ADVERTISEMENT

ക്ഷേത്രമണികളുടെ ആനന്ദകരമായ ചിലമ്പല്‍ശബ്ദങ്ങള്‍ പ്രതിധ്വനിക്കുന്ന പുലരികളാണ് ആറന്മുളയുടെ ഭംഗി. വെയില്‍വെളിച്ചമേറ്റ് അത്യധികം ഊര്‍ജ്ജസ്വലതയോടെ പകല്‍ കഴിക്കുന്ന പമ്പാനദിയും നാവില്‍ രുചിമേളമൊരുക്കുന്ന വള്ളസദ്യയും കെട്ടുവള്ളത്തില്‍ നിന്നുയരുന്ന വായ്ത്താരികളുമെല്ലാം അതിന്‍റെ മുഖമുദ്രകളാണ്. ആറന്മുള കണ്ണാടിയും കഥകളിയുടെ വര്‍ണ്ണച്ചമയങ്ങളും ചുമര്‍ചിത്രകലയുമടക്കം ഈ നാടിനെ ലോകപ്രശസ്തമാക്കിയ എത്രയോ അപൂര്‍വ്വതകള്‍ വേറെയുമുണ്ട്. കണ്ണും കാതും തുറന്നുകാണേണ്ട ആ അത്ഭുതക്കാഴ്ചകളും അനുഭവങ്ങളും ഒരു കുടക്കീഴില്‍ സഞ്ചാരികള്‍ക്കായി ഒരുക്കുകയാണ് മലക്കരത്തു വീട് എന്ന ഈ ഹോംസ്റ്റേ.

Image From Malakkarethu House Official Site
Image From Malakkarethu House Official Site

പമ്പാനദിയുടെ തീരത്ത് ദീപ്തി സൂസൻ വർ‌ഗീസും ഭര്‍ത്താവായ അഡ്വ. ജോജി ജെ വർ‌ഗീസും ചേര്‍ന്നാണ് ഈ സുന്ദരാനുഭവം സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. പ്രകൃതിസൗന്ദര്യം ആസ്വദിക്കുക മാത്രമല്ല, ഒപ്പം മനസ്സുനിറയെ രുചികരമായ ഭക്ഷണവും കഴിക്കാനുള്ള അവസരമാണ് ഇവിടത്തെ താമസം. അതിനുമപ്പുറം, പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചുകൊണ്ട് കുറച്ചു ദിനങ്ങള്‍ ചെലവിടാനുള്ള അവസരമാണിത്. 

എസിയില്ലാതെ തന്നെ അന്തരീക്ഷം തണുപ്പിക്കാന്‍ ചെളിയില്‍ നിര്‍മിച്ച ചുവരുകളും കളിമൺ ടൈലുകള്‍ പാകിയ തറയും കാറ്റും വെളിച്ചവും സുഗമമായി കടക്കുന്ന വിശാലമായ മുറികളും പമ്പാ നദിയിലേക്ക് തുറക്കുന്ന ജാലകങ്ങളും ഗംഭീരമായ പരമ്പരാഗത ഫർണിച്ചറുകളും തെങ്ങുകളും ജാതിമരങ്ങളും മാവും പ്ലാവും മുല്ലവള്ളികളും മറ്റനേകം ചെറുചെടികളും നിറഞ്ഞ പറമ്പുമെല്ലാമായി ഈ അന്തരീക്ഷത്തെ പ്രൌഢ ഗംഭീരമാക്കുന്ന ഒട്ടനവധി കാര്യങ്ങളുണ്ട്. വിവിധ തരത്തിലുള്ള ചിത്രശലഭങ്ങള്‍ വിരുന്നെത്തുന്ന ബട്ടർഫ്ലൈ ഗാർഡൻ ആണ് മറ്റൊരു പ്രത്യേകത. ദൈനംദിന ജീവിതത്തിന്‍റെ മടുപ്പില്‍ നിന്നും നാഗരികതയുടെ ഒഴുക്കില്‍ നിന്നുമെല്ലാം മാറി കുറച്ചു ദിനങ്ങള്‍ സമാധാനത്തോടെ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവിടെയെത്തുന്നവരില്‍ കൂടുതലും. 

malakkarethu-house4
Image From Malakkarethu House Official Site

രണ്ട് നിലകളിലായി അറ്റാച്ചുചെയ്ത ബാത്ത്റൂമുകളോടു കൂടിയ ആറോളം വിശാലമായ കിടപ്പുമുറികളാണ് മലക്കരത്തു ഹൗസില്‍ ഉള്ളത്. ഒന്നാം നിലയിലെ നാല് കിടപ്പുമുറികള്‍ക്കും പ്രത്യേകം ബാൽക്കണി ഉണ്ട്, ഇവിടെ നിന്നും നോക്കിയാല്‍ പമ്പാനദി കാണാം. ഒരു കോമണ്‍ ഹാളും ഈ വീടിനുണ്ട്. മുറികള്‍ ദിവസേനയുള്ളതോ ആഴ്ചതോറുമുള്ളതോ ആയ നിരക്കുകളില്‍ ലഭിക്കും. താമസത്തിനായി എത്തുന്നവര്‍ക്ക് ശുചിത്വവും അവശ്യസൗകര്യങ്ങളും സംതൃപ്തിയും ഉറപ്പുവരുത്തുന്ന അന്തരീക്ഷമാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ കേരളസര്‍ക്കാര്‍ ടൂറിസം വകുപ്പ് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഹോംസ്റ്റേകള്‍ക്കായി നല്‍കുന്ന ഡയമണ്ട് കാറ്റഗറി സര്‍ട്ടിഫിക്കറ്റും മലക്കരത്തു വീടിനു ലഭിച്ചിട്ടുണ്ട്.

സമാധാനപരമായ താമസത്തിനു പുറമേ അടുത്തുള്ള മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരവും ഇവിടെ ഒരുക്കുന്നുണ്ട്‌. ആറന്മുള ക്ഷേത്രം, കോന്നി ആന പരിശീലന കേന്ദ്രം, അടവിഇക്കോ ടൂറിസം സ്പോട്ട്, പെരുന്തനേരുവി വെള്ളച്ചാട്ടം, പന്തളംകൊട്ടാരം, കവിയൂർ ഗുഹാക്ഷേത്രങ്ങൾ തുടങ്ങിയവ ഇങ്ങനെ സന്ദര്‍ശിക്കാവുന്ന ഇടങ്ങളാണ്. കൂടാതെ ശബരിമലയിലേക്ക് തീർത്ഥാടന പാക്കേജുകൾ ലഭ്യമാണ്. 

ഗവി, അടവി, കുട്ടിക്കാനം എന്നിവിടങ്ങളിലൂടെയുള്ള ജംഗിൾ ട്രിപ്പിനായി ഗ്രീൻ പാക്കേജ്, ആലപ്പുഴ, കുമരകം എന്നിവിടങ്ങളിലേക്കുള്ള യാത്ര ഒരുക്കുന്ന ബ്ലൂ പാക്കേജ് എന്നിവയുമുണ്ട്. കഥകളി, മ്യൂറൽ പെയിന്‍റിംഗ്, യോഗ എന്നിവയുടെ അടിസ്ഥാനപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന കോഴ്സുകളും ആധികാരിക ആയുർവേദ ചികിത്സയും അഭ്യര്‍ത്ഥനപ്രകാരം ലഭ്യമാക്കുന്നുണ്ട്.

English Summary: Malakkarethu House Aranmula

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com