ADVERTISEMENT

‘ഷൂട്ടിങ്ങിനും ഉദ്ഘാടനങ്ങള്‍ക്കുമായിട്ടായിരിക്കും ഞാന്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്തിട്ടുണ്ടാവുക. സ്വയം വാഹനമോടിച്ച് പോകുന്നതിനേക്കാള്‍ സൈഡിലിരുന്ന് കാഴ്ചകള്‍ കണ്ട് പോകാനാണ് എനിക്കിഷ്ടം.’ ബിനീഷ് ബാസ്റ്റിനോട് യാത്രാവിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ പറഞ്ഞ വാക്കുകളാണിത്. ടീമേ എന്ന ഒറ്റവിളി മതി ബീനീഷ് ബാസ്റ്റിന്‍ എന്ന നടനെ മലയാളികൾക്കു തിരിച്ചറിയാൻ. ദളപതി വിജയ്‌ക്കൊപ്പം അഭിനയിച്ച് തമിഴിലും മലയാളത്തിലും ഒരേപോലെ കയ്യടിനേടിയ ബീനിഷിന്റെ യാത്രവിശേഷങ്ങള്‍ അറിയാം.

ബീനീഷിനു യാത്രകൾ ഇഷ്ടമാണോ?

എന്തുചോദ്യമാണ് ടീമേ, യാത്ര എല്ലാവര്‍ക്കും ഇഷ്ടമല്ലേ. എന്നെ സംബന്ധിച്ച് യാത്രകള്‍ കൂടുതലും ഷൂട്ടിങ്ങിനും ഉദ്ഘാടനങ്ങള്‍ക്കുമായി നടത്തുന്നതാണ്. അങ്ങനെ നമ്മുടെ നാട്ടില്‍ എല്ലായിടത്തും ഞാന്‍ പോയിട്ടുണ്ടെന്ന് പറയാം. പതിനാല് ജില്ലകളിലും ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. എന്നുവച്ച് ഞാന്‍ ഉദ്ഘാടനങ്ങള്‍ക്കു മാത്രം പോകുന്നൊരാളാണെന്ന് വിചാരിക്കരുതേ.

bineesh-bastin-trip3

ഇങ്ങനെ പ്രോഗ്രാമിന് പോകുമ്പോള്‍ അവിടെയുള്ളവര്‍ നമ്മളെ പല സ്ഥലങ്ങളിലേക്കും കൂട്ടിക്കൊണ്ടുപോകും. അവിടെയൊക്കെ ചെല്ലുമ്പോഴാണ് നമ്മുടെ നാട്ടില്‍ ഇത്രയും മനോഹരമായ സ്ഥലങ്ങള്‍ ഉണ്ടെന്ന് മനസ്സിലാകുന്നത്.അങ്ങനെ കുറേ അറിയായിടങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ആ നാട്ടുകാര്‍ക്കു മാത്രം അറിയാവുന്ന, നമ്മളില്‍ പലരും കാണാത്ത സുന്ദരമായ സ്ഥലങ്ങള്‍.

യാത്ര പോയതിൽ മനസ്സില്‍ തങ്ങിനില്‍ക്കുന്ന സ്ഥലങ്ങള്‍ ഏതൊക്കെയാണ്?

അത് ഒത്തിരിയുണ്ട് ടീമേ. എണ്ണിയാല്‍ തീരില്ല. എങ്കിലും ഒന്നുരണ്ടു സ്ഥലങ്ങള്‍ ഞാന്‍ ഒരിക്കലും മറക്കില്ല. അതിലൊന്ന് ഈരാറ്റുപേട്ടയിലുള്ള ഇല്ലിക്കല്‍കല്ലാണ്. പല സിനിമകളിലും നമ്മള്‍ ഈ സ്ഥലം കണ്ടിട്ടുണ്ടാകും. എന്നാല്‍ അതിന്റെ യഥാർഥ ഭംഗി ആസ്വദിക്കണമെങ്കില്‍ അവിടെ പോകണം.

ഒരു ഉദ്ഘാടനത്തിനാണ് ഞാന്‍ ഈരാറ്റുപേട്ടയ്ക്കു പോയത്. അവിടെ ചെന്നപ്പോള്‍ നമ്മുടെ ടീംസ് ഇങ്ങനെയൊരു സ്ഥലമുണ്ടെന്നും അവിടെ ഒന്നു പോകാമെന്നും പറഞ്ഞു. അങ്ങനെയാണ് ഇല്ലിക്കല്‍കല്ല് കാണാന്‍ പോകുന്നത്. മറക്കാനാവാത്തൊരു യാത്രയായിരുന്നു അത്. 

അതുപോലെ തൊടുപുഴയ്ക്ക് അടുത്തൊരു സ്ഥലമുണ്ട്. പുല്ലേപാറ. അധികമാര്‍ക്കും അറിയൊത്തൊരു ഗംഭീര സ്ഥലമാണത്. എന്റെ ഒരു സുഹൃത്താണ് ആ സ്ഥലത്തെക്കുറിച്ച് പറയുന്നതും എന്നെ അവിടെ കൊണ്ടുപോകുന്നതും. പുലര്‍ച്ചെയായിരുന്നു ഞാന്‍ പോയത്. ആ സമയത്തെ കാഴ്ച പറഞ്ഞറിയിക്കാനാവില്ല. ആകാശം താഴെയിറങ്ങിവന്നതുപോലെ, മേഘങ്ങള്‍ക്കിടയിലാണ് നമ്മള്‍ നില്‍ക്കുന്നതെന്ന് തോന്നും. വെളുത്ത മേഘങ്ങളുടെ ഒരു വലിയ കടല്‍. നമ്മള്‍ ഒരിക്കലെങ്കിലും ഇവിടെയൊക്കെ ഒന്നുപോകണം.

bineesh-bastin-trip

എനിക്ക് ഇഷ്ടപ്പെട്ട മറ്റൊരു സ്ഥലമാണ് രാമക്കല്‍മേട്.ആ മലമുകളില്‍ കയറി നല്ല തണുത്ത കാറ്റേറ്റ് ഇരിക്കുമ്പോള്‍ ഉണ്ടല്ലോ ടീമേ, പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല. അത്ര കിടിലമാണ് അവിടുത്തെ അനുഭവം. അതുപോലെ തന്നെയാണ് പൂപ്പാറ. എപ്പോഴും കോടമഞ്ഞ് നിറയുന്ന സ്ഥലമാണത്. നല്ല മഞ്ഞുള്ളപ്പോള്‍ നമ്മുടെ അടുത്ത നില്‍ക്കുന്ന ആളെപ്പോലും കാണില്ല. വല്ലാത്തൊരു അനുഭവമാണ് ഇവിടെയൊക്കെ ചെല്ലുമ്പോള്‍. നമ്മുടെ നാട്ടിലെ ഈ മനോഹരയിടങ്ങള്‍ കണ്ടാല്‍ വേറെ എവിടെയും പോകാന്‍ തോന്നില്ല. ഗരുഡന്‍പാറ കാണാന്‍പോയതും ഞാന്‍ മറക്കില്ല.

ബിനീഷിന്റെ വാക്കുകളിലെല്ലാം ഒരു ടീമുണ്ടല്ലോ. യാത്രകളും അങ്ങനെ ടീമായിട്ടാണോ?

സത്യം പറഞ്ഞാല്‍ എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ഒട്ടും താല്‍പര്യമില്ല. ആരെങ്കിലുമൊക്കെ കൂടെ വേണം. അവര്‍ തന്നെ വണ്ടിയോടിക്കുകയാണെങ്കില്‍ അത്രയും നല്ലത്. അപ്പോള്‍ സൈഡ് സീറ്റിലിരുന്ന് കാഴ്ചകള്‍ കണ്ട് യാത്ര ചെയ്യാം. ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്ന കാര്യങ്ങളിലൊന്നാണത്. തമിഴ്‌നാട്, ബെംഗളൂരു, രാമോജി റാവു ഫിലിം സിറ്റി, ഡല്‍ഹി തുടങ്ങി പല സ്ഥലങ്ങളും കണ്ടിട്ടുണ്ട്. എങ്കിലും എനിക്ക് ഏറ്റവും ഇഷ്ടം നമ്മുടെ കൊച്ചുകേരളം തന്നെയാണ്. സുഹൃത്തുക്കളാണ് എന്റെ ഏറ്റവും വലിയ സമ്പാദ്യം. എവിടെ ചെന്നാലും നമുക്ക് ചങ്കുകള്‍ ഉണ്ട്. അവരൊടൊപ്പമാണ് എന്റെ മിക്ക യാത്രകളും. ഇന്ത്യയ്ക്ക് അകത്ത് പലയിടത്തും പോയിട്ടുണ്ടെങ്കിലും വിദേശത്തേക്കു പോകാനായിട്ടില്ല ഇതുവരെ.

അപ്പോള്‍ ഒരു സ്വപ്‌നയാത്ര മനസ്സിലുണ്ടാകും. എങ്ങോട്ടേക്കാണ് ആ യാത്ര

അങ്ങനെ ഒരു സ്ഥലമൊന്നുമല്ല കുറേയുണ്ട് ലിസ്റ്റില്‍. ലോകം കാണാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. എങ്കിലും ആദ്യം ദുബായിലേക്ക് പോകണമെന്നാണ് എനിക്ക്. എന്റെ പല സുഹൃത്തുക്കളും അവിടെ പോയിവന്ന കഥയൊക്കെ പറഞ്ഞുകേട്ടാണ് ദുബായിയോട് ഒരു ഇഷ്ടം തോന്നിത്തുടങ്ങിയത്. അതുകൊണ്ട് എന്റെ ആദ്യവിദേശയാത്ര ദുബായിലേക്കു തന്നെ. ദുബായിലേക്കുള്ള യാത്രയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അത് ആകാശം മുട്ടിനില്‍ക്കുന്ന ഒന്നാണ്. ബുര്‍ജ് ഖലീഫ കാണണം എന്നാണ് എന്റെ ആഗ്രഹം. അതിലൊന്ന് കയറി ആ ലോകം മുഴുവന്‍ ഒന്ന് കാണണം. ആദ്യത്തെ കാര്യമതാണ്, പിന്നെ വേണം ലോകം ചുറ്റിക്കറങ്ങാന്‍.

English Summary: Celebrity Travel Experience Bineesh Bastin

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com