യാത്ര പോകാം ഇവ പാലിച്ച്; അറിയാം വയനാട്, ഇടുക്കി ജില്ലകളിലെ നിയന്ത്രണങ്ങള്‍

wayanad-trip
SHARE

ലോക്ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവു വന്നതോടെ ആളുകൾ ഇടക്കാലത്തേക്ക് നിർത്തിയ യാത്രകൾ വീണ്ടും ആരംഭിച്ചു. കോവിഡ് വ്യാപനം മൂലം വീട്ടിൽ തന്നെ കഴിഞ്ഞു കൂടേണ്ടി വന്നതിന്റെ പിരിമുറുക്കം മാറ്റാനായി പലരും വിനോദ സഞ്ചാര കേന്ദ്രങ്ങൾ തേടിയിറങ്ങുകയാണ്. കോവിഡ് വ്യാപന കാലത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ക‍ൃത്യമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

കോവിഡ് പിടിപെടാതെ തന്നെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സൗകര്യവും ഒരുക്കി. ഇടുക്കി, വയനാട് എന്നിവിടങ്ങളിലേക്കാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ളതിനാലും മനോഹരമായ വഴികളിലൂടെ സഞ്ചരിക്കാമെന്നതിനാലുമാണിത്. യാത്ര ചെയ്യുന്നവർ കോവിഡ് ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ പ്രത്യാഘാതങ്ങളുണ്ടാകും. അതിനാൽ കർശ നിയന്ത്രണങ്ങളോടെയാണ് കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കുന്നത്. വയനാട്, ഇടുക്കി ജില്ലകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചും ക്രമീകരണങ്ങളെക്കുറിച്ചും അറിയാം. 

വയനാട്ടിൽ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാം  

∙വയനാട് ജില്ല സന്ദർശിക്കാനെത്തുന്നവർക്ക് ഡിടിപിസിയുെട കേന്ദ്രങ്ങളിലെ പ്രവേശന ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഓൺലൈൻ വഴി ബുക്കു ചെയ്യാതെയും ആളുകൾക്ക് പ്രവേശനം നേടാം. ടിക്കറ്റ് കേന്ദ്രങ്ങളിൽ ക്യൂ ആർ കോഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. പേരുവിവരങ്ങൾ എഴുതുന്നതിനു പകരം കോ‍ഡ് സ്കാൻ ചെയ്താൽ മതി. മുഴുവൻ കേന്ദ്രങ്ങളിലും താപനില പരിശോധിക്കും. കൂടാതെ സാനിറ്റൈസർ ഉപയോഗിക്കുന്നതിനും സംവിധാനം ഉണ്ട്. യാത്രക്കാരിൽ ആർക്കെങ്കിലും രോഗലക്ഷണം കണ്ടാൽ ഏറ്റവും അടുത്ത ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.

wayanad-banasura-dam-tourism1

∙ 12 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഡിടിപിസിയുടെ കീഴിലുള്ളത്. നവംബർ ഒന്നിനു മാത്രമേ എല്ലാ കേന്ദ്രങ്ങളും തുറക്കുകയുള്ളു. ചുരുക്കം കേന്ദ്രങ്ങൾ മാത്രമെ നിലവിൽ തുറന്നിട്ടുള്ളു. ഓരോ സ്ഥലത്തും നിശ്ചിത ആളുകളെ മാത്രമേ ഒരേ സമയം പ്രവേശിപ്പിക്കുകയുള്ളു. കുറുവ ദ്വീപ് 50, എടയ്ക്കൽ ഗുഹ 100, മാവിലാം തോട് 150, പൂക്കോട് 100, കർളാട് 100 എന്നിങ്ങനെയാണ് ആളുകളെ പ്രവേശിപ്പിക്കുക. വനംവകുപ്പിന്റേയും കെഎസ്ഇബിയുടേയും കീഴിലുള്ള കേന്ദ്രങ്ങളെല്ലാം തുറന്നു.

wayanad-chendramala-center-lake

∙പൂക്കോട് തടാകത്തിൽ ബോട്ടിങ് സൗകര്യമുണ്ട്. ഓരോ യാത്രക്കാരും ഉപയോഗിച്ചതിനു ശേഷം ബോട്ട്, സുരക്ഷാ ജാക്കറ്റ് എന്നിവ അണുനശീകരണം  നടത്തിയശേഷം മാത്രമായിരിക്കും അടുത്ത ആൾക്ക് നൽകുന്നത്. വിനോദ സാമഗ്രികളും ഇത്തരത്തിൽ അണുനശീകരണം നടത്തിയ ശേഷമാണ് നൽകുക.

Karlad-Lake-Wayanad-7

∙ഇതര സംസ്ഥാനത്തു നിന്നും വരുന്നവർ ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്തവരെ മാത്രമേ ചെക്ക് പോസ്റ്റ് വഴി കടത്തി വിടൂ. ഏഴുദിവസത്തെ സന്ദർശനത്തിന് എത്തുന്നവർക്ക് ക്വാറന്റീൻ ആവശ്യമില്ല. ഏഴുദിവസത്തിനു ശേഷം ജില്ലയിൽ തുടരാൻ സാധിക്കില്ല.

∙ ഹോട്ടൽ, റിസോർട്ട്, ഹോംസ്റ്റെ തുടങ്ങിയവയെല്ലാം ഓൺലൈനായി ബുക്ക് ചെയ്യാം. ഫോൺ വഴിയും ബുക്കു ചെയ്യാവുന്നതാണ്. ഒരാൾ ഹോട്ടൽ റൂം ഉപയോഗിച്ചു തിരച്ചു പോയിക്കഴിഞ്ഞാൽ 24 മണിക്കൂർ ആ റൂം അടച്ചിടും. തുടർന്ന് അണുനശീകരണം  ‌ചെയ്തശേഷം മാത്രമായിരിക്കും അടുത്ത ആൾക്ക് റൂം നൽകുന്നത്. ഭക്ഷണം കഴിക്കുന്നതിന് ബുഫെ സംവിധാനം ഉണ്ടായിരിക്കില്ല. പകരം അലാ കാർട്ടെ (ടേബിളിൽ വന്ന് ഓർഡർ എടുക്കുന്നത്) രീതിയിലായിക്കും ഭക്ഷണം വിളമ്പുന്നത്. പരമാവധി ഡിസ്പോസിബിൾ പാത്രങ്ങളും ഗ്ലാസും ഉപയോഗിക്കും. 

Karlad-Lake-Wayanad-8

അവധിയായതിനാൽ കഴിഞ്ഞ ആഴ്ച സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നും നിരവധി ആളുകൾ ജില്ലയിലെത്തിയെന്ന് ഡിടിപിസി സെക്രട്ടറി ബി. ആനന്ദ് പറഞ്ഞു. കുറേ നാൾ വീടുകളിൽ തന്നെ കഴിഞ്ഞതിലുള്ള മടുപ്പ് മാറ്റാൻ ധാരാളം ആളുകൾ എത്തുന്നുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ ആളുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 

തുറന്നു ഇടുക്കിയും

ഇടുക്കി ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും  തുറന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുതന്നെയാണ് ഇവിടെയും പ്രവേശനം നൽകുന്നത്. എല്ലാ കേന്ദ്രങ്ങളിലും താപനില പരിശോധിച്ചശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക. 5 വയസിൽ താഴെയുള്ളവർക്കും 65 വയസ് കഴിഞ്ഞവർക്കും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പൂജയോട് അനുബന്ധിച്ച് അവധിയായിരുന്നതിനാൽ കഴിഞ്ഞ ആഴ്ച കൂടുതൽ ആളുകളെത്തിയെന്ന് ഡിടിപിസി സെക്രട്ടറി പി.എസ്.ഗിരീഷ് പറഞ്ഞു.

idukki-munnar-tourism

ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ക്രമീകരണങ്ങൾ

∙ ഒരേ സമയം  50 പേരെ മാത്രമായിരിക്കും പ്രവേശിപ്പിക്കുന്നത്. കൂടുതൽ ആളുകൾ എത്തിയാൽ അധികമുള്ള ആളുകൾ കാത്തുനിൽക്കേണ്ടി വരും. കൂടാതെ സന്ദർശനത്തിനുള്ള സമയം ഒരു മണിക്കൂർ ആയി നിജപ്പെടുത്തും. ആദ്യം പ്രവേശിച്ച ആളുകളെ പുറത്തിറക്കിയ ശേഷം പുതിയ ആളുകൾക്ക് പ്രവേശനം നൽകും. 

idukki-trip

∙ മാട്ടുപ്പെട്ടി, ഇടുക്കി ബൊട്ടാണിക്കൽ ഗാർഡൻ, രാമക്കൽമേട്, ഇടുക്കി പാർക്ക്, പാഞ്ചാലിമേട്, വാഗമൺ റോപ്‌വെ, വാഗമൺ മൊട്ടക്കുന്ന് എന്നിവിടങ്ങളിലെല്ലാം പ്രവേശനമുണ്ട്. ആമപ്പാറയിൽ മാത്രമാണ് നിലവിൽ പ്രവേശം ഇല്ലാത്തത്. കെഎസ്ഇബിയുടേയും വനംവകുപ്പിന്റേയും കീഴിലുള്ള കേന്ദ്രങ്ങളും തുറന്നു. 

∙ ഹോട്ടലുകളിലെ മുഴുവൻ മുറികളിലും ആളുകളെ താമസിപ്പിക്കാം. കൃത്യമായി ശുചിയാക്കി, അണുമുക്തമാക്കിയ ശേഷം മാത്രമായിരിക്കും മുറികൾ നൽകുന്നത്. മിക്ക ഹോട്ടലുകൾക്കും ഓൺലൈൻ ബുക്കിങ് സൗകര്യമുണ്ട്. 

idukki-waterfall

∙ നിലവിൽ പ്രവേശന ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യുന്നതിന് സംവിധാനം ഇല്ല. ഇപ്പോൾ വരുന്നവരില്‍ കൂടുതലും അടുത്ത ജില്ലകളിൽ നിന്നുള്ളവരാണ്. തമിഴ്നാട്ടിൽ നിന്നും വളരെ കുറച്ച് യാത്രക്കാർ എത്തുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നോ, വിദേശത്തുനിന്നോ സഞ്ചാരികൾ എത്തിത്തുടങ്ങിയിട്ടല്ല. 

‌കോവി‍ഡിനൊപ്പം ജീവിക്കുകയും കോവിഡിനൊപ്പം സഞ്ചരിക്കുകയും ചെയ്യേണ്ട കാലത്ത് യാത്രയ്ക്കും അൽപ്പം മുൻകരുതൽ എടുക്കാം . മാസങ്ങളായി മുടങ്ങിപ്പോയ യാത്രകൾ വീണ്ടും ആരംഭിക്കുമ്പോൾ പുതിയ രീതികൾ ശീലിക്കേണ്ടതുണ്ട്. അൽപ്പം ശ്രദ്ധിച്ചാൽ യാത്രയോട് നോ പറയേണ്ട. മറിച്ച് കോവിഡിനോട് നോ പറഞ്ഞുകൊണ്ട് ഏറെ ദൂരം സഞ്ചരിക്കാം. 

English Summary: Idukki and Wayanad Travel Restrictions

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA