. കടലിനഭിമുഖമായി ഒരു കിലോമീറ്ററോളം നീളത്തിൽ വളർന്നു നിൽക്കുന്ന തെങ്ങിൻതോപ്പുകളാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. നിരവധി സഞ്ചാരികള്‍ ഒഴിവുസമയം ചെലവിടാനായും സൂര്യാസ്തമയക്കാഴ്ച കാണാനും മറ്റുമായി ഇവിടെയെത്താറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com