ADVERTISEMENT

കോവിഡ് അല്ലായിരുന്നെങ്കിൽ… രണ്ടുദിവസത്തെ അവധി കിട്ടിയാൽ നമ്മൾ ഇടുക്കി എന്ന മിടുക്കിയുടെ സൗന്ദര്യം അറിയാൻ മലകയറുമായിരുന്നു അല്ലേ.  ഒരു മഴ പെയ്തുകഴിഞ്ഞാൽ കണ്ണീരൊഴുക്കുന്ന വഴികളിലൂടെ, മഞ്ഞും നേരിയ ചാറ്റൽമഴയും കണ്ണുപൊത്തിക്കളിക്കുന്ന മലമുകളിലൂടെ ഒരുദിവസത്തെ യാത്ര.  വാഹനത്തിനുള്ളിൽനിന്നു തന്നെ നുകരാവുന്ന സൗന്ദര്യമാണ് ഈ കോവിഡ് കാലയാത്രയിൽ പകർത്തിയത്.  ആളുകൂടുന്നിടത്ത് ഇറങ്ങാതെയുള്ള യാത്ര.

എത്ര വെള്ളച്ചാട്ടങ്ങൾ കാണുമെന്ന് നിശ്ചയമുണ്ടാകില്ല, മഴയ്ക്കുശേഷം ഇടുക്കിയിലെത്തിയാൽ.  പ്രകൃതിയുടെ ആനന്ദക്കണ്ണീരുപോലെ ഒട്ടേറെ ചെറുജലപാതങ്ങൾ റോഡരുകിൽ കാണാം.  മഴനിന്നാൽ അവ  കാണുകയുമില്ല. ആ ശബ്ദം കേട്ട് മുന്നോട്ടുപോകുന്നതു രസകരമാണ്.

IDUKKY

പാഞ്ചാലിമേട്-  അതിസുന്ദരമായ കുന്നിൻമേട്.  ചെറിയ വഴികളിലൂടെ കയറിയിറങ്ങി പാഞ്ചാലിമേട്ടിലേക്കെത്തുന്ന വാഹനങ്ങൾ കുറവ്. ഹോണടി കേൾക്കുന്നേയുണ്ടായിരുന്നില്ല. നേരിയ മഴയ്ക്കൊപ്പം മഞ്ഞുകൂടി വന്നപ്പോൾ പുൽനാമ്പുകൾ ആഹ്ലാദത്തോടെ തലയാട്ടുന്നതുകണ്ടുതിരിച്ചിറക്കം. പുതിയ കെട്ടിടങ്ങളും സജ്ജീകരണങ്ങളും ദൂരെനിന്നു കാണാനേ പറ്റിയുള്ളൂ. കണ്ടയിൻമെന്റ് സോൺ എന്ന ഫ്ലക്സ് റോഡിനു കുറുകെയുണ്ടായിരുന്നു. ചെറുചാറ്റൽമഴ കാറിന്റെ ഗ്ലാസിനു മുകളിലൂടെ പാഞ്ചാലിമേടിന്റെ വഴിയെ ജലച്ഛായാചിത്രമാക്കി അവതരിപ്പിക്കുന്നുണ്ട്.

IDUKKY-2

കോട്ടയം- ഇടുക്കി റോഡിലെ ആകർഷണങ്ങളിലൊന്നാണ് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം. കുട്ടിക്കാനമെത്തും മുൻപ് സഞ്ചാരികളെ പിടിച്ചിരുത്താറുണ്ടായിരുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടത്തിന് ഇരമ്പം കൂടിയിട്ടുണ്ടായിരുന്നു.  കാർ നിർത്തി പടമെടുക്കുമ്പോൾ വെള്ളച്ചാട്ടത്തിന്റെ നിറം നോക്കി. നേരിയ ചുവപ്പുണ്ട്.  കലിതുള്ളിപ്പെയ്ത മഴ ഇത്തിരി മണ്ണിനെക്കൂടി കൂടെ കൂട്ടിയിട്ടുണ്ട്.  അപൂർവം സഞ്ചാരികൾ മാത്രം വളഞ്ഞങ്ങാനത്തു നിർത്തുന്നു. ഒരു പടമടുത്ത് വേഗം കാറിൽ കയറി പോകുന്നു. മുൻപ് റോഡരുകിലുള്ള ചെറുചായക്കടകളിൽനിന്നു കട്ടൻചായ മോന്തിക്കുടിച്ച് വളഞ്ഞങ്ങാനത്തെ മുഴുവൻ മനസ്സുകൊണ്ട് ഒപ്പിയെടുത്തുകൊണ്ടേ യാത്രികർ പോകാറുണ്ടായിരുന്നുള്ളൂ.

IDUKKY-3

മല കയറുമ്പോൾ ഇടതുവശത്ത് മേഘവും മഞ്ഞും മലകളെ മറയ്ക്കുന്നുണ്ടായിരുന്നു. ഇതും ഇടുക്കിയുടെ സ്ഥിരം കാഴ്ചകളിലൊന്നു തന്നെ. എങ്കിലും എസ്റ്റേറ്റുകളുടെ ഇരുണ്ട പച്ചപ്പിനു മുകളിൽ വെള്ള മുഖാവരണം വലിച്ചിടുന്നതുപോലെയുള്ള കാഴ്ച എത്ര കണ്ടാലും മതിവരില്ലല്ലോ.

IDUKKY-4

പരുന്തുംപാറയിലേക്ക് വണ്ടിയോടിക്കാൻ കൊതിക്കാത്തവർ ആരുണ്ട്… മൊട്ടക്കുന്നുകളിലൂടെ നടക്കാനും കോൺക്രീറ്റ് പാതയ്ക്കരുകിൽ കാർ പാർക്ക് ചെയ്ത് മഞ്ഞ് മുകളിലേക്കു കയറിവരുന്നതു കണ്ടിരിക്കാനും സായാഹ്നം ആസ്വദിക്കാനും ഏറെപ്പേർ വരുമായിരുന്ന പരുന്തുംപാറയിലും അധികം ആൾക്കൂട്ടമില്ല. ആളില്ലെങ്കിലും മലകളെ മൂടുന്ന മാജിക് ഷോ നിർത്താൻ പരുന്തുംപാറ ഒരുക്കമല്ലായിരുന്നു. ഇളവെയിലുകൊണ്ടു മലമടക്കുകൾ പ്രകാശിപ്പിച്ചശേഷം മഞ്ഞിനെ സ്വാഗതം ചെയ്ത് പരുന്തുംപാറ തന്റെ സ്ഥിരം ഷോ അനശ്വരമാക്കുന്നുണ്ടായിരുന്നു.

IDUKKY-5

എന്തിനേ കൊട്ടിയടക്കുന്നു കാലമെൻ ഇന്ദ്രിയ ജാലകങ്ങൾ എന്ന ഒ ൻ വി കുറുപ്പിന്റെ വരികൾ ഉമ്പായിയുടെ ശബ്ദത്തിലൂടെ കാർ സ്റ്റീരിയോ പകർന്നുതന്നപ്പോൾ  ആലോചിച്ചത്  കോവിഡ് കാലത്തെപ്പറ്റിയാണ്. എത്രകാലം  കോവിഡ് മഹാമാരി  ഈ പ്രകൃതിജാലകങ്ങൾ ജനങ്ങൾക്കുമുൻപിൽ കൊട്ടിയടയ്ക്കും?

IDUKKY-6

English Summary: Mist Meadows and Kurinji in Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com