ഇടുക്കിയിലെ നദികളിലെ സുന്ദരികളായ വെള്ളച്ചാട്ടങ്ങളിലൂടെ ഒരു യാത്ര പോയാലോ?...

മരച്ചുവട് വെള്ളച്ചാട്ടം.
SHARE

പുഴ ചിരിക്കുന്നതാണു വെള്ളച്ചാട്ടങ്ങൾ. ചെറുതും വലുതുമായ ഇടുക്കിയിലെ നദികളിൽ അഞ്ഞൂറോളം വെള്ളച്ചാട്ടങ്ങൾ പൊട്ടിച്ചിരിച്ചു നിൽപുണ്ട്. ഇന്നു ലോക നദി ദിനവും ലോക ടൂറിസം ദിനവും. ഇടുക്കിയിലെ നദികളിലെ സുന്ദരികളായ വെള്ളച്ചാട്ടങ്ങളിലൂടെ ഒരു യാത്ര പോയാലോ? മനോരമ ഒരുക്കുന്ന സ്പെഷൽ വെർച്വൽ സഞ്ചാരം ആസ്വദിച്ചോളൂ...

തൊടുപുഴയിൽ നിന്നു തുടങ്ങാം. പുലർച്ചെ തന്നെ യാത്ര തിരിക്കണം. തലേന്നു രാത്രി മഴ പെയ്തതു കൊണ്ടു വഴിയാകെ കോടമഞ്ഞു പുതച്ചു നിൽക്കുന്നു. അട്ട കടിക്കാതിരിക്കാൻ നല്ല ഷൂസും തണുപ്പ് കൂസാതിരിക്കാൻ ജാക്കറ്റും മറക്കല്ലേ.

ഡെസ്റ്റിനേഷൻ 1 തൊമ്മൻകുത്ത്

തൊമ്മൻകുത്ത് വെള്ളച്ചാട്ടം. (ഫയൽ ചിത്രം)

തൊടുപുഴയോടു തൊട്ടുരുമി പളുങ്കു മണികൾ വിതറുന്നു തൊമ്മൻകുത്ത് വെള്ളച്ചാട്ടം. ചട്ടക്കാരി എന്ന മലയാള സിനിമയിലെ ഗാനരംഗം ചിത്രീകരിച്ചതോടെയാണു തൊമ്മൻകുത്തിനു പ്രശസ്തിയേറിയത്. ഏഴു തട്ടുകളായി നിറഞ്ഞു തുള്ളിച്ചാടുകയാണു വെള്ളച്ചാട്ടം. മൈൻഡ് ചുമ്മാ ചിൽ ആവും.

ഡെസ്റ്റിനേഷൻ 2 ചീയാപ്പാറ

ചീയാപ്പാറ വെള്ളച്ചാട്ടം (ഫയൽ ചിത്രം)

കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്തിനും അടിമാലിക്കും ഇടയിൽ റോഡിൽ‌ നിന്നു കാണാം ചീയാപ്പാറയുടെ വന്യ സൗന്ദര്യം. കാഴ്ചയിൽ ആകാശത്തു നിന്നുതിരുന്ന പാൽപുഴ പോലെ തോന്നും. ഹെവൻലി വ്യൂ.

ഡെസ്റ്റിനേഷൻ 3 ശ്രീനാരായണപുരം

ശ്രീനാരായണപുരം വെള്ളച്ചാട്ടം.

കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ നിന്നു കുഞ്ചിത്തണ്ണി വഴി രാജാക്കാട്ടേക്കു പോകുന്ന വഴിയോരത്തു തന്നെയാണു ശ്രീനാരായണപുരം. ഒരു മഴ കൊണ്ടു തന്നെ ജല സമൃദ്ധമായ മുതിരപ്പുഴയാർ കുത്തിയൊലിച്ചെത്തുന്നതു കാണേണ്ടതു തന്നെ. ഓസം വ്യൂ...

ഡെസ്റ്റിനേഷൻ 4 കുത്തുങ്കൽ

കുത്തുങ്കൽ വെള്ളച്ചാട്ടം.

ഒരു അണക്കെട്ടു വന്നതോടെ വിസ്മൃതിയിലേക്ക് ഒഴുകി മറഞ്ഞ കുത്തുങ്കൽ വെള്ളച്ചാട്ടത്തിന് ഓരോ മഴക്കാലവും പുനർജന്മം നൽകുന്നു. രാജാക്കാട് നിന്നു 6 കിലോമീറ്ററകലെ മുക്കുടിലിനു സമീപം പന്നിയാർ പുഴയാണു കുത്തുങ്കൽ വെള്ളച്ചാട്ടത്തിന്റെ അമ്മ. 30 മീറ്ററോളം ഉയരെ നിന്നു പാറക്കെട്ടുകളിൽ പതിക്കുന്ന വെള്ളച്ചാട്ടം വന്യവും വശ്യവുമാണ്. പന്നിയാർ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് കവിഞ്ഞൊഴുകിയതോടെ ഒരിക്കൽ കാഴ്ചയ്ക്കപ്പുറം മറഞ്ഞ വെള്ളച്ചാട്ടം പുനർജന്മമെടുത്തു. യാ മോനെ.. കിടു ഫീൽ!!!

ഡെസ്റ്റിനേഷൻ 5 ആറ്റുകാട്

ആറ്റുകാട് വെള്ളച്ചാട്ടം

കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പള്ളിവാസലിനും മൂന്നാറിനും ഇടയിലാണ് ആറ്റുകാട് വെള്ളച്ചാട്ടം. മൂന്നാറിൽ നിന്ന് 9 കിലോമീറ്ററകലെ തേയില മലകൾക്കിടയിലെ നയന മനോഹരമായ ആറ്റുകാട് വെള്ളച്ചാട്ടം കണ്ടുകഴിഞ്ഞാൽ ഒന്നു ചാടിക്കുളിക്കാൻ തോന്നും. അത്രയ്ക്കു ട്രിപ്പിങ്...

ഡെസ്റ്റിനേഷൻ 6 പവർഹൗസ് വെള്ളച്ചാട്ടം

പവർഹൗസ് വെള്ളച്ചാട്ടം.

അങ്ങനെ തേയിലക്കാടുകൾക്കും മഞ്ഞുമേഘങ്ങൾക്കും ഇടയിലൂടെ നമ്മൾ മൂന്നാറിലെത്തി. മൂന്നാറിലെ പ്രധാന ആകർഷണങ്ങളിലൊന്നാണു കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ പെരിയകനാലിനു സമീപമുള്ള പവർഹൗസ് വെള്ളച്ചാട്ടം. ഐതിഹ്യ കഥകളിൽ സീതാദേവി നീരാടിയതെന്നു കരുതുന്ന സീതാ തടാകത്തിൽ നിന്ന് ഉദ്ഭവിക്കുന്ന അരുവിയിലാണ് ഇൗ വെള്ളച്ചാട്ടം. ജില്ലയിൽ ഏറ്റവും ഉയരത്തിലുള്ള വെള്ളച്ചാട്ടമാണിത്. 200 മീറ്ററിലധികം ഉയരത്തിൽ നിന്നു പല തട്ടുകളായി താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടം കണ്ടുനിൽക്കാൻ തന്നെ എന്തൊരു ചേലാണ്.

ഡെസ്റ്റിനേഷൻ 7 ലക്കം

ലക്കം വെള്ളച്ചാട്ടം.

മൂന്നാർ – മറയൂർ റോഡിൽ മൂന്നാറിൽ നിന്ന് 9 കിലോമീറ്ററകലെയാണു ലക്കം വെള്ളച്ചാട്ടം. ഇരവികുളത്തോടു ചേർന്നു വാകമരങ്ങൾ ഇടതിങ്ങി വളരുന്ന വനപ്രദേശത്താണു വെള്ളച്ചാട്ടം. ഇടയ്ക്കു വരയാടുകളെയും കണാം. രാജമലയിൽനിന്ന് ഒഴുകിവരുന്ന കണ്ണീരു പോലെ തെളിഞ്ഞ വെള്ളം... തൊട്ടാൽ ഐസാകുന്ന തണുപ്പ്..യാ..ആ ഫീൽ മറക്കാനാവില്ല.

ഡെസ്റ്റിനേഷൻ 8 മരച്ചുവട്

മരച്ചുവട് വെള്ളച്ചാട്ടം.

ശാന്തൻപാറ പഞ്ചായത്തിൽ തൊട്ടിക്കാനത്തിനു സമീപം പുത്തടിയാറിലാണു നയന മനോഹരമായ മരച്ചുവട് വെള്ളച്ചാട്ടം. പുഴയ്ക്കു കുറുകെ വീണു കിടക്കുന്ന വൻമരവും ഹരിത ഭംഗി നിറഞ്ഞ ചുറ്റുപാടുമാണ് ഇൗ വെള്ളച്ചാട്ടത്തെ കൂടുതൽ സുന്ദരിയാക്കിയത്. ഒട്ടേറെ ചലച്ചിത്രങ്ങൾക്കു ലൊക്കേഷനായ മരച്ചുവട് വെള്ളച്ചാട്ടവും മനോഹര കാഴ്ചകളുടെ പകൽ പൂരമാണ് ട്ടോ...

ഡെസ്റ്റിനേഷൻ 9 തൂവൽ

തൂവൽ വെള്ളച്ചാട്ടം.

ഇനി നേരെ നെടുങ്കണ്ടത്തേക്ക്. നെടുങ്കണ്ടത്തു നിന്ന് 8 കിലോമീറ്ററകലെയുള്ള തൂവൽ അരുവിയിലാണു തൂവൽ വെള്ളച്ചാട്ടം. കല്ലാർ പുഴയുടെ ഭാഗമാണു തൂവൽ അരുവി. പേരുപോലെതന്ന അത്ര മനോഹരമാണ് 180 അടി ഉയരമുള്ള ഈ വെള്ളച്ചാട്ടം. വെള്ളച്ചാട്ടത്തിലിറങ്ങി അടിപൊളിയൊരു കുളി പാസാക്കാം. അങ്ങനെ മനസ്സും ശരീരവും കുളിർപ്പിച്ച് ഇന്നത്തെയാത്ര അവസാനിപ്പിക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN idukki
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA