കോടയും കുളിരും മോഹിപ്പിക്കുന്ന ഉളുപ്പുണി, കാട്ടിലൂടെ ഒരു ഓഫ്റോഡ്‌ യാത്ര പോയാലോ?

uluppuni-trip
SHARE

'ഇയ്യോബിന്‍റെ പുസ്തകം' എന്ന സിനിമ ഇറങ്ങിയതോടെയാണ് അധികമാരുടെയും ശ്രദ്ധയില്‍പ്പെടാതെ കിടന്ന ഉളുപ്പുണി മാലോകരുടെ ശ്രദ്ധയില്‍ പെടുന്നത്. മരങ്ങളും തണുപ്പും മലകളും ചേര്‍ന്ന ഈ മലയോരസ്വര്‍ഗ്ഗത്തിലേക്ക് അതോടെ വിവിധ ദേശങ്ങളില്‍ നിന്നും ആളുകള്‍ നിരവധി എത്തിത്തുടങ്ങി. ഇടുക്കിയുടെ തണുപ്പില്‍  സുന്ദരമായ അവധിക്കാലം ചെലവഴിക്കാനുള്ള അവസരമാണ് ഉളുപ്പുണി സഞ്ചാരികള്‍ക്കായി കാത്തുവച്ചിരിക്കുന്നത്. പെട്ടെന്ന് പോയിവരാന്‍ കഴിയുന്ന ഇടമായതിനാല്‍ ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് ഏറ്റവും പറ്റിയ ഇടങ്ങളില്‍ ഒന്നാണിവിടം.

എളുപ്പത്തില്‍ എത്തിച്ചേരാം എന്നതാണ് ഉളുപ്പുണിയുടെ മറ്റൊരു സവിശേഷത. പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണില്‍ നിന്നും പത്തു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. നഗരകേന്ദ്രത്തില്‍ നിന്നും പുള്ളിക്കാനം റൂട്ടിൽ ആറുകിലോമീറ്റർ പോയാൽ ചോറ്റുപാറ കവലയിലെത്തും. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞുള്ള വഴിയിലൂടെ സഞ്ചരിക്കുമ്പോൾ ഉളുപ്പുണി കവലയായി. അല്‍പ്പം സാഹസികത വേണമെന്നുള്ളവര്‍ക്ക് മൂലമറ്റം റൂട്ടിലൂടെ ബൈക്കില്‍ മുഴുനീള ഓഫ്റോഡ്‌ യാത്ര നടത്തിയും വേണമെങ്കില്‍ ഇവിടെ എത്താം.  

മനോഹരമായ പുല്‍മേടുകള്‍ വിരിച്ചുവച്ചുകൊണ്ട് ഇവിടുത്തെ പ്രകൃതി സഞ്ചാരികളെ കാത്തിരിക്കുന്നു. കാടിന്‍റെ കുളിരും തണുപ്പും ആസ്വദിച്ച് നടത്തുന്ന ജീപ്പ് സഫാരിയാണ് ഇവിടത്തെ ഹൈലൈറ്റ്. ഏഴു കിലോമീറ്റര്‍ അകലെ പെരിയാറിലുള്ള കുളമാവ് ഡാമിന്‍റെ വിദൂര ദൃശ്യവും ഇവിടത്തെ മറ്റൊരു മനോഹരമായ കാഴ്ചയാണ്.

അതിരാവിലെയാണ് ഇവിടേക്കുള്ള യാത്രക്ക് ഏറ്റവും മികച്ച സമയം. സൂര്യന്‍ മലനിരകള്‍ക്കു മുകളിലൂടെ ഉദിച്ചുവരുന്നതും മഞ്ഞിന്‍കണികകള്‍ പതിയെ അന്തരീക്ഷത്തിലേക്ക് അലിഞ്ഞു പോകുന്നതുമെല്ലാം അനിര്‍വചനീയമായ അനുഭൂതിയാണ് പകരുക. കോടയും പുലര്‍മഞ്ഞു വഹിച്ചു വരുന്ന മന്ദമാരുതനുമെല്ലാം നമ്മെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകും. 

കോടയും കുളിരും ഇഴചേര്‍ന്ന് മോഹിപ്പിക്കുന്ന ഈ വഴികളിലൂടെ ഒരിക്കല്‍ പോയാല്‍ വീണ്ടും വീണ്ടും പോകാന്‍ മനസ്സ് കൊതിച്ചുകൊണ്ടേയിരിക്കും. ഓഫ് റോഡും സാഹസികതയും ആഗ്രഹിക്കുന്നർക്കുള്ള മികച്ച ഡെസ്റ്റിനേഷനാണ് ഉളുപ്പുണിയെന്നു നിസ്സംശയം പറയാം.

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA