അമ്പാട്ടുകടവിലെ ആമ്പൽ വസന്തം വർണിച്ച് മാമാങ്കം താരം അച്യുതൻ

achuthan-travel
SHARE

മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിലൂടെ പ്രശസ്തനായ ബാലതാരം അച്യുതന്‍ തന്റെ വ്‌ളോഗിലൂടെ അമ്പാട്ടുകടവിന്റെ ആമ്പല്‍ സൗന്ദര്യ കാഴ്ച ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്. കോവിഡ് കാലത്ത് തിരക്കൊഴിഞ്ഞെങ്കിലും അമ്പാട്ടുകടവിന്റെ സൗന്ദര്യത്തിന് ഒരു കോട്ടവും വന്നിട്ടില്ലെന്ന് വിഡിയോയില്‍ വ്യക്തം.

അച്യുതന്റെ നാടുകൂടിയായ അമ്പാട്ടുകടവ് കോട്ടയം ജില്ലയിലാണ്. മലരിക്കല്‍പ്പോലെ ആമ്പല്‍ പാടങ്ങള്‍ക്ക് പേരുകേട്ട മറ്റൊരിടമാണിത്. കോട്ടയം ടൗണില്‍ നിന്നും 12 കിലോമീറ്റര്‍ ദൂരമുണ്ട് അമ്പാട്ടുകടവിലേക്ക്. ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തിനടുത്താണ് ആമ്പല്‍ പരവതാനി വിരിച്ച ഈ പാടങ്ങള്‍. കഴിഞ്ഞ വര്‍ഷം ഈ സമയം ഇവിടെ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു. സമീപ ജില്ലകളില്‍ നിന്നുപോലും അനേകം പേരാണ് ഈ ആമ്പന്‍ വിസ്മയം കാണാന്‍ ഇവിടേയ്ക്ക് ഒഴുകിയെത്തിയത്. എന്നാൽ ഇത്തവണ കൊറോണയുടെ ഭീതി നിലനിൽക്കുന്നതിനാൽ സന്ദർശകർക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് ഈ വര്‍ഷം ഇവിടെ സന്ദര്‍ശകര്‍ എത്തുന്നതെന്ന് അച്യുതന്‍ പറയുന്നു. ആമ്പല്‍ സൂര്യന്റെ പത്‌നിയെന്നാണെന്നും കുട്ടിതാരം പറയുന്നുണ്ട്. സൂര്യനുദിച്ചുകഴിഞ്ഞാല്‍ ആമ്പല്‍ വാടും. അതുകൊണ്ട് അതിരാവിലെ എത്തിയാല്‍ മാത്രമേ ഈ വിസ്മയകാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിക്കാനാവൂ. റോഡിന്റെ ഇരുവശത്തുമായി വ്യാപിച്ചുകിടക്കുന്ന പിങ്ക് നിറത്തിലെ പാടങ്ങള്‍ ആരുടേയും മനം കവരും. ഫോട്ടോഗാഫര്‍മാരുടേയും വെഡിങ് ഫോട്ടോ ഷൂട്ടുകാരുടേയുമെല്ലാം ഇഷ്ടലൊക്കേഷനാണിവിടം.

കാഴ്ച മാത്രമല്ല ആമ്പല്‍പാടങ്ങളിലൂടെ വള്ളത്തിലേറി സഞ്ചരിക്കാം. ഇതിന് പ്രത്യേക നിരക്കുണ്ട്. വള്ളത്തിലേറി പാടങ്ങളുടെ അകത്തളങ്ങളിലേക്ക് പോകാം. പലരും ആമ്പൽപൂക്കള്‍ പറിക്കുന്നുണ്ടെങ്കിലും തനിക്ക് അതിനോട് താല്‍പര്യമില്ലെന്ന് അച്യുതന്‍. പൂക്കൾ അങ്ങനെ വിടർന്നു ശോഭിച്ച് നിൽക്കുന്നതാണ് കാഴ്ചയ്ക്ക് മിഴിവേകുന്നത്. പാടങ്ങളുടെ ഓരത്തായി ഒരു ചെറിയ നടപ്പാതയുണ്ട്. ആ വരമ്പത്തുകൂടി താറാക്കൂട്ടങ്ങളെയും കണ്ട് കണ്ണില്‍ പിങ്ക് നിറവും നിറച്ചുള്ള പുലര്‍കാല നടത്തം ഒരു സങ്കല്‍പ്പിച്ചുനോക്കു. കൊറോണയായതിനാല്‍ തിരക്കുകുറവാണെങ്കിലും ഇവിടേയ്ക്ക് പോകുന്നവര്‍ തിരക്ക് ഒഴിവാക്കി സന്ദര്‍ശനം നടത്തണമെന്നും അച്യുതല്‍ അഭ്യര്‍ത്ഥിക്കുന്നു. അതിരാവിലെ 6 നും 6.30 മണിയ്ക്കുമിടയിൽ ചെന്നാല്‍ ഈ വിസ്മയം കണ്‍കുളിര്‍ക്കെ കാണാം. സൂര്യനുദിച്ചുകഴിഞ്ഞാല്‍ പിന്നെ വിരിഞ്ഞ ആമ്പല്‍ പൂക്കള്‍ കാണുക അസാധ്യമാണ്.

English Summary: Water Lilies Bloom Season Ambattu Kadavu Kottayam

യാത്ര പ്ലാൻ ചെയ്യുകയാണോ? മികച്ച ടൂർ ഒാപ്പറേന്റർമാരെ കണ്ടെത്തൂwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA