ADVERTISEMENT

 

munnar-tourism

ലോക്‌‍ഡൗണിനെ തുടർന്ന് 9 മാസമായി നിശ്ചലമായി കിടന്ന മൂന്നാർ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു. അൺലോക്ക് പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങൾ തുറക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ തുടർന്ന് രണ്ടാഴ്ച മുൻപാണ് മൂന്നാറിലേക്ക് സഞ്ചാരികളുടെ വരവ് ആരംഭിച്ചത്.

വനം വകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇരവികുളം ദേയീയോദ്യാനം 2 മാസം മുൻപ് തുറന്നെങ്കിലും സഞ്ചാരികൾ കുറവായിരുന്നു. രണ്ടാഴ്ച മുൻപ് മാട്ടുപ്പെട്ടിയിലും കുണ്ടളയിലും മറ്റും ബോട്ടിങ് പുനരാരംഭിച്ചതോടെ ആണ് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്.

munnar

പൂജാ അവധി ദിനങ്ങളിൽ ഏകദേശം 5000 പേർ  മൂന്നാറിൽ സന്ദർശനത്തിന് എത്തി.ശനി,ഞായർ ദിവസങ്ങളിലും മൂന്നാർ പഴയ പ്രതാപത്തിലേക്ക് അടുക്കുന്ന സൂചനകളാണ് നൽകുന്നത്.മൂന്നാറിൽ എത്തുന്ന സന്ദർശകരിൽ മൂന്നിലൊന്ന് തമിഴ്നാട്ടിൽ നിന്നാണ്.കോവിഡ് നിയന്ത്രണങ്ങൾ അതിർത്തിയിലുള്ളതിനാൽ ഇവിടെ നിന്ന് യാത്രികരുടെ ഒഴുക്കില്ല.പൂജയും ദീപാവലിയുമാണ് മൂന്നാറിലെ വലിയ സീസൺ.ദീപാവലിക്കെത്തുന്ന വടക്കേ ഇന്ത്യൻ സന്ദർശകരുടെ തിരക്ക്  ജനുവരി വരെ തുടരുന്നതാണ് പതിവ്.

 ഇരവികുളം ദേശീയോദ്യാനത്തിൽ 1300 ഉം മാട്ടുപ്പെട്ടിയിൽ ബോട്ടിങിന് ശരാശരി 1000 പേർ വീതവുമാണ് എത്തിയത്. വാരാന്ത്യ ദിനങ്ങളിലാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. ടൂറിസ്റ്റുകൾക്ക് 7 ദിവസം വരെ ക്വാറന്റീൻ ഒഴിവാക്കിയതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും സന്ദർശകർ എത്തുന്നുണ്ട്. എന്നാൽ സംസ്ഥാനത്തിന് അകത്ത് നിന്ന് തന്നെയുള്ള ഏകദിന സന്ദർശകർ ആണ് ഏറെയും.

 

സന്ദർശകരുടെ വരവ് ആരംഭിച്ചതോടെ മൂന്നാറിലെ ഹോട്ടലുകളും റിസോർട്ടുകളും തുറന്നിട്ടുണ്ട്. ഹോട്ടലുകൾ 50 ശതമാനം വരെ ഡിസ്കൗണ്ടാണ് മുറിവാടകയിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമയി പാലിച്ചാണ് മുറികൾ നൽകുന്നത്. ഉത്തരേന്ത്യയിൽ നിന്നും മറ്റും ധാരാളം അന്വേഷണങ്ങൾ വരുന്നതായി ആതിഥേയ മേഖലയിലുള്ളവർ പറയുന്നു. ഡിസംബറിലേക്ക് ആണ് ഇപ്പോൾ കൂടുതൽ ബുക്കിങ് നടക്കുന്നത്. അതിർത്തികൾ തുറന്നാൽ ദീപാവലിയോട് അനുബന്ധിച്ച് അയൽ സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ സഞ്ചാരികളെ പ്രതീക്ഷിക്കുന്നു.

English Summary: Munnar Tourism  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com