ADVERTISEMENT

 ‘‘ഇവിടെ പ്രഭാതങ്ങൾ അതിമനോഹരമാണ്. മഞ്ഞും മേഘക്കൂട്ടവും സുവർണ ശോഭയിൽ ഉദിച്ചുയരുന്ന സൂര്യനും കാഴ്ചയുടെ വിരുന്നൊരുക്കുന്നു...’’ തൊളിക്കോട് ഗ്രാമ പഞ്ചായത്തിലെ ചിറ്റീപ്പാറയെക്കുറിച്ചു ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞാൽ ഇത്രയേയുള്ളൂ. പക്ഷേ ആ സൂര്യോദയം ഒരു ഒന്നൊന്നര കാഴ്ചയാണ്. നഗരത്തിൽ നിന്നും 30 കിലോമീറ്റർ അകലെ മലയടിക്കു സമീപത്ത് സ്ഥിതി ചെയ്യുന്ന ചിറ്റീപ്പാറയെ ടൂറിസം ഭൂപടത്തിലുൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ദൂരെനിന്ന് ഈ പാറ വീക്ഷിക്കുന്നതു കൗതുക കാഴ്ചയാണ്. ഒരു ഭീമൻ പാറയോടു ചേർന്നു ഒരു ഭാഗം താഴേക്കു ചാഞ്ഞ് വീഴും വീഴില്ല എന്ന മട്ടിൽ മറ്റൊരു പാറ.

ദൂരക്കാഴ്ചയിൽ ഈ ഭാഗം ഏതാണ്ടു കഴുത്തിന്റെ ആകൃതിയിലായതിനാൽ കഴുത്തൻ പാറയെന്നും വിളിക്കാറുണ്ട്.  നൂറ്റാണ്ടുകളുടെ പഴക്കമുള്ള ക്ഷേത്രവും ഈ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്നുണ്ട്. ഇതൊരു നാടുകാണിപ്പാറ കൂടിയാണ്. ആര്യനാട് ജംക്‌ഷനും വിതുരയും നെടുമങ്ങാടുമൊക്കെ കണ്ണെത്തും ദൂരത്തെത്തിക്കുന്ന നാടുകാണിപ്പാറ. കാലാവസ്ഥ അനുകൂലമാണെങ്കിൽ‌ വിമാനത്താവളവും ശംഖുമുഖം കടപ്പുറവും വരെ വ്യക്തമായി കാണാം. 

ചിറ്റീപ്പാറയെ വിനോദ സഞ്ചാര പാക്കേജിൽ ഉൾപ്പെടുത്തണമെന്നു ആവശ്യപ്പെട്ടു 2018 ൽ തൊളിക്കോട് പഞ്ചായത്ത് ബന്ധപ്പെട്ടവർക്കു പ്രപ്പോസൽ സമർപ്പിച്ചു. ചിറ്റീപ്പാറയെയും മേത്തോട്ടം പൂമരത്തുകുന്നിനെയും ബന്ധിപ്പിച്ചു റോപ് വേ സ്ഥാപിക്കണമെന്നും ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇതിനൊപ്പം പ്രദേശവാസികളുടെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും ഉറപ്പ് വരുത്തണം.  അതേസമയം പാക്കേജിൽ ഉൾപ്പെട്ടാൽ പൊന്മുടി വന സംരക്ഷമ സമിതി മാതൃകയിൽ ഇവിടെ കൂട്ടായ്മയുണ്ടാക്കി വിനോദ സ‍ഞ്ചാര നിയന്ത്രണം സാധ്യമാക്കാം.

അതുവഴി ഒരു വിഭാഗം തദ്ദേശീയർക്കു ജോലി ലഭിക്കുകയും ചെയ്യും. ചിറ്റീപ്പാറയുടെ സുരക്ഷ ഉറപ്പ് വരുത്തിയ ശേഷമേ ടൂറിസം കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടികൾ തുടങ്ങാവൂവെന്നു ചിറ്റീപ്പാറ ആയിരവില്ലി തമ്പുരാൻ ക്ഷേത്ര ട്രസ്റ്റ്.  2016ൽ പാറയുടെ ഒരു ഭാഗം അടർന്നു മാറിയപ്പോൾ പാറയുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റീജിയൻ പഠനം നടത്തി കലക്ടർക്കു റിപ്പോർട്ട് കൊടുത്തിരുന്നു. എന്നാൽ പിന്നീട് നടപടി ഉണ്ടായില്ലെന്നുട്രസ്റ്റ് പ്രസിഡന്റ് മോഹനൻ ത്രിവേണി ആരോപിച്ചു. 

    English Summary: Chittipara Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com