മൂന്നാർ മുതൽ വട്ടവട വരെ; ആളൊഴിഞ്ഞപ്പോള്‍ ആനയിറങ്ങിയ വഴികള്‍

munnar
SHARE

കോവിഡ് കാലത്ത് യാത്രകൾ വലിയ ആനക്കാര്യമാണ്. ലോക്ക്ടൗണിന്റെ കാലത്തു തൊട്ടടുത്ത കവലയിലേക്ക് ഇറങ്ങാനും എന്ത് കഷ്ടപ്പാട് ആയിരുന്നു. പട്ടം പോലെ പറന്നു നടന്ന നമ്മളെയൊക്കെ കോവിഡ് വീട്ടിലിരുത്തിച്ചു... ഇതൊരു യാത്രയുടെ കാര്യമാണ്... കോവിഡിനൊപ്പം സുരക്ഷയൊക്കെ എടുത്ത് മാസ്കിട്ട്‌ സോപ്പിട്ട് ഒരു യാത്ര മുന്നാറിലേക്ക്.. കോവിഡ് കാല ഹൈറേഞ്ച് യാത്ര... ആ യാത്രയുടെ ആനക്കാര്യങ്ങളാണ് ഇവിടെ കുറിക്കുന്നത്.....

ചെറിയൊരു തണുപ്പിലേക്കാണ് കൊച്ചി അന്നുണർന്നത്. തലേന്ന് പെയ്ത മഴയുടെ നനവ് ആ പ്രഭാതത്തിലും അരിച്ചുകയറുന്നുണ്ടായിരുന്നു. ചെറിയൊരു മടിയൊക്കെ തോന്നി, കാരണം കോവിഡ് തുടങ്ങിയിട്ട് യാത്രയൊന്നും പോയിട്ടില്ല, വല്ലപ്പോഴും വീട്ടിൽ പോകുന്നതാണ് ആകെയുള്ള യാത്ര. രാവിലെ ഷിഫ്റ്റ് കിട്ടിയപ്പോഴാണ് നേരത്തെ എഴുനേക്കാൻ തന്നെ തുടങ്ങിയത്. ഏതായാലും മടിയെ ഓടിച്ചേ പറ്റു... കാരണം കൊറേ നാളത്തെ പ്ലാനിങ് ആണ് ഈ യാത്ര... ഒരു കട്ടനിട്ട്‌ കുടിച്ചു...ആഹ്... എന്തൊരു ഉന്മേഷം... ഒരു ട്രിപ്പ് തുടങ്ങാൻ പറ്റിയ മൂഡ് ഒക്കെ ആയി, കോവിഡിനെ പേടിച്ചു 3 ജോഡി മാസ്കും സാനിറ്റിസറും കുറച്ചു ഫുഡും ഒകെ ബാഗിൽ എടുത്തു, ഇനി നേരെ മൂന്നാറിലേക്ക്........കൊച്ചിയിലേക്കു വണ്ടിയുമായി ഇറങ്ങുന്നത് തന്നെ വലിയ ആവേശമാണ്. വെളുപ്പാൻകാലത്തു ഞാൻ ഇറങ്ങിയപ്പോഴും കൊച്ചി തിരക്കിലായിരുന്നു.

രാവിലെ നടക്കാൻ പോകുന്നവർ, സൈക്ലിംഗ് ചെയ്യുന്നവർ അങ്ങനെ അകെ മൊത്തം ആരോഗ്യ സംരക്ഷകരുടെ നീണ്ട നിര...ബാക്പാക്കുമായി ഓടിപ്പോയ ചില ഗുഡു...ഗുഡു വണ്ടികളെയും കണ്ടു, ശരിക്കും അപ്പോഴാണ് സന്തോഷം ആയത്. അടച്ചിട്ട നാട്ടിൽ ചിലരെങ്കിലും മുൻകരുതലുകൾ എടുത്ത് പതിവുകളിലേക്ക് മടങ്ങുന്നുണ്ടല്ലോ...ഞാനും എന്നെ ഒന്ന് നോക്കി, മുൻ യാത്രകൾ പോലെയല്ല, സുരക്ഷ കൂടിയിട്ടുണ്ട്, മാസ്ക്, കണ്ണട, ഗ്ലൗസ് അങ്ങനെ പോന്നു ലിസ്റ്.

കൊച്ചിയുടെ തണുപ്പ് കടന്ന് യാത്ര കോതമംഗലത്തേക്കാണ്... ടൗൺ തൊടാതെ ഗൂഗിൾ മാപ് നോക്കിയാണ് യാത്ര... ഇടയ്ക് എപ്പഴോ ഒരു വഴിയിലേക് ചെന്ന് കേറി, വഴിയില്ല ശരിക്കും കുഴി മാത്രമേ ഉണ്ടായിരുന്നുള്ളു... 'ഈ കുഴിയും കടന്ന്' മനോരമ ന്യൂസിന്റെ റോഡ് ക്യാമ്പയിന്റെ പേരാണ് അപ്പോൾ ആദ്യം മനസിലേക്ക് വന്നത്. പക്ഷെ ഇവിടെ കുഴിയല്ല കുഴികൾ ആണെന്ന് മാത്രം.

ഈ മാപ്പിൽ എളുപ്പത്തിലുള്ള വഴി മാത്രമല്ല കുഴി കുറഞ്ഞ വഴി കൂടി ഉൾപ്പെടുത്തണം എന്ന ആശയം എനിക്ക് അവിടെ നിന്നാണ് തോന്നിയത്... ശരിയല്ലേ കുഴി നോക്കി വഴി തീരുമാനിക്കാൻ പറ്റിയാൽ അതല്ലേ നല്ലത്.....കോതമംഗലം പിന്നിട്ട്‌ യാത്ര തുടർന്നു.... അടിമാലിയെത്തും മുമ്പേ കാത്തുനിന്ന മഴ കൂട്ടിനെത്തി. നല്ല ജാക്കറ്റ് ഒകെ ഉണ്ടെങ്കിലും മഴ പതിയെ നനഞ്ഞ്‌ കയറാൻ തുടങ്ങി...ഒന്ന് നിർത്തി കുറച്ചുനേരം കാത്തുനിന്നു നോക്കി.....മഴയ്ക് കുറയാൻ ഉദ്ദേശമില്ലാത്ത പോലെ ആയിരുന്നു അപ്പോൾ എനിക്ക് കാത്തുനിൽക്കാനും പ്ലാൻ ഇല്ലായിരുന്നു. ഒന്നും നോക്കിയില്ല ഫോൺ സേഫ് ആക്കി, ജാക്കറ്റ് കുറച്ചു മുറുക്കി നേരെ യാത്ര തുടങ്ങി, അടിമാലിയിലെത്തി രണ്ടാം ചായ കുടിക്കുമ്പോഴാണ് എങ്ങോട്ട് പോകണം എന്ന കാര്യത്തിൽ ഒരു കൺഫ്യൂഷൻ ഉണ്ടാകുന്നത്.

പൂപ്പാറയിൽ പൊയലൊ എന്നു പെട്ടന്നൊരു ഐഡിയ വന്നു, അവിടെവിടയൊ പൂക്കളൊക്കെയുള്ള നല്ല സ്ഥലം ഉണ്ടെന്നു രണ്ടുദിവസം മുൻപ് വാർത്ത കണ്ടിരുന്നു, പിന്നുള്ളത് മൂന്നാർ തന്നെയാണ്... പോയ കണക്കിൽ മൂന്നാർ ഒന്നാമനാണ്. പലവട്ടം പോയിട്ടുണ്ട് മൂന്നാറിലേക്ക്, പക്ഷെ എനിക്കപ്പോൾ മുന്നാറിലേക് തന്നെ പോകാൻ തോന്നി, കാരണങ്ങൾ പലതാണ്... ഈ മഴയത് മൂന്നാറിന്റെ തണുപ്പിലേക് ചെന്നിറങ്ങാനുള്ള ആവേശം... ഒപ്പം മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ പറഞ്ഞാൽ അടുത്തിടയ്ക്കാണ് വാർത്തയിൽ ഈ ടുറിസം മേഖലയുടെ തകർച്ച ക്യാമ്പയിൻ തുടങ്ങിയത്. അപ്പോൾ അതൊക്കെ ഒന്ന് കാണാൻ തന്നെ തീരുമാനിച്ചു... ഇനി കഥ ടോപ് ഗിയറിലാണ് കാരണം നമ്മൾ ഇപ്പോൾ മുന്നാറിലാണ്.....

സ്വപ്നത്തിലോ ഞാൻ സ്വർഗ്ഗത്തിലോ

'വളഞ്ഞുപുളഞ്ഞു പോകുന്ന വഴികൾ തിരക്ക് നന്നേ കുറഞ്ഞ ചെറുവഴികൾ... ചിലയിടത് കൂട്ട്‌ മഴ ചിലപ്പോൾ മഞ്ഞ്‌ ഇതിനൊപ്പം ഇരുവശവും കണ്ണിനു കുളിർമയേകി മലമുകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന വെള്ളിയരഞ്ഞാണങ്ങൾ....' ഈ കാഴ്ചകളിൽ നിന്നാണ് മുന്നാറിലേക്കുള്ള രാജകിയ എൻട്രി.... വണ്ടിയൊന്നു നിർത്തി മൂന്നാറിനെ കൺകുളിർക്കെ കണ്ടു...മാസ്ക് വെച്ചതുകൊണ്ട് ആ തണുപ്പിനെ അത്രമേൽ ആസ്വദിക്കാൻ സാധിച്ചില്ല എന്നത് സത്യം മാത്രം... അതിനാണല്ലോ നമക്ക് കണ്ണും കാതുമൊക്കെ തന്നിട്ടുള്ളത്.

ഞാൻ മൂന്നാറിനെ കണ്ടു, കേട്ടു...തിരക്കില്ലാത്ത മൂന്നാർ ടൌൺ ഞാൻ കണ്ടു.... ആളുകൾ നന്നേ കുറവ്, ആരുടെയും മുഖം കാണാത്തതുകൊണ്ടാകും നിർവികാരനായിരുന്നു ഞാൻ... ആരുടെയും ചിരി കാണാൻ പറ്റുന്നില്ല എന്നത് വലിയ സങ്കടം തന്നെയാണ്. വണ്ടിയോടിച്ചു പോകവേ മുന്നാറിലെ ആളൊഴിഞ്ഞ ഫുട്ബോൾ ഗ്രൗണ്ട് കണ്ടു... ആളും അരവുമൊഴിഞ്ഞ മൈതാനം മഹാമാരിക്കാലത്തെ അടയാളം തന്നെയാണ്. അവിടുത്തെ ഗോൾപോസ്റ് കണ്ടപ്പോഴാണ് തൊട്ടുതലേന് ഗോൾപോസ്റ്റിൽ തുങ്ങി പടമെടുക്കണം എന്ന് പറഞ്ഞ കൂട്ടുകാരിയെ ഒർമ്മ വന്നത്. കൊച്ചിയിലൊക്കെ തിരക്കാണെന്ന് പറഞ്ഞു അന്ന് ഞാൻ... ഈ യാത്രയിൽ അവളെ കൂട്ടിയിരുന്നേൽ ആ ആഗ്രഹം സിമ്പിളായി സാധിച്ചു കൊടുക്കാമായിരുന്നു. 

മൂന്നാം ചായക്ക് നേരമായി...നേരെ തൊട്ടടുത്ത ചായക്കടയിലേക്ക്... ചെറു മഴയും മൂന്നാറിന്റെ മഞ്ഞും കൊണ്ട് വിറച്ചു ചെന്ന എന്നെ സലാം പറഞ്ഞാണ് കടയിലെ ചേട്ടൻ സ്വാഗതം ചെയ്തത്. ചിരി മൂടി മാസ്ക് വെച്ചപ്പോൾ സലാം ഒക്കെ എന്തൊരു ആശ്വാസമാണെന്നോ... ചായ പറഞ്ഞു... കട്ടൻ തരാമെന്ന് പുള്ളി... ഏലയ്ക്ക ഒക്കെ ഇട്ട ഇടിവെട്ട് ഐറ്റം ഉണ്ടെന്ന്... എങ്കിൽ പോരട്ടെ എന്ന് ഞാനും പറഞ്ഞു. സാധനം പുള്ളി പറഞ്ഞ പോലെ തകർപ്പൻ ആയിരുന്നു..

ഏലയ്‌ക്കയൊക്കെ ഇട്ട് ഒരു ഉഗ്രൻ സാധനം...അതുള്ളിൽ ചെന്നതോടെ ആവേശം ഇരട്ടിച്ചു. തണുപ്പിനെ കരുതണമെന്ന് ഓർമ്മിപ്പിച്ചാണ് ചേട്ടൻ യാത്രപറഞ്ഞത്. മൂന്നാർ ടൗണിലിടെ വണ്ടിയോടിക്കുമ്പോൾ എനിക്കത് മനസിലായി... തണുപ് കേറി വരുന്നുണ്ട്. ചെറിയ മഴയും... അങ്ങനെ പോകുമ്പോഴാണ് ആകാശത്തു നിന്ന് മഞ്ഞുപെയ്തിരങ്ങും പൊലെ ആ കാഴ്ച കണ്ടത്... മഞ്ഞുമൂടിയ മലനിരകൾ, മഴയുടെ കൂട്ട്‌ വിടാത്ത മരങ്ങൾ... ആദ്യ സ്റ്റോപ്പ് അവിടെ.... നിറയെ കണ്ടു അവിടെ നിന്ന്... ചുറ്റും കണ്ണോടിച്ചു... മെല്ലെ ക്യാമെറയെടുത്തു ചിലതൊക്കെ ഒപ്പിയെടുത്തു... അപ്പോഴേക്കും എന്നെ കണ്ടിട്ട് ഒരു പ്രായമേറിയ മനുഷ്യൻ എന്റടുത്തു വന്ന് നിന്നു. ഞാൻ ഒന്ന് മൈൻഡ് ചെയ്തെന്നു വരുത്തി, പടമെടുപ്പ് തുടർന്നു.

പുള്ളി വിടുന്ന ലക്ഷണം കാണുന്നില്ല, ഞാൻ മൂപ്പരെം ചേർത്ത് പടം പിടിച്ചു. അതോടെ പുള്ളി ഹാപ്പി...എടുത്ത ഫോട്ടോയൊന്നു കാണാൻ പോലും പുള്ളി നിന്നില്ല... എന്ത് മനുഷ്യനാണ് ഹേ.... എത്ര ചെറിയ ആഗ്രഹം ആണല്ലേ... യാത്ര തുടർന്നു...മുന്നാറിൽ ഏറ്റവും കൂടുതൽ കാണുക തേയില തോട്ടമാണ്. ഇങ്ങനെ തട്ടുതട്ടായി ഉയർന്നും താന്നും ചരിഞ്ഞും മറിഞ്ഞും അങ്ങനെ തേയില ചെടികൾ വളർന്നു നിൽക്കുന്നത് കാണാൻ തന്നെ ഭംഗിയാണ്.

നല്ല തണുപ്പത്ത് തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്നവരേ കാണാൻ തന്നെ രസമാണ്. അവരെ കണ്ടിട്ട് തന്നെ ഞാൻ വണ്ടി നിർത്തി. ഒരു കുന്നിൻ ചെരുവ്‌ നിറയെ അവർ... കൈ കൊണ്ട് ഇല നുള്ളുമ്പോലെയല്ല...വെട്ടിയൊതുക്കുന്നത് കാണാൻ അല്ല കേൾക്കാൻ നല്ല രസമാണ്. ഒരു കൊയ്തുപാട്ടിന്റെ ഈണം പോലെ അതിങ്ങനെ മനസ്സിൽ മുഴങ്ങുന്നുണ്ട് ഇപ്പോഴും... അവരെ കണ്ടു തിരിച്ചു പോകാനായിരുന്നു പ്ലാൻ. പക്ഷെ ഭക്ഷണം കഴിക്കാൻ കയറിയ ഹോട്ടൽ ടോട്ടൽ പ്ലാൻസും തെറ്റിച്ചു.

അതിനു കാരണമുണ്ട്..എനിക്കൊപ്പം കയറിയ മൂന്ന് ചെറുപ്പക്കാർ... യാത്രികർ ആയതു കൊണ്ട് വെറുതെ പരിചയപ്പെട്ടു. സ്ഥലവും പ്ലാനും ചോദിച്ചറിഞ്ഞു. അവർ പറഞ്ഞു വട്ടവടയ്ക്കാണെന്ന്... അപ്പോൾ എന്റെ മനസിലും ലഡു പൊട്ടി... പുതിയ പ്ലാനിട്ടു ഞാൻ, വട്ടവട പോയി വരാം, എന്തായാലും സമയമുണ്ട് ഒരുപാട്... വിട് വണ്ടി വട്ടവടയ്ക്....( കടയിൽ കേറിയപ്പോൾ തന്നെ തണുപ് സഹിക്കാൻ പറ്റാതെ ഒരു ചായ പറഞ്ഞു...പിന്നെ പൂരി മസാലയ്‌ക്കൊപ്പം നല്ല അന്തസ്സ് കട്ടനും... അഞ്ചാം ചായയുടെ മൊഞ്ച്  ഒന്ന് വേറെ തന്നെയാണ് കേട്ടോ...

സ്വർഗം താണിറങ്ങി വന്നതോ.... മൂന്നാർ മുതൽ വട്ടവട വരെ..

വട്ടവട പോകാമെന്നുറപ്പിച്ചപ്പോൾ തന്നെ യാത്രയുടെ ആവേശം കൂടി... കാരണം സിംപിളാണ്, ഇതുവരെ പോയിട്ടില്ല അത്ര തന്നെ... മൂന്നാർ പിന്നിട്ടാൽ വഴികളൊക്കെ രസമാണ്  ഇരുവശത്തും ഉയർന്നു പൊങ്ങി മലനിരകൾ... ചുരം ചുറ്റികയറുന്നതോടെ മലനിരകൾക്ക് പകരം വലിയ താഴ്ചകൾ...ഇടയ്ക്ക് എവിടെയോ വണ്ടി നിർത്തിയപ്പോൾ നിറയെ വീടുകൾ കണ്ടു. അടുക്കടുക്കായി നിരനിരയായി പെട്ടന്ന് ഓർമ്മകൾ പെട്ടിമുടിയിലേക്ക് പോയി. ഇതുപോലെ അടുക്കി ഞെരുങ്ങി ജീവിച്ച ഒരു കൂട്ടം സാധാരണക്കാരായിരുന്നു അവർ. വന്നു പോകുന്ന സഞ്ചാരികൾക്കെല്ലാം കാഴ്ചയുടെ വസന്തം തീർക്കുന്നതൊക്കെയും ഇവിടുണ്ട്.

പക്ഷെ അതിനപ്പുറം അവരുടെ ജീവിതം എന്താകുമെന് വല്ലാത്തൊരു ആശങ്ക എനിക്ക്‌ തോന്നി. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലായിരുന്നെങ്കിൽ കുറച്ചുകൂടി അടുത്തെത്തി ജീവിതങ്ങൾ ഒപ്പിയെടുക്കാമായിരുന്നു... കോവിഡിനെ ഇടിക്കാൻ വീണ്ടും കാരണങ്ങൾ.... പെട്ടിമുടി ആലോചനകൾക്കൊന്നും ഇരച്ചുകയറുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ആയില്ല. അതിന് ബെസ്റ്റ്‌ കട്ടൻ കാപ്പി തന്നെ... അരഡസൻ കട്ടൻ എന്ന റെക്കോർഡും സ്വന്തമാക്കി ഞാൻ യാത്ര തുടർന്നു.

ആദ്യം മാട്ടുപ്പെട്ടി....  കാര്യം മൂന്നാർ കഴിഞ്‌ നേരെ തമിഴ്നാട് ആണെന്ന് പറയുമെങ്കിലും അതിനിടക് രണ്ടു ഡാമുണ്ട് നമുക്ക്. എന്താ അല്ലെ... നമുക്ക് ഒരു പിടിയും താരാത്തൊരു സ്റ്റൈൽ ആണ് മുന്നറിന്റേത്. മാട്ടുപ്പെട്ടിയെ ദൂരെ നിന്ന് കണ്ടാസ്വദിക്കാനേ തോന്നിയുള്ളൂ. കാരണം ലക്‌ഷ്യം വട്ടവട ആണല്ലോ... മാട്ടുപെട്ടിയിൽ നിന്ന് യാത്ര തിരിച്ചപ്പോൾ തന്നെ എക്കോ പോയിന്റ് എന്ന ബോർഡ് ശ്രദ്ധിച്ചിരുന്നു. എന്തായിത് എന്ന ആലോചന അപ്പോഴേ ഉണ്ടായിരുന്നു. 

ഇരുവശങ്ങളും നിറയെ ഹരിതാഭയും പച്ചപ്പും. അതായത് നല്ല അസ്സൽ കാട്... കാടിന്റെ പച്ചപ്പ് കാണാൻ താനെ എന്തൊരു ഭംഗിയെന്നോ... പെട്ടന്നതാ കാട്ടിൽ എന്തോ നിക്കുന്ന പോലെ ഒരു തോന്നൽ... വണ്ടി തിരിച്ചു ഓടിയെത്തുമ്പോഴേക്കും അത് മിന്നി മറഞ്ഞിരുന്നു. ഒന്നുമില്ല രണ്ടു കുട്ടിയാന... അവരിങ്ങനെ മഴയത്ത് രസിക്കുന്നു... ക്യാമെറയിൽ  അവരെ പകർത്താൻ പറ്റാത്തതിൽ വലിയ സങ്കടം അപ്പോൾ തോന്നി.

പക്ഷെ അതിലും വലിയ ആനക്കാര്യം  പുറകെ വരുന്നുണ്ട്......എക്കോപോയിന്റിൽ പ്രത്യേകിച്ചൊന്നും കണ്ടില്ല... അടച്ചിട്ട കുറെ കടകളും...ചില ചായക്കടകളും... പിന്നീടങ്ങോട്ടുള്ള വഴികളെല്ലാം ഇതുപോലെ വിജനമായിരുന്നു. ഒട്ടും തിരക്കില്ലാത്ത മരം പെയ്യുന്ന ചുറ്റും കണ്ണോടിച്ചാൽ വല്ലാത്ത പോസിറ്റീവ് ഊർജം തരുന്ന വഴികൾ...യാത്ര പതിയെ വ്യൂ പോയിന്റിലെത്തി, ടോപ് സ്റ്റേഷൻ ....പണ്ട് വലിയ തിരക്കുള്ള സ്ഥലമായിരുന്നു എന്ന് കൂട്ടുകാരൻ പറഞ്ഞു അറിയാം. ചുറ്റുമുള്ളതൊക്കെയും കാണാൻ പാകത്തിനുള്ള കൈ വിരിച്ചുനിന്നു പ്രകൃതിയെ മനസ്സിൽ ഉറപ്പിച്ചു കയറ്റുന്ന സ്ഥലം... പക്ഷെ ഞാൻ കണ്ട ടോപ് സ്റ്റേഷൻ ഇതൊന്നുമല്ലായിരുന്നു. ഒരു മലമുകൾ... ഏപ്പൊഴും കാറ്റ് വീശുന്ന തിരക്കൊട്ടും ഇല്ലാത്ത ഒരു സ്ഥലം.

ഒന്നുരണ്ട് ചെറിയ കടകൾ തുറന്നുവെച്ചിട്ടുണ്ട്. കോവിഡ് ഇവരുടെയൊക്കെ ജീവിതത്തെയാകും ഏറ്റവും ബാധിച്ചിരിക്കുക എന്ന് ഞാൻ ഓർത്തു. കാരണം അത്ര ദൈന്യമുണ്ട് ചിലരുടെ കണ്ണിൽ... എന്തെങ്കിലും വാങ്ങണമെന്ന് പറഞ്ഞു ചിലർ പിറകെ കൂടി. ഒന്നും വേണ്ടാന്ന് പറയാൻ ശ്രമിച്ചെങ്കിലും മനസ് സമ്മതിച്ചില്ല. ഒരു ചായ കുടിക്കാമെന്ന് ഞാൻ.. തമിഴ് സംസാരിക്കുന്ന ഒരു സ്ത്രി വളരെ സ്നേഹത്തോടെ അതിലേറെ നന്ദിയോടെ എനിക്കായി ചായ തന്നു.

ചായ തന്ന ശേഷം അവർ പുറത്തിറങ്ങി അപ്പുറത്ത് കളിക്കുന്ന ഒരു ചെറിയ കുട്ടിയെകൊണ്ട് നിർബന്ധപൂർവം മാസ്ക് ഇടിപ്പിച്ചു. പിന്നെ ആരുടെയൊക്കെയോ പേരുകൾ ഉറക്കെ വിളിച്ചു പറഞ്ഞു എല്ലാരോടും മാസ്ക് വെക്കാൻ ഓർമിപ്പിച്ചു... എന്തൊരു കരുതൽ എന്ന ഡയലോഗ് ഇവിടെയാണ് കൃത്യമായി ചേരുക... കൊടുത്ത നോട്ട് വാങ്ങി തൊഴുത് തലകുലുക്കി അവർ യാത്രയാക്കി. ഇനി വട്ടവടയിലേക്കാണ്....നേരെ ചെന്നത് ഫോറസ്റ്റ് ചെക്ക് പോസ്റ്റിലേക്കാണ്. അവിടെ വെച്ച് പഴയ നമ്മടെ ടീമിനെ വീണ്ടും കണ്ടു. ഏത് ഈ വട്ടവട ഐഡിയ തന്നവർ...

ഞങ്ങൾ നാലു പിള്ളേർ നിന്നതുകൊണ്ടാകും അവിടെ ഉദ്യോഗസ്ഥർ ഇത്തിരി കലിപ്പ് ആയിരുന്നു. അവിടെ എഴുതി വെച്ചിരുന്ന നിയമങ്ങളൊക്കെ വായിച്ചു നോക്കണമെന്നും പറഞ്ഞു ഒരു വിരട്ടൽ. വിരട്ടലൊന്നും ഇങ്ങോട്ട് വേണ്ടാന്ന് പറയാൻ തോന്നിയെങ്കിലും പറഞ്ഞില്ല. പേരും ഫോൺ നമ്പറും കൊടുക്കുന്നതിനിടയിൽ അതിൽ ഒരാൾ ഞങ്ങളോടായി പറഞ്ഞു. 'ആദ്യത്തെ 5 കിലോമീറ്റർ കാടാണ്, അവിടെ വണ്ടി നിർത്തരുത്. നിർത്തിയാൽ പിടിച്ച ക്വാറന്റിൻ ചെയ്തു കളയും എന്ന്... കാര്യം കോവിഡ് ആണ് പക്ഷെ കാട്ടിൽ വണ്ടി നിർത്തിയാൽ എങ്ങനെ ക്വാറന്റിൻ ആകുമെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.  അതൊക്കെ പോട്ടെ കേട്ടില്ലേ അഞ്ചു കിലോമീറ്റർ കാടാണെന്നു... പോരെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി... ചെക്പോസ്റ്റിന്റെ ഗേറ്റ് എനിക്കായി തുറന്നു... കാട്ടിലേക്ക് രാജകീയ എൻട്രി.

 ശരിയാണ് ചുറ്റും കാട് മാത്രം... മരം പെയ്യുന്നപോലെ മഴത്തുള്ളികൾ വീണുകൊണ്ടിരുന്നു. ആകാശം മുട്ടെ മരങ്ങൾ. പതിവിലേറെ പതുക്കെയാണ് അപ്പോൾ വണ്ടിയോടിച്ചത്.  ചുറ്റുമുള്ളതൊക്കെയും കണ്ടുതീർത്ത് പതിയെ പാട്ടൊക്കെ പാടി.... പയ്യെ വീശും കാറ്റ്... എപ്പോഴാണ് പ്രകൃതി റൊമാന്റിക് ആകുന്നത് എന്ന് ഇപ്പോൾ എനിക്കറിയാം. അത്രമേൽ പ്രണയം നിറഞ്ഞതായിരുന്നു ആ യാത്ര. വട്ടവടയിൽ എത്തും മുമ്പേ എന്റെ യാത്ര ഏതാണ്ട് പൂർത്തിയായിരുന്നു. ആന്ന് അതിനപ്പുറം എന്നെ സന്തോഷിപ്പിക്കാൻ മറ്റൊന്നിനും കഴിയില്ല എന്നെനിക്ക് ഉറപ്പായിരുന്നു. വലിയ ആവേശത്തിൽ ചെന്നിറങ്ങിയ വട്ടവട എനിക്ക് പെട്ടന്ന് തന്നെ മടുത്തു. അവിടുത്തെ തിരക്കും ആൾക്കൂട്ടവും എന്നെ അലോസരപ്പെടുത്തി. 

വീണ്ടും കാട്ടിലേക്കുപോകാൻ ഞാൻ കൊതിച്ചു. അല്ലെങ്കിലും കണക്കുകൂട്ടി പോകുന്നതിനേക്കാൾ ഇതുപോലെ ലഭിക്കുന്ന ചില സർപ്രൈസുകൾ ആണല്ലോ യാത്രകൾ സുന്ദരമാക്കുന്നത്. തിരികെ കാട്ടിലൂടെ വണ്ടിയോടിച്ചു വന്നപ്പോഴും മനസ് നിറയെ ബ്ലാങ്ക് ആയിരുന്നു. മറ്റൊന്നും അപ്പോൾ ഇല്ല. ആ കാടും മേടും മാത്രം...  എത്ര സുന്ദരമായിരുന്നു ആ നേരം. പിന്നെ നിർത്തരുത് എന്ന് വനപാലകർ വെറുതെ പറഞ്ഞതല്ല കേട്ടോ... കാടല്ലേ നിർത്തിയാൽ വല്ല മൃഗങ്ങളും വന്നു അക്രമിച്ചേക്കാം എന്നുള്ളത് കൊണ്ടാണ്... അതായത് നമ്മുടെ സുരക്ഷക് വേണ്ടിയാണ്. പിന്നെ അവരെ പറ്റിച്ചു അവിടെ നിർത്താം എന്ന് കരുതേണ്ട... സി സി ടി വി ക്യാമെറകൾ നിറയെ വെച്ചിട്ടുണ്ട് വഴിയിൽ....യാത്ര പകുതിയായി, അതായത് കാണേണ്ടതൊക്കെ കണ്ടു, നേരത്തെ കാണാതെ പോയ കാട്ടാനകൾ മാത്രമാണ് അകെ നിരാശ എന്ന മട്ടിൽ വണ്ടിയോടിച്ചു തിരികെ വരികയാണ്....

പതുക്കെ മഴ അടുത്ത പെയ്ത്തിന് ഒരുങ്ങി. രാവിലെ ആനയെ മിന്നായം പോലെ കണ്ട സ്ഥലം പിന്നിട്ട്‌ ഞാൻ കുതിച്ചു. പെട്ടന്ന് വഴിയിൽ ഒരു ചെറിയ ആൾക്കൂട്ടം... കുറച്ചു പേർ ചേർന്ന് എന്തൊക്കെയോ നോക്കി സംസാരിക്കുന്നു. ശ്രദ്ധിക്കാതെ പോകാൻ തോന്നിയെങ്കിലും ഒരു മാധ്യമപ്രവർത്തകന്റെ കൗതുകം എന്നെ വേട്ടയാടി. ഞാനിറങ്ങി ചെന്ന് നോക്കുമ്പോൾ എന്റെ സാറേ.... ചുറ്റുമുള്ളതൊന്നും എനിക്ക് അപ്പോൾ കാണാൻ പറ്റിയില്ല. രാവിലെ മിസ് ആയ രണ്ടെണ്ണത്തിന് പകരം എട്ട് കാട്ടാനകൾ. ഏറെയൊന്നും ലൈഫിൽ ഇനി ഇങ്ങനൊരു കാഴ്ച കണ്ടെന്നു വരില്ല... നല്ല മഴയത് കോച്ചിപ്പിടിക്കുന്ന തണുപ്പത് ആനക്കൂട്ടം... മഴ വകവെയ്ക്കാതെ ഞാൻ ക്യാമെറയിൽ പകർത്തി അവയെ... ഇനി ഇങ്ങനൊരു ഫ്രെയിം എനിക്ക് കിട്ടിലയടിക്കും... അല്ലെങ്കിലും പ്രകൃതി കാത്തുവെച്ചിരിക്കുന്ന സർപ്രൈസ് എന്തൊക്കെയാണെന്ന് നമുക്ക് ഒരു ഐഡിയയും കിട്ടില്ല... അങ്ങനെ ട്രിപ്പിന്റെ ലക്ഷ്യങ്ങളെല്ലാം പൂർത്തിയായി..... അപ്പോൾ യാത്രകൾ തുടരും.... ആനക്കാര്യങ്ങളും.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA