ADVERTISEMENT

കൊച്ചി ∙ ചാലക്കുടിപ്പുഴയുടെ മുഴുവൻ സൗന്ദര്യവും ആവാഹിച്ച ഏഴാറ്റു മുഖം പ്രകൃതി ഗ്രാമം സന്ദർശകർക്കായി തുറന്നു. എറണാകുളം, തൃശൂർ ജില്ലകളുടെ അതിർത്തി പങ്കിടുന്ന ഏഴാറ്റുമുഖം വിനോദസഞ്ചാര കേന്ദ്രത്തിലെത്താൻ ചാലക്കുടിയിൽ നിന്ന് 17 കിലോമീറ്റർ സഞ്ചരിച്ചാൽ മതിയാകും. 2018ലെ പ്രളയത്തിൽ ഇവിടം തകർന്നെങ്കിലും സില്‍വര്‍ സ്റ്റോം അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ നേതൃത്വത്തിൽ എറണാകുളം ജില്ലാ ടൂറിസം പ്രമോഷൺ കൗൺസിൽ പുനരുദ്ധരിച്ചതോടെയാണ് വീണ്ടും ഈ സൗന്ദര്യഭൂമിയിലേയ്ക്ക് സഞ്ചാരികൾക്ക് എത്താൻ അവസരം ഒരുങ്ങുന്നത്. 

മാര്‍ച്ചില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായെങ്കിലും കോവിഡ്19 മൂലം വിനോദ സഞ്ചാര കേന്ദ്രം തുറക്കാൻ സാധിച്ചിരുന്നില്ല. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കും പ്രകൃതി ഗ്രാമം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുകയെന്ന് എറണാകുളം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി എസ് വിജയകുമാര്‍ പറഞ്ഞു. ഇതോടൊപ്പം സില്‍വര്‍ സ്റ്റോം റിസോര്‍ട്ടും റെസ്‌റ്ററന്റും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തനം തുടങ്ങും. 

Ezhattumugam-photos-2--2-

എണ്ണപ്പനകൾ നിറഞ്ഞ ഈ ഗ്രാമത്തിലേയ്ക്ക് സീസണിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ എത്തുന്നതാണ് പതിവ്.  പുഴയുടെ കുറുകെ ഏഴാറ്റുമുഖത്തെയും തുംബൂർമുഴിയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം പ്രധാന ആകർഷണമാണ്. പാലത്തിനു മുകളിൽ നിന്നുള്ള ചാലക്കുടിപ്പുഴയുടെ സൗന്ദര്യം ഒരിക്കലെങ്കിലും ആസ്വദിക്കേണ്ടതാണ്. മനോഹരിയായി ഒഴുകിയെത്തുന്ന പുഴ ഇവിടെവച്ച് പാറയിടുക്കുകളിൽ തട്ടി ഏഴായി മാറി ഒഴുകി വീണ്ടും ഒന്നു ചേരുന്നതാണ് കാഴ്ച. ഏഴാറ്റുമുഖം എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചതും ഇങ്ങനെയാണ്. പുഴ നിറഞ്ഞൊഴുകുന്ന സമയമല്ലെങ്കിൽ ചെറിയ വെള്ളക്കെട്ടുകളിലും ചാലുകളിലും കുളിക്കുകയും ചെയ്യാം. 

English Summary: Ezhattumugham Prakriti Gramam opened for tourists

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com