കോഴിക്കോട്∙ മാസങ്ങൾക്കു ശേഷം സഞ്ചാരികൾക്കു സ്വാഗതമോതി ജില്ലയിലെ 3 ടൂറിസം കേന്ദ്രങ്ങൾ കൂടി ഇന്നലെ തുറന്നു. കാപ്പാട് ബീച്ച്, അരിപ്പാറ ടൂറിസം കേന്ദ്രം, പെരുവണ്ണാമൂഴി ഇക്കോ ടൂറിസം എന്നിവയാണ് തുറന്നത്. കോഴിക്കോട് നഗരത്തിലെ സരോവരം ബയോപാർക്കും കക്കയം ഹൈഡൽ ടൂറിസവും കഴിഞ്ഞ ദിവസങ്ങളിൽ തുറന്നിരുന്നു. ഇതോടെ കോവിഡ് നിയന്ത്രണങ്ങൾക്കു ശേഷം ജില്ലയിൽ തുറന്ന ടൂറിസം കേന്ദ്രങ്ങളുടെ എണ്ണം 5 ആയി.
കാപ്പാട് ബീച്ച്
ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച് അടിമുടി മാറിയ കാപ്പാട് ബീച്ചിൽ ഇന്നലെ എത്തിയത് 450ഓളം പേർ. ശുചിമുറികൾ, ഡ്രസിങ് റൂമുകൾ, ചാരുബെഞ്ചുകൾ ഉൾപ്പെടെയുള്ള ഇരിപ്പിടങ്ങൾ, ഭിന്നശേഷിക്കാർക്ക് കടലിലിറങ്ങാനുള്ള സംവിധാനം, ഫസ്റ്റ് എയ്ഡ് മുറി തുടങ്ങിയ സൗകര്യങ്ങൾ പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമായി കടലിലിറങ്ങി കുളിക്കാനും സൗകര്യവുമുണ്ട്. ബീച്ചിലേക്കുള്ള പ്രവേശനത്തിന് ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രദേശവാസികൾക്ക് 10 രൂപ, മറ്റുള്ള മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 25 രൂപ എന്നിങ്ങനെയാണ് നിരക്ക്. കടലിലിറങ്ങി കുളിക്കണമെങ്കിൽ മുതിർന്നവർ 100 രൂപയും കുട്ടികൾ 50 രൂപയും നൽകണം. ഒരു മണിക്കൂർ മാത്രമേ സമയം ചെലവഴിക്കാൻ അനുവദിക്കൂ. വാഹനപാർക്കിങ്ങിനും ഫീസ് ഈടാക്കുന്നുണ്ട്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനസമയം. തിരക്ക് നിയന്ത്രിക്കാനും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ഡിടിപിസി സെക്രട്ടറി സി.ടി.ബീനയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ബീച്ചിലുണ്ടായിരുന്നു.
അരിപ്പാറ വെള്ളച്ചാട്ടം
ആനക്കാംപൊയിലിനു സമീപമുള്ള അരിപ്പാറ ടൂറിസം കേന്ദ്രം ഇന്നലെ തുറന്നു. ആദ്യദിനം എത്തിയത് 108 പേർ. ഇരുവഞ്ഞിപ്പുഴയിലെ വെള്ളച്ചാട്ടത്തിനു കുറുകെ സ്ഥാപിച്ചിട്ടുള്ള തൂക്കുപാലത്തിൽ കയറാനും സഞ്ചാരികളെ അനുവദിക്കുന്നുണ്ട്. 10 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനസമയം.
പെരുവണ്ണാമൂഴി ഇക്കോ ടൂറിസം
സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങിയ പെരുവണ്ണാമൂഴി ഇക്കോ ടൂറിസം സെന്ററിൽ ഇന്നലെയെത്തിയത് 46 പേരാണ്. 30 രൂപയാണ് ടിക്കറ്റ് നിരക്ക്. ഡാമിനു മുകളിലേക്കു പ്രവേശനമില്ല. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനസമയം.
കക്കയം ഹൈഡൽ ടൂറിസം
31നാണ് കക്കയം ടൂറിസം കേന്ദ്രം തുറന്നത്. ഹൈഡൽ ടൂറിസത്തിന് 20 രൂപ, ഇക്കോടൂറിസത്തിനു 40 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഇന്നലെ 294 സഞ്ചാരികളാണ് കക്കയത്തെത്തിയത്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശനസമയം.
സരോവരം ബയോപാർക്ക്
കോഴിക്കോട് നഗരത്തിലെ സരോവരം ബയോപാർക്ക് ഒക്ടോബർ 16ന് തുറന്നിരുന്നു. ഒരേസമയം 20 പേർക്കാണു പ്രവേശനം. ഒരു മണിക്കൂർ മാത്രമേ ചെലവഴിക്കാൻ അനുവദിക്കൂ. പ്രവേശനഫീസ് 20 രൂപ.
ഇരിങ്ങൽ സർഗാലയ 10ന് തുറക്കും
ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ ഈ മാസം 10 മുതൽ പൊതുജനങ്ങളെ പ്രവേശിപ്പിക്കും. മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 40 രൂപ എന്നിങ്ങനെയാണു ടിക്കറ്റ് നിരക്ക്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനസമയം.
മറ്റു ബീച്ചുകളിൽ തീരുമാനമായില്ല
കാപ്പാട് ഒഴികെ ജില്ലയിലെ മറ്റു ബീച്ചുകൾ എന്നു തുറക്കുമെന്നു ജില്ലാ ഭരണകൂടം തീരുമാനമെടുത്തിട്ടില്ല. ജില്ലയിലെ മറ്റു ബീച്ചുകളിലും ടൂറിസം കേന്ദ്രങ്ങളിലും ഇന്നലെ ആളുകളെത്തിയിരുന്നെങ്കിലും ഔദ്യോഗികമായി തുറന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചതോടെ മിക്കവരും മടങ്ങി. കോഴിക്കോട് ബീച്ചിൽ ഇന്നലെ എത്തിയവരെ പൊലീസ് തടഞ്ഞു.
English Summary: Kozhikode Tourist Places Reopen