മൊട്ടക്കുന്നും പൈൻകാടുമായി വാഗമൺ,പ്രകൃതി സൗന്ദര്യം നൽകി, പക്ഷേ അധികൃതർ സൗകര്യം ഒരുക്കിയില്ല

idukki-vagamon-development-issues.jpg.image.845.440
SHARE

വാഗമൺ∙ പ്രകൃതി അനുഗ്രഹിച്ചു നൽകിയ സൗന്ദര്യം. വിനോദ സഞ്ചാരികളുടെ ഇഷ്ട പ്രദേശം.മൊട്ടക്കുന്നും പൈൻ മരങ്ങളും നിറഞ്ഞ വാഗമൺ രാജ്യാന്തര തലത്തിൽ തന്നെ പ്രശസ്തമാണ്. പക്ഷേ ഇതൊക്കെ വേണ്ട വിധത്തിൽ ഉപയോഗിച്ചാലെ നാടിനു വികസനം ഉണ്ടാകു.

വിനോദസ‍ഞ്ചാരകേന്ദ്രം എന്നതിനു പുറമേ കോട്ടയം, ഇടുക്കി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രദേശം എന്ന ഖ്യാതി കൂടി പേറുന്നതാണു വാഗമൺ ജംക്‌ഷൻ. കോട്ടയം മെഡിക്കൽ കോളജ്, പാലാ, കൊച്ചി, തൊടുപുഴ എന്നിവിടങ്ങളിലേക്കു ഹൈറേഞ്ച് നിവാസികൾക്കു വളരെ എളുപ്പത്തിൽ വാഗമൺ വഴി യാത്ര ചെയ്യാൻ കഴിയും.

ഇതിനാൽ തന്നെ സഞ്ചാരികളെ കൂടാതെ ദിവസേന ബസുകളിലും സ്വകാര്യ വാഹനങ്ങളിലും വാഗമണ്ണിൽ ദിവസേന എത്തുന്നതും കടന്നു പോകുന്നതും നൂറുക്കണക്കിനു പേർ. പക്ഷേ ഇവർക്കു പ്രാഥമിക സൗകര്യങ്ങൾ നിർവഹിക്കാൻ പോലും ഇവിടെ സൗകര്യം ഇല്ല. ഒരു ഡസനിലധികം കെഎസ്ആർടിസി, സ്വകാര്യ ബസുകൾ എത്തുന്നുണ്ട്. എന്നാൽ ബസ് സ്റ്റാൻഡ് എന്നതു പ്രഖ്യാപനങ്ങളിൽ ഒതുങ്ങി.

∙നിർമാണ ഉദ്ഘാടനം കഴിഞ്ഞിട്ട് 5 വർഷം

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു മന്ത്രി അടൂർ പ്രകാശ് എത്തിയാണ് ബസ്റ്റാൻഡിന്റെ നിർമാണപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തത്. ബസ് സ്റ്റാൻഡ് പണിയാൻ 20 സെന്റ് റവന്യു സ്ഥലം പാട്ടത്തിനു നൽകാൻ സർക്കാർ ഉത്തരവിട്ടു. എന്നാൽ ശിലാസ്ഥാപനച്ചടങ്ങിനു പിന്നാലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം വന്നു.

പിന്നാലെ പഞ്ചായത്ത് ഭരണസമിതിയും സർക്കാരും മാറി. ശേഷം സ്ഥലം നൽകുന്ന തുടർപ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. പാട്ടത്തിനു കൈമാറുന്ന സ്ഥലത്ത് കെട്ടിടങ്ങൾ പണിയുന്നതിനു വിലക്ക് നിലനിൽക്കുന്നതു വിനയായി.

∙ സ്ഥലം വാങ്ങാൻ 40 ലക്ഷം

റവന്യു വകുപ്പ് ഭൂമി ലഭിക്കുന്നതിൽ തടസ്സം നിൽക്കുന്നതിനിടെ ഏലപ്പാറ പഞ്ചായത്ത് ഭരണസമിതി സ്വകാര്യ എസ്റ്റേറ്റിന്റെ പക്കൽ നിന്നു സ്ഥലം വാങ്ങി ബസ് സ്റ്റാൻഡ് നിർമിക്കാൻ തീരുമാനിച്ചു. ഇതിനായി 40 ലക്ഷം രൂപ ഫണ്ട് അനുവദിക്കുകയും ചെയ്തു. എന്നാൽ സ്ഥലത്തെ സംബന്ധിച്ചു പഞ്ചായത്തും എസ്റ്റേറ്റ് ഉടമകളും തമ്മിൽ തർക്കം ഉടലെടുത്തു. ഇതോടെ എസ്റ്റേറ്റ് ഉടമകൾ ഭൂമി നൽകുന്നതിൽ നിന്നു പിന്തിരിഞ്ഞു. ഇതിനിടെ സിപിഐ പ്രവർത്തകർ എസ്റ്റേറ്റ് ഭൂമിയിൽ കയ്യേറി ബസ് സ്റ്റാൻഡ് നിർമിക്കാൻ ശ്രമിച്ചു.

ഇതു കോടതിയിൽ കേസായി. മുൻ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറ്റിക്കാടൻ, രണ്ട് വനിതാ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ 20 പേർ കേസിൽ പ്രതി ചേർക്കപ്പെട്ടു. പിന്നെ പഞ്ചായത്ത് ഈ രംഗത്തേക്കു വന്നില്ല. അനുവദിച്ച 40 ലക്ഷവും നഷ്ടപ്പെട്ടു. ശുചിമുറി നിർമിക്കാന‍ും പഞ്ചായത്ത് 5 ലക്ഷം രൂപ വകയിരുത്തി. എന്നാൽ സ്ഥലം ലഭിക്കാത്തതിനാൽ നിർമാണം മുടങ്ങി. ഇതോടെ അനുവദിച്ച തുക നഷ്ടപ്പെട്ടു. 

'സ്ഥലം ഇല്ലാത്തത് പ്രതിസന്ധി

നിർമാണപ്രവർത്തനങ്ങൾക്ക് സ്ഥലം ലഭ്യമാകാത്തതാണു വാഗമണ്ണിലെ വികസന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നത്. നാലു ചുറ്റും സ്വകാര്യ തേയിലത്തോട്ടങ്ങൾ സ്ഥിതി ചെയ്യുകയാണ്. എസ്റ്റേറ്റുകൾ ഭൂമി വിട്ടു നൽകാൻ തയാറാവണം. അല്ലാത്ത പക്ഷം ബസ് സ്റ്റാൻഡ് ഉൾപ്പെടെ പണിയുവാൻ സർക്കാർ സ്ഥലം ഉപാധികളോടെ അനുവദിക്കണം. -എൻ.കെ. അനീഷ് കൊല്ലംപറമ്പിൽ വാഗമൺ

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA