ആമപ്പാറ പാറയിടുക്കിലെ ഇടുങ്ങിയ നടപ്പാത ലോക ടൂറിസം ഭൂപടത്തിലേക്ക്. ഒരാൾക്കു കഷ്ടിച്ച് പോകാൻ കഴിയുന്ന നടപ്പാതയാണ് ശ്രദ്ധയാകർഷിക്കുന്നത്. നടന്നു പോയ ശേഷം പാറയിടുക്കിലൂടെ ഇഴഞ്ഞുവേണം മറുവശത്തെത്താൻ. ഇരുവശവും പടുകൂറ്റൻ പാറയാണ്. പാറയിടുക്കിലൂടെ സഞ്ചരിച്ചു മറുവശത്തെത്തിയാൽ പ്രകൃതിഭംഗിയും ആസ്വദിക്കാം.
സാഹസിക വിനോദ സഞ്ചാരികളെ ആകർഷിക്കാനായി, നെടുങ്കണ്ടം പഞ്ചായത്ത് 11-ാം വാർഡ് മെംബർ വിജിമോൾ വിജയന്റെ നേതൃത്വത്തിൽ ആമപ്പാറ മലനിരകൾക്കു ചുറ്റും സ്റ്റീൽ കൊണ്ടുള്ള വേലി സ്ഥാപിച്ചു. ഇതോടെ പ്രദേശത്തേക്കു സഞ്ചാരികളുടെ ഒഴുക്കായി.
രണ്ടേകാൽ കോടി രൂപയുടെ ടൂറിസം പദ്ധതികളുടെ ഭാഗമായാണു വേലി നിർമിച്ചത്. കേരള - തമിഴ്‌നാട് അതിർത്തിയായ ഇവിടെ സന്ദർശകരുടെ എണ്ണം ഓരോ വർഷവും കൂടി വരികയാണ്. രാമക്കൽമേട്ടിലെത്തുന്ന സഞ്ചാരികൾ ആമപ്പാറയുടെ സൗന്ദര്യം ആസ്വദിച്ചാണ് മടങ്ങുന്നത്. ഇവിടേക്ക് ഓഫ് റോഡ് ജീപ്പ് സവാരിയുമുണ്ട്.അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പ്രദേശം കൂടുതൽ മനോഹരമാക്കുന്നതിനും സുരക്ഷയ്ക്കുമുള്ള വിവിധ പദ്ധതികളുടെ നിർമാണമാണ് ആരംഭിച്ചിരിക്കുന്നത്.
ഇരിപ്പിടങ്ങൾ, ടോയ്‌ലറ്റ് കോംപ്ലക്‌സ്, 20 മീറ്റർ ഉയരമുള്ള വാച്ച് ടവർ തുടങ്ങിയവയും നിർമിക്കുന്നുണ്ട്. ലൈറ്റിങ് ക്രമീകരണവും ഏർപ്പെടുത്തും. അടുത്ത ഘട്ടത്തിൽ തൂക്കുപാലം ഉൾപ്പെടെ സ്ഥാപിക്കും. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്.